1999 മേയ് 2. കോയമ്പത്തൂർ കെജി ആശുപത്രിയിലെ ന്യൂറോ സർജറി തിയറ്റർ. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. എം. നടരാജൻ, തന്റെ മുന്നിലെ ഓപറേഷൻ ടേബിളിൽ ചോരപ്പാടണിഞ്ഞു ജീവച്ഛവമായി കിടക്കുന്ന യുവാവിന്റെ കണ്ണിലേക്കു ടോർച്ചടിച്ചു നോക്കി. ജീവന്റെ പ്രതികരണമുണ്ടെങ്കിൽ കൃഷ്ണമണി ചുരുങ്ങണം. യുവാവിന്റെ ഇടതു കൃഷ്ണമണി

1999 മേയ് 2. കോയമ്പത്തൂർ കെജി ആശുപത്രിയിലെ ന്യൂറോ സർജറി തിയറ്റർ. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. എം. നടരാജൻ, തന്റെ മുന്നിലെ ഓപറേഷൻ ടേബിളിൽ ചോരപ്പാടണിഞ്ഞു ജീവച്ഛവമായി കിടക്കുന്ന യുവാവിന്റെ കണ്ണിലേക്കു ടോർച്ചടിച്ചു നോക്കി. ജീവന്റെ പ്രതികരണമുണ്ടെങ്കിൽ കൃഷ്ണമണി ചുരുങ്ങണം. യുവാവിന്റെ ഇടതു കൃഷ്ണമണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1999 മേയ് 2. കോയമ്പത്തൂർ കെജി ആശുപത്രിയിലെ ന്യൂറോ സർജറി തിയറ്റർ. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. എം. നടരാജൻ, തന്റെ മുന്നിലെ ഓപറേഷൻ ടേബിളിൽ ചോരപ്പാടണിഞ്ഞു ജീവച്ഛവമായി കിടക്കുന്ന യുവാവിന്റെ കണ്ണിലേക്കു ടോർച്ചടിച്ചു നോക്കി. ജീവന്റെ പ്രതികരണമുണ്ടെങ്കിൽ കൃഷ്ണമണി ചുരുങ്ങണം. യുവാവിന്റെ ഇടതു കൃഷ്ണമണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1999 മേയ് 2. കോയമ്പത്തൂർ കെജി ആശുപത്രിയിലെ ന്യൂറോ സർജറി തിയറ്റർ. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. എം. നടരാജൻ, തന്റെ മുന്നിലെ ഓപറേഷൻ ടേബിളിൽ ചോരപ്പാടണിഞ്ഞു ജീവച്ഛവമായി കിടക്കുന്ന യുവാവിന്റെ കണ്ണിലേക്കു ടോർച്ചടിച്ചു നോക്കി. ജീവന്റെ പ്രതികരണമുണ്ടെങ്കിൽ കൃഷ്ണമണി ചുരുങ്ങണം. യുവാവിന്റെ ഇടതു കൃഷ്ണമണി ചുരുങ്ങിയില്ല. വലത്തേതിനു നേരിയ പ്രതികരണം മാത്രം. ഡോ. നടരാജൻ തിരിച്ചറിഞ്ഞു: തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് തന്റെ മുന്നിൽ കിടക്കുന്ന യുവാവും മരണവും തമ്മിൽ ഏതാനും ശ്വാസത്തിന്റെ അകലമേയുള്ളു. 

അന്നു സർജിക്കൽ ബ്ലേഡ് കൊണ്ടു ഡോ. നടരജാനൊരു വര വരച്ചു. ആ വര എത്തി നിന്നത്, ടി. രാജേഷ് എന്ന ചിത്രകാരന്റെ, ഫോട്ടോഗ്രഫറുടെ പുനർജന്മത്തിലാണ്. അതെ. കണ്ണൂർ ഇരിട്ടി മുഴക്കുന്ന് തളിപ്പൊയിലിലെ ടി. രാജേഷ് ഒരു വരയാണ്. വീണിടത്തുനിന്ന് എഴുന്നേറ്റു നടന്ന വര. സ്നേഹം കൊണ്ടു വരച്ച വര. നെഗറ്റീവിനെ പോസിറ്റീവാക്കിയ, കുത്തനെ വരച്ച വര. ‘അതൊന്നും സാരൂല്ലപ്പാ..അതെല്ലാം ശര്യാവും’ എന്നു പറഞ്ഞ്, ഈ കോവിഡ് കാലത്ത് ഡിജിറ്റൽ പെയിന്റിങ്ങിലൂടെ ജീവിതത്തിന്റെ വര നീട്ടി വരയ്ക്കുകയാണു രാജേഷ്.  

രാജേഷ് പകർത്തിയ ഫോട്ടോ
ADVERTISEMENT

ടി. രാജേഷ് ഇതൊക്കെയായിരുന്നു

മുത്തപ്പന്റെ ഐതിഹ്യമൂറുന്ന പുരളിമലയുടെ താഴ്‌വാരമായ, കണ്ണൂർ ഇരിട്ടി മുഴക്കുന്നു തളിപ്പൊയിൽ സ്വദേശി. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകൻ. ഇടതു സഹയാത്രികൻ. ഫോട്ടോഗ്രഫർ. ചിത്രകാരൻ. ക്യാമറയുമായി കാവുമുറ്റങ്ങളിലലഞ്ഞു, രാജേഷെന്ന ഫോട്ടോഗ്രഫർ. തെയ്യത്തോട് വല്ലാത്തൊരു ആകർഷണം. മുഴക്കുന്നു ലക്ഷം വീടു കോളനിയിലെ സാക്ഷരതാ അധ്യാപകൻ. സാംസ്കാരിക പരിപാടികളുടെ സംഘാടകൻ. പരന്നു കിടക്കുന്ന സൗഹൃദം. ഇതൊക്കെയായിരുന്നു ടി. രാജേഷ്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ നിന്നു ബിഎഫ്എ പാസായ ശേഷം കോയമ്പത്തൂരിൽ സ്വകാര്യ കമ്പനിയിൽ ഡിസൈനറായി ജോലി ചെയ്യവേയാണു രാജേഷ് ബൈക്കപകടത്തിൽ പെട്ടതും തലയ്ക്കു ഗുരുതരമായി പരുക്കേറ്റതും. ഫൈൻ ആർട്സിൽ മാസ്റ്റർ ബിരുദവും അപ്ലൈഡ് ആർട്സിൽ ഗവേഷണവുമടക്കം ഒട്ടേറെ സ്വപ്നങ്ങളുണ്ടായിരുന്നു രാജേഷിന്. അച്ഛൻ ടി.ജി. പണിക്കർ, അമ്മ ലീല. സഹോദരങ്ങൾ ടി.പി. സുധാകരൻ, ടി. രാധാകൃഷ്ണൻ, ദിനമണി.

രാജേഷ് പകർത്തിയ ഫോട്ടോ

ആംബുലൻസില്ല, ഓട്ടോയിൽ

കെജി ആശുപത്രിയിലെത്തുന്നതിനു മുൻപു തന്നെ മരണവുമായൊരു ഓട്ടമത്സരം, രാജേഷ് പൂർത്തിയാക്കിയിരുന്നു. അപകടം നടന്ന ശേഷം രാജേഷിനെ ആദ്യമെത്തിച്ചതു കോയമ്പത്തൂരിലെ തന്നെ എലൻ ആശുപത്രിയിലാണ്. രാജേഷിന്റെ ജ്യേഷ്ഠസഹോദരനും കോയമ്പത്തൂർ ഹ്യൂ അഡ്വർട്ടൈസിങ് ഏജൻസി ഉടമയുമായ ടി.രാധാകൃഷ്ണനും (രാധാകൃഷ്ണൻ അടുത്തിടെ അന്തരിച്ചു) സുഹൃത്തും കോയമ്പത്തൂരിൽ െടക്സ്റ്റൈൽവകുപ്പിൽ അസി. ഡയറക്ടറുമായ ജി.എസ്. മുരളിയുമാണ് എലൻ ആശുപത്രിയിൽ ആദ്യമെത്തിയത്. പ്രാഥമിക ചികിത്സ കഴിയുന്നതു വരെ കാത്തു നിൽക്കാതെ, മുരളി കെജിയിലെത്തി ആശുപത്രി അധികൃതരെ വിവരം ധരിപ്പിച്ചു. ആംബുലൻസ് കിട്ടാതെ വന്നപ്പോൾ, അപകടം നടന്നയുടൻ രാജേഷിനെ ആശുപത്രിയിൽ എത്തിച്ച അതേ ഓട്ടോറിക്ഷ തന്നെ ആശ്രയിക്കേണ്ടി വന്നു. 

