മോദിജിയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പരാജയമുണ്ടായി. കേന്ദ്രത്തിന്റെ പല ക്ഷേമ പ്രവർത്തനങ്ങളും സംസ്ഥാനസർക്കാരിന്റെ പേരിലാണ് ജനങ്ങളിലേക്ക് എത്തിയത്. ഞാനൊരു ഫാർമസി കമ്പനിയുടെ മാർക്കറ്റിങ്ങിൽ പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതേക്കുറിച്ച് നന്നായി അറിയാം....

മോദിജിയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പരാജയമുണ്ടായി. കേന്ദ്രത്തിന്റെ പല ക്ഷേമ പ്രവർത്തനങ്ങളും സംസ്ഥാനസർക്കാരിന്റെ പേരിലാണ് ജനങ്ങളിലേക്ക് എത്തിയത്. ഞാനൊരു ഫാർമസി കമ്പനിയുടെ മാർക്കറ്റിങ്ങിൽ പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതേക്കുറിച്ച് നന്നായി അറിയാം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോദിജിയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പരാജയമുണ്ടായി. കേന്ദ്രത്തിന്റെ പല ക്ഷേമ പ്രവർത്തനങ്ങളും സംസ്ഥാനസർക്കാരിന്റെ പേരിലാണ് ജനങ്ങളിലേക്ക് എത്തിയത്. ഞാനൊരു ഫാർമസി കമ്പനിയുടെ മാർക്കറ്റിങ്ങിൽ പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതേക്കുറിച്ച് നന്നായി അറിയാം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത സാന്നിധ്യമായിരുന്നു നടൻ വിവേക് ഗോപൻ. ചവറ നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായി വിവേകിനെ പ്രഖ്യാപിച്ചപ്പോൾ പ്രേക്ഷകർ മാത്രമല്ല താരവും ഞെട്ടി. എന്നാൽ മടിച്ചു നിൽക്കാതെ തന്നിൽ അർപ്പിച്ച ഉത്തരവാദിത്തം ഏറ്റെടുത്തു. ജനങ്ങൾക്കൊപ്പം നിൽക്കുക എന്നതാണ് തന്റെ രാഷ്ട്രീയമെന്നും ജയിച്ചാലും തോറ്റാലും ചവറയിലെ ജനങ്ങളുടെ കൂടെ ഉണ്ടാകുമെന്നും പറഞ്ഞായിരുന്നു വിവേകിന്റെ പ്രചാരണം. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേരിയ മുന്നേറ്റമേ ചവറയിൽ എൻഡിഎയ്ക്ക് ഉണ്ടാക്കാനായുള്ളൂവെങ്കിലും വ്യക്തിപരമായി വലിയ നേട്ടമായാണു വിവേക് അതിനെ കാണുന്നത്. അവസരം ലഭിച്ചാൽ ഇനിയും മത്സരിക്കുമെന്നും വിവേക് പറയുന്നു. തിരഞ്ഞെടുപ്പ് പോരാട്ടം നൽകിയ അനുഭവങ്ങളും കലാമേഖലയിലെ അനാരോഗ്യകരമായ പ്രവണതകളെക്കുറിച്ചും വിവേക് ഗോപൻ മനസ്സ് തുറക്കുന്നു. 

∙ 2021ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി. ഒരു അപ്രതീക്ഷിത തീരുമാനം ആയിരുന്നു അത്. എന്തായിരുന്നു അനുഭവം?

