‘നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തിനെ വേണമെങ്കിൽ മാറ്റാം, പക്ഷേ അയൽക്കാരനെ മാറ്റാൻ കഴിയില്ല'-ഇന്ത്യ അഭിമുഖീകരിക്കുന്ന വിദേശ നയത്തിലെ വെല്ലുവിളികളെ സൂചിപ്പിക്കാൻ ഒരുപക്ഷേ ഏറ്റവും ഉത്തമമായ വാക്കുകൾ ഇവയായിരിക്കും. ചൈനയെ പോലൊരു രാജ്യം അയൽക്കാരനായി വന്നത് ഇന്ത്യയുടെ ബഹിരാകാശ നയ വ്യതിയാനത്തിന് കാരണമായി

‘നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തിനെ വേണമെങ്കിൽ മാറ്റാം, പക്ഷേ അയൽക്കാരനെ മാറ്റാൻ കഴിയില്ല'-ഇന്ത്യ അഭിമുഖീകരിക്കുന്ന വിദേശ നയത്തിലെ വെല്ലുവിളികളെ സൂചിപ്പിക്കാൻ ഒരുപക്ഷേ ഏറ്റവും ഉത്തമമായ വാക്കുകൾ ഇവയായിരിക്കും. ചൈനയെ പോലൊരു രാജ്യം അയൽക്കാരനായി വന്നത് ഇന്ത്യയുടെ ബഹിരാകാശ നയ വ്യതിയാനത്തിന് കാരണമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തിനെ വേണമെങ്കിൽ മാറ്റാം, പക്ഷേ അയൽക്കാരനെ മാറ്റാൻ കഴിയില്ല'-ഇന്ത്യ അഭിമുഖീകരിക്കുന്ന വിദേശ നയത്തിലെ വെല്ലുവിളികളെ സൂചിപ്പിക്കാൻ ഒരുപക്ഷേ ഏറ്റവും ഉത്തമമായ വാക്കുകൾ ഇവയായിരിക്കും. ചൈനയെ പോലൊരു രാജ്യം അയൽക്കാരനായി വന്നത് ഇന്ത്യയുടെ ബഹിരാകാശ നയ വ്യതിയാനത്തിന് കാരണമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തിനെ വേണമെങ്കിൽ മാറ്റാം, പക്ഷേ അയൽക്കാരനെ മാറ്റാൻ കഴിയില്ല'-ഇന്ത്യ അഭിമുഖീകരിക്കുന്ന വിദേശ നയത്തിലെ വെല്ലുവിളികളെ സൂചിപ്പിക്കാൻ ഒരുപക്ഷേ ഏറ്റവും ഉത്തമമായ വാക്കുകൾ ഇവയായിരിക്കും. ചൈനയെ പോലൊരു രാജ്യം അയൽക്കാരനായി വന്നത് ഇന്ത്യയുടെ ബഹിരാകാശ നയ വ്യതിയാനത്തിന് കാരണമായി മാറിയിരിക്കാം.

 

ADVERTISEMENT

സ്വാതന്ത്ര്യത്തിന് മുൻപുതന്നെ ജവഹർലാൽ നെഹ്‌റു മുന്നോട്ട് വച്ച കാഴ്ചപ്പാട് രാജ്യത്ത് അതിനൂതനമായ സാങ്കേതികവിദ്യ എത്തിക്കണമെന്നതായിരുന്നു. അന്ധവിശ്വാസമല്ല ശാസ്ത്രാവബോധമാണ് ജനങ്ങളിൽ വളർത്തേണ്ടതെന്ന തന്റെ നിലപാട് നെഹ്‌റു പ്രാവർത്തികമാക്കാനും ശ്രമിച്ചിരുന്നു. 1962ൽ ലോകരാഷ്ട്രങ്ങളുടെ പ്രതിഷേധങ്ങളെ മറന്നുകൊണ്ട് തുമ്പയിൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാൻ അദ്ദേഹത്തെ പ്രചോദിപ്പിച്ചതും ഈ നിലപാട് തന്നെയാണ്. അന്ന് അതിന് ഭൂമി നൽകിയതാകട്ടെ തുമ്പയിലെ സെന്റ് മേരീസ് മഗ്ദലീന പള്ളിയും. അന്നത്തെ ഡയറക്ടറുടെ ഓഫിസായി പ്രവർത്തിച്ചത് ബിഷപ്പ് ഹൗസായിരുന്നു. മതം ശാസ്ത്രത്തിനായി വഴിമാറിയപ്പോൾ വഴി തുറന്നത് ഇന്ത്യയുടെ ബഹിരാകാശ കുത്തിപ്പിനാണ്.

 

ഭാരതത്തിന്റെ ബഹിരാകാശ നയത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായ് 'ആയുധ പന്തയത്തിനായി ഉപയോഗിക്കാനല്ല, ശാസ്ത്ര പുരോഗതി ജനനന്മയ്ക്കായി ഉപയോഗിക്കുകയാണ് ഇന്ത്യയുടെ ബഹിരാകാശ നയ'മെന്ന് പ്രസ്താവിച്ചു. ബഹിരാകാശ വിദഗ്ധനായ ജെയിംസ് ക്ലെയ് മോൾട്സ് നിരീക്ഷിച്ചത്, ‘ലോകത്തിലെ മറ്റെല്ലാ ബഹിരാകാശ ശക്തികളും ആദ്യം സൈനിക ആവശ്യങ്ങളിൽ തുടങ്ങി സിവിലിയൻ ആവശ്യങ്ങളിലേക്ക് ചുവടു വച്ചപ്പോൾ ഇന്ത്യയുടെ ആരംഭം തന്നെ മനുഷ്യ നന്മയ്ക്കായി ബഹിരാകാശ സാങ്കേതിക വിദ്യയെ  ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു’ എന്നാണ്. ഇതിലേക്കായി ഇന്ത്യയുടെ ഡിപ്പാർട്മെന്റ് ഓഫ് സയൻസ് വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയുമുണ്ടായി. ഇവയിൽ ഇന്ത്യൻ നാഷനൽ സാറ്റലൈറ്റ് ( ഇൻസാറ്റ്), റിമോട്ട് സെൻസിങ് പ്രോഗ്രാം, കാലാവസ്ഥാ ശാസ്ത്രം, വിദ്യാഭ്യാസം എന്നീ മേഖലകൾക്കാണ് പ്രാധാന്യം നൽകിയിരുന്നത്.

