മോഹൻലാലിന്റെ ആതിഥേയത്വത്തിൽ നാഗപ്പൻ കോരിത്തരിച്ചു– ‘ഇതാണ് മനുഷ്യൻ. സാധ‍ാരണക്കാരനായ എന്നെപ്പോലും ഇത്രയും കരുതലോടെയും സ്നേഹത്തോടെയും സ്വീകരിച്ച് ആ മഹാനടൻ എളിമയോടെ സംസാരിക്കുന്നതു കണ്ടപ്പോൾ ഞാൻ കരുതി, ഞങ്ങളൊക്കെയാണ് യഥാർഥത്തിൽ അഹങ്കാരികൾ’.....

മോഹൻലാലിന്റെ ആതിഥേയത്വത്തിൽ നാഗപ്പൻ കോരിത്തരിച്ചു– ‘ഇതാണ് മനുഷ്യൻ. സാധ‍ാരണക്കാരനായ എന്നെപ്പോലും ഇത്രയും കരുതലോടെയും സ്നേഹത്തോടെയും സ്വീകരിച്ച് ആ മഹാനടൻ എളിമയോടെ സംസാരിക്കുന്നതു കണ്ടപ്പോൾ ഞാൻ കരുതി, ഞങ്ങളൊക്കെയാണ് യഥാർഥത്തിൽ അഹങ്കാരികൾ’.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാലിന്റെ ആതിഥേയത്വത്തിൽ നാഗപ്പൻ കോരിത്തരിച്ചു– ‘ഇതാണ് മനുഷ്യൻ. സാധ‍ാരണക്കാരനായ എന്നെപ്പോലും ഇത്രയും കരുതലോടെയും സ്നേഹത്തോടെയും സ്വീകരിച്ച് ആ മഹാനടൻ എളിമയോടെ സംസാരിക്കുന്നതു കണ്ടപ്പോൾ ഞാൻ കരുതി, ഞങ്ങളൊക്കെയാണ് യഥാർഥത്തിൽ അഹങ്കാരികൾ’.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഈ ശിൽപം ലാൽ സാറിനു കൊടുക്കുമോ?’- ഏതാനും വർഷം മുൻപ് വെള്ളാർ നാഗപ്പൻ നിർമിച്ച ആറടി ഉയരമുള്ള ‘വിശ്വരൂപം’ ശിൽപം കാണാനെത്തിയ ഒരാൾ ശിൽപിയോടു ചോദിച്ചു. ലാൽ സാർ എന്നുദ്ദേശിച്ചത് ഇഷ്ട നായകനായ മോഹൻലാലിനെയാണെന്നു മനസ്സിലായപ്പോൾ നാഗപ്പന്റെയുള്ളിൽ സന്തോഷം പൊട്ടിവിടർന്നു. അധികം വൈകാതെ ശിൽപം പായ്ക്ക് ചെയ്ത് ചെന്നൈയിലെത്തി നാഗപ്പനും സംഘവും. അവിടെ വച്ചാണ് നാഗപ്പൻ ആദ്യമായി മോഹൻലാലിനെ നേരിട്ടു കണ്ടത്. വീട്ടിലേക്കു സ്വീകരിച്ച മോഹൻലാലിന്റെ ആതിഥേയത്വത്തിൽ നാഗപ്പൻ കോരിത്തരിച്ചു– ‘ഇതാണ് മനുഷ്യൻ. സാധ‍ാരണക്കാരനായ എന്നെപ്പോലും ഇത്രയും കരുതലോടെയും സ്നേഹത്തോടെയും സ്വീകരിച്ച് ആ മഹാനടൻ എളിമയോടെ സംസാരിക്കുന്നതു കണ്ടപ്പോൾ ഞാൻ കരുതി, ഞങ്ങളൊക്കെയാണ് യഥാർഥത്തിൽ അഹങ്കാരികൾ’. കുറച്ചു നാൾ കഴിഞ്ഞു. മൂന്നര വർഷം മുൻപ് നിനച്ചിരിക്കാതെ നാഗപ്പനെ തേടി ഒരു ഫോൺ കോൾ എത്തി. മോഹൻലാലിന് നാഗപ്പനെക്കൊണ്ട് ഒരാവശ്യമുണ്ട്. നാഗപ്പന്റെ ജീവിതം തന്നെ മാറ്റി മറിച്ച ആ ആവശ്യം എന്താണെന്നല്ലേ... 