ADVERTISEMENT

വലിയൊരു അനുഭവമായിരുന്നു അത്. രാഷ്ട്രീയം എല്ലാവരുടെയും ഉള്ളിലുണ്ട്. ഓരോരുത്തരുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കും. പരസ്പരം ചെളി വാരി എറിയുകയും സ്വയം പൊക്കി പറയുകയും ചെയ്യുന്നതല്ലാതെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കേരളത്തിലെ പ്രധാന മുന്നണികൾ ശ്രമിക്കാറില്ല. ഇതു ശരിയല്ല. പാർട്ടികൾ ജനങ്ങൾക്കും രാഷ്ട്രീയം നാടിനും വേണ്ടിയുള്ളതാകണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ജയിച്ചു പോകുന്ന പല സ്ഥാനാർഥികളും ആ മണ്ഡലത്തിലേക്ക് പിന്നെ തിരിഞ്ഞു നോക്കാറില്ല. ഇന്നും ജനങ്ങൾക്കു വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കാൻ സാധിച്ചിട്ടില്ല. വോട്ട് കിട്ടാൻ പറയുന്നതൊക്കെ പിന്നീട് മറക്കും. ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും കണ്ടറിഞ്ഞ് അവരിലേക്ക് ഇങ്ങിച്ചെല്ലുന്നവരാണ് എന്റെ സങ്കൽപത്തിലെ യഥാർഥ രാഷ്ട്രീയക്കാർ.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ഞെട്ടിക്കുന്നതാണ്. പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തിന്റെയും വാശിയുടെയും പുറത്ത് നടത്തുന്ന ഈ കൊലപാതകങ്ങൾ ഇല്ലാതാക്കുന്നത് ഒരു കുടുംബത്തിന്റെ അത്താണിയെ ആയിരിക്കും. ഈ ക്രൂരതയെല്ലാം ഒഴിവാക്കി മുന്നോട്ടു പോകാൻ രാഷ്ട്രീയക്കാർക്ക് സാധിക്കണം. 

ജനങ്ങൾക്കു വേണ്ടി നിലകൊള്ളുക എന്നതാണ് എന്റെ രാഷ്ട്രീയം. അവിടെ ജാതിയോ മതമോ ഒന്നും തടസ്സമാകാൻ പാടില്ല. തെറ്റ് ആരു ചെയ്താലും അതു തെറ്റാണെന്നു പറയാനാവണം. നല്ലത് ചെയ്താൽ നല്ലതും പറയണം. അതിന് നല്ലൊരു പാർട്ടിയുടെ ഭാഗമായി മത്സരിക്കണം. ഇന്ത്യ ഭരിക്കുന്ന പാർട്ടി എനിക്ക് അതിനുള്ള അവസരം നൽകി. 

എന്നെ ഒരു നടൻ, സെലിബ്രിറ്റി എന്നീ നിലകളിലാണ് ജനങ്ങൾ ഇതുവരെ കണ്ടത്. അതിൽനിന്നു വ്യത്യസ്തമായി അവരിലേക്ക് ഇറങ്ങിച്ചെല്ലാൻ ലഭിച്ച അവസരമായിരുന്നു തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം. അവരുടെ അടുത്തുനിന്ന് സംസാരിക്കാനും പ്രശ്നങ്ങൾ അറിയാനും സാധിച്ചു. സന്തോഷത്തിലും ദുഃഖത്തിലും അവർക്കൊപ്പം നിൽക്കാൻ സാധിക്കുന്നത് ഒരു ഭാഗ്യവും അനുഗ്രഹവുമാണ്. നമ്മളെ പുതിയൊരു മനുഷ്യനാക്കി മാറ്റാൻ, ഒരുപാട് തിരിച്ചറിവുകൾ നൽകാൻ അതിന് സാധിക്കും. 

ADVERTISEMENT

∙ മത്സരിക്കേണ്ടിയിരുന്നില്ല എന്ന് പിന്നീട് എപ്പോഴെങ്കിലും തോന്നിയിരുന്നോ?

ഒരിക്കലുമില്ല. ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ പോസിറ്റീവ് ആയി എടുക്കുന്ന ആളാണു ഞാൻ. നല്ല കാര്യങ്ങൾ മനസ്സിലാക്കിത്തരാൻ ദൈവം നൽകിയ അവസരമായാണു ഞാൻ അതു കാണുന്നത്. നല്ല അനുഭവങ്ങൾ ലഭിച്ചു. ജനങ്ങളെ അറിയാനും രാഷ്ട്രീയം പഠിക്കാനും സാധിച്ചു. ഭൂമിയിലെ നമ്മുടെ ജീവിതം വളരെ ഹ്രസ്വമാണ്. അതിൽ എനിക്ക് ലഭിച്ച സുവർണാവസരം തന്നെയായിരുന്നു തിരഞ്ഞെടുപ്പ്.  