 

ADVERTISEMENT

1960കൾക്ക് ശേഷമുള്ള ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെ മൂന്ന് ഘട്ടമായി തിരിക്കാം: 

1) മാനവ സുരക്ഷയ്ക്ക് ഊന്നൽ നൽകിയ ആദ്യ ഘട്ടം. 

2) സാമ്പത്തിക സുരക്ഷയ്ക്ക് ഊന്നൽ നൽകിയ രണ്ടാം ഘട്ടം 

3) സൈനിക സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയ മൂന്നാം ഘട്ടം.

ADVERTISEMENT

 

മിഷൻ ശക്തി

1960കളിൽ ആരംഭിച്ച മാനവസുരക്ഷാ നയം ഏകദേശം മൂന്ന് പതിറ്റാണ്ടുകൾ നീണ്ടുനിന്നു. ശീതയുദ്ധം കരിനിഴൽ പടർത്തിയ ഈ കാലഘട്ടം പക്ഷേ ഇന്ത്യൻ ബഹിരാകാശ നയത്തിന് ഗുണകരമായി മാറുന്ന കാഴ്ചയാണ് നാം കണ്ടത്. ഇന്ത്യയുടെ ചേരി-ചേരാ നയം ഇരു ശക്തികളുടെയും പിന്തുണ ബഹിരാകാശ സാങ്കേതിക വിദ്യാ വികസനത്തിന് രാജ്യത്തെ സഹായിച്ചു. ഈ കാലയളവിൽ ഇന്ത്യ നിരവധി ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിച്ചു. ദൂർദർശൻ, ഓൾ ഇന്ത്യ റേഡിയോ മുതലായവയുടെ വികസനത്തിന് ഇസ്രോ കാരണമായി. എസ്എൽവി, എഎസ്എൽവി സീരീസുകൾ ഇതേ കാലത്ത് വിജയകരമായി പരീക്ഷിച്ചു.

 

1990 കളിൽ ശീതയുദ്ധം അവസാനിക്കുകയും അമേരിക്ക ഏക ലോക ശക്തിയായി മാറുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ പതനം ഇന്ത്യയ്ക്ക് ഏറെ ദോഷകരമായി ഭവിച്ചു. പതനത്തിനു ശേഷം റഷ്യയ്ക്ക് മുൻപിൽ വിദേശ നാണ്യം കണ്ടെത്താനുള്ള ചുരുക്കം ചില വഴികളിലൊന്ന് സാങ്കേതികവിദ്യയുടെ ക്രയവിക്രയമായിരുന്നു. ഈ സാധ്യത മുതലെടുത്ത് ഇന്ത്യ റഷ്യയുടെ പക്കൽ നിന്നും ക്രയോജനിക് സാങ്കേതിക വിദ്യ വാങ്ങാൻ ശ്രമിച്ചെങ്കിലും ലോക പൊലീസുകാരനായ അമേരിക്കയുടെ കണ്ണുരുട്ടലിൽ ഇന്ത്യയ്ക്കും റഷ്യയ്ക്കും കരാറിൽനിന്നു പിൻവാങ്ങേണ്ടി വന്നു. 1994ൽ ഇന്ത്യയുടെ ഇസ്രോയും റഷ്യയുടെ ഗ്ലാവ്കോസ്മോസും തമ്മിൽ ഒപ്പിട്ട കരാർ അമേരിക്കൻ ഭീഷണിയെ തുടർന്ന് റദ്ദാക്കി. ഈ രണ്ട് സ്ഥാപനങ്ങളെയും കരിമ്പട്ടികയിൽപ്പെടുത്തിയ അമേരിക്ക ഇന്ത്യയ്ക്ക് നഷ്ടപ്പെടുത്തിയത് ഏതാണ്ട് 2 ദശാബ്ദക്കാലത്തെ പുരോഗതിയായിരുന്നു. ചൈന അവരുടെ ബഹിരാകാശ ജൈത്രയാത്രയുടെ കുതിപ്പിനുള്ള അടിത്തറ പാകിയതും ഈ കാലഘട്ടത്തിലാണ് എന്നത് ചേർത്തു വായിക്കുമ്പോഴാണ് ഇന്ത്യയുടെ നഷ്ടം എത്രമാത്രം ഭീകരമായിരുന്നു എന്ന് നമുക്ക് ബോധ്യമാവുക.

 

∙ പതറാതെ ഇന്ത്യ

 

