റഫാൽ പോർ വിമാന ഇടപാടിലെ വിവാദം കത്തുകയാണ്. ഭരിക്കുന്നവരും പ്രതിപക്ഷ പാർട്ടികളും റഫാൽ കരാറിൻമേൽ വലിയ ചർച്ചകളും വാഗ്വാദങ്ങളുമാണ് നടത്തുന്നത്. ഇതിനിടെ ഈ വർഷം സെപ്റ്റംബറിൽ തന്നെ ആദ്യ റഫാൽ പോർവിമാനം ഇന്ത്യയിൽ പറന്നിറങ്ങുമെന്നാണ് അറിയുന്നത്. ആദ്യ റഫാൽ ജെറ്റ് മറ്റു സാങ്കേതിക പ്രശ്നങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ എത്തുമെന്നാണ് വ്യേമസേന ഉദ്യേഗസ്ഥൻ പറഞ്ഞത്.

ചൈന, പാക്കിസ്ഥാന്‍ വെല്ലുവിളികളെ നേരിടാന്‍ സേനക്ക് റഫാൽ പോർവിമാനങ്ങൾ മുതൽകൂട്ടാകുമെന്ന് വ്യേമസേന ഉപമേധാവി എയര്‍ മാർഷൽ അനിൽ ഖോഷ്‌ല വ്യക്തമാക്കിയിരുന്നു. റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ സ്ക്വാഡ്രണു ഹരിയാനയിലെ അംബാല വ്യോമതാവളം ആസ്ഥാനമാകും. മിസൈലുകളും ആണവ പോർമുനകളും വഹിക്കാനാകുന്ന മധ്യദൂര ബഹുദൗത്യ പോർവിമാനമായ റഫാലിന്റെ ആദ്യബാച്ചിനെ പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന തന്ത്രപ്രധാന വ്യോമതാവളത്തിലാണു വിന്യസിക്കുക. 150 കിലോമീറ്ററിലേറെ സഞ്ചാര ശേഷിയുള്ള ആകാശ മിസൈലുകൾ വഹിക്കാനാകുന്ന റഫാൽ അംബാല താവളമാക്കുന്നതു നിർണായകമാണ്. റഫാലിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അംബാലയിൽ നേരത്തെ തുടങ്ങിയിരുന്നു.

36 യുദ്ധവിമാനങ്ങളിൽ 18 എണ്ണമാണ് അംബാലയിലെ ‘ഗോൾഡൻ ആരോസ്’ എന്നു പേരിടുന്ന ആദ്യ സ്ക്വാഡ്രണിലുണ്ടാകുക. ബാക്കി 18 എണ്ണത്തിന്റെ സ്ക്വാഡ്രൺ ബംഗാളിലെ ഹാസിമാറ വ്യോമതാവളത്തിലാണു പ്രവർത്തിക്കുക. ഇവിടെയും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 59,000 കോടി രൂപയുടെതാണ് കരാർ.

അംബാലയിൽ 14 ഷെൽട്ടറുകൾ, ഹാങ്ങറുകൾ, അറ്റകുറ്റപ്പണിക്കുള്ള സംവിധാനം എന്നിവ ഒരുക്കുന്നതിനായി 220 കോടി രൂപ 2017 ൽ തന്നെ സർക്കാർ അനുവദിച്ചിരുന്നു. അടുത്ത 40–50 വർഷത്തെ ആവശ്യങ്ങൾ മുന്നിൽ കണ്ടാണു സൗകര്യങ്ങളൊരുക്കുന്നത്. റഫാലിന്റെ നിർമാതാക്കളായ ഡസാൾട്ട് ഏവിയേഷനിൽ നിന്നുള്ള വിവിധ സംഘങ്ങൾ അംബാല സന്ദർശിച്ചു നിർദേശവും നൽകിയിരുന്നു. നിലവിൽ ജഗ്വാറിന്റെ രണ്ടു സ്ക്വാഡ്രൺ, മിഗ് –21 ബിസിന്റെ ഒരു സ്ക്വാഡ്രൺ എന്നിവ അംബാലയിലുണ്ട്. ഇതിനു പുറമേയാണു റഫാലിന്റെ ആദ്യ സ്ക്വാഡ്രണും അംബാലയുടെ കരുത്താകുക.