∙ ലാൽ ആഗ്രഹിച്ചു, നാഗപ്പൻ നിർവഹിച്ചു

ADVERTISEMENT

നാഗപ്പൻ നിർമിച്ച ആദ്യത്തെ വിശ്വരൂപം ശിൽപം മോഹൻലാലിനു വേണ്ടി ആവശ്യപ്പെട്ട സുഹൃത്ത് സനൽ ആണ് ഇത്തവണയും നാഗപ്പനെ വിളിച്ചത്. കുറച്ചുകൂടി വലിയ വിശ്വരൂപം വേണം എന്നതായിരുന്നു ആവശ്യം. തിരുവനന്തപുരം കോവളത്തിനു സമീപത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലെ 21–ാം നമ്പർ സ്റ്റുഡിയോയിലിരുന്ന് നാഗപ്പൻ ചിന്തിക്കാൻ തുടങ്ങി. പ്ലാറ്റ്ഫോം ഉൾപ്പെടെ 10 അടിയിൽ വിശ്വരൂപം നിർമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയ നാഗപ്പൻ നിർമാണം തുടങ്ങിയപ്പോഴേക്കും ശിൽപത്തിന്റെ മാത്രം ഉയരം 10 അടിയായി. പ്ലാറ്റ് ഫോം ഉൾപ്പെടെ 12 അടിയിൽ വിശ്വരൂപം നിർമിച്ചു കഴിഞ്ഞു നാഗപ്പൻ. മോഹൻലാലിന്റെ വീടിനെ ഈ മനോഹരശിൽപം ഇനി അലങ്കരിക്കും.

നാൽപതു വർഷം മുൻപ് ശിൽപനിർമാണം ആരംഭിച്ച വെള്ളാർ നാഗപ്പൻ ഇതുവരെ െചയ്തതിൽ ഏറ്റവും വലിയ ശിൽപമാണ് വിശ്വരൂപം. ‘എനിക്ക് ഇതുവരെ ചെയ്തതിൽ ഏറ്റവും ഇഷ്ടമായതും ഈ ശിൽപം തന്നെ’ – നാഗപ്പൻ പറയുന്നു.

വിശ്വരൂപം നിർമിച്ചപ്പോൾ നേരിട്ട പ്രതിസന്ധികളും ശിൽപത്തിന്റെ പ്രത്യേകതകളും എന്തൊക്കെയെന്ന് ശിൽപി ‘മനോരമ ഓൺലൈനി’നോടു പറയുന്നു.

ചിത്രം: മനോജ് ചേമഞ്ചേരി∙ മനോരമ

∙ ഒരു ശിൽപം നിർമിക്കാൻ മോഹൻലാൽ നേരിട്ട് ആവശ്യപ്പെടുമ്പോൾ എന്തൊക്കെയായിരുന്നു വെല്ലുവിളി?

ADVERTISEMENT

ശിൽപം നിർമിക്കുമ്പോൾ പല കടമ്പകളുണ്ട്. ആദ്യം, ശിൽപം എങ്ങനെയായിരിക്കണമെന്ന് ചിന്തിക്കണം. അതിനു പൂർണത വരുത്തേണ്ടത് എങ്ങനെയെന്ന് മനസ്സിലാക്കണം. എനിക്ക് ശിൽപം നിർമിക്കുന്നതിനു മുൻപ് രൂപരേഖ തയാറാക്കുന്ന രീതിയില്ല. എന്റെ മനസ്സിലാണ് ശിൽപം രൂപംകൊള്ളുന്നത്. ശിൽപത്തിന്റെ ഘടന പൂർണമായി മനസ്സിൽ രൂപപ്പെട്ടിരുന്നു. അതിനു ശേഷമാണ് നിർമാണം തുടങ്ങിയത്. മനസ്സിലെ രൂപം അതേപടി തടിയില്‍ നിന്നു കൊത്തിയെടുക്കുകയെന്നതായിരുന്നു പ്രധാന വെല്ലുവിളി.