പ്രതിസന്ധികൾക്ക്‌ മുന്നിൽ പരാജയപ്പെട്ടു പിന്മാറാൻ ഇന്ത്യ എന്ന രാജ്യം തയാറല്ലായിരുന്നു. ബഹിരാകാശ ഗവേഷണത്തിലും വികസനത്തിലും സാമ്പത്തിക സുരക്ഷയും സ്വാശ്രയത്വവും കൈവരിക്കേണ്ടതിന്റെ ആവശ്യകത ഭാരതം മനസ്സിലാക്കിയത് ഈ സന്ദർഭത്തിലാണ്. ഇതിന് ഏറ്റവുമധികം കരുത്തുപകർന്നത് വിക്ഷേപണ വാഹനങ്ങൾക്കിടയിലെ ഇന്ത്യയുടെ പടക്കുതിരയെന്ന് അറിയപ്പെടുന്ന പിഎസ്എൽവിയുടെ 1994 ലെ പരീക്ഷണ വിജയമാണ്. നാളിതുവരെ 53 തവണ വിക്ഷേപിച്ചതിൽ കേവലം രണ്ട് തവണ മാത്രമാണ് പിഎസ്എൽവി പരാജയം രുചിച്ചത്. ഇതിൽ 2017ൽ 104 ഉപഗ്രഹങ്ങൾ ഒന്നിച്ചു വിക്ഷേപിച്ച ലോക റെക്കോർഡും അടങ്ങുന്നു. ഈ റെക്കോർഡിനെ മറികടക്കാൻ അമേരിക്കയുടെ സ്പേസ്എക്സിന് കഴിഞ്ഞത് കേവലം 2021ൽ മാത്രമാണ്. വിവിധ സ്കാൻഡിനേവിയൻ, യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഉൾപ്പടെ അമ്പത്തിയൊന്നോളം രാജ്യങ്ങൾ പിഎസ്എൽവിയുടെ രാജ്യാന്തര ഉപഭോക്താക്കളാണ്. ഒരുപക്ഷേ ലോക ശക്തികൾക്കിടയിൽ ചൈന മാത്രമായിരിക്കും പിഎസ്എൽവിയോട് അകലം പാലിക്കുന്നത്. ബഹിരാകാശ സഹകരണത്തിന് ഇന്ത്യയ്ക്കു ചൈനയോട് തിരിച്ചും ഇതേ മനോഭാവമാണ്. പരസ്പര സംശയത്തോടു കൂടിയുള്ള ഇന്ത്യയുടെയും ചൈനയുടെയും ഈ മനോഭാവം തന്നെയാണ് ഏഷ്യയിലെ ബഹിരാകാശ ആയുധ പന്തയത്തിന് തുടക്കമിട്ടത്.

 

60,000 കോടിയോളം വിലമതിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ ആസ്തിയുടെ സുരക്ഷയ്ക്ക് ഭീക്ഷണിയായതിനാൽ തന്നെ 2007ലെ ചൈനയുടെ എ സാറ്റ് വിക്ഷേപണം ഇന്ത്യയെ ഏറെ പ്രതിരോധത്തിലാക്കി. ഇന്ത്യയുടെ സ്പേസ് നയത്തിന്റെ മൂന്നാം ഘട്ടം ഇവിടെ ആരംഭിക്കുന്നു എന്ന് പറയാം.

 

ഇന്ത്യൻ വിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും ഇടയിൽ ഇന്ത്യ എ സാറ്റ് വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള മുറവിളി ഉയർന്നു. ഇതേ തുടർന്ന് 2010ൽ ബഹിരാകാശ സുരക്ഷാ ഏകോപന ഗ്രൂപ്പ് സ്ഥാപിച്ചു. ഈ ഗ്രൂപ്പിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവും, ഡിആർഡിഒയുടെയും, ഇന്ത്യൻ വ്യോമ സേനയുടെയും, ദേശീയ സാങ്കേതിക ഗവേഷണ സംഘടനയുടെയും പ്രതിനിധികളും അംഗങ്ങളാണ്. 2012ൽ 5500 കിലോമീറ്റർ പിന്നിട്ട അഗ്നി-5ന്റെ പരീക്ഷണ വിജയം ഇന്ത്യയുടെ സൈനിക സുരക്ഷാ നയത്തിലേക്കുള്ള വഴിമാറ്റത്തിന് ഹേതുവായി.

 

ഒരുപക്ഷേ ചൈനയുമായുള്ള ഇന്ത്യയുടെ സ്പേസ് മത്സരത്തിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാൻ ഏറ്റവും വലിയ സംഭാവന നൽകിയത് സ്വദേശീയമായി നിർമിച്ച 2013 ലെ മാർസ് ഓർബിറ്റ് മിഷൻ ആണ്. ഇന്ത്യയ്ക്ക് മുൻപ് അമേരിക്കയും റഷ്യയും യൂറോപ്യൻ യൂണിയനും മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ചൈനയും ജപ്പാനും അടക്കമുള്ള രാഷ്ട്രങ്ങളുടെ മുൻ ചൊവ്വാ ദൗത്യങ്ങൾ പരാജയമായിരുന്നു. ആയതിനാൽതന്നെ ചൈനയെ പ്രകോപിപ്പിക്കാൻ പോന്നതായിരുന്നു ഈ വിജയം. ചൈനയുടെ ഗ്ലോബൽ ടൈംസ് ഇതിനെ വിമർശിച്ചത് 35 കോടിയിലധികം ജനങ്ങൾ ഒന്നേകാൽ ഡോളറിൽ താഴെ വരുമാനത്തിൽ ജീവിക്കുന്ന, മൂന്നിലൊന്ന് ജനതയ്ക്ക് വൈദ്യുതി പോലും ലഭ്യമല്ലാത്ത ഇന്ത്യ പോലൊരു ദരിദ്ര രാജ്യത്തിനു ചൊവ്വാ ദൗത്യം ഒരു ആർഭാടമാണ് എന്ന് പരിഹസിച്ചുകൊണ്ടാണ്. കേവലം ജനങ്ങളുടെ കയ്യടി നേടാൻ വേണ്ടി മാത്രമുള്ള ഇത്തരം ചെപ്പടി വിദ്യ ചൈന കണ്ടില്ലെന്ന് നടിക്കരുതെന്നും ചൈനയോടൊപ്പം എത്താൻ അത്യാഗ്രഹം പൂണ്ട് നിൽക്കുന്ന ഇന്ത്യയ്ക്ക് തക്കതായ തിരിച്ചടി നൽകണമെന്നും ഗ്ലോബൽ ടൈംസ് കൂട്ടിച്ചേർത്തു. 2024ഓടു കൂടി മംഗൾയാൻ രണ്ടാം വിക്ഷേപണത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. ചൈനയ്ക്ക് അവരുടെ ആദ്യ ചൊവ്വാ ദൗത്യം വിജയകരമാക്കാൻ 2020 വരെ കാത്തിരിക്കേണ്ടി വന്നു എന്ന വസ്തുതയും നാം മറക്കരുത്.

