ആരവങ്ങളും ആർപ്പുവിളികളും അലങ്കരിച്ച കലാലയ മുറ്റത്ത് കൺനിറയെ നിറഞ്ഞാടി മുടിയേറ്റ്. കൂത്താട്ടുകുളം, മണിമലക്കുന്ന് ടി.എം.ജേക്കബ് മെമ്മോറിയൽ ഗവ.കോളേജ് മലയാളം വിഭാഗം സംഘടിപ്പിച്ച - മുടിയേറ്റ്: പാഠവും അവതരണവും - ദേശീയ സെമിനാറിന്റെ ഭാഗമായാണ് വ്യത്യസ്തമായ ഈ പരീക്ഷണം. അധ്യാപകരും വിദ്യാർത്ഥികളും അനധ്യാപകരും നാട്ടുകാരും കുംടുംബസമേതം എത്തിച്ചേർന്നപ്പോൾ പരിപാടി ഗംഭീര വിജയം. പ്രശസ്ത ചെറുകഥാകൃത്തും കോളേജ് പ്രിൻസിപ്പലും ആയ ഡോ. സിൽവിക്കുട്ടി ടീച്ചർ അടക്കമുള്ളവർ ആദ്യാവസാനം ആഘോഷരാവിൽ അലിഞ്ഞു ചേർന്നു.

മികവിന്റെ മുടിയേറ്റ്

യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിന്റെ അഭിമാന കലാരൂപമാണ് മുടിയേറ്റ്. രണ്ടായിരത്തിലധികം വർഷം പഴക്കമുണ്ട് ഈ ദ്രാവിഡ നാടകരൂപത്തിന്. ഇരുണ്ട കാലത്ത് സാമൂഹിക പ്രതിരോധത്തിന്റെ ഉത്തമമാർഗ്ഗമാണ് ഇത്തരം ആവിഷ്കാരങ്ങൾ. പകരം വയ്ക്കാനില്ലാത്ത പ്രതിഭ ശ്രീ. കീഴില്ലം ഉണ്ണികൃഷ്ണനും സംഘവുമാണ് മുടിയേറ്റ് അവതരിപ്പിച്ചത്.

അരങ്ങൊരുക്കി കുട്ടിക്കൂട്ടം

ആവേശപൂർവ്വം അരങ്ങൊരുക്കിയത് കോളേജിലെ കുട്ടിക്കൂട്ടം. രണ്ടാം വർഷ വിദ്യാർത്ഥിനി ആദിത്യയുടെ നേതൃത്വത്തിൽ കുരുത്തോലകൾ കൊണ്ടും ചെരാതുകൾ കൊണ്ടും ക്യാമ്പസ്‌ ഉത്സവപ്പറമ്പായി. കുരുത്തോല വെട്ടാനും തോരണം തൂക്കാനും കലാകാരന്മാർക്ക് വേഷമണിയാനും എന്നു തുടങ്ങി എല്ലാ കാര്യങ്ങളിലും വിദ്യാർത്ഥികൾ മുൻപന്തിയിൽ തന്നെ. മുടിയേറ്റിന് മുൻപായി കുടിക്കൂട്ടം ഒരുക്കിയ കപ്പയും മുളകും സായാഹ്നത്തിന്റെ സ്വാദ് വർധിപ്പിച്ചു. വൈകുന്നേരം അഞ്ച് മണിയോട് കൂടി ചെണ്ടപ്പുറത്ത് കോലുവീണു. ശേഷം കാഴ്ച്ചയിൽ; ആഘോഷത്തിന്റെ പൊടിപൂരം.

ആക്ഷേപമല്ല ഹാസ്യം

നർമ്മത്തിന്റെ നവ്യാനുഭവമായി കൂളി. അതിർവരമ്പുകൾ മായ്ക്കുന്ന ചിരിയിൽ എല്ലാവരും ഒറ്റക്കെട്ടായി. അസോസിയേഷൻ സെക്രട്ടറി അഖിലിനെ ഓടിച്ചിട്ടു പിടിച്ചു കയ്യിൽ മരുത്വാ മലയും കൊടുത്ത് ലങ്കയും കാണിച്ചാണ് കൂളി തിരിച്ചയച്ചത്. ക്യാമറമാനെക്കൊണ്ട് മുറ്റമടിപ്പിച്ചും മക്കൾക്ക് മുലപ്പാൽ കൊടുത്തും കൂളി താരമായി. വിദ്യാർത്ഥികൾ വഴി തെറ്റുന്നതിന് കാരണം അധ്യാപകർ ആണെന്ന് പറഞ്ഞു വയ്ക്കാനും മറന്നില്ല കൂളി. എല്ലാവർക്കും അനുഗ്രഹം നൽകിയ കൂളി കാളിയെ കണ്ട് ബോധംകെട്ടു വീണത് ചിരിയുടെ അമിട്ട് പൊട്ടിച്ചു.

മനം നിറച്ച് മ്ലാവേലിയും

ഒരു കാലത്ത് സജീവമായിരുന്ന ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന മ്ലാവേലി എന്നും ടാവേലി എന്നുമൊക്കെ അറിയപ്പെടുന്ന ചിത്രപ്പാട്ട് വായനയും ഉണ്ടായിരുന്നു സെമിനാറിന് പൊലിമയേകാൻ. ശ്രീ. പീടികക്കുട്ടി നാരായണൻ വെങ്ങോലയാണ് മ്ലാവേലി അവതരണം നടത്തിയത്. വായന കഴിഞ്ഞപ്പോൾ അദ്ദേഹത്തെ പൊന്നാടയണിയിച്ചാണ് മണിമലയുടെ കലാലയമനസ്സ് ആദരിച്ചത്.

കടമ്മനിട്ടയുടെ രണ്ട് വരി കൂടി: 

"നിങ്ങളോർക്കുക നിങ്ങളെങ്ങളെങ്ങനെ

നിങ്ങളായെന്ന്..."

നമ്മളൊന്നല്ലേ..

കൂളിയുടെ കൈപിടിച്ച് ക്രിസ്ത്രീയ ഭക്തിഗാനം ആലപിച്ച കുട്ടുക്കുറുമ്പത്തിക്ക് നിറ കൈയ്യടി!

നാം തോറ്റ ജനതയല്ല.