ഉപഭോക്താക്കൾ പ്രതീക്ഷിച്ചതിലും മികച്ചത് നൽകാൻ കഴിയുമ്പോഴാണ് ബിസിനസ് വളരുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു. കടുത്ത മത്സരം നേരിടുന്ന ഈ കാലഘട്ടത്തിൽ വിശ്വാസ്യത പരമ പ്രധാനമാണ്. എല്ലാ ഇടപാടുകളും സുതാര്യമാവണം. ജീവനക്കാരെ സ്ഥാപനത്തിന്റെ ഭാഗമാക്കണം. തങ്ങളുണ്ടാക്കുന്ന നേട്ടങ്ങളുടെ ഒരു ഭാഗം നമുക്കും ലഭിക്കുമെന്ന് വരുമ്പോൾ ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടും. ഇതു മനസ്സിലാക്കി വേണം ബിസിനസ് തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ് സുസ്ഥിരതയ്ക്ക് എങ്ങനെ ധനകാര്യം കൈകാര്യം ചെയ്യണമെന്ന വിഷയത്തിൽ പീപ്പിൾസ് ഫൗണ്ടേഷനും സോളിഡ് ബിസിനസ് ക്ലബ്ബും ചേർന്നു നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം.അബ്ദുൽ മജീദ് അദ്ധ്യക്ഷം വഹിച്ചു. പ്രമുഖ ബിസിനസ് കൺസൽട്ടന്റ് ടിനി ഫിലിപ്പ്, ചാർട്ടേർഡ് അക്കൗണ്ടൻറ് കെ.എം. തഖ് യുദ്ദീൻ, എൻ.ഐ.ടി ബിസിനസ് ഇൻകുബേറ്റർ സിഇഒ പ്രീതി.എം എന്നിവർ വിഷയമവതരിപ്പിച്ചു. സോളിഡ് ബിസിനസ് ക്ലബ്ബ് രക്ഷാധികാരി നഹാസ് മാള സമാപന പ്രസംഗം നടത്തി.