 

2019 തിരഞ്ഞെടുപ്പിന് മുൻപ് എ സാറ്റ് വിജയകരമായി പരീക്ഷിച്ച വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അറിയിച്ചു. ഇന്ത്യ സ്വയം വികസിപ്പിച്ച പൃഥ്വി ഡെലിവറി വെഹിക്കിൾ മാർക്ക് -11 വിജയകരമായിരുന്നു. ഇന്ത്യയുടെ തന്നെ മൈക്രോസാറ്റ് സാറ്റലൈറ്റിനെ ഏകദേശം 280 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പൃഥ്വി തകർത്തത്. മിഷൻ ശക്തി എന്ന് നാമകരണം ചെയ്യപ്പെട്ട ഈ ടെസ്റ്റ് 865 കിലോമീറ്റർ സഞ്ചരിച്ച ചൈനയുടെ എ സാറ്റിനോട്‌ താരതമ്യം ചെയ്യാൻ കഴിയില്ലെങ്കിലും ഇന്ത്യൻ പ്രതിരോധ ഗവേഷണ രംഗത്തു പുത്തൻ ഉണർവ് നൽകാൻ ഇതിന് സാധിച്ചു. അമേരിക്കൻ വിദഗ്ധനായ ആഷ്‌ലി ടെലിസ് അഭിപ്രായപ്പെട്ടത് ചൈനയ്ക്കെതിരായ പ്രതിരോധമായി മാത്രം വേണം ഇതിനെ വിലയിരുത്താൻ എന്നാണ്. ഇതുവഴി ഇന്ത്യ ലോകത്തെ എ സാറ്റ് ടെസ്റ്റ് നടത്തുന്ന നാലാമത്തെ ശക്തിയായി മാറി. മാത്രമല്ല വരാനിരിക്കുന്ന ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സാങ്കേതികവിദ്യയുടെ മാർഗരേഖയായി ഈ ടെസ്റ്റ് മാറി.

 

∙ ഇന്ത്യയുടെ നാവിക് അമേരിക്കയോടുള്ള പകരംവീട്ടൽ

 

1999ലെ പാക്കിസ്ഥാൻ നുഴഞ്ഞു കയറ്റവുമായി ബന്ധപ്പെട്ട് നടന്ന കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം പ്രദേശത്തെ ജിപിഎസ് ഡേറ്റ അമേരിക്കയോട് ചോദിക്കുകയുണ്ടായി. പാക്കിസ്ഥാൻ പട്ടാളത്തിന്റെ സ്ഥാനം മനസ്സിലാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. പക്ഷേ അമേരിക്ക ഡേറ്റ നൽകാൻ തയാറായില്ല. 2007 ൽ ജിപിഎസിന് ബദലായി സ്വന്തം ജിപിഎസ് ആരംഭിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. 2013 ൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിശ്ചയദാർഢ്യത്തിൽ 7 ഉപഗ്രഹങ്ങൾ അടങ്ങുന്ന സമുച്ചയം ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യയുടെയും 1500 കിലോമീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശത്തിന്റെയും ഡേറ്റ ഇതുവഴി ലഭ്യമാകും. ഈ ബൃഹത്തായ പദ്ധതിക്ക് ഇന്ത്യ നാമകരണം ചെയ്തിരിക്കുന്നത് നാവിക് ( Navigation with Indian Constellation) എന്നാണ്.

 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ലോകാധിപത്യം ഉറപ്പിക്കാൻ വൻശക്തികൾ ശ്രമിക്കുമ്പോൾ വരും ദിനങ്ങളിൽ ഏറ്റവും കൂടുതൽ ഊന്നൽ നൽകുന്നതിലൊന്ന് സ്വന്തമായ നാവിഗേഷൻ സംവിധാനം ആണ്. ചൈന ഈ മേഖലയിൽ വൻ മുന്നേറ്റം നടത്തുന്നതും ഒപ്പം ഇന്ത്യ സ്വന്തമായ രീതിയിൽ സമുച്ചയം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതും നാം ഇതിനോട് കൂട്ടി വായിക്കേണ്ടതുണ്ട്.

 

∙ ലോകത്തെ ബഹിരാകാശ താരതമ്യം

 

തനതായ നാവിഗേഷൻ സംവിധാനം സൃഷ്ടിക്കുന്നതിൽ ചൈന ഇന്ന് അമേരിക്കയേക്കാളും മുന്നിലാണ്. ബഹിരാകാശ ഉപഗ്രഹങ്ങളുടെ താരതമ്യം നടത്തുമ്പോൾ നാവിഗേഷനായി 31 സാറ്റലൈറ്റുകൾ സ്വന്തമായുള്ള അമേരിക്കയെ മറികടന്നുകൊണ്ട് 48 സാറ്റലൈറ്റുകൾ സ്വന്തമായുള്ള ചൈന ലോകത്തിലെ ഏറ്റവും വലിയ സ്പേസ് ശക്തിയായി ഉയർന്നു കഴിഞ്ഞു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. കേവലം 8 സാറ്റലൈറ്റുകൾ സ്വന്തമായിട്ടുള്ള ഇന്ത്യയെ നമുക്ക് ഒരു പ്രാദേശിക ശക്തിയായി മാത്രമേ പരിഗണിക്കാൻ കഴിയൂ. ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിലുള്ള ഇന്ത്യയുടെ പ്രസക്തി നിലനിർത്താൻ നാവിഗേഷൻ സംവിധാനം മെച്ചപ്പെടുത്തേണ്ടത് അനിവാര്യതയാണ്.