എന്നോടൊപ്പം 8 സഹായികളുണ്ട്. അവർ എന്റെ മനസ്സു കാണുന്നവരാണ്. എന്റെ മനസ്സിലുള്ള ശിൽപം പകർത്തിയെടുക്ക‍ാൻ അവരുടെ സഹായമുണ്ടായി. ഓരോരുത്തർക്കും അവർക്കു വേഗത്തിൽ ചെയ്യാവുന്ന കാര്യങ്ങളാണ് ചുമതലപ്പെടുത്തിയത്. ചിലർക്ക് കൊത്തിയെടുക്കാനാകും മിടുക്ക്. ചിലർക്ക് ഫിനിഷ് ചെയ്യാനാകും. എല്ലാവരും അടിസ്ഥാനപരമായി നല്ല കലാകാരന്മാരും കൂടിയാണ്. അങ്ങനെയാണ് മൂന്നര വർഷത്തെ പ്രയത്നം കൊണ്ട് മനോഹരമായ ശിൽപമായി വിശ്വരൂപം വളർന്നത്.

∙ ശിൽപത്തിന് ഉപയോഗിച്ച മരം ഏതാണ്?

കുമ്പിൾ മരത്തിന്റെ തടിയാണ് ഉപയോഗിച്ചത്. ചന്ദനത്തിൽ എങ്ങനെ ശിൽപം നിർമിക്കാമോ അതുപോലെ കുമ്പിളിൽ ചെയ്യാം. തേക്കിലും ഈട്ടിയില‍ുമൊക്കെ വലിയ ശിൽപങ്ങൾ നിർമിക്കാം. പക്ഷേ, ചെറിയ കൊത്തുപണികൾക്ക് കുമ്പിൾ ആണ് നല്ലത്. എണ്ണമയമില്ലാത്ത തടിയാണെന്ന പ്രത്യേകതയുണ്ട്. പക്ഷേ, തടിക്ക് ഈർപ്പമുണ്ടാകും. ശിൽപത്തിന് ആകെ നാൽപതോളം ക്യുബിക് അടി മരം ഉപയോഗിച്ചിട്ടുണ്ട്. നല്ല കാതൽ ഉള്ള തടി മാത്രമാണ് ശിൽപം നിർമിക്കാൻ തിരഞ്ഞെടുത്തത്. ശിൽപത്തിന് ആകെ ഭാരം ഏകദേശം 500 കിലോഗ്രാം ഉണ്ടാകും.

ADVERTISEMENT

∙ എന്താണ് വിശ്വരൂപം? ശിൽപത്തിൽ എന്തൊക്കെയാണുള്ളത്?

മഹാഭാരത കഥയിലെ പ്രധാനപ്പെട്ട ഭാഗമാണ് ശിൽപത്തിന്റെ ഇതിവൃത്തം. മഹാഭാരത യുദ്ധം നടക്കുമ്പോൾ ഒരു ഘട്ടത്തിൽ അർജുനൻ തളർന്ന് യുദ്ധം അവസാനിപ്പിക്കണമെന്ന് ശ്രീകൃഷ്ണനോടു പറയും. യുദ്ധം ജയിക്കണമെങ്കിൽ രണ്ടു പേരെ വധിക്കണം. ഒന്ന് പിതാമഹൻ ഭീഷ്മർ. രണ്ടാമൻ ഗുരു ദ്രോണർ. അതിനാൽ യുദ്ധം തുടരാൻ കഴിയില്ലെന്ന് വിലപിച്ച് രഥത്തിൽ തളർന്നിരുന്ന അർജുനോട് ശ്രീകൃഷ്ണൻ പറഞ്ഞത് – ‘ഈ പ്രപഞ്ചത്തിലെ മനുഷ്യരിലും അസുരന്മാരിലും സർവ ചരാചരങ്ങളിലും നിറഞ്ഞുനിൽക്കുന്നത് ഞാനാണ്’ എന്നാണ്. എന്നിട്ട് അദ്ദേഹം തന്റെ വിശ്വരൂപം അർജുനനു മുന്നിൽ കാണിക്കുന്നു. അതു കണ്ടാണ്, യുദ്ധം ചെയ്യുന്നത് ഞാനല്ല, എല്ലാം കൃഷ്ണൻ ചെയ്യുന്നതാണ് എന്നു മനസ്സിലാക്കി അര്‍ജുനൻ യുദ്ധം തുടരാൻ സമ്മതിച്ചത്. 