രാജേഷ് പകർത്തിയ ഫോട്ടോ
ADVERTISEMENT

2.5 കിലോമീറ്ററേയുള്ളു എലനിൽ നിന്ന് കെജിയിലേക്ക്. പക്ഷേ, 3 പ്രധാന ട്രാഫിക് സിഗ്നലുകളുണ്ട് ഇതിനിടയിൽ. ട്രാഫിക് ബ്ലോക്ക് കാരണം 20 മിനിട്ടെങ്കിലുമെടുക്കും. രാധാകൃഷ്ണൻ, രാജേഷിനെ മടിയിൽ കിടത്തി ഓട്ടോയിൽ കെജിയിലേക്ക്. ആ സമയത്ത് എന്തു കൊണ്ടെന്നറിയില്ല, 3 സിഗ്നലുകളും പച്ച വെളിച്ചമിട്ട് ആ ഓട്ടോറിക്ഷയ്ക്കു വഴിയൊരുക്കി. എവിടെയും നിർത്തേണ്ടി വന്നില്ല. 7 മിനിട്ടു കൊണ്ട്, കെജിയിലെത്തി. അന്നത്തെ വെപ്രാളത്തിൽ രാധാകൃഷ്ണൻ ഓട്ടോക്കൂലി കൊടുക്കാൻ മറന്നു. ഡ്രൈവറൊട്ടു ചോദിച്ചതുമില്ല. രാജേഷിനു നക്ഷത്രങ്ങളുടെ കാവൽ അവിടെ തുടങ്ങുകയായിരുന്നു. നമുക്കു ചുറ്റും നേരമിരുളുമ്പോൾ മാത്രം തെളിയുന്ന നക്ഷത്രങ്ങളുടെ കാവൽ. 

രാജേഷ് പകർത്തിയ ഫോട്ടോ

മുറിവുകൾ അതീവ ഗുരുതരം

രാജേഷിന്റെ തലയിലും ചുമലിലുമാണു മുറിവേറ്റിരുന്നത്. തലയുടെ ഇടതുഭാഗത്തേറ്റ ക്ഷതം തലച്ചോറിനെയാകെ ബാധിച്ചു തുടങ്ങിയിരുന്നു. രക്തം കട്ടകെട്ടിയതിനെ തുടർന്നു തലച്ചോറിൽ സമ്മർദം വർധിച്ചു. തലച്ചോർ വലതുഭാഗത്തേക്കു നീങ്ങി. തലച്ചോറിന്റെ മറ്റു ഭാഗങ്ങളിലും രക്തസ്രാവം. തല ചെരിക്കുമ്പോൾ, കണ്ണുകൾ എതിർവശത്തേക്ക്. അഥവാ ഡോൾസ് ഐ മൂവ്മെന്റ്. തലച്ചോറിനു സാരമായി ക്ഷതമേറ്റിട്ടുണ്ട്. പരിശോധനകൾക്കു ശേഷം ഡോ. നടരാജൻ പറഞ്ഞു: 

‘അതീവ ഗുരുതരാവസ്ഥയാണ്. രക്ഷപ്പെടാൻ സാധ്യത തീരെയില്ല. രക്ഷപ്പെട്ടാലും ഓർമയും ബുദ്ധിയുമൊന്നുമുണ്ടാകില്ല. ശരീരത്തിന്റെ വലതുഭാഗം തളർന്നു പോകും. വെറും വെജിറ്റബിൾ ആയി കിടക്കേണ്ടി വരും. മേജർ ശസ്ത്രക്രിയ വേണം. വലിയ തുക ചെലവാക്കേണ്ടി വരും.’ 

ADVERTISEMENT

രാധാകൃഷ്ണനു മുൻപേ, മറുപടി പറ‍ഞ്ഞതു മുരളിയാണ്: ഭാവിയോ ബില്ലോ എന്താകുമെന്നു നോക്കേണ്ട സർ. നിങ്ങൾ രാജേഷിനെ നോക്കിയാൽ മതി. ശസ്ത്രക്രിയയ്ക്കുള്ള കടലാസുകളിൽ ഒപ്പിട്ടു കൊടുത്തതു മുരളിയാണ്. – അമ്മാവൻ എന്ന പേരിൽ. അപ്പോഴേക്കും രാധാകൃഷ്ണന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളുമായ ചാക്കോ, ജാഗിർ, വിജയകുമാർ കുനിശ്ശേരി തുടങ്ങിയവരൊക്കെ എത്തിയിരുന്നു. രാജേഷ് ജോലി ചെയ്യുന്ന ഹ്യൂ അഡ്വർട്ടൈസിങ് കമ്പനി ഉടമകളായ ചാക്കോയും ജാഗിറും ചെക്ക് ബുക്കും ക്രെഡിറ്റ് കാർഡുമൊക്കെ രാധാകൃഷ്ണനെ ഏൽപിച്ചു. വിജയകുമാർ കുനിശ്ശേരി കയ്യിലുള്ളതെല്ലാം രാധാകൃഷ്ണനു നൽകി. 

രാജേഷ് പകർത്തിയ ഫോട്ടോ

ഡോ. നടരാജൻ, ‍ഡോ. ടി. രാമചന്ദ്രൻ, ഡോ. ആർ. ബാലസുബ്രഹ്മണ്യം, ഡോ. രാമനാഥൻ, കെ. ശരവണകുമാർ, ജി. ഭക്തവത്സലം തുടങ്ങിയ ഡോക്ടർമാരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ മണിക്കൂറുകൾ നീണ്ടു. തൃശൂരിലായിരുന്ന മൂത്ത സഹോദരൻ ടി.പി. സുധാകരൻ, വിവരമറിഞ്ഞു കെജിയിലെത്തുമ്പോഴേക്കും അർധരാത്രി കഴിഞ്ഞിരുന്നു. പിറ്റേന്നു രാവിലെ, സുധാകരനോടും രാധാകൃഷ്ണനോടും ഡോക്ടർ പറഞ്ഞു: ‘ഇപ്പോഴും പ്രതീക്ഷയൊന്നുമില്ല. ഇനിയും സർജറി വേണ്ടി വരും. സാമ്പത്തിക സ്ഥിതി നോക്കി നിങ്ങൾ തീരുമാനിച്ചോളൂ.’ മറുപടിക്ക്, ആ സഹോദരന്മാർ ആലോചിച്ചതു പോലുമില്ല. വീണ്ടും ശസ്ത്രക്രിയകൾ. അപ്പോഴും രാജേഷിന്റെ അച്ഛനുമമ്മയും അപകട വിവരംഅറിഞ്ഞിരുന്നില്ല. അടുത്ത ചില ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ സംഭവങ്ങൾ അപ്പോൾ അറിഞ്ഞിരുന്നുള്ളു. 

2 മേജർ ശസ്ത്രക്രിയകൾ കഴിഞ്ഞിട്ടും ആശങ്കയ്ക്കു കുറവൊന്നുമുണ്ടായില്ല. തലച്ചോറിലെ രക്തസ്രാവം കുറഞ്ഞതു പ്രതീക്ഷയ്ക്കു വക നൽകിയെങ്കിലും ശ്വാസകോശത്തിൽ അണുബാധയുണ്ടായത് ആശങ്ക പരത്തി. മേയ് 15ന് സ്ഥിതി മോശമായി. രക്തക്കട്ട നീക്കം ചെയ്യാൻ ഇടതു തലയോട്ടിയിലുണ്ടാക്കിയ ദ്വാരത്തിലേക്കു തലച്ചോർ തള്ളിവന്നു. ഇത്, നീർക്കെട്ടുകളുണ്ടാക്കി.  വിളിച്ചാൽ പ്രതികരണില്ല. ജീവൻ രക്ഷാ ഉപകരണങ്ങൾ ജീവൻ നിലനിർത്തുന്നുവെന്നു മാത്രം. ജൂൺ 10ന് വീണ്ടും മേജർ ശസ്ത്രക്രിയ. വി.പി.ഷണ്ട് ശസ്ത്രക്രിയ നടത്തി, തലച്ചോറിലെ അറകളിലെ നീര്, നേരെ വയറിലേക്കെത്തിച്ചു. തലയുടെ വണ്ണം കുറഞ്ഞു വന്നു. പക്ഷേ, അപ്പോഴേക്കും തലച്ചോറിനു കാര്യമായ ക്ഷതം സംഭവിച്ചിരുന്നു. ‘ശരീരത്തിന്റെ വലതുഭാഗം അനക്കാനാവില്ല. ഓർമ നഷ്ടപ്പെടും. അറിയുന്നതൊന്നും പറയാനുമാവില്ല.’ ഡോ. നടരാജൻ, രാജേഷിന്റെ ബന്ധുക്കളെ അറിയിച്ചു. ആകാശം ഇരുളുകയായിരുന്നു. പക്ഷേ, മറ്റൊരുദയത്തിനു വേണ്ടിയായിരുന്നുവെന്നു മാത്രം. 