 

2021 ജൂലൈ 30ന് ഇന്ത്യ നാവിഗേഷൻ നയം മുന്നോട്ടു വയ്ക്കുകയുണ്ടായി. സാറ്റ്‌നാവ് (ഇന്ത്യൻ സാറ്റലൈറ്റ് നാവിഗേഷൻ പോളിസി 2021) എന്നറിയപ്പെടുന്ന ഈ നയം ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസ് അവരുടെ ബഹിരാകാശ പരിഷ്കരണത്തിന്റെ  ചുവടുപിടിച്ചുകൊണ്ട് നിർമിക്കപ്പെട്ട ഒന്നാണ്. പ്രസ്തുത നയം രാജ്യത്തിന്റെ നാവിഗേഷൻ സാങ്കേതികവിദ്യയെ തന്ത്രപരവും, വാണിജ്യപരവും, സാമൂഹ്യപരവുമായ സ്വയംപര്യാപ്തത കൈവരിക്കാനും ഇന്ത്യൻ സാറ്റലൈറ്റ് സംവിധാനത്തെ ആഗോളതലത്തിൽ വ്യാപിപ്പിക്കാനും ശ്രമിക്കുന്നു. ഇതിലേക്കായി രാജ്യാന്തര യുഎൻ സംഘടനകളായ ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻസ് യൂണിയൻ, യുഎൻ കമ്മിറ്റി ഓഫിസ് സ്പേസ്, ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ, ഇന്റർനാഷണൽ മെറിടൈം ഓർഗനൈസേഷൻ തുടങ്ങിയ സംഘടനകളുമായി ഉഭയകക്ഷി ചർച്ചകളിൽ ഏർപ്പെടുവാനും സാറ്റ്‌നാവ് ആഹ്വാനം ചെയ്യുന്നു.

 

∙ സുരക്ഷാ കുടുക്ക്: ഇന്ത്യയുടെ മാറുന്ന നയതന്ത്രം

 

നാവികിനെ ഇന്ത്യ ശക്തിപ്പെടുത്തുന്നതിന് കാരണം ഒരു ഏഷ്യൻ ശക്തിയായി ഉയരുവാനുള്ള ഇന്ത്യയുടെ വ്യഗ്രതയാണ്. ചൈനയെ പോലെ തന്നെ ഇന്ത്യയും തങ്ങളുടെ സ്പേസ് നയത്തിന്റെ ഒരു വ്യാപനം കാംക്ഷിക്കുന്നു. ഇതുകൊണ്ടാണ് ഇന്ത്യ നാവികിനെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നത്. ഇന്ത്യയുടെ നിലവിലെ സ്പേസ് നയങ്ങൾ സൂചിപ്പിക്കുന്നത് നേവിയുമായി ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രതിരോധ പദ്ധതിയാണ്. ഇതുകൊണ്ടാണ് നാവികിന്റെ വ്യാപ്തി 1,500 കിലോമീറ്റർ ചുറ്റളവിലേക്ക് ഇന്ത്യ വികസിപ്പിച്ചത്. ഇതോടൊപ്പം ഇന്ത്യൻ സമുദ്രത്തിലെ ചൈനയുടെ വെല്ലുവിളിയെ അതിജീവിക്കുക എന്ന ലക്ഷ്യവും ഇന്ത്യയ്ക്കുണ്ട്. മൗറീഷ്യസിലെ ദ്വീപായ ആഗലികയിലും ആൻഡമാൻ-നിക്കോബാർ ദ്വീപിലും കൂടുതൽ സൈനിക വിന്യാസം ഇന്ത്യ നടത്തുന്നത് ചൈന ഉയർത്തുന്ന ഇത്തരം വെല്ലുവിളികളെ പ്രതിരോധിക്കാൻ വേണ്ടിയാണെന്ന് വേണം മനസ്സിലാക്കാൻ.

 

