ആഭരണങ്ങളെ അലങ്കരിക്കുന്ന മിന്നുന്ന കല്ലുകളോടായിരുന്നു കുട്ടിക്കാലം മുതൽ ജ്യോതിക്ക് ഇഷ്ടം. മുത്തുമാലകളും ചെറുകല്ലുകൾ പതിച്ച ആഭരങ്ങളോടുമെല്ലാമുള്ള ഇഷ്ടം ജ്യോതിയോടൊപ്പം വളർന്നു. പ്ലസ് ടു കഴിഞ്ഞു പഠനവിഷയം തിരഞ്ഞെടുക്കുമ്പോൾ ഹിസ്റ്ററി മതിയെന്നു തീരുമാനിച്ചതു പഴയകാല രാജാക്കൻമാരുടെയും മറ്റും ആഭരണങ്ങളെക്കുറിച്ചു പഠിക്കാനായിരുന്നു.

ചങ്ങനാശേരി അസംപ്ഷൻ കോളജിലായിരുന്നു ഡിഗ്രി. ഹിസ്റ്ററി വിഭാഗത്തിന്റെ വലിയ ലൈബ്രറിയെ ജ്യോതി ഇതിനായി പ്രയോജനപ്പെടുത്തി. ഇതിനിടെയാണു തൃശൂരിൽ നടക്കുന്ന ഡയമണ്ട് ഗ്രേഡിങ് കോഴ്സിനെക്കുറിച്ചുള്ള പത്രപ്പരസ്യം കണ്ടത്. ആ കോഴ്സിലേക്ക് അപേക്ഷിച്ചെങ്കിലും പ്രവേശനം ലഭിക്കില്ലെന്നായിരുന്നു മറുപടി. കാരണം ഇത് ഹാൾമാർക്കിങ് സ്ഥാപനങ്ങളിലെ നിലവിലെ ജീവനക്കാർക്കുവേണ്ടി നടത്തുന്ന കോഴ്സാണ്. മാത്രമല്ല, ഇതിലേക്ക് ഇതുവരെ പെൺകുട്ടികളെ എടുത്തിട്ടുമില്ല. 

പക്ഷേ, ജ്യോതി ശ്രമം ഉപേക്ഷിച്ചില്ല. നിരന്തരമായി സ്ഥാപനവുമായി ബന്ധപ്പെട്ടു, വജ്രങ്ങളെക്കുറിച്ചു പഠിക്കാനുള്ള ജ്യോതിയുടെ അതീവ താൽപര്യം മനസിലാക്കി അവസാനം സ്ഥാപനം ജ്യോതിക്ക് അഡ്മിഷൻ നൽകി. സ്ഥാപനത്തിലെ പുറത്തുനിന്നുള്ള ആദ്യ വിദ്യാർഥിയും ആദ്യ വനിതാ വിദ്യാർഥിയും ജ്യോതിയാണ്. ഒരു വർഷത്തെയായിരുന്നു കോഴ്സ്.

 ജ്യോതിഷഭൂഷണം ജ്യോതി ചെറിയാൻ

ഡയമണ്ട് ഗ്രേഡിങ് കോഴ്സ് പഠിച്ചതിനു ശേഷവും രത്നങ്ങളെക്കുറിച്ചുള്ള പഠനം തുടരാൻ ജ്യോതി തീരുമാനിച്ചു. ബേസിക് കോഴ്സ് ഇൻ ഇന്ത്യൻ ആസ്ട്രോളജി എന്ന ഒരു വർഷത്തെ കോഴ്സ് ചെയ്തു. തുടർന്നു വേദിക് ആസ്ട്രോളജി കോഴ്സും പൂർത്തിയാക്കി ജ്യോതിഷഭൂഷണമായി. ഈ കോഴ്സുകളിലൊക്കെയും വനിതകളുടെ സാന്നിധ്യം വളരെക്കുറവായിരുന്നു.

 ജിഐഎയിലേക്ക്

രത്നങ്ങളെക്കുറിച്ചുള്ള പഠനത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ഇൻസ്റ്റിറ്റ്യൂട്ടാണ് ജിഐഎ. ഇന്ത്യയിൽ മുംബൈയിലാണ് ജിഐഎയുടെ ക്യാംപസുള്ളത്. ഫെയ്സ്ബുക് പേജിലൂടെയാണ് ജ്യോതി ജിഐഎയുമായി ബന്ധപ്പെടുന്നത്. സ്കോളർഷിപ്പിനായി ഓൺലൈനിലൂടെ എഴുത്തു പരീക്ഷകളുണ്ടായിരുന്നു. മേഖലയിലേക്ക് ആകർഷിക്കപ്പെടാനുള്ള കാരണം ഉൾപ്പെടെ 4 ലേഖനങ്ങൾ അയച്ചുകൊടുത്തു. 

ഇതിന്റെ അടിസ്ഥാനത്തിലാണ് സിലക്‌ഷൻ ലഭിച്ചത്. മുംബൈയിലെ ക്യാംപസിൽ ഒരു വർഷത്തെ കോഴ്സ് പഠിക്കാനുള്ള സ്കോളർഷിപ്പാണു ജ്യോതിക്കു ലഭിക്കുന്നത്. സെപ്റ്റംബറിൽ കോഴ്സ് ആരംഭിക്കും. 

കോഴ്സ് കഴിഞ്ഞാൽ രത്നങ്ങളുടെ ഹാൾമാർക്കിങ് യൂണിറ്റ് തുടങ്ങാനാകും. വിദേശത്തുൾപ്പെടെ ഒട്ടേറെ ജോലിസാധ്യതയുമുണ്ട്. കേരളത്തിൽനിന്ന് ഈ സ്കോളർഷിപ് ലഭിക്കുന്ന ആദ്യ വനിതയാണ് ജ്യോതി. തൃപ്പൂണിത്തുറ ചൂരക്കാട് താമസിക്കുന്ന ചെറിയാൻ ഏലിയാമ്മ ദമ്പതികളുടെ നാലു മക്കളിൽ മൂന്നാമത്തെയാളാണു ജ്യോതി. പാലായാണു സ്വദേശം. പഠനത്തിനു വേറിട്ട വഴി തിരഞ്ഞെടുത്തതിന്റെ പേരിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും ശകാരമേറെ കേൾക്കേണ്ടിവന്ന ജ്യോതിക്ക് സ്കോളർഷിപ് ഒരു മധുരപ്രതികാരം കൂടിയാണ്.