അപകടത്തിനു ശേഷം രാജേഷ് വരച്ച ചിത്രം.

‘ഒരീസം’

ഒരാഴ്ചയ്ക്കിടെ 3 േമജർ ശസ്ത്രക്രിയകൾ. മൂന്നാമത്തെ മേജർ ശസ്ത്രക്രിയയ്ക്കു ശേഷം ഒരു ദിവസം രാജേഷ് ചുണ്ടനക്കി. പറഞ്ഞത് ഇത്രമാത്രം ‘ഒരീസം’ (ഒരു ദിവസം). അത് ആവർത്തിച്ചു കൊണ്ടേയിരുന്നു. വാർഡിലേക്കു മാറ്റിയ ദിവസം രാജേഷിനു മെനിഞ്ജൈറ്റിസ് വന്നു. തിരിച്ച് ഐസിയുവിലേക്ക്. ആന്റിബയോട്ടിക് കൂടുതൽ നൽകിയാൽ, കിഡ്നിയുടെ പ്രവർത്തനം താറുമാറാകും. പറ്റിയ മരുന്നുണ്ട് – എമിപെനം. പക്ഷേ, നെതർലൻഡ്സിൽ നിന്നു വരുത്തണം. എല്ലാ ദിവസവും മരുന്നു വരുത്താൻ ഏർപ്പാടുണ്ടാക്കി. 24 ഡോസ് എമിപെനം രാജേഷിനെ വീണ്ടും ജീവിതത്തിലേക്കു തിരികെയെത്തിച്ചു. അതിലൊരു ഡോസ് വൈകി. രാവിലെ എത്തേണ്ട വിമാനം എത്തിയതു വൈകിട്ട്. ടി. രാജേഷ് എന്ന പേരു മായ്ച്ചു കളയാൻ വിധിക്ക് ആഗ്രഹമുള്ളതു പോലെ. പക്ഷേ, രാജേഷിന്റെ ബ്ലഡ് ഗ്രൂപ് ‘ബി പോസിറ്റീവ്’ ആയിരുന്നുവെന്നതു വിധി മറന്നുപോയി. മായ്ച്ചു കളയാൻ ശ്രമിച്ചപ്പോഴൊക്കെ, രാജേഷ് തിരിച്ചു വന്നു. 

നന്മയുടെ നൂറായിരം കൈകൾ

തിന്മയ്ക്കു നൂറു കൈകളാണെങ്കിൽ നന്മയ്ക്കു നൂറായിരം കൈകളുണ്ട്. ഓരോ മേജർ സർജറിക്കും ലക്ഷത്തിനടുത്തു ബില്ല്. മരുന്നുകൾക്കും മറ്റും വേണ്ടതു പതിനായിരങ്ങൾ. സാമ്പത്തിക ശേഷി ഒട്ടും ഭദ്രമല്ലാത്ത, ഇടത്തരം കുടുംബത്തിനു താങ്ങാൻ പറ്റാത്ത ചെലവുകൾ. എന്നിട്ടും പണമില്ലാത്തതിനാൽ രാജേഷിന്റെ ചികിത്സ മുടങ്ങിയില്ല. മനുഷ്യത്വത്തിന്റെ കൈകൾ രാജേഷിനായി എന്നും അവരെ തേടിയെത്തി. എങ്ങനെ അന്നത്തെ ആശുപത്രി ബില്ലടയ്ക്കുമെന്ന് അന്തം വിട്ടിരുന്ന ദിവസങ്ങളുണ്ടെന്നു രാജേഷിന്റെ മൂത്ത സഹോദരൻ ടി.പി. സുധാകരൻ പറഞ്ഞു. 

അപകടത്തിനു ശേഷം രാജേഷ് വരച്ച ചിത്രം.

‘ഹിരോഷ് എന്ന എന്റെ സഹപ്രവർത്തകൻ അന്നു കോയമ്പത്തൂരിലെത്തിയത് 25,000 രൂപയുമായാണ്.’ ശാസ്ത്രസാഹിത്യ പരിഷത് പ്രവർത്തകർ രാജേഷിനു വേണ്ടി ഊർജിതമായി രംഗത്തിറങ്ങി. ആർ.വി.ജി. മേനോൻ വന്നത് 25,000 രൂപയുമായാണ്. ശെൽവൻ അടക്കമുള്ള പരിഷത് പ്രവർത്തകരും പണവുമായെത്തി. പരിഷത്തിന്റെ കണ്ണൂർ ഓഫിസ് സെക്രട്ടറി ഗോപി, സജീവൻ എന്നിവർ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിൽ ഇടിച്ചു കേറി വന്നത് ഒരു ലക്ഷം രൂപയുമായാണ്. 2 ദിവസം കൊണ്ടാണു പരിഷത്തിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റി അത്രയും തുക സംഘടിപ്പിച്ചത്. 

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയിലെ ഡോ. ഹരിപ്രസാദും ഭാര്യയുമെത്തിയത്, ആഭരണങ്ങളുമായാണ്. വിൽക്കുകയോ, പണയം വയ്ക്കുകയോ ആവാമെന്ന് ഇരുവരും പറഞ്ഞു. അതിലൊന്നു പോലും വിൽക്കേണ്ടിയോ പണയം വയ്ക്കേണ്ടിയോ വന്നില്ലെന്നു ടി.പി. സുധാകരൻ പറയുന്നു. രാജേഷിനെ ഡിസ്ചാർജ് ചെയ്ത ദിവസമാണു ബാഗ് ഡോ. ഹരിപ്രസാദിനെ തിരിച്ചേൽപിച്ചത്. ‘എത്ര പവനുണ്ടെന്നു പോലും നോക്കിയിരുന്നില്ല. പക്ഷേ, ആ ബാഗ് നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു.’ സുധാകരൻ പറഞ്ഞു. 

മുഴക്കുന്നിലെ വീട്ടമ്മമാർ അവരുടെ കുഞ്ഞു സമ്പാദ്യം രാജേഷിനായി നൽകി. രാജേഷിന്റെ പിതാവ് ടി.ജി. പണിക്കരുടെ സുഹൃത്ത് ബാലൻ നമ്പ്യാർ, സഹകരണ ബാങ്കിൽ നിന്നു വിരമിച്ചപ്പോൾ ലഭിച്ച തുകയിലൊരു ഭാഗം നൽകി. സുധാകരനും രാധാകൃഷ്ണനും മാത്രമല്ല, അവരുടെ സുഹൃത്തുക്കളും പരിഷത് പ്രവർത്തകരും സിപിഎം പ്രവർത്തകരും ബാങ്കുകളിൽ നിന്നു വായ്പയെടുത്തു. അതേതെങ്കിലും കമ്മിറ്റി തീരുമാനപ്രകാരമോ ആരുടെയെങ്കിലും നിർദേശപ്രകാരമോ ആവശ്യപ്രകാരമോ ആയിരുന്നില്ല. ഒരു ചട്ടക്കൂടുമില്ലാതെ ഒരു ജനകീയ കൂട്ടായ്മ താനേ രൂപപ്പെടുകയായിരുന്നു. അന്ന് എടിഎമ്മുകൾ വ്യാപകമല്ല. എസ്ബി അക്കൗണ്ടുകൾ ഓൺലൈനായിരുന്നില്ല. ഇന്റർനെറ്റ് ബാങ്കിങ്ങോ മൊബൈൽ ബാങ്കിങ്ങോ ഇല്ല. പക്ഷേ, എല്ലാ ദിവസവും കോയമ്പത്തൂർ കെജി ആശുപത്രിയുടെ മുറ്റത്ത് ഓട്ടോറിക്ഷയിൽ ആരെങ്കിലും വന്നിറങ്ങുമായിരുന്നു, രാജേഷിന്റെ ആശുപത്രി ബില്ലടയ്ക്കാനുള്ള തുകയുമായി. 