∙ ചവറ മണ്ഡലത്തിൽ എൻഡിഎയുടെ വോട്ട് കൂടി. എന്നാൽ കേരളത്തിലെ പ്രകടനം മോശമായി. തിരഞ്ഞെടുപ്പിന് ശേഷം ഇതേക്കുറിച്ച് വിലയിരുത്തി കാണുമല്ലോ?

ചവറയിൽ മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നാലായിരത്തോളം വോട്ട് ആണ് കൂടിയത്. അതു വലിയൊരു മുന്നേറ്റം ആണെന്ന് ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ ചവറ പോലൊരു മണ്ഡലത്തിൽ എന്നെപ്പോലെ ഒരു തുടക്കക്കാരന് ഇതൊരു നേട്ടം തന്നെയാണ്. മറ്റുള്ള സ്ഥാനാർഥികളെ മോശം പറയാതെ, എനിക്ക് എന്തെല്ലാം ചെയ്യാനാവുമെന്ന് ജനങ്ങളോട് പറഞ്ഞാണു പ്രചാരണം നടത്തിയത്. മോദിജിയുടെ വികസന–ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചു. അതായിരിക്കും വോട്ട് കൂടാൻ കാരണമായത്. 

ADVERTISEMENT

കേരളത്തിലെ സ്ഥിതിയെക്കുറിച്ചും അന്നു വിലയിരുത്തിയിരുന്നു. മോദിജിയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പരാജയമുണ്ടായി. കേന്ദ്രത്തിന്റെ പല ക്ഷേമ പ്രവർത്തനങ്ങളും സംസ്ഥാനസർക്കാരിന്റെ പേരിലാണ് ജനങ്ങളിലേക്ക് എത്തിയത്. ഞാനൊരു ഫാർമസി കമ്പനിയുടെ മാർക്കറ്റിങ്ങിൽ പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതേക്കുറിച്ച് നന്നായി അറിയാം. ചെയ്യാത്ത കാര്യങ്ങൾ പോലും ചെയ്തെന്ന് അവകാശപ്പെടാനും അത് ജനങ്ങളിലേക്ക് എത്തിക്കാനും സാധിക്കുന്ന തരത്തിലായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രചാരണം. എന്നാൽ ചെയ്ത കാര്യങ്ങൾ പോലും ജനങ്ങളെ അറിയിക്കുന്നതിൽ പരാജയപ്പെട്ടത് ബിജെപിയെ തളർത്തി. വരും തിരഞ്ഞെടുപ്പുകളിലേക്ക് ഒരു വലിയ പാഠമാണ് ഇത്. അതെല്ലാം പരിഹരിച്ച് േകരള ബിജെപി തിരിച്ചു വരും. അതിനുള്ള ശ്രമത്തിലാണ് നേതൃത്വം.

∙ തിരഞ്ഞെടുപ്പിൽ തോറ്റാലും രാഷ്ട്രീയത്തിൽ ഉണ്ടാകുമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം നിൽക്കുമെന്നും പറഞ്ഞിരുന്നു

അതെ. വെറുതെ പറയുകയല്ല ചവറയിലെ ജനങ്ങൾക്ക് വാക്ക് നൽകിയിരുന്നു. അതു ഞാന്‍ പാലിക്കുന്നുണ്ട്. എല്ലാ മാസവും രണ്ടു മൂന്നു ദിവസം ചവറയിൽ പോകാറുണ്ട്. കാണാൻ പറ്റുന്ന ആളുകളെ കാണുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്യാറുണ്ട്. ചവറയിൽ മാത്രമല്ല പോകാൻ സാധിക്കുന്ന എല്ലായിടത്തും പോകും. ജനങ്ങിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് എന്റെ രാഷ്ട്രീയമെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. അത് എന്നും തുടരും. അവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും പരിഹാരം കണ്ടെത്താനും ശ്രമിക്കും.