ചൈന ഇന്ത്യയ്ക്ക് ചുറ്റും സൈനിക അടിത്തറയും മറ്റ് സൗത്ത് ഏഷ്യൻ രാജ്യങ്ങളുടെ പ്രദേശത്ത് അവരുടെ സാന്നിധ്യം  വിന്യസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 2004 ൽ യുഎസ് ഇന്ത്യയ്ക്ക്‌ മുന്നറിയിപ്പ് നൽകിയിരുന്നു. ‘ സ്ട്രിങ് ഓഫ് പേള്‍സ്’ എന്നറിയപ്പെടുന്ന ഈ നയം ചൈന നടത്തുന്നത് പാക്കിസ്ഥാന്റെ ഗദ്ദാർ തുറമുഖം, ശ്രീലങ്കയുടെ ഹംബന്തോട്ട തുറമുഖം ബംഗ്ലാദേശിലെ ചിറ്റഗോംഗ് തുറമുഖം എന്നിവയെ കോർത്തിണക്കിയാണ്. ഇതിനുള്ള മറുപടിയെന്നോണം ഇറാനിലെ ചബ്ബഹാർ തുറമുഖത്തും മൗറീഷ്യസിലെ ആംഗലിക തുറമുഖത്തും ഇന്ത്യ തങ്ങളുടെ സ്വാധീനം അറിയിച്ചു. ഇവയ്ക്കുപുറമേ ലോകത്തിലെ ഏറ്റവും വിജനമായ ശ്രീലങ്കയുടെ മാട്ടെലാ രാജപക്ഷാ ഇന്റർനാഷണൽ എയർപോർട്ട് ഇന്ത്യ വാങ്ങി. ഇന്ത്യയും ചൈനയും തമ്മിൽ നടക്കുന്ന ഈ മത്സരത്തെ തങ്ങളുടെ നേട്ടമായി മാറ്റിയെടുക്കാനുള്ള മറ്റ് സൗത്ത് ഏഷ്യൻ രാജ്യങ്ങളുടെ കൗശലത്തെയും മേൽപറഞ്ഞവർ സൂചിപ്പിക്കുന്നു. ഇൻഡോ- പാക് തർക്കത്തെതുടർന്ന് സാർക് ( SAARC) ഇന്ന് ശരശയ്യയിലാണ്. സൗത്ത് ഏഷ്യയിലെ പ്രധാന വിഷയം ദാരിദ്ര്യനിർമാർജനം ആണെന്ന് മനസ്സിലാക്കിയ ചൈന അത് ഉപയോഗിച്ച് ഇന്ത്യയെ പ്രതിരോധത്തിലാക്കാനുള്ള നയം രൂപീകരിക്കുകയുണ്ടായി. ചൈനീസ് വിദേശകാര്യ മന്ത്രി ആയ വാങ് യി ശ്രീലങ്ക, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യവകുപ്പ് മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ നിന്നും ഇന്ത്യയെയും ഇന്ത്യയ്ക്ക് അനുകൂലമായി നിൽക്കുന്ന ഭൂട്ടാനെയും മാൽദീവ്സിനെയും ഒഴിവാക്കി. ഈ ചർച്ചയിലെ പ്രധാന വിഷയമായിരുന്നത് കോവിഡ് വാക്സീനേഷനും ദാരിദ്ര്യ നിർമാർജനവുമാണ്. സൗത്ത് ഏഷ്യയിലെ മറ്റു രാജ്യങ്ങളുമായി ചൈന വളർത്തുന്ന ഈ ബന്ധം കൊണ്ട് ചൈന ലോകത്തിനു നൽകാൻ ശ്രമിക്കുന്ന സന്ദേശം സൗത്ത് ഏഷ്യയിലും ഇന്ത്യയേക്കാൾ  അംഗീകാരം തങ്ങൾക്ക് ലഭിക്കുന്നു എന്നുള്ളതാണ്. സാർക്കിന്റെയും നാമിന്റെയും നേതൃത്വസ്ഥാനത്ത് ഇന്ത്യക്ക് സംഭവിക്കുന്ന അപചയം ഇന്ത്യൻ മറയ്ക്കാൻ ശ്രമിക്കുന്നത് അമേരിക്കയുമായുള്ള ബന്ധം വളർത്തുന്നതു വഴിയാണ്.

 

∙ അമേരിക്കയോട് അടുക്കുന്ന ഇന്ത്യ

 

ബഹിരാകാശ പ്രവർത്തനത്തിൽ ഇന്ത്യ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്നു എന്നതിൽ തർക്കമില്ല. ലോക ഭൂപടത്തിലെ പ്രബല ശക്തികളായ അമേരിക്കയോടും, റഷ്യയോടും, യൂറോപ്പിനോടും, ജപ്പാനോടും തോളുരുമ്മി ഇന്ത്യയും തങ്ങളുടെ സ്ഥാനം ബഹിരകാശത്ത് ഉറപ്പിക്കുന്നു. എന്നിരുന്നാലും ഇന്ത്യൻ ശ്രമങ്ങളൊക്കെയും ചൈന ആകാശത്ത് നടത്തിക്കൊണ്ടിരിക്കുന്ന ആയുധ പന്തയത്തിന് പ്രതിരോധം തീർക്കാൻ വേണ്ടിയുള്ളതാണ്. രാജ്യാന്തര ബന്ധങ്ങളെ അവലോകനം ചെയ്യുന്നതിൽ വിദഗ്ധനായ ജോൺ മേർഷേയ്മറുടെ സിദ്ധാന്തം കടമെടുക്കുകയാണെങ്കിൽ ഇന്ത്യൻ തന്ത്രത്തെ ഡിഫൻസീവ് റിയലിസം എന്ന് വിശേഷിപ്പിക്കാം. അതേസമയം, ചൈന പിന്തുടരുന്നതാകട്ടെ ഒഫൻസീവ് റിയലിസം അടിസ്ഥാനപ്പെടുത്തിയുള്ള നയങ്ങളുമാണ്. സ്വാഭാവികമായും ചൈനയുമായി തുലനം ചെയ്യുമ്പോൾ ലോകസമാധാനത്തിനായി നിലകൊള്ളുന്ന ഇന്ത്യയ്ക്ക് കരുത്തനായ ഒരു പങ്കാളിയെ ആവശ്യമാണ്. അത്തരത്തിലൊരു സാധ്യതയാണ് അമേരിക്കയിൽ കാണുന്നത്. കെന്നത്ത് വാൾത്സിനെ പോലെയുള്ള വിദേശകാര്യ വിദഗ്ധരുടെ സിദ്ധാന്തങ്ങളിലൂടെ നാം ഇന്ത്യ-അമേരിക്ക ബന്ധത്തെ നോക്കിക്കാണുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് ബാഹ്യശക്തിയുടെ കൂട്ടുകെട്ടോടെ ശാക്തിക സന്തുലിതാവസ്ഥ സ്വന്തം മേഖലയിൽ നിലനിർത്താനുള്ള ഇന്ത്യൻ   ശ്രമമായിട്ടാണ്. ചൈനയുമായി നടന്ന യുദ്ധങ്ങളിലൊക്കെ അമേരിക്ക ഇന്ത്യയ്ക്കൊപ്പം നിലയുറപ്പിച്ചതാണ് ഇത്തരമൊരു നയത്തിലേക്ക് വഴിതെളിച്ചതിൽ ഒരു ഘടകം. മറ്റൊന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ജോൺ ഹൊവാർഡ്, അമേരിക്കൻ വൈസ് പ്രസിഡന്റ് ഡിക്ക്ചെനെ എന്നിവർ ഒരുമിച്ച് 2007 നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇൻഡോ-പസിഫിക് മേഖലയിൽ വളർന്നുവരുന്ന ചൈനീസ് സുരക്ഷാഭീഷണിയേ  അതിജീവിക്കാൻ ചൈനീസ് കടലിന്റെ കിഴക്ക്, തെക്കൻ ഭാഗങ്ങളിൽ നിയമാധിഷ്ഠിത സമുദ്ര വ്യവസ്ഥ നടപ്പിലാക്കുന്നത് ലക്ഷ്യംവെച്ചാണ്. ഇവ ആത്യന്തികമായി നയിച്ചത് ക്വാഡ് (QUAD) ന്റെ രൂപീകരണത്തിലേക്കാണ്. 2021 മാർച്ചിൽ വൈറ്റ് ഹൗസിൽ നടന്ന ഈ നാല് രാജ്യങ്ങളുടെ കൂടിയാലോചനയിൽ പ്രതിരോധ കൂട്ടായ്മയ്ക്കപ്പുറം കോവിഡിൽ കൂടി സഹകരിക്കേണ്ടതിന്റെ  ആവശ്യകതയെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. മാത്രമല്ല, സൗത്ത് കൊറിയയും വിയറ്റ്നാമും ന്യൂസീലൻഡും ഉൾപ്പെടുന്ന ക്വാഡ് പ്ലസ് (QUAD Plus) എന്ന വിപുലീകരണ സാധ്യതയും നിലനിൽക്കുന്നു. 2020 ലെ മലബാർ നാവികാഭ്യാസത്തിനു ശേഷം കടുത്ത ചൈനീസ് വിരുദ്ധനായ അന്നത്തെ സിഐഎ ഡയറക്ടർ മൈക്ക് പോംപിയോ ക്വാഡിനെ ഒരു ഏഷ്യൻ നാറ്റോ ആയിട്ടാണ് വിശേഷിപ്പിച്ചത്. സമീപകാലത്ത് ഇന്ത്യ സന്ദർശിച്ച യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനും ഇൻഡോ പസിഫിക് മേഖലയിൽ ഉയരുന്ന ചൈനീസ് വെല്ലുവിളി ഇന്ത്യയും യുഎസും ഒറ്റക്കെട്ടായി നേരിടുമെന്ന് പറയുകയുണ്ടായി. ചൈന ഈ നീക്കങ്ങളെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ വിള്ളലുകളുണ്ടാക്കി ചൈനീസ് കുതിപ്പിനെ തടയിടാനും തെക്കൻ ചൈനീസ് കടൽ വിഷയം കൂടുതൽ കലുക്ഷിതമാക്കാനുമാണ് ഈ നീക്കമെന്ന് ചൈന വിലയിരുത്തുന്നു.

