കണ്ണിനുള്ളിൽ ടാറ്റു ചെയ്യാമോ ? ഇതു ചിന്തിക്കാൻ കൂടി സാധിക്കാത്തവരുണ്ട്. എന്നാൽ കണ്ണിനുള്ളിൽ ടാറ്റു ചെയ്യുകയും അത് കാഴ്ച നഷ്ടമാകാൻ കാരണമാവുകയും ചെയ്താലോ. ഓസ്ട്രേലിയൻ സ്വദേശിനി ആംബർ ലൂക്ക് ആണ് തന്റെ അനുഭവം പങ്കുവച്ച് രംഗത്തെത്തിയത്.

മുഖത്തുൾപ്പടെ ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ ആംബർ ടാറ്റു ചെയ്തിട്ടുണ്ട്. അതിനിടയിലാണ് കണ്ണിന്റെ വെള്ളയിലും ടാറ്റു ചെയ്യാം എന്ന ചിന്ത ഉണ്ടായത്. തുടർന്ന് നീല നിറം കണ്ണിന്റെ വെള്ളയിൽ ടാറ്റു ചെയ്തു. ശരീരത്തിന്റെ പല ഭാഗങ്ങളിൽ ടാറ്റു ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അനുഭവിക്കാത്ത വേദനയാണ് ആംബറിനെ തേടി എത്തിയത്.

‘‘ആ നിമിഷത്തെക്കുറിച്ച് ഓർക്കാൻ പോലും വയ്യ. മഷി കണ്ണിനുള്ളിൽ തുളച്ചു കയറിയപ്പോൾ പത്ത് ഗ്ലാസ് കഷ്ണങ്ങൾ കൊണ്ട് കണ്ണിൽ വരഞ്ഞതു പോലെയൊണ് തോന്നിയത്. മൂന്നാഴ്ചയോളം കാഴ്ചശക്തി ഇല്ലാതാവുകയും ചെയ്തു’’– ആംബർ പറഞ്ഞു. ആർടിസ്റ്റ് കൂടുതൽ ആഴത്തിൽ ചെയ്തതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും അല്ലെങ്കിൽ കാഴ്ചശക്തി നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ല എന്നും ആംബർ ഒരു ഓൺലൈൻ മാധ്യമത്തോടു പ്രതികരിച്ചു.

ഇപ്പോൾ നീല നിറത്തിലാണ് ആംബറിന്റെ കണ്ണുകൾ. 16–ാം വയസ്സിലാണ് ആംബർ ആദ്യമായി ടാറ്റു ചെയ്തത്. പിന്നീട് ടാറ്റു ചെയ്യുന്നത് ശീലമായി. 2020 പൂർത്തിയാകുമ്പോൾ ശരീരത്തിൽ ടാറ്റു ഇല്ലാത്ത ഒരിടവും ഉണ്ടാകരുത് എന്നാണ് ഇപ്പോൾ അംബറിന്റെ ആഗ്രഹം.

English Summary : eyeball tattoos allegedly left woman blind for 3 weeks