വസ്ത്രധാരണത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന സെലിബ്രിറ്റിയായി മേഗൻ മാർക്കിൾ. പ്രമുഖ ഓൺലൈൻ ഫാഷൻ സ്റ്റോറായ Lyst.com ആണ് ഹാരി രാജകുമാരന്റെ ഭാര്യയും മുൻ അഭിനേത്രിയുമായ മേഗൻ മാർക്കിളിനെ 2019 ഫാഷൻ ഐക്കൺ ആയി തിരഞ്ഞെടുത്തത്. ഈ വർഷത്തെ ട്രെന്റുകളും പാറ്റേണുകളും വിലയിരുത്തിയപ്പോഴാണ് മേഗന്റെ മുന്നേറ്റം.

2018 ൽ കിം കർദാഷിനും കെയ്‌ലർ ജെന്നിനും പുറകിൽ മൂന്നാം സ്ഥാനത്തായിരുന്നു മേഗൻ. എന്നാൽ, ഈ വർഷം കെയ്‌ലർ ജെന്‍ ഏഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടപ്പോൾ കിം കർദാഷിൻ പട്ടികയിൽ നിന്നു പുറത്തായി.

മേഗന്റെ സ്റ്റൈലും ഫാഷനും തിരയുന്നവരുടെ എണ്ണം 216 ശതമാനം വർധിച്ചു. ഹാരി രാജകുമാരനും മകൻ ആർച്ചിക്കുമൊപ്പം ആഫ്രിക്കൻ സന്ദർശനം നടത്തിയപ്പോൾ മേഗൻ ധരിച്ച വസ്ത്രങ്ങളാണ് കൂടുതൽ തിര‍ഞ്ഞത്.

മേഗൻ ധരിക്കുന്നതു പോലെയുള്ള വസ്ത്രങ്ങളുടെ വിൽപ്പനയിലും വർധനവ് രേഖപ്പെടുത്തി. ബ്രിട്ടീഷ് രാജകുടുംബത്തിൽ അംഗമായിട്ടും ഒരേ വസ്ത്രം പല തവണ ഉപയോഗിക്കുന്ന മേഗനെ പലപ്പോഴും ഫാഷന്‍ ലോകവും സോഷ്യല്‍ മീഡിയയും അഭിനന്ദിച്ചിരുന്നു.

നടൻ തിമോത്തി ചലമെറ്റ്, ഫ്രഞ്ച് ഫാഷൻ ഡിസൈനർ ഹൈദർ അക്കർമാൻ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എന്നാൽ മേഗനുമായി താരതമ്യം ചെയ്യുമ്പോൾ വളരെ പുറകിലാണ് മറ്റുള്ളവരുടെ സ്വാധീനം

English Summary : Meghan is 2019's Most Powerful Fashion Icon