 

ഇന്ത്യയും യുഎസും തമ്മിൽ സുദൃഢമായ ഒരു ബന്ധം വളരുന്നത് പല തവണ നാം കണ്ടു. ആണവനിരായുധീകരണ ഉടമ്പടിയിലും, മിസൈൽ സാങ്കേതികവിദ്യ നിയന്ത്രണ സംവിധാനം ( എംടിസിആർ) ലും ഇന്ത്യയെ പങ്കാളിയാക്കാൻ അമേരിക്ക എടുത്ത ധീരമായ നിലപാടുകൾ മേൽപ്പറഞ്ഞവയെ സാധൂകരിക്കാൻ ഉതകുന്നവയാണ്. 1998 ൽ അമേരിക്കയും ചൈനയും തമ്മിലുള്ള ബഹിരാകാശ സഹകരണം അവസാനിക്കുകയുണ്ടായി. അമേരിക്കയ്ക്കെതിരെ ചൈന നടത്തിയ ചാര നിരീക്ഷണം വിവാദമാവുകയും തുടർന്ന് കോക്സ് കമ്മിറ്റിയുടെ (Cox Committee) നിർദേശപ്രകാരം ചൈനയുമായുള്ള ബഹിരാകാശ സഹകരണം അവസാനിപ്പിക്കുകയുമായിരുന്നു. 1998 ൽ ഇന്ത്യ നടത്തിയ ആണവപരീക്ഷണം ക്ലിന്റൺ ഭരണകൂടത്തെ ഇസ്രോയ്ക്ക് വിലക്കേർപ്പെടുത്താൻ പ്രേരിപ്പിച്ചു. എന്നാൽ 2001ലെ ചൈനയുടെ ആദ്യ മനുഷ്യ വാഹക ബഹിരാകാശ ഫ്ലൈറ്റും അതിനു ശേഷമുള്ള ആയുധവൽക്കരണ പരിപാടികളും വീണ്ടും അമേരിക്കയെ ഇന്ത്യയുമായി സഹകരിക്കാൻ നിർബന്ധിതരാകുകയും 2004 ൽ ഒപ്പിട്ട ഇൻഡോ -യുഎസ് സ്ട്രാറ്റജിക് പാർട്ണർഷിപ് എഗ്രിമെന്റിലും ബഹിരാകാശ സഹരണത്തെക്കുറിച്ച് ഉടമ്പടികൾ ഉണ്ടാക്കുകയും ചെയ്തു. ഇതുതന്നെയാണ് 2016 ൽ മിസൈൽ ടെക്നോളജി കൺട്രോൾ ഉടമ്പടിയുടെ ഭാഗമാകുന്നതിന് ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചത്. നാളിതുവരെ ചൈന ഈ ഉടമ്പടിയുടെ ഭാഗമായിട്ടില്ല എന്നതുകൂടി ഇതിനോട് ചേർത്തു വായിക്കപ്പെടേണ്ടതുണ്ട്.

