ചിത്തരേഷ് നടേശൻ, പുരുഷസൗന്ദര്യത്തിന്റെ ഉയരങ്ങളിൽ എഴുതിച്ചേർത്ത ഈ പേര് മലയാളികൾക്ക് ഇനി മറക്കാനാകില്ല. മിസ്റ്റർ യൂണിവേഴ്സ് ആയി ചിത്തരേഷ് നടേശൻ തിരഞ്ഞെടുക്കപ്പെടുമ്പോള്‍‌ അഭിമാനനിമിഷമാണ് ഓരോ മലയാളിക്കും. പുരുഷസൗന്ദര്യ പട്ടം ആദ്യമായി ഇന്ത്യയിൽ എത്തുന്നതും കൊച്ചി വടുതല സ്വദേശിയായ ചിത്തരേഷിലൂടെ തന്നെ.

ദക്ഷിണ കൊറിയയിലെ ജെജു ദ്വീപിൽ നടന്ന പതിനൊന്നാമത് ലോക ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിലാണ് ചിത്തേരശിന്റെ നേട്ടം. ഒന്‍പതു ലോകചാംപ്യൻമാരെ പരാജയപ്പെടുത്തിയാണ് ചാംപ്യനായത്. മുൻപ് അർണോൾഡ് ഷ്വാസ്നെഗറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത് ഇതേ നേട്ടമാണ്.

കഠിന പ്രയത്നത്തിലൂടെ ചിത്തരേഷ് സ്വന്തമാക്കിയതാണ് ഈ ശരീരസൗന്ദര്യം. വ്യായാമറുകളും ചിട്ടയായ ജീവിതരീതിയും വാശിയും ചേർന്നപ്പോൾ ലക്ഷ്യത്തില്‍ എത്തുകയായിരുന്നു. ‘‘ഫിറ്റ്നസിൽ നിന്ന് വ്യത്യസ്തമാണ് പ്രഫഷനൽ ബോഡി ബിൽഡിങ്. ഫിറ്റനസ് എല്ലാവർക്കും പിന്തുടരാൻ സാധിക്കും. ജീവിതരീതിയിൽ കുറച്ച് സമയം കണ്ടെത്തിയാൽ മതി.’’– ചിത്തരേഷ് വ്യക്തമാക്കി. 

പ്രഷഷനൽ ബോഡി ബിൽഡിങ്ങ് വളരെ ചെലവേറിയതും ധാരളം സമയം കണ്ടെത്തേണ്ടതുമായ ഒന്നാണ്. ദിവസവും മുട്ട, ചിക്കൻ, പച്ചക്കറികള്‍ എന്നിവ ഉൾപ്പെടുന്നതാണ് ഡയറ്റ്. ശരീരത്തിന് ആവശ്യമായ പ്രൊട്ടീൻ നോക്കിയാണ് ഇത് കഴിക്കുക. ദിവസവും 10 മുട്ടയുടെ വെള്ള, ഓട്സ്, ബ്രെ‍ഡ് എന്നിവയുണ്ടാകും. ഏഴു നേരം ഭക്ഷണം കഴിക്കുമെന്നും ചിത്തരേഷ് വെളിപ്പെടുത്തി.

നല്ലൊരു കോച്ചിനെ കണ്ടെത്തുക എന്നതാണ് പ്രഫഷനൽ ബോഡി ബിൽഡിങ്ങിന്റെ ആദ്യത്തെ നിയമം. പാഷനാണ് മുന്നോട്ട് നയിച്ചത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയും സുഹൃത്തുക്കളുടെയുമെല്ലാം പിന്തുണ പല തടസ്സങ്ങളും മറികടക്കാൻ സഹായിച്ചെന്നും ചിത്തരേഷ് പറഞ്ഞു.