പണത്തിന്റെ കാര്യത്തിൽ മാത്രമല്ല, രാജേഷിനു ബി പോസിറ്റീവ് രക്തം നൽകാനും ഈ കൂട്ടായ്മയുടെ കൈകളുണ്ടായിരുന്നു. രാധാകൃഷ്ണന്റെ വീട്ടിലെത്തി, രാജേഷിന്റെ ഫിസിയോതെറപ്പിക്കു നേതൃത്വം നൽകിയ ഡോ. വർഗീസ് ഒരു തവണ മാത്രമേ പ്രതിഫലം വാങ്ങിയുള്ളൂ. രാജേഷിനു വേണ്ടി കെജി ആശുപത്രിയിൽ 1999ൽ അടച്ച ആകെ തുക 14 ലക്ഷം രൂപയാണെന്ന് അറിയുമ്പോഴേ, ഈ കൂട്ടായ്മയുടെ യഥാർഥ ശക്തിയെന്തായിരുന്നുവെന്നു വ്യക്തമാകൂ. എല്ലാവരുടെയും കടം പിന്നീടു വീട്ടിയെന്നു സുധാകരൻ പറഞ്ഞു. പക്ഷേ, കടപ്പാട് വീട്ടിത്തീർക്കാനുള്ളതല്ല. ക്രൗഡ് ഫണ്ടിങ് എന്ന പേരുണ്ടാകുന്നതിനും മുൻപു കേരളത്തിൽ നടന്ന അദ്ഭുതം. തിന്മയ്ക്കു നൂറു കൈകളാണെങ്കിൽ, നന്മയ്ക്കു നൂറായിരം കൈകളാണ്. 

അപകടത്തിനു ശേഷം രാജേഷ് വരച്ച ചിത്രം.

പ്രതീക്ഷകളുടെ ഭാരം പേറിയ യുവാവ്

പ്രതീക്ഷയായിരുന്നു ടി. രാജേഷ്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ ബിഎഫ്എ ‌പഠനത്തിനിടെ രാജേഷും  സഹപാഠികളായ ടോണിറ്റ്, കെ. ജയപ്രകാശ് എന്നിവരും ഇന്ത്യ മുഴുവൻ യാത്ര ചെയ്തു. യാത്രയിലെടുത്ത ഫോട്ടോകളുടെ പ്രദർശനം 1996 ഒക്ടോബർ 16 മുതൽ 18 വരെ തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ ക്ലിക് എന്ന പേരിൽ പ്രദർശിപ്പിച്ചു. ടോണിറ്റിന്റേതു ഫാഷൻ രംഗത്തെ ഫോട്ടോകളായിരുന്നു. ജയപ്രകാശിന്റേതു പ്രകൃതി ദൃശ്യങ്ങളും. രാജേഷിന്റെ ക്യാമറ കണ്ടതു കോവളം മുതൽ ഹിമാലയത്തിലെ മഞ്ഞുമല വരെയുള്ള മനുഷ്യരുടെ ചുക്കുച്ചുളിഞ്ഞ,കരുവാളിച്ച യഥാർഥ മുഖങ്ങൾ. 

ഖജുരാഹോയിലെ രതിശിൽപങ്ങൾ, ജയ്സാൽമീറിലെപാവകൾ, സാന്താളിലെ കരിപുരണ്ട വീട്ടമ്മ, മധുബനിലെ ചിത്രകാരഗ്രാമം, കോയമ്പത്തൂരിലെ രാത്രി, കണ്ണൂരിലെ തെയ്യങ്ങൾ തുടങ്ങിയ ഫോട്ടോകളും രാജേഷിന്റെ സംഭാവനയായുണ്ടായിരുന്നു. അക്കാലത്തു ഡിപിഇപിക്കു വേണ്ടി പാഠപുസ്തകങ്ങളും അധ്യാപകരുടെ കൈപ്പുസ്തകങ്ങളും ഡിസൈൻ െചയ്തതു രാജേഷും സഹപാഠികളായ ബർലിൻ, സനൽ, സതീഷ്, സുരേന്ദ്രൻ എന്നിവരും ചേർന്നാണ്. 1996ൽ ആന്ധ്രപ്രദേശിലെ ഋഷിവാലി റൂറൽ എജുക്കേഷൻ സെന്ററിൽ, ആദിവാസികൾക്കും വനവാസികൾക്കുമായി പഠനോപകരണങ്ങൾ നിർമിച്ചതു രാജേഷും ബർലിനും ചേർന്നാണ്. എൻഐഡിയും സിഡിറ്റും ചേർന്നു നടത്തിയ അനിമേഷൻ ക്യാംപിന്റെ പ്രധാന സംഘാടകനും രാജേഷായിരുന്നു. 

1995ൽ തിരുവനന്തപുരത്തു നടന്ന രാജ്യാന്തര വിഡിയോ ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഫോട്ടോഗ്രഫറും രാജേഷായിരുന്നു. ബിഎഫ്എ കഴിഞ്ഞ ശേഷം, രാജേഷ് കുറച്ചു നാൾ കോയമ്പത്തൂരിൽ, സഹോദരൻ രാധാകൃഷ്ണന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. പിന്നീടാണു ടൈംസ് അഡ്വർട്ടൈസിങ്ങിലേക്കു മാറിയത്. ടൈംസിനെ പെട്ടെന്നു തന്നെ കോയമ്പത്തൂരിലെ മുൻനിര പരസ്യ കമ്പനിയാക്കാൻ രാജേഷിനു സാധിച്ചിരുന്നു. രാജേഷിനെ ൈടംസിലെ ചീഫ് ആർട്ടിസ്റ്റാക്കാൻ പാർട്ണർമാരായ ജോർജ് ചാക്കോയ്ക്കും ജാഗിറിനും അധികം ആലോചിക്കേണ്ടി വന്നില്ല. 

പക്ഷേ, ചെറിയൊരു ബൈക്ക് അപകടം എല്ലാം തകിടം മറിച്ചു. കെജി ആശുപത്രിയിലെ ഐസിയുവിലായിരിക്കെ, രാജേഷിന്റെ പേരിൽ കുവൈത്തിൽ നിന്നൊരു കൊറിയർ എത്തി. മസ്കറ്റിലെ അഡ്വർട്ടൈസിങ് കമ്പനിയിൽ ജോലിക്കുള്ള വീസയായിരുന്നു അതിൽ. നല്ല ശമ്പളവും കാറും വീടും അടക്കമുള്ള സൗകര്യങ്ങളും വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഓഫർ ലെറ്ററുമുണ്ടായിരുന്നു. അന്ന്, സുധാകരൻ അതു കത്തിച്ചു കളഞ്ഞു. 

തിരികെ വരുന്ന നിറങ്ങൾ

ടൈംസ് അഡ്വർട്ടൈസിങ് പാർട്ണർ ജോർജ് ചാക്കോയ്ക്ക് രാജേഷ് അനിയനായിരുന്നു. ഇടയ്ക്ക് അക്രമാസക്തനാകുന്നതു കാരണം, ഐസിയുവിലെ കട്ടിലിൽ രാജേഷിന്റെ കയ്യും കാലുമൊക്കെ കെട്ടിയിടുമായിരുന്നു. ജോർജ് ചാക്കോ രാജേഷിനടുത്തു വരുമ്പോൾ മാത്രമാണത് അഴിച്ചിരുന്നത്. മണിക്കൂറുകളോളം ജോർജ് ചാക്കോ രാജേഷിനടുത്തിരിക്കും. നഴ്സ്മാരെ കാണുമ്പോൾ പൊട്ടിച്ചിരിച്ചു. ചാക്കോ എഴുന്നേറ്റു പോകുമ്പോൾ അലറി വിളിച്ചു പ്രതിഷേധിച്ചു. രാജേഷിന്റെ വർക്കുകളെ പറ്റി, ചിത്രങ്ങളെ പറ്റിയൊക്കെ ജോർജ് ചാക്കോ ആശുപത്രിക്കിടക്കയിലിരുന്നു രാജേഷിനോടു പറഞ്ഞു. അതൊക്കെ അവനെ സന്തോഷിപ്പിച്ചിരുന്നു. അങ്ങനെ മണിക്കൂറുകൾ. ആദ്യം വലതുകയ്യിലെ വിരലനങ്ങി. പിന്നെ വലതുകാൽ. ഒടുവിൽ, 2 മാസത്തോളം നീണ്ട ആശുപത്രിവാസത്തിനും ശസ്ത്രക്രിയകൾക്കും പരിശോധനകൾക്കുമൊടുവിൽ ജൂൺ 28ന് കെജി ആശുപത്രിയിൽ നിന്ന് രാധാകൃഷ്ണന്റെ കോയമ്പത്തൂരിലെ വീട്ടിലേക്കു രാജേഷിനെ മാറ്റി. 

