ആറാം തലമുറയില്‍പെട്ട പോർവിമാനങ്ങള്‍ 2035ന് മുൻപ് നിര്‍മിക്കാന്‍ ചൈന ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ നടത്തുന്നു. ചൈനീസ് മാധ്യമം ഗ്ലോബല്‍ടൈംസാണ് അമേരിക്കയുമായുള്ള ആയുധമത്സരത്തില്‍ മുന്നിലെത്താനുള്ള ചൈനീസ് തന്ത്രം പുറത്തുവിട്ടിരിക്കുന്നത്. ചെങ്ക്ഡു എയര്‍ക്രാഫ്റ്റ് റിസര്‍ച്ച് ആന്റ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചീഫ് ആര്‍ക്കിടെക്ടായ വാങ് ഹെയ്‌ഫെങുമായുള്ള അഭിമുഖത്തിലാണ് ഈ വിവരങ്ങളുള്ളത്. 

അഞ്ചാം തലമുറയിലെ ചൈനീസ് പോർവിമാനമായ ജെ 20യുടെ നിര്‍മാണത്തില്‍ പങ്കെടുത്തയാളാണ് വാങ് ഹെയ്‌ഫെങ്. ആറാം തലമുറയില്‍ പെട്ട പോര്‍വിമാനങ്ങളുടെ സവിശേഷതകള്‍ എന്തെല്ലാമാണെന്ന് ഇപ്പോഴും പുറത്തുവന്നിട്ടില്ല. എങ്കിലും അഞ്ചാം തലമുറയേക്കാള്‍ കൂടുതല്‍ പ്രഹരശേഷിയിലും രഹസ്യദൗത്യങ്ങളിലും നിര്‍മിത ബുദ്ധിയുടെ ഉപയോഗത്തിലുമെല്ലാം ഇവ മുന്നില്‍ നില്‍ക്കുമെന്ന് ഉറപ്പിക്കാം. 

അമേരിക്കയുമായുള്ള ആയുധ കിടമത്സരത്തില്‍ പിന്നോട്ടുപോകാന്‍ ചൈന ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍. ഒരു തലമുറയില്‍പെട്ട പോര്‍വിമാനങ്ങള്‍ സജ്ജമായാല്‍ തൊട്ടടുത്ത തലമുറ നിര്‍മാണത്തിലിരിക്കുകയും അതിനു ശേഷമുള്ള തലമുറയെക്കുറിച്ച് പഠനങ്ങള്‍ നടത്തുകയും ചെയ്യുന്ന രീതിയാണ് ചൈനീസ് സേന പിന്തുടരുന്നത്. ജെ 20 എന്ന അഞ്ചാം തലമുറയില്‍ പെട്ട പോര്‍വിമാനങ്ങള്‍ ചൈനീസ് സേനയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ ആധുനികമായ പോര്‍വിമാനങ്ങള്‍ക്കായുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നത്.

നേടിയതിനെക്കുറിച്ച് അഭിരമിച്ചിരിക്കുകയല്ല, മറിച്ച് നേടാനുള്ളവയെക്കുറിച്ചുള്ള നിരന്തര ശ്രമങ്ങളിലേര്‍പ്പെടുകയാണ് ഞങ്ങള്‍ ചെയ്യുന്നതെന്നായിരുന്നു ചൈനീസ് ഏവിയേഷന്‍ ഇന്റസ്ട്രി കോര്‍പറേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ യാങ് വെയ് പറഞ്ഞത്. 2017 മാര്‍ച്ചിലാണ് ജെ 20 വിമാനങ്ങള്‍ പറന്നു തുടങ്ങിയത്. 2018 ഫെബ്രുവരിയോടെ ജെ 20 പോര്‍വിമാനങ്ങളുടെ പ്രത്യേക വിഭാഗം ചൈനീസ് വ്യോമ സേനയില്‍ വരികയും ചെയ്തു. 

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ തങ്ങള്‍ക്ക് വ്യോമമേധാവിത്വം നല്‍കുന്നവയാണ് ജെ 20 പോര്‍വിമാനങ്ങളെന്നാണ് ചൈനീസ് അവകാശവാദം. എന്നാല്‍ അമേരിക്കയുടെ നാലാം തലമുറയില്‍ പെട്ട എഫ്–15സി ഈഗിള്‍ പോലുള്ള പോര്‍വിമാനങ്ങള്‍ക്ക് മുന്നില്‍ ജെ 20ക്ക് പിടിച്ചു നില്‍ക്കാനാകില്ലെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. 

അമേരിക്കയുടെ അഞ്ചാം തലമുറയിലെ എഫ് 22 റാപ്‌ടോര്‍ പോലുള്ള പോര്‍വിമാനങ്ങളെടുത്താല്‍ ചൈനക്ക് മറുപടിയില്ല. ഇതാണ് ജെ 20 പോര്‍വിമാനങ്ങള്‍ക്ക് തുടര്‍ച്ച കാണാന്‍ അവര്‍ അതിവേഗത്തില്‍ ശ്രമിക്കുന്നത്. അമേരിക്കക്ക് പുറമേ യുകെ, റഷ്യ, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളും ആറാം തലമുറ പോര്‍വിമാനങ്ങളുടെ ഗവേഷണത്തിലാണ്. 2030ഓടെ ഈ ഗവേഷണം വിജയം കാണുമെന്നാണ് പ്രതീക്ഷ. അപ്പോള്‍ ഈ രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഓടിയെത്താനാണ് ചൈനീസ് ശ്രമം.