ചിത്രം: മനോജ് ചേമഞ്ചേരി∙ മനോരമ

ഗീതോപദേശവുമായി ബന്ധപ്പെട്ട ഈ രംഗത്തിലാണ് വിശ്വരൂപം വരുന്നത്. അതുകൊണ്ട് വിശ്വരൂപം ശിൽപമായി നിർമിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. വിശ്വരൂപത്തിന്റെ പ്രധാന ശിൽപവും അതിലെ 5 തലകളും ഒറ്റത്തടിയിൽ തീർത്തതാണ്. ആകെ 11 തലകളാണ് പ്രധാന ശിൽപത്തിലുള്ളത്– ദേവഗുരു ബൃഹസ്പതി, നരസിംഹം, ഗണപതി, ശ്രീരാമൻ, ശിവൻ, മഹാവിഷ്ണു, ശ്രീകൃഷ്ണൻ, ഇന്ദ്രൻ, ഹനുമാൻ, ഗരുഡൻ, അസുരഗുരു ശുക്രാചാര്യർ. രണ്ടു ഗുരുക്കന്മാരുടെ ഇടയിലാണ് ബാക്കി ശിരസുകൾ. അതാണ് ശ്രീകൃഷ്ണൻ പറയുന്നത്, സർവചരാചരങ്ങളും ഞാനാണ് എന്ന്. 

ശിൽപത്തിന് രണ്ടു വശങ്ങളുണ്ട്. ഒരു വശത്താണ് 11 മുഖങ്ങളോടു കൂടിയ പ്രധാന ശിൽപം. ഇതിന് 22 കൈകളുമുണ്ട്. മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന ശ്രീകൃഷ്ണന്റെ പ്രധാന ശിൽപമാണ്. അതിനൊപ്പം താമരയുടെ മുകളിലിരുന്ന് ഭാരതകഥ പറയുന്ന വ്യാസന്റെയും കേട്ടെഴുതുന്ന ഗണപതിയുടെയും ശിൽപങ്ങളുണ്ട്. ഇരുവശങ്ങൾക്കും ഒരേ പ്രാധാന്യം നൽകിയാണ് ശിൽപം നിർമിച്ചിരിക്കുന്നത്.

∙ ശിൽപം നിറയെ നാനൂറിലധികം കഥാപാത്രങ്ങൾ

വിശ്വരൂപം ശിൽപത്തിൽ ആകെ മഹാഭാരതത്തിലെ നൂറോളം സന്ദർഭങ്ങളും നാനൂറിലധികം കഥാപാത്രങ്ങളും നിരന്നിട്ടുണ്ട്. ശിൽപത്തിന്റെ മാലയിൽ മത്സ്യം, കൂർമം, വരാഹം, നരസിംഹം തുടങ്ങി ദശാവതാരങ്ങളുടെ രൂപങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. 

മഹാഭാരതത്തിൽ ധാരാളം കഥകളുണ്ട്. അതിൽ യുദ്ധത്തിനു തുടക്കമിട്ട ചൂതുകളി, ചൂതുകളിയിൽ പാണ്ഡവർ പരാജയപ്പെട്ടപ്പോൾ പാഞ്ചാലിയെ വലിച്ചിഴച്ച് സദസ്സിൽ കൊണ്ടുവരുന്നത്, വസ്ത്രാക്ഷേപവും ശ്രീകൃഷ്ണന്റെ ഇടപെടലും, കർണവധം, ഗജേന്ദ്രമോക്ഷം, അക്ഷയപാത്രം നൽകുന്നത്, കൗരവരും പാണ്ഡവരും ആയുധ പരിശീലനം നടത്തുന്നതും പക്ഷിയെ അമ്പെയ്യുന്നതും, ഭീഷ്മരുടെ ശരശയ്യ, കവചകുണ്ഡലങ്ങൾ വാങ്ങുന്നത്, പരശുരാമൻ അർജുനന് ആയുധ വിദ്യ അഭ്യസിപ്പിക്കുന്നത്, ധർമപുത്രരുടെ സ്വർഗാരോഹണം തുടങ്ങിയ രംഗങ്ങളോരോന്നും ശിൽപത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. അതിലെ ഓരോ കഥാപാത്രത്തെയും കഥയെയും എടുത്തു പറയാനാകും എന്നതാണ് പ്രത്യേകത. ശിൽപം നിർമിക്കുന്നതിന് മഹാഭാരത കഥ വിശദമായി പഠിച്ചു. 

മൂന്നു ഭാഗങ്ങളാണ് പ്രധാനമായി ശിൽപത്തിലുള്ളത്. ഏറ്റവും താഴെ താമരയ്ക്കു മുകളിൽ കൗരവരുടെയും പാണ്ഡവരുടെയും കാലാൽപ്പടയുണ്ട്. അതിൽ 80 പടയാളികളും നാല് പടനായകരുമാണുള്ളത്.