ആരെയും ഓർമയില്ല. നിറങ്ങളും ചിത്രങ്ങളും അക്ഷരവും അക്കവുമൊക്കെ മാ‍ഞ്ഞുപോയിരുന്നു. ആദ്യം അമ്മയടക്കമുള്ള എല്ലാവരെയും വിളിച്ചത് ‘ഹലോ’ എന്ന്. ഇടയ്ക്ക്, ഒരീസം എന്ന് ആവർത്തിച്ചു പറഞ്ഞു. തുടർച്ചയായ ഫിസിയോതറപ്പിയും ഇടയ്ക്കു ചെക്കപ്പുമാണു ഡോക്ടർമാർ നിർദേശിച്ചത്. തലയോട്ടിയുടെ പൊട്ടിയ ഭാഗം മാറ്റി വയ്ക്കാൻ, ഒരു വർഷത്തിനകം ക്രേനിയോ പ്ലാസ്റ്റിയും വേണം. ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്യുമ്പോൾ, ആരെങ്കിലും 2 കൈയും പിടിച്ചാൽ കാൽ വലിച്ചുവച്ചു രണ്ടോ മൂന്നോ അടി നടക്കാവുന്ന സ്ഥിതിയിലായിരുന്നു രാജേഷ്. കോയമ്പത്തൂരിലെയും മുഴക്കുന്നിലെയും തിരുവനന്തപുരത്തെയും വീടുകളിലെ കണ്ണാടികൾ വീട്ടുകാർ ഒളിപ്പിച്ചു വച്ചു. 

കാൽവലിച്ചു വച്ച്...

രാധാകൃഷ്ണന്റെ ഭാര്യ ബീനയ്ക്ക് രാജേഷ്, ഭർതൃ സഹോദരൻ മാത്രമായിരുന്നില്ല. തിരുവനന്തപുരത്തു പഠിക്കുമ്പോഴും നാടു ചുറ്റുമ്പോഴുമൊക്കെ അവൻ ഏട്ടത്തിയമ്മയെ വിളിച്ചു വിശേഷം പറയുമായിരുന്നു. പക്ഷേ, കെജി ആശുപത്രിയിൽനിന്നു കോയമ്പത്തൂരിൽ രാധാകൃഷ്ണന്റെ വീട്ടിലെത്തിയപ്പോൾ ബീനയ്ക്ക് രാജേഷൊരു കുഞ്ഞായിരുന്നു. ഒരു പക്ഷേ, പിറന്നുവീണ അതേ അവസ്ഥയിലുള്ള കുഞ്ഞ്. നടക്കാൻ അറിയില്ല. ചോറു വാരിത്തിന്നാനറിയില്ല. പ്രാഥമിക കർമങ്ങൾ പോലും നിർവഹിക്കാനറിയാത്ത കുഞ്ഞ്. അവൻ ഒന്നേചോദിച്ചുള്ളു: ’ആന്നാ?’ അതെന്താണെന്ന ചോദ്യം. 

അപകടത്തിനു ശേഷം രാജേഷ് വരച്ച ചിത്രം.

ബീന, സ്വന്തം കാൽപാദത്തിനു മുകളിൽ രാജേഷിനെ നിർത്തി, വീണ്ടും നടക്കാൻ പഠിപ്പിച്ചു. ഇരുപത്തിയാറാം വയസിൽ, രാജേഷ് വീണ്ടും നടക്കാൻ പഠിച്ചു. സഹോദരി ദിനമണി, ഭർത്താവ് വത്സൻ, ടി.പി. സുധാകരൻ, ഭാര്യ റോജ, രാധാകൃഷ്ണൻ എന്നിവരൊക്കെ അടിക്കടി കോയമ്പത്തൂരിലെത്തി ഫിസിയോതെറപ്പിയിലും മറ്റും സഹായിച്ചു. ഒരു നാൾ, ശുചിമുറിയിൽ രാജേഷ് വീണു. ബീനയും സഹോദരി ജാക്വിലിനും ചേർന്നാണു രാജേഷിനെ പിടിച്ചുയർത്തി, കസേരയിലിരുത്തി. അവിടെയിരുന്നു രാജേഷ് കരഞ്ഞു. ബീന അവന്റെ കണ്ണു തുടച്ചു. അങ്ങനെ, രാജേഷ്, സ്വന്തം കാലു നിലത്തു വച്ച്, മറ്റൊരാളുടെ കൈപിടിച്ചു നടക്കാൻ തുടങ്ങി. 

വീണ്ടും അക്ഷരങ്ങളിലേക്ക്

ബീന ഇടയ്ക്ക് സ്ളേറ്റെടുത്ത് എബിസിഡിയൊക്കെ എഴുതിക്കാണിക്കും. രാജേഷ് ഗുണന ചിഹ്നമിട്ടു തിരിച്ചു നൽകും. ഏഴെട്ടു മാസം കഴിഞ്ഞു. ആയുർവേദ ചികിത്സയ്ക്കായി രാജേഷിനെ തിരുവനന്തപുരത്തേക്കു മാറ്റി. പരിഷത്തിന്റെ നേതാവായിരുന്ന ഡോ. എം.പി. പരമേശ്വരൻ, രാജേഷിനെ കാണാൻ സുധാകരന്റെ വീട്ടിലെത്തി. അവിടെ വച്ച് പരമേശ്വരൻ, രാജേഷിനോടൊരു സോവിയറ്റ് വൈമാനികന്റെ കഥ പറഞ്ഞു. ജർമനിയുടെ വെടിയേറ്റ്, വനപ്രദേശത്തു തകർന്നു വീണ വിമാനത്തിന്റെ വൈമാനികനായിരുന്നു അലക്സി. വീഴ്ചയിൽ 2 കാൽമുട്ടുകളും തകർന്നിട്ടും അലക്സി പ്രതീക്ഷ കൈവിട്ടില്ല. ഇഴഞ്ഞിഴഞ്ഞു നീങ്ങിയ അലക്സി, ചെറുമൃഗങ്ങളെ പിടിച്ചു പച്ചയ്ക്കു തിന്നാണു ജീവൻ നിലനിർത്തിയത്. 

മൂന്നാഴ്ചയെടുത്തു, അലക്സി അടുത്ത ഗ്രാമത്തിലെത്താൻ. ഇരു കാലുകളും മുട്ടിനു താഴെ മുറിച്ചു കളയേണ്ടി വന്നു. പക്ഷേ, അലക്സി അവിടെയും നിർത്തിയില്ല. കൃത്രിമക്കാൽ വച്ച് നടക്കാൻ പഠിച്ചു. കാലുകൾ കൃത്രിമമാണെന്ന തോന്നലില്ലാതാക്കാൻ നൃത്തം പഠിച്ചു. മാസങ്ങൾക്കു ശേഷം സൈനിക മേധാവിക്കു മുന്നിലെത്തിയ അലക്സി, വീണ്ടും വിമാനം പറത്താൻ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ടു. അലക്സിയുടെ കഥ അറിയാത്ത മേധാവി, പരിശീലനം വേണമെന്നു പറഞ്ഞു. അതേ സൈനിക മേധാവിക്കു മുന്നിൽ വിമാനം പറത്തി, അലക്സി. തിരിച്ചിറങ്ങിയപ്പോൾ മേധാവി ചോദിച്ചു: മുകളിൽ നല്ല തണുപ്പാണല്ലേ? 

അലക്സിയുടെ മറുപടി: തണുപ്പോ? മരക്കാലുള്ള എനിക്കെന്തു തണുപ്പ്? 

കഥപറഞ്ഞ ശേഷം എം.പി. പരമേശ്വരൻ ഒരു കടലാസെടുത്ത് രാജേഷിനു കൊടുത്തു. കടലാസ് ചുരുട്ടി, തിരിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. മണിക്കൂറുകളെടുത്തു, രാജേഷ് ആ കടലാസ് ചുക്കിച്ചുളിക്കാൻ. വലതു കൈകൊണ്ടു കടലാസ് ചുളിക്കാനെങ്കിലും സാധിക്കുമെന്നു രാജേഷിനെ ബോധ്യപ്പെടുത്തുകയായിരുന്നു പരമേശ്വരന്റെ ലക്ഷ്യം. 

