ആയിരക്കണക്കിനു വർഷം ആരുമറിയാതെ ഒരു പിരമിഡിന്റെ അടിത്തട്ടിൽ. ഒടുവിൽ ഒട്ടേറെ നിഗൂഢതകൾ വെളിപ്പെടുത്തി ലോകത്തിനു മുന്നിലേക്ക്... ആർക്കിയോളജിസ്റ്റുകൾ ഉൾപ്പെടെ അമ്പരപ്പോടെ നിൽക്കുകയാണ് ഈജിപ്തിലെ ആ കല്ലറയ്ക്കു മുന്നില്ഡ. കഴിഞ്ഞ ദിവസം ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പ് പുറത്തുവിട്ട കൗമാരക്കാരിയുടെ മമ്മിയാണ് ചരിത്രവിദഗ്ധർക്കിടയിൽ ചർച്ചയായിരിക്കുന്നത്. മെയ്ദൂം പിരമിഡ് എന്നു പ്രശസ്തമായ സ്ഥലത്തു നിന്നാണ് പുതിയ മമ്മിയെ ലഭിച്ചത്. അസ്ഥികളുടെ പരിശോധനകളിൽ നിന്ന് ഏകദേശം 13 വയസ്സുള്ള പെൺകുട്ടിയുടേതാണു മമ്മിയെന്നു വ്യക്തമായി. 

കയ്റോയ്ക്ക് തെക്ക് ഏകദേശം നൂറു കിലോമീറ്റർ മാറിയാണ് ഈ പിരമിഡ് സമുച്ചയം; നൈൽ നദിക്ക് തൊട്ടടുത്ത്. ആകൃതി കൊണ്ടുതന്നെ വ്യത്യസ്തമാണിത്. ഈജിപ്തിൽ ആദ്യമായി നിർമിച്ച  പിരമിഡുകളിലൊന്നാണിത്. അതിനാൽത്തന്നെ സാധാരണ പിരമിഡുകളിൽ നിന്നു മാറി ഒരു കെട്ടിടത്തിനു സമാനമായ ഇത് ഗവേഷകർക്കു മുന്നിൽ ഇന്നും ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. അതിനിടയ്ക