∙ വിശ്വരൂപം കാണാൻ ലാൽ നേരിട്ടെത്തിയപ്പോൾ എന്തു തോന്നി?

മോഹൻലാലിനു വേണ്ടിയാണ് ഈ ശിൽപം നിർമിക്കുന്നത് എന്ന സന്തോഷമാണ് ഞങ്ങളെ മുന്നോട്ടു നയിച്ചത്. ഇതിലെ സാമ്പത്തിക നേട്ടം പരിഗണിച്ചിട്ടേയില്ല. ശിൽപനിർമാണം പൂർത്തിയായി പോളിഷ് ചെയ്തു കഴിഞ്ഞുവെന്ന് സനൽ സാറിനെ അറിയിച്ചു.

ഒരു ദിവസം ഞാൻ സ്റ്റുഡിയോയിൽ നിൽക്കുമ്പോൾ ലാൽ സാർ കയറി വന്നു. വിദേശ യാത്ര കഴിഞ്ഞ് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ ശേഷം നേരിട്ട് ഇവിടേക്കാണു വന്നത്. അദ്ദേഹം ശിൽപം വിശദമായി പരിശോധിച്ചു. പൂർണ സംതൃപ്തി അറിയിച്ചു. വളരെ നന്നായിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. 

വിഗ്രഹം പൂർത്തിയായതോടെ അതിന്റെ ചിത്രവും വാർത്തയും വളരെ വൈറലായി. അതു വൈറലാകാനുള്ള കാരണം മോഹൻലാലിനു വേണ്ടി നിർമിച്ച ശിൽപം എന്ന പ്രത്യേകത തന്നെയാണ്. അതെനിക്കറിയാം.

∙ മറ്റു പ്രധാന ശിൽപങ്ങൾ എന്തൊക്കെയാണ്?

ആശാ ശരത്തിന് വലിയ ഗണപതി ശിൽപം നിർമിച്ചു നൽകിയിട്ടുണ്ട്. തമിഴ് നടൻ സൂര്യയ്ക്ക് അമ്മ മഴവിൽ പരിപാടിയിൽ സമ്മാനിക്കാനുള്ള ശിൽപം നിർമിച്ചു നൽകിയത് ഞാനാണ്. ഇപ്പോൾ നിർമിച്ച‍ു പൂർത്തിയാക്കിയ മറ്റൊരു വലിയ ശിൽപമാണ് ശ്രീകൃഷ്ണ ലീല. 8 അടി ഉയരമുള്ള ശിൽപമാണിത്. ശ്രീകൃഷ്ണന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ ചിത്രീകരിച്ച ശിൽപം ക്രാഫ്റ്റ് വില്ലേജിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പലരും എത്തി വാങ്ങാനുള്ള താൽപര്യം അറിയിക്കുന്നുണ്ട്. അതുപോലെ, അനന്തശയനം, ശ്രീകൃഷ്ണന്റെയും ഹനുമാന്റെയും ക്രിസ്തുവിന്റെയും ഉള്‍പ്പെടെ ഒട്ടേറെ ശിൽപങ്ങൾ നിർമിച്ചിട്ടുണ്ട്. എന്റെ വീട്ടിലെ പൂജാമുറിയിലിരിക്കുന്നതും ഞാൻ സ്വന്തമായി നിർമിച്ച ശിൽപങ്ങളാണ്.

ഭാര്യ ബേബിയും മക്കളായ ദീപു, ദീപ്തി, ദിലീപ് എന്നിവരും ഉൾപ്പെടുന്ന കുടുംബമാണ് കലാപ്രവർത്തനത്തിന് പിന്തുണ നൽകുന്നത്.’ – വെള്ളാർ നാഗപ്പൻ പറഞ്ഞു.

മോഹൻലാല്‍ വിശ്വരൂപം കൊണ്ടുപോയാലുടൻ ചെയ്യാൻ മറ്റൊരു വലിയ സ്വപ്നശിൽപം നാഗപ്പന്റെ മനസ്സിലുണ്ട്. അതു പുറത്തു പറയാറായിട്ടില്ല. വൈകാതെ നിർമാണം ആരംഭിക്കുമെന്ന് നാഗപ്പൻ പറയുന്നു.

English Summary: Sculptor Vellar Nagappan reveals the back story of Vishwaroopam sculpture