ഹരിശ്രീ

വീട്ടിൽ പലകയിട്ടിരുത്തി, തളികയിലെ അരിയിലും മണലിലും സുധാകരൻ വീണ്ടും രാജേഷിനെ കൊണ്ടു ഹരിശ്രീ എഴുതിച്ചു. തന്നെ കാണാനെത്തിയ മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളജിലെ പ്രീഡിഗ്രി സഹപാഠി എൻ. അജിത്കുമാറിനൊപ്പം ആദ്യമായി രാജേഷ് വീട്ടിനു പുറത്തിറങ്ങി. നേരമിരുളും വരെ അവർ പാർക്കിലിരുന്നു. അജിത് പറഞ്ഞ കഥകളെല്ലാം രാജേഷ് കേട്ടിരുന്നു. പ്രതികരണമില്ലാതെ. വേളി ഉദ്യാനത്തിൽ വച്ച്, രാജേഷ് വീണ്ടും ക്യാമറ കൈയിലെടുത്തു. ഡോ. ഭുവനദാസിന്റെ നിർദേശപ്രകാരം, രാജേഷിനിഷ്ടപ്പെട്ട പാട്ടുകൾ കേൾപിച്ചു. 

തിരുവനന്തപുരത്തും പാലക്കാട്ടുമൊക്കെയായി ഫിസിയോതെറപ്പിയും കഷായവും കിഴിയുമൊക്കെയായി ചികിത്സ തുടർന്നു. കോയമ്പത്തൂർ കെജിയിൽ വീണ്ടും ശസ്ത്രക്രിയ. പൊട്ടിയ തലയോട്ടി മാറ്റി, കൃത്രിമ തലയോട്ടി വച്ചു. അപകടം നടന്ന്, ഒരു വർഷം പിന്നിട്ട ശേഷം രാജേഷ് മുഴക്കുന്നിൽ തിരിച്ചെത്തി. ഓടിക്കളിച്ചു വളർന്ന മണ്ണിൽ, ആരെങ്കിലും കൈപിടിച്ചാൽ നടക്കാമെന്ന നിലയിൽ. അവിടെ വീണ്ടുമൊരു കളരി തുടങ്ങുകയായിരുന്നു. 

തൊട്ടടുത്ത വീടുകളിലെ കുട്ടികളായ അപ്പു എന്ന വിദ്യാവിവേക്, വിനീത്, ലൈജു, ലസിത എന്നിവർ രാജേഷിനെ അക്ഷരം പഠിപ്പിക്കാൻ തുടങ്ങി.  മറ്റുള്ളവരൊക്കെ സ്കൂൾ വിട്ടെത്തി വൈകുന്നേരങ്ങളിൽ കളിച്ചുല്ലസിച്ചപ്പോൾ, 3 പേരും രാജേഷിനെ ഒപ്പമിരുത്തി അക്ഷരം പഠിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. വർഷങ്ങൾക്കു മുൻപ്, രാജേഷ് തന്നെ ഡിസൈൻ ചെയ്ത ഡിപിഇപി പാഠപുസ്തകങ്ങളായ കുന്നിമണിയും കറുകയും വച്ചാണ് അവർ രാജേഷിനെ തന്നെ പഠിപ്പിച്ചത്! രാവിലെ ഒന്നര മണിക്കൂർ. വൈകിട്ട് 2 മണിക്കൂർ. ചില വാക്കുകളും അക്ഷരങ്ങളും രാജേഷിന്റെ ഓർമയിലുണ്ട്. പക്ഷേ, അതെന്താണെന്നോ എന്തിനാണെന്നോ അറിയാത്തതു പോലെ. 

അപകടത്തിനു ശേഷം രാജേഷ് വരച്ച ചിത്രം.

അ എന്ന അക്ഷരം പഠിക്കാൻ രാജേഷിനു വേണ്ടി വന്നത് ഒരു കൊല്ലം. രാജേഷും വെറുതെയിരുന്നില്ല. കൈയിൽ കിട്ടുന്നതെന്തും എടുത്തു വായിക്കാൻ ശ്രമിച്ചു. ഇംഗ്ലീഷ് അക്ഷരങ്ങളും വഴങ്ങിത്തുടങ്ങി. കാറിന്റെ സ്പെല്ലിങ് കെഎആർ എന്നു രാജേഷെഴുതി. പിന്നീട്, ശരിയായ സ്പെല്ലിങ് പഠിപ്പിച്ചു തുടങ്ങി. ഇടയ്ക്കു കളിക്കുടുക്കയും ബാലരമയും മറിച്ചു നോക്കി പൊട്ടിച്ചിരിക്കും. ചിത്രപുസ്തകങ്ങൾ പാഠപുസ്തകങ്ങളായി. രാജേഷ് മലയാളം അക്ഷരങ്ങൾ പൂർണമായി പഠിക്കാൻ രാജേഷ് എടുത്തത് 7 വർഷങ്ങൾ. 

ആരോ കൊടുത്ത കളർ പലറ്റ് നെഞ്ചോടു ചേർത്തു വച്ച് പറഞ്ഞു: ചെങ്ങായി തന്നതാണ്. പത്രത്തിൽ അപകട വാർത്ത കണ്ടാൽ പ്രതികരണം : അയ്യോ.

കണക്കുപഠിപ്പിച്ചതു മുഴക്കുന്നിലെ കച്ചവടക്കാരാണ്. സാധനങ്ങളുടെ പേരും വിലയും പറഞ്ഞു കൊടുത്ത്, ഓരോന്നും കൂട്ടിപ്പറയാനും പണം എണ്ണിത്തരാനും അവർ നിർബന്ധിച്ചു. കടയിൽ കസേരയിട്ടു കൊടുത്തു. 

ചെയ്തതു ശരിയാൽ, കാരംസിൽ കോയിൻ വീണാൽ രാജേഷ് കുലുങ്ങിച്ചിരിക്കും. പിന്നെ അസഹനീയമായ വേദനയോടെ തല കൈയിൽ താങ്ങി കുറച്ചു നേരമിരിക്കും. 

ഇടയ്ക്ക് കളരിയാശാനെ വീട്ടിൽ വരുത്തി തിരുമ്മൽ ചികിത്സ നടത്തിയതോടെ, വലതുകാലിന് അൽപം ബലം കിട്ടി. വലതു കൈയുടെ വിരലുകൾ സജീവമാക്കാൻ വേണ്ടി കോട്ടി കളിപ്പിച്ചു. കൂട്ടുകാർ അവനെ വെറുതേയിരിക്കാൻ വിട്ടില്ല. കോട്ടികളിയും (ഗോലി) ഷട്ടിൽ ബാഡ്മിന്റനും കളിപ്പിച്ചു. ഇരിട്ടി ന്യൂ പാരഡൈസ് തിയറ്ററിൽ സിനിമ കണ്ടു. 

ഒപ്പം നിന്ന അപ്പുവും കൂട്ടുകാരും പ്ലസ് വണ്ണിൽ നിന്ന് പ്ലസ്ടുവിലേക്കും കോളജിലേക്കും മാറി. രാജേഷ് ഒന്നാം ക്ലാസിൽ നിന്നു രണ്ടിലേക്കും മൂന്നിലേക്കും. ഓർമകൾ പലതും  തിരികെ വരുന്നുണ്ടായിരുന്നു. പക്ഷേ, അവ വാക്കുകളിലേക്കും ആശയങ്ങളിലേക്കും പകരാൻ രാജേഷ് ബുദ്ധിമുട്ടി. അടുത്തു പരിചയമുള്ളവർക്കു മാത്രമേ, രാജേഷ് എന്തണു പറയുന്നതെന്നും ഉദ്ദേശിക്കുന്നതെന്നും തിരിച്ചറിയാൻ കഴി‍ഞ്ഞുള്ളൂ. 

കംപ്യൂട്ടറിൽ ഫോട്ടോഷോപ് പഠനമായിരുന്നു അടുത്തത്. 2 മാസം പരിശ്രമം. പിന്നീട്, തിരുവനന്തപുരം ശാസ്തമംഗലത്തെ ഒരു പരസ്യഏജൻസിയിൽകുറച്ചു നാൾ. ഓട്ടോറിക്ഷയിൽ, സുധാകരന്റെ ഭാര്യ റോജയാണു രാജേഷിനൊപ്പം യാത്ര ചെയ്തിരുന്നത്. പിന്നീട്, രാജേഷ് ഒറ്റയ്ക്കു തന്നെ പോയി വരാൻ തുടങ്ങി. ഇതിനിടയിൽ ഹൈബിസ്കസിൽ അനിമേഷനിലും പരിശീലനം. പൂപ്പിയിലെ പുൽനാമ്പുകൾ, രാജേഷിന്റെ കൈകളിൽ നിന്നു പിറന്നതാണ്. സഹപാഠിയായ ശ്രീഹരി, രാജേഷിനു കംപ്യൂട്ടർ സമ്മാനിച്ചു. മുഴക്കുന്നിലെ വീട്ടിൽ കംപ്യൂട്ടറിൽ പെയിന്റ് ബ്രഷെടുത്തു രാജേഷ് ചിത്രം വരച്ചു തുടങ്ങി. 