 ∙ തിരഞ്ഞെടുപ്പിൽ ഇനിയും മത്സരിക്കുമോ ?

അവസരം ലഭിച്ചാൽ തീർച്ചയായും മത്സരിക്കും. ജയവും തോൽവിയും ജനങ്ങളുടെ കയ്യിലാണ്. ഫലത്തെക്കുറിച്ചല്ല ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനുള്ള അവസരത്തെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. ഈ ഭൂമിയിലുള്ള കാലം മറ്റുള്ളവർക്ക് നന്മ ചെയ്യാൻ ഉപയോഗിക്കണം. നല്ല പ്രവൃത്തികളിലൂടെ മറ്റുള്ളവരുടെ ഓർമയിൽ മരണശേഷവും ജീവിക്കാനാകണം. അതുകൊണ്ട് അവസരം കിട്ടിയാൽ ഉറപ്പായും മത്സരിക്കും. ചവറയിൽ ആണെങ്കിൽ കൂടുതൽ സന്തോഷം. കാരണം എനിക്ക് അത്രയേറെ സ്വീകാര്യതയാണ് അവിടെയുള്ള ജനങ്ങൾ നല്‍കിയത്. പിന്നെ എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ. നമ്മൾ ആഗ്രഹിക്കുന്നതു പോലെ എല്ലാം നടക്കണമെന്നില്ല. ചിലപ്പോൾ അടുത്ത തവണ അവസരം ലഭിക്കില്ലായിരിക്കാം. എന്നാലും വിഷമമില്ല. ഇന്ത്യ ഭരിക്കുന്ന പാർട്ടിയെ പ്രതിനിധീകരിച്ച് ഒരുതവണയെങ്കിൽ ഒരു തവണ മത്സരിക്കാനായല്ലോ. അതുതന്നെ വലിയ ഭാഗ്യമാണ്. 

∙ മേപ്പടിയാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് സമൂഹമാധ്യമത്തിൽ പ്രതികരിച്ചിരുന്നു. അത്തരം വിവാദങ്ങളെ എങ്ങനെ കാണുന്നു?

സിനിമയെ വർഗീയവത്കരിക്കുന്നത് വേദനിപ്പിക്കുന്നു. ഈ വിവാദങ്ങളെല്ലാം അനാവശ്യമാണ്. കലയിലേക്ക് ജാതിയും മതവും രാഷ്ട്രീയവും കുത്തിക്കയറ്റുന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ്. നായകന്റെ വേഷം, വില്ലന്റെ വേഷം, ആംബുലൻസ് ആരുടെ എന്നൊക്കെ നോക്കി സിനിമക്കെതിരെ പ്രചാരണം നടത്തുന്നു. ഇതൊന്നും കേരളത്തിൽ കേട്ടുകേൾവി പേലുമില്ലാത്ത സംഭവങ്ങളായിരുന്നു. കല ആസ്വദിക്കാനുള്ളതാണ്. അതിന്റെ പേരിൽ തമ്മിൽ തല്ലുന്ന അവസ്ഥ ഉണ്ടാക്കരുത്. എത്രയോ പേരുടെ വരുമാന മാർഗമാണ് ഓരോ സിനിമയും. എത്ര കഷ്ടപ്പെട്ടാണ് ഒരു സിനിമ നിർമിക്കുന്നത്. അതിനെ ഇല്ലാതാക്കരുതെന്ന അപേക്ഷ മാത്രമേ എനിക്കുള്ളൂ. വിവാദമാക്കുന്നവരുടെ ലോജിക് ഉപയോഗിക്കുകയാണെങ്കിൽ ഇനി ഒരു സിനിമയും നിർമിക്കാനാവില്ല. മേപ്പടിയാന്‍ വിവാദത്തിനു പിന്നിലുള്ള ചിലർ രാഷ്ട്രീയക്കാരാണ് എന്നത് കൂടുതൽ ഭയപ്പെടുത്തുന്നു. സാങ്കേതികമായ ലോകം പുരോഗമിക്കുന്നു. എന്നിട്ടും മനുഷ്യര്‍ പിന്നിലേക്കാണ് നടക്കുന്നതെന്ന് തോന്നുന്നു. എന്തൊരു അവസ്ഥയാണിത്. 