 

ഐക്യരാഷ്ട്രസംഘടനയുടെ 1967-ലെ ഔട്ടർ സ്പേസ് ട്രീറ്റി ആകാശത്തെ ആയുധപ്പുരയാക്കുന്നതിൽ നിന്നും ലോകരാഷ്ട്രങ്ങളെ വിലക്കുന്നു. മാനവരാശിയുടെ നന്മയ്ക്കും ലോകരാഷ്ട്രങ്ങളുടെ താൽപര്യത്തിനും അനുസൃതമായി ബഹിരാകാശത്തെ സർവ്വ മാനവരാശിയുടെയും ദേശമായി കണക്കാക്കാമെന്ന് ഈ കരാർ വിവക്ഷിക്കുന്നു. ബഹിരാകാശവും ചന്ദ്രനും മറ്റും സമാധാന ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കണമെന്ന് നിഷ്കർഷിക്കുന്നു. ഒരു രാജ്യത്തിനും ഇവയ്ക്ക് മേൽ പരമാധികാരം അവകാശപ്പെടാൻ കഴിയില്ലെന്നും പറയുന്നു. ലോകം ശീതസമരത്തിന്റെ പിടിയിൽ അമർന്നിരുന്നുവെങ്കിലും ഈ ഉടമ്പടി ആകാശത്ത് എങ്കിലും അരാജകത്വം ഉടലെടുക്കാതിരിക്കാൻ ഉപകരിച്ചു. എന്നാൽ, ലോകത്തെ സ്പേസ് ശക്തികൾ മാത്രം ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ആകാശം കൈയ്യടക്കുമ്പോൾ മൂന്നാം ലോകരാഷ്ട്രങ്ങൾ തീർത്തും അരികുവത്കരിക്കപ്പെടുന്നു. ഏതാണ്ട് ഭൂമധ്യരേഖയ്ക്ക് മുകളിലായി വരുന്ന ജിയോ - സ്റ്റേഷനറി ഓർബിറ്റിനെ ലോകത്തിന്റെ പ്രകൃതിദത്ത വിഭവമായി പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ മൂന്നാം ലോകരാഷ്ട്രങ്ങൾ പ്രതിഷേധിച്ചു. പ്രതിഷേധത്തിന് ഹേതുവായത് അത്തരത്തിലൊരു തീരുമാനം കൊണ്ട് നേട്ടമുണ്ടാക്കുക വികസിത രാജ്യങ്ങൾ മാത്രമായിരിക്കുമെന്ന ചിന്തയാണ്. നിലവിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ശേഷിയില്ലാത്ത മൂന്നാം ലോകരാഷ്ട്രങ്ങൾ എന്നെങ്കിലും അതിനു പ്രാപ്തരാകുമ്പോഴേക്കും വികസിതരാജ്യങ്ങൾ പൂർണമായും ശൂന്യാകാശം കൈയ്യടക്കുമോ എന്ന് അവർ ഭയപ്പെടുന്നു.

 

ഉപഗ്രഹങ്ങൾ (1 ജനുവരി 2021 വരെയുള്ള കണക്ക് പ്രകാരം)

 

അമേരിക്ക - 1897

ചൈന - 412

റഷ്യ - 176

മറ്റ് രാഷ്ട്രങ്ങൾ - 887

ഇന്ത്യ - 49

ആകെ - 3372

 

ഏകദേശം അമ്പതോളം സജീവ ഉപഗ്രഹങ്ങൾ മാത്രം സ്വന്തമായുള്ള ഇന്ത്യയ്ക്ക് ബഹിരാകാശത്ത് 412 ഉപഗ്രഹങ്ങളുള്ള ചൈനയുമായി മത്സരിച്ച് പിടിച്ചുനിൽക്കണമെങ്കിൽ 1897 ഉപഗ്രഹങ്ങളുള്ള അമേരിക്കയുടെ പിന്തുണ അത്യാവശ്യമാണ്. ഔട്ടർ സ്പേസ് ട്രീറ്റി പോലെയുള്ള ബഹിരാകാശ സമാധാന ഉടമ്പടികൾ പലതും നോക്കുകുത്തിയാകുന്ന കാഴ്ചയാണ് നാം കണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് വൻശക്തികൾ തുടർച്ചയായി ബഹിരാകാശത്തെ ആയുധവൽക്കരിക്കാൻ ധൈര്യപ്പെടുന്നതും. ‘രണ്ടു ചെറു രാജ്യങ്ങൾ തമ്മിൽ യുദ്ധത്തിൽ ഏർപ്പെട്ടാൽ യുഎൻ ഇടപെടും, യുദ്ധം അപ്രത്യക്ഷമാകും. യുദ്ധം ഒരു ചെറു രാജ്യവും വലിയ രാജ്യവും തമ്മിൽ ആണെങ്കിൽ യുഎൻ നിഷ്പക്ഷം ആകും, ചെറു രാജ്യം അപ്രത്യക്ഷമാകും. യുദ്ധം വൻ രാഷ്ട്രങ്ങൾ തമ്മിലാണെങ്കിൽ യുഎൻ തന്നെ അപ്രത്യക്ഷമാകും.’ ഒരു സ്പേസ് യുദ്ധം എന്നും വൻശക്തികൾ തമ്മിൽ ആയിരിക്കും, ലോക സുരക്ഷയ്ക്ക് അവ ഭീഷണിയായി ഭവിക്കും. അതുകൊണ്ടുതന്നെ ഇത്തരം ഉടമ്പടികൾ സംരക്ഷിക്കപ്പെടേണ്ടതും അതിനായി കർശന നടപടികൾ സ്വീകരിക്കേണ്ടതും യുഎൻ പോലെയുള്ള ആഗോള സംഘടനകളുടെ ധാർമിക ബാധ്യതയാണ്.

 

(ലേഖകൻ കാര്യവട്ടം ഡിപ്പാർട്ട്മെന്റ് ഓഫ് പൊളിറ്റിക്കൽ സയൻസ് ഇന്റർനാഷണൽ റിലേഷൻസ്  പ്രഫസറാണ്. ക്രേംബ്രിജ് സർവകലാശാലയുടെ  ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്)

 

English Summary: Mission Shakti and NavIC makes India space superpower