രാജേഷിന്റെ ഭാഷ

കോയമ്പത്തൂർ കെജി ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തുമ്പോൾ, പരിഭാഷക ബീനയായിരുന്നു. വാമൊഴിയും വരമൊഴിയുമില്ലാത്ത മനസ്സിന്റെ ഭാഷ, ബീന പരിഭാഷപ്പെടുത്തി. ഇടയ്ക്കു ടൈംസ് അഡ്വർട്ടൈസിങ് ഏജൻസിയുടെ ഓഫിസിൽ കയറും. കംപ്യൂട്ടറിൽ ആവുന്നതൊക്കെ ചെയ്യും. വിസിറ്റിങ് കാർഡ് ഡിസൈൻ ചെയ്യും. ജോർജ് ചാക്കോ അത് അപ്രൂവ് ചെയ്തതായി പറയും. സന്തോഷത്തോടെ അതു രാജേഷ് ഡയറിയിൽ കുറിക്കും. അന്നു തുടങ്ങിയ ഡയറിക്കുറിപ്പുകൾ ഇന്നും രാജേഷ് തുടരുകയാണ്. ആരൊക്കെ വിളിച്ചു, എന്തൊക്കെ ചെയ്തുവെന്ന് അന്നു മുതൽ രാജേഷ് കുറിച്ചു വയ്ക്കുന്നുണ്ട്. അപ്പുവിനു കത്തെഴുതിയറിയിക്കും. ചാക്കോയും ബീനയുമാണു ഡയറിയെഴുതാൻ രാജേഷിനെ പ്രേരിപ്പിച്ചതും സഹായിച്ചതും. 

വേദനയും മറവിയും ശാരീരിക ബുദ്ധിമുട്ടുകളുമൊക്കെ പേറുമ്പോഴും കൃത്യമായൊരു ജീവിതരീതി രാജേഷ് സ്വയം വളർത്തിയെടുത്തു. അതിരാവിലെ എഴുന്നേൽക്കും. മുറ്റത്തു നടക്കം. കുളിക്കും. പഠിക്കും. കാരംസ് കളിക്കും. അപ്പോഴും വീട്ടുറ്റത്തിനു പുറത്തിറങ്ങി നടക്കാൻ രാജേഷിനെ അനുവദിച്ചിരുന്നില്ല. അപ്പുവിന്റെ കൈപിടിച്ച്, ഒരുനാൾ രാജേഷ് വീട്ടുമുറ്റത്തിനു പുറത്തിറങ്ങി. ഒന്നര കിലോമീറ്റർ മാറിയുള്ള പിണ്ടാലിക്കളരിയിലേക്ക്. മടക്കയാത്രയിൽ, കിതപ്പു കണ്ടപ്പോൾ കൂട്ടുകാർ ഓട്ടോറിക്ഷ വിളിച്ചു. പക്ഷേ, രാജേഷ് കയറിയില്ല. വഴിയിലെങ്ങോ ഒറ്റപ്പെട്ടു പോയ ദീർഘദൂര നടത്തക്കാരന്റെ ആധിയോടെ രാജേഷ് നടപ്പു തുടർന്നു. 

രാജേഷിന്റെ ഡിജിറ്റൽ പെയിന്റിങ്ങുകൾ

ഇളയച്ഛനായ എൻ.കെ. രാഘവനാണു രാജേഷിനെ പുരളിമലയിലേക്കും ചെമ്പുകണ്ണിയിലേക്കും നീളുന്ന പാതയിലൂടെ കൈപിടിച്ചു നടത്തിച്ചത്. ഇതു പതിവായതോടെ, ഒരു ഗ്ലാസ് വെള്ളമോ, ഒരുപിടി കുഴച്ച അവലോ ചിപ്സോ ഒക്കെയായി, പാതയുടെ വശത്തെ വീട്ടമ്മമാർ വൈകുന്നേരങ്ങളിൽ രാജേഷിനെയും കാത്തിരുന്നു. രാഘവനില്ലാത്ത ദിവസങ്ങളിൽ വഴിയരികിലെ വീട്ടുകാരും പീടികക്കാരുമൊക്കെ ഒപ്പം നടന്നു. പതിയെപ്പതിയെ ഒറ്റയ്ക്കു തന്നെ രാജേഷ് നടന്നു. വീടിനടത്തുള്ള ചെമ്പുകണ്ണിമല കയറണമെന്നു രാജേഷ് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, കൂട്ടുകാർ ഒപ്പം കൂട്ടി. അശോകനും ലൈജുവും വിവേകും രാജേഷും മലകയറി. പലപ്പോഴും രാജേഷിന്റെ കൈ പിടിക്കേണ്ടി വന്നുവെങ്കിലും സംഘം മലമുകളിലെത്തി. പക്ഷേ, ഇറങ്ങാൻ രാജേഷിനു സാധിക്കുന്നില്ല. കിതപ്പും ശാസം മുട്ടലുമുണ്ട്. അവർ, മറ്റൊരു വഴിയേ ഇറങ്ങാൻ തീരുമാനിച്ച്, നടത്തം തുടർന്നു. മലയിറങ്ങുന്ന കാര്യം രാജേഷിനോടു പറഞ്ഞതുമില്ല. ഓരോന്നു പറ‍ഞ്ഞ്, അവർ മലയിറങ്ങി. അതും രാജേഷ് ഡയറിയിൽ കുറിച്ചിട്ടുണ്ട്. 

രാജേഷിനു വേണ്ടി അവർ ഒത്തുചേർന്നു

2009 സെപ്‌റ്റംബറിൽ രാജേഷിനുവേണ്ടി മാത്രം ആർട്‌സ് കോളജിലെ സഹപാഠികൾ തിരുവനന്തപുരത്ത് ഒത്തുചേർന്നു. വിദേശത്തുനിന്നുവരെ സഹപാഠികൾ കുടുംബസമേതം എത്തി. രാജേഷിന്റെ കഴിവുകൾ അവർ ആവർത്തിച്ചു. അധ്യാപകരും രാജേഷിനെ പ്രോത്സാഹിപ്പിച്ചു.

തെയ്യപ്പറമ്പുകളിലേക്കു വീണ്ടും

തെയ്യവും ഉത്സവവുമൊക്കെയാകുമ്പോൾ കൂട്ടുകാർ രാജേഷിനെയും കൂട്ടിപ്പോകും. ടോണിറ്റ് നൽകിയ ഡിജിറ്റൽ ക്യാമറയിൽ തെയ്യക്കാഴ്‌ചകളുടെ ഫോട്ടോ എടുത്തു. പലതും ഔട്ട് ഓഫ് ഫോക്കസ് ആയി. എടുക്കുന്തോറും ചിത്രങ്ങൾ കൂടുതൽ ഫോക്കസ്‌ഡ് ആയി. അവിനാഷ് മൊബൈൽഫോൺ സമ്മാനിച്ചു. ഡിജിറ്റൽ ക്യാമറയും കംപ്യൂട്ടറും ഇന്റർനെറ്റും മൊബൈലുമൊക്കെയായി ഡിജിറ്റൽ കാലത്തേക്കു രാജേഷും വലതുകാൽ വച്ചു. കൂട്ടുകാർക്കൊപ്പം ദീർഘയാത്രകൾ പോയി. കൊട്ടിയൂരിൽ, പറശ്ശിനിക്കടവിൽ, വയനാട്ടിൽ, ബെംഗളൂരുവിൽ. ഫോട്ടോയെടുത്ത്, ആടിപ്പാടിയങ്ങനെ. 

വരയിലേക്ക്

തലശ്ശേരി സ്കൂൾ ഓഫ് ആർട്സിലെ അധ്യാപകൻ സത്യൻ ഒരു ദിവസം മുഴക്കുന്നിൽ രാജേഷിന്റെ വീട്ടിലെത്തിയതു കാൻവാസും കളറുകളുമായിട്ടാണ്. മുറ്റത്തു കാൻവാസ് വച്ച്, സത്യൻ കടൽത്തീരത്തിന്റെ ചിത്രം വരച്ചു. രാജേഷ് അത്ഭുതത്തോടെ നോക്കിയിരുന്നു. പിറ്റേന്നു മുതൽ രാജേഷ് വീണ്ടും ബ്രഷെടുത്തു. ചായക്കൂട്ടൊരുക്കി. ചിത്രം വരയ്ക്കാൻ തുടങ്ങി. കൈയിൽ നിറയുന്ന വളകൾ, കോട്ട സാരി, തൂക്കു കമ്മലുകൾ – പഴയ ഉത്തരേന്ത്യൻ യാത്രയുടെ ബാക്കിയോർമകൾ രാജേഷ് കാൻവാസിൽ പകർത്തി. പിന്നീട്, കാവുകൾ, തെയ്യം..

രാജേഷിന്റെ ഡിജിറ്റൽ പെയിന്റിങ്ങുകൾ

പുരളിമലയിലെ മുത്തപ്പന്റെ ഫോട്ടോയെടുത്തു. അതു കോയമ്പത്തൂരിൽ നിന്നു പ്രിന്റെടുത്ത്, നാട്ടിൽ വിതരണം ചെയ്തു. അടിയിൽ, ടി. രാജേഷ് എന്നു പേരുവച്ചു. ചെറിയ ചില പരിപാടികളുടെ ഫോട്ടോകൾ, നാട്ടുകാർ രാജേഷിനെ ഏൽപിച്ചു തുടങ്ങി. ചിലതൊക്കെ പത്രത്തിൽ അച്ചടിച്ു വന്നു. കെ.കെ. രാഗേഷ് ലോക്സഭയിലേക്കു മത്സരിച്ചപ്പോൾ, കാംപെയിൻ മാറ്ററുകൾ തയാറാക്കിയ ടീമിൽ രാജേഷുമുണ്ടായിരുന്നു.

വീട്ടിലുള്ളവരുടെയെല്ലാം തുണികൾ അലക്കിയതു രാജഷാണ്. ഇടയ്ക്കു പച്ചക്കറി കൃഷിയും. കടലാസ് കൊണ്ടു മുഖംമൂടിയും തോണിയും തവളയും വിമാനവുമൊക്കെയുണ്ടാക്കി കുട്ടികൾക്കു കൊടുത്തു. പത്രം വായിച്ച്, പ്രധാന സംഭവങ്ങൾ ഡയറിയിലെഴുതി. പയംകുറ്റി മുതൽ, ആറ്റുകാല പൊങ്കാല വരെ കണ്ടു. ക്രിക്കറ്റ് കളിച്ചു. ഇ മെയിൽ നോക്കി. നാട്ടിലെ വിവാഹച്ചടങ്ങുകളുടെയും ക്ഷേത്രച്ചടങ്ങളുടെയുമടക്കം ഫോട്ടോയെടുത്തു തുടങ്ങി. രാജേഷിനെ കൊണ്ടു ഫോട്ടോയെടുപ്പിക്കാൻ മാത്രം, അക്കാലത്തു മുഴക്കുന്നിലെ പല വീടുകളിലും കുട്ടികളുടെ ജന്മദിനം ആഘോഷിച്ചു. 2009 മേയ് 2ന് രാജേഷ് ഡയറിയിൽ കുറിച്ചു: ഇന്നായിരുന്നു എന്റെ എക്സിടങ്. 10 കൊല്ലം ആയി. എസ്എംഎസ് അയച്ചു. 

(ആക്സിഡന്റ് എന്നതിനു പകരം രാജേഷ് എഴുതിയത് എക്സിടങ് എന്ന്)

അപകടങ്ങളുടെ മുറി

തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളജ് വിദ്യാർഥിയായിരിക്കെ, വഞ്ചിയൂരിലെ മുറിയിൽ രാജേഷിനൊപ്പം രണ്ടുപേർകൂടി താമസിച്ചിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥനും കുടുംബസുഹൃത്തുമായ വിജയകുമാർ ബ്ലാത്തൂരും മൈനിങ് ആൻഡ് ജിയോളജി എൻജിനീയർ ആലപ്പുഴ സ്വദേശി വി. ബാഹുലേയനും. 1995ൽ നെടുമ്പാശേരിയിൽവച്ച് വിജയകുമാറിനെയാണ് ആദ്യം അപകടം തേടിയെത്തിയത്. യാത്ര ചെയ്‌തിരുന്ന ബസിൽ ലോറിയിടിച്ചു. വിജയകുമാറിന്റെ കാലും കയ്യും താടിയെല്ലുകളും തകർന്നു. മുറിവുകളധികം കാണാത്ത വിധത്തിൽ ഇരുത്തിയും നിർത്തിയുമൊക്കെ ഫോട്ടോയെടുത്തു നാട്ടിലെത്തിച്ചു വിജയകുമാറിന്റെ അമ്മയെ സമാധാനിപ്പിച്ചതു രാജേഷായിരുന്നു. 1999ൽ രാജേഷ് അപകടത്തിൽപ്പെട്ടു. മുറിയിലെ മൂന്നാമൻ ബാഹുലേയൻ 2000ൽ കളമശേരിയിൽവച്ച് സ്‌കൂട്ടറിൽ കണ്ടെയ്‌നർ ലോറി ഇടിച്ചു മരിച്ചു. 

രാജേഷ് എന്ന വര, ഇവിടെ വരെ

മലയാള മനോരയുടെ ഞായറാഴ്ചയിൽ രാജേഷിന്റെ തിരിച്ചുവരവ് കവർ ഫീച്ചറായി. രാജേഷിന്റെ കഥകളെല്ലാമറി‍‍ഞ്ഞു തന്നെ, ഇരിട്ടി പാലയിലെ ദിവ്യ 2010 ഡിസംബർ 25ന് രാജേഷിന്റെ ജീവിത സഖിയായി. മകൻ നിതാന്ത് അഞ്ചാം ക്ലാസിൽ പഠിക്കുന്നു. ഇരിട്ടിയിൽ റിയ എന്ന പേരിൽ, സുഹൃത്തുക്കളുടെ സഹായത്തോടെ രാജേഷ് പരസ്യ ഏജൻസി കുറച്ചു കാലം നടത്തി. പിന്നീട്, ദിവസവും ഒറ്റയ്ക്ക് ഇരിട്ടിയിലേക്കുള്ള യാത്ര ബുദ്ധിമുട്ടായതോടെ അതു നിർത്തി. തുടർന്ന്, മുഴക്കുന്നിൽ തന്നെ റിയ ഫോട്ടോ സ്റ്റുഡിയോ തുറന്നു. സ്റ്റുഡിയോയിലും വീട്ടിലുമായി രാജേഷ് ജോലി തുടരുകയാണ്. ഡിജിറ്റൽ പെയിന്റിങ്ങാണധികവുമിപ്പോൾ ചെയ്യുന്നത്. തിരുവന്തപുരം ഫൈൻ ആർട്സ് കോളജിലെ സഹപാഠികൾ രാജേഷിനു പുതിയൊരു ലാപ്ടോപ് കഴിഞ്ഞദിവസം സമ്മാനമായി നൽകിയിട്ടുണ്ട്. അതിലാണിപ്പോൾ, ഡിജിറ്റൽ പെയിന്റിങ് ഉൾപ്പെടെ ചെയ്യുന്നത്. 

രാജേഷിന്റെ ഡിജിറ്റൽ പെയിന്റിങ്ങുകൾ

കണ്ണൂർ എകെജി ആശുപത്രിയിൽ മൂന്നു മാസത്തിലൊരിക്കൽ, ന്യൂറോ വിഭാഗത്തിൽ പരിശോധന നടത്തും. മരുന്നുകൾ മുടങ്ങാതെ കഴിക്കുന്നു. കോവിഡിന്റെ ദുരിത കാലവും രാജേഷ് പിന്നിടുകയാണ്. കോവിഡ് വന്നതോടെ, രാജേഷിനു തീരെ വർക്കുകൾ കിട്ടാതായി. മാത്രമല്ല, രാവിലത്തെ നടത്തം പോലും മുടങ്ങി. തീരെ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയായിരുന്നു മാസങ്ങളോളം. 2 ഡോസ് വാക്സീനെടുത്തു. കോയമ്പത്തൂരിലെ റോഡരികിൽ മാ‍ഞ്ഞുപോകുമായിരുന്ന രാജേഷ് എന്ന വര, പ്രകാശം പരത്തുന്നൊരു വരയായി തെളിഞ്ഞു നിൽക്കുകയാണിന്നും. ഇനി രാജേഷ് നിങ്ങൾക്കുള്ളതാണ്. രാജേഷിനെ വിളിക്കാം, വിളിക്കാതിരിക്കാം: 99610 01463. 

English Summary: Unbelievable Story of Rajesh, Who Recovered From a Major Accident