നമ്മുടെ കലാലോകം മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തിൽ ഇതുവരെ വിഭജിക്കപ്പെട്ടിട്ടില്ല. കാരണം മതത്തിനും രാഷ്ട്രീയത്തിനും ഉപരി മനുഷ്യത്വത്തിനു പ്രധാന്യം നൽകുന്ന കലാകാരന്മാരാണ് നമ്മുടെ സിനിമാ ലോകത്തെ നയിക്കുന്നത്. മമ്മൂക്കയേയും ലാലേട്ടനേയും നോക്കൂ. അവരുടെ സുഹൃത്തുക്കളിൽ, അവരുടെ കൂടെ ജോലി ചെയ്യുന്നവരിൽ എല്ലാ മതക്കാരും ഉണ്ട്. വ്യത്യസ്തമായ രാഷ്ട്രീയ വീക്ഷണമുള്ളവരുണ്ട്. കലയും സൗഹൃദവുമാണ് അവരെയെല്ലാം ഒന്നിപ്പിച്ച് നിർത്തുന്ന ഘടകം.  

എന്റെ കരിയറിൽ ഏറ്റവും കൂടുതൽ പിന്തുണച്ചിട്ടുള്ള വ്യക്തിയാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ സിനിമകളിലാണ് ഞാൻ കൂടുതലും അഭിനയിച്ചിട്ടുള്ളത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ മത്സരം കൊച്ചിയിൽ നടക്കുന്ന സമയം. ഞാൻ ഒരിക്കൽ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. സൽമാൻ ഖാൻ ആണ് അന്ന് ട്രോഫി നൽകിയത്. ലാലേട്ടൻ ആണ് ഞങ്ങളുടെ ക്യാപ്റ്റൻ. കൂടാതെ മത്സരം കാണാൻ മമ്മൂക്ക, ദിലീപേട്ടൻ, ഗണേഷേട്ടൻ, ലാലു അലക്സ് ചേട്ടൻ എന്നിവരൊക്കെ ഉണ്ട്. ആദ്യമായി മാൻ ഓഫ് ദ് മാച്ച് കിട്ടിയ സന്തോഷത്തിൽ എനിക്ക് അന്ന് അവരോട് ആരോടും സംസാരിക്കാൻ സാധിച്ചില്ല. 

