ഇന്ത്യയുടെ അത്യാധുനിക പോർവിമാനം സുഖോയ് 30 എംകെഐ ഉപയോഗിച്ച് ബ്രിട്ടിഷ് മിസൈൽ സിസറ്റം എഎസ്റാം (ASRAAM) പരീക്ഷിക്കാൻ നീക്കം. റഷ്യൻ നിർമിത സുഖോയിൽ ബ്രിട്ടിഷ് മിസൈൽ ഘടിപ്പിക്കാനാകുമോ എന്നാണ് വ്യോമസേന പരീക്ഷിക്കുന്നത്. 

പരീക്ഷണം നടത്താനുള്ള അവസാന ഘട്ടത്തിലാണ് വ്യോമസേന. പരീക്ഷണത്തിനുള്ള സജ്ജീകരണങ്ങളെല്ലാം പൂർത്തിയാക്കി. എയർ ടു എയർ മിസൈലാണ് എഎസ്റാം. മിസൈൽ പരീക്ഷിക്കുന്നതിന്റെ മുന്നോടിയായി സുഖോയ് വിമാനത്തിൽ മാറ്റങ്ങൾ വരുത്തി. പുതിയ ആയുധം ഉൾപ്പെടുത്താനായി സുഖോയിയുടെ സോഫ്റ്റ്‌വെയർ സംവിധാനത്തിലും മാറ്റം വരുത്തി.

ഇന്ത്യയുടെ തന്നെ മറ്റൊരു പോർവിമാനം ജാഗ്വറിലും ബ്രിട്ടിഷ് മിസൈല്‍ പരീക്ഷിക്കുന്നുണ്ട്. 2014 ജൂലൈയിലാണ് 250 ദശലക്ഷം പൗണ്ടിന് എഎസ്റാം മിസൈൽ സിസ്റ്റം ഇന്ത്യൻ വ്യോമസേന സ്വന്തമാക്കുന്നത്. പരിഷ്കരിച്ച ജാഗ്വർ പോർവിമാനങ്ങൾ ഈ വർഷം തന്നെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഇന്ത്യക്ക് പുറമെ ബ്രിട്ടനും ഓസ്ട്രേലിയയും മാത്രമാണ് എഎസ്റാം മിസൈൽ സിസ്റ്റം ഉപയോഗിക്കുന്നത്. 25 കിലോമീറ്റർ പരിധിയിൽ വരെ പ്രയോഗിക്കാൻ ശേഷിയുള്ളതാണ് ഈ മിസൈല്‍.