അടുത്ത ദിവസം എനിക്കൊരു കോൾ വന്നു. മമ്മൂക്കയുടെ കൂടെ ഉള്ള ലാലേഷ് എന്ന ചേട്ടനാണ് വിളിച്ചത്. ‘നീ ഇന്നലെ മമ്മൂക്കയെ കണ്ടിട്ട് ഒന്നും മിണ്ടാതെ പോയല്ലോ’ എന്ന് ലാലേഷേട്ടൻ പറഞ്ഞു. മമ്മൂക്ക എന്തു വിചാരിച്ചു കാണും എന്ന് അപ്പോഴാണ് ഞാന്‍ ഓർത്തത്. എനിക്ക് ആകെ വിഷമമായി. ഞാൻ കൊച്ചിയിലേക്ക് വരുമ്പോൾ മമ്മൂക്കയെ നേരിട്ട് വന്നു കാണാം എന്ന് ലാലേഷേട്ടനോട് പറഞ്ഞു. ‘അതൊന്നും വേണ്ട, ദേ ഞാൻ ഫോൺ മമ്മൂക്കയ്ക്ക് കൊടുക്കാം’ എന്നായിരുന്നു മറുപടി. എനിക്ക് പേടിയായി. വേണ്ട ചേട്ടാ, ഞാൻ നേരിട്ട് വന്ന് സംസാരിക്കാം എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കി. ‘നീ പേടിക്കേണ്ട കാര്യം ഒന്നുമില്ല. ഇതാ സംസാരിച്ചോളൂ’ എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ മമ്മൂക്കയ്ക്ക് കൈമാറി. ‘നീ ഇന്നലെ നന്നായി കളിച്ചു കേട്ടോ. വേറെ എന്തൊക്കെയുണ്ട് വിശേഷം?’ മമ്മൂക്കയുടെ ശബ്ദം. ഞങ്ങൾ വിശേഷങ്ങൾ പങ്കുവച്ചു. ഇനിയെന്നാ കൊച്ചിയിലേക്ക് വരുന്നതെന്നായി അദ്ദേഹം. നാളെ വരുന്നുണ്ട് എന്ന് ഞാൻ പറഞ്ഞു. സത്യത്തിൽ എനിക്ക് കൊച്ചിയിലേക്ക് പോകേണ്ട കാര്യമുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹം ചോദിച്ചപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്. ‘ആണോ, എങ്കിൽ നീ നാളെ സെറ്റിലേക്ക് വാ’ എന്ന് അദ്ദേഹം. പിറ്റേന്ന് ഞാൻ  കൊച്ചിയിലെത്തി. ഇമ്മാനുവേൽ സിനിമയുടെ ലൊക്കേഷനിൽ ആയിരുന്നു അദ്ദേഹം. അവിടേക്ക് പോയി. കുറേ നേരം സംസാരിച്ചു. അടുത്ത മത്സരം ആരുമായിട്ടാണെന്നും തയാറെടുപ്പുകൾ എന്തായി, ഏതൊക്കെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, എന്താണ് നിന്റെ ലക്ഷ്യം എന്നിങ്ങനെ കുറേ കാര്യങ്ങള്‍ ചോദിച്ചു. അന്ന് ലൊക്കേഷനിൽ മമ്മൂക്കയുടെ വകയുള്ള ബിരിയാണിയായിരുന്നു. അദ്ദേഹത്തിന്റെ കൈകൊണ്ട് വിളമ്പി തന്ന ആ ബിരിയാണി കഴിച്ചിട്ടാണ് ‍ഞാൻ മടങ്ങിപ്പോയത്. ഇന്നും ആ ബന്ധം നിലനിൽക്കുന്നു. പുതിയ വിശേഷങ്ങൾ അദ്ദേഹവുമായി പങ്കുവയ്ക്കാറുണ്ട്. നമ്മൾ മെസേജ് അയച്ചാൽ അദ്ദേഹം മറുപടി നൽകിയിരിക്കും. അത്രയും മഹത്വമുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. മറ്റു മനുഷ്യരെ ചേർത്തുപിടിക്കാനോ സഹായിക്കാനോ അവരുടെ മതമോ രാഷ്ട്രീയമോ അദ്ദേഹം നോക്കില്ല. ഇതാണ് നമ്മുടെ സിനിമാലോകം. അതിനെ ഇല്ലാതാക്കാനാണ് വർഗീയതയിലൂടെ ചിലർ ശ്രമിക്കുന്നത്. 

ഓരോരുത്തർക്കും ഇഷ്ടമുള്ള മതത്തിലും രാഷ്ട്രീയത്തിലും വിശ്വസിക്കാം. പക്ഷേ അതിനെ മുൻനിർത്തി ഒരാളുടെ സിനിമ കാണാതിരിക്കുന്നതും എതിർക്കുന്നതുമൊക്കെ ക്രൂരതയാണ്. ഒരു തീപ്പൊരി മതി തീപിടിത്തം ഉണ്ടാകാൻ. പിന്നെ അത് അണയ്ക്കുക അത്ര എളുപ്പമാവില്ല എന്ന് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ മനസ്സിലാക്കണം. ഒരു ഒരു കലാകാരന്‍ എന്ന നിലയിൽ ഇതേ എനിക്ക് പറയാനുള്ളൂ. 

∙ സീരിയൽ വിശേഷങ്ങൾ ?

കാർത്തിക ദീപം എന്ന സീരിയലിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ഒരു നാടൻ കഥ നാടൻ തനിമയോടെ  അവതരിപ്പിക്കുകയാണ് ഇതിൽ. സീരിയലിന് അത്യാവശ്യം നല്ല റേറ്റിങ് ഉണ്ട്. 450ാം എപ്പിസോഡിലേക്ക് പ്രവേശിക്കുകയാണ്. അതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ. നല്ല പ്രതികരണമാണ് പ്രേക്ഷകരിൽനിന്നു ലഭിക്കുന്നത്. ഷൂട്ടിങ് തകൃതിയായി നടക്കുന്നു. വീണ്ടും ലോക്ഡൗൺ വരുമോ ഇല്ലയോ എന്നൊന്നും അറിയാത്തതുകൊണ്ട് പരമാവധി ഷൂട്ട് ചെയ്യാനാണ് ശ്രമം.

∙ കരിയറിൽ സംതൃപ്തനാണോ ?

കരിയറിൽ കൂടുതൽ മുകളിലേക്ക് കയണം എന്നാണ് ആഗ്രഹിക്കുന്നത്. അതിനുള്ള പരിശ്രമങ്ങൾ നടത്തുന്നുണ്ട്. കൂടുതൽ മികച്ചതും വൈവിധ്യങ്ങളുമായ വേഷങ്ങൾ ചെയ്യാനാണ് ശ്രമിക്കുന്നത്. സീരിയലിൽ നായകന്മാർക്ക് അതിനു പരിമിതിയുണ്ട്. ഓടി നടന്ന് അഭിനയിക്കാനുള്ള സാധ്യതയില്ല. പലരെയും കാണാൻ പോകാറുണ്ട്. അവസരങ്ങൾ ചോദിക്കാറുണ്ട്. നല്ല സിനിമകളുടെ ഭാഗമാകാനും മികച്ച കഥാപാത്രങ്ങൾ ചെയ്യാനും ഭാവിയിൽ അവസരം ലഭിക്കും എന്നാണു പ്രതീക്ഷ. പലരോടും അവസരം ചോദിക്കാറുണ്ട്. ‘ഒന്നും അല്ലാത്ത സമയത്തും ചാൻസ് ചോദിച്ചിട്ടുണ്ട്. ഇപ്പോഴും ചാൻസ് ചോദിക്കാറുണ്ട്’ എന്നു പറഞ്ഞ മമ്മൂക്കയാണ് അതിനു പ്രചോദനം. മമ്മൂക്കയെപ്പോലെ ഒരു മഹാനടന്‍ ഇന്നും അവസരം ചോദിക്കുന്നുണ്ടെങ്കിൽ നമ്മളെ പോലുള്ള ആളുകളുടെ കാര്യം പറയേണ്ടതില്ലല്ലോ. നല്ലൊരു ബ്രേക്ക് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. അതിനായി ശ്രമിക്കുന്നു. കാത്തിരിക്കുന്നു. 

∙ അഭിനയം മെച്ചപ്പെടുത്താൻ എന്താണ് ചെയ്യാറുള്ളത്?

ആക്ടിങ് സ്കൂളുകളിൽ ചേർന്നോ പരിശീലന കളരികളിൽ പങ്കെടുത്തോ അഭിനയം പഠിക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യുന്ന ആളല്ല ഞാൻ. അങ്ങനെ സാധിക്കുമോ എന്ന് എനിക്ക് അറിയില്ല. ആളുകളെ നിരീക്ഷിക്കുക എന്നതാണ് ഞാൻ ചെയ്യുന്ന രീതി. എവിടെയെങ്കിലും വെറുതെ ഇരിക്കുമ്പോൾ ആളുകളുടെ പ്രവൃത്തികൾ നിരീക്ഷിക്കും. അവരെയെല്ലാം കഥാപാത്രങ്ങളായി സങ്കൽപ്പിക്കും. ഈ നിരീക്ഷണം അഭിനയ ജീവിതത്തിലെ പല ഘട്ടങ്ങളിലും സഹായമായിട്ടുണ്ട്. അതല്ലാതെ അഭിനയം പഠിക്കാനായി എവിടെയും പോകാറില്ല. അതൊന്നും ചെറുതായി കാണുന്നതല്ല. പക്ഷേ അങ്ങനെ പഠിച്ചതുകൊണ്ട് രക്ഷപ്പെടുമെന്നോ വലിയ നടൻ ആകുമെന്നോ ഞാൻ കരുതുന്നില്ല. നമ്മൾ എവിടെ പോയി പഠിച്ചാലും നമ്മുടെ ഉള്ളിൽ എന്തെങ്കിലും വേണം. എങ്കിലേ വളരാനാവൂ. ലാലേട്ടനും മമ്മൂക്കയും എവിടെയെങ്കിലും പോയി അഭിനയം പഠിച്ചിട്ട് വന്നവരല്ലല്ലോ. അവരുടെ ഉള്ളിലുള്ള അഭിനയിക്കാനുള്ള കഴിവും അനുഭവങ്ങളുടെ കരുത്തും നിരീക്ഷണപാടവവുമാണ് അവരെ മഹാനടന്മാർ ആക്കിയത്. 

∙ കോവിഡ് കാല പ്രതിസന്ധികൾ?

ലോക്ഡൗണിൽ എങ്ങനെ അതിജീവിച്ചു എന്ന് ദൈവത്തിനു മാത്രമേ അറിയൂ. സീരിയിൽ മേഖലയിൽ നമുക്ക് ദിവസവേതനം ആണുള്ളത്. കോവിഡും തുടർന്ന് ലോക്ഡൗണും ഉണ്ടാകുമെന്ന് നമ്മൾ സ്വപ്നത്തിൽ പോലും കരുതുന്നില്ലല്ലോ. എല്ലാ മേഖലയിലും ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ കലാമേഖലയിൽ അത് അൽപം കൂടുതല്‍ ആണെങ്കിലേ ഉള്ളൂ. എത്ര നാൾ കഴിഞ്ഞാണ് ഷൂട്ടുകൾ പുനനരാരംഭിച്ചത്.അതുവരെ വരുമാനമൊന്നുമില്ലായിരുന്നു. എന്തു ചെയ്യുമെണമെന്ന് അറിയാത്ത അവസ്ഥ. മൊറൊട്ടോറിയം പോലുള്ള ചില പ്രഖ്യാപനങ്ങൾ കുറച്ചൊക്കെ ആശ്വാസം നൽകി. പിന്നെ എന്റെയും ഭാര്യയുടെയും വീട്ടുകാർ സഹായിച്ചു. അതു വലിയ കരുത്തായി. അതെല്ലാമാണ് ഒരുവിധം കുഴപ്പമില്ലാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോയത്. എന്നാൽ ആരും സഹായിക്കാനൊന്നുമില്ലാത്തവരുടെ കാര്യം ആലോചിക്കുമ്പോഴാണ് കഷ്ടം തോന്നുന്നത്. അവർ അത്രയേറെ ദുരിതം അനുഭവിച്ചു കാണും. ഇനി ലോക്ഡൗൺ ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കാം.

∙ വീട്ടുവിശേഷങ്ങൾ

ഭാര്യ സുമിയും മകൻ സിദ്ധാർഥും ഞാനുമാണ‌് വീട്ടിലുള്ളത്. ഞങ്ങൾ തിരുവനന്തപുരത്താണ് താമസം. ഷൂട്ടിന് പോയിക്കഴിഞ്ഞാൽ പിന്നെ 25 ദിവസമൊക്കെ കഴിഞ്ഞായിരിക്കും തിരിച്ചെത്തുന്നത്. തിരിച്ചു വന്നാൽ ബാക്കിയുള്ള സമയം പൂർണമായും അവര്‍ക്കൊപ്പം ചെലവഴിക്കും. 

English Summary : Actor Vivek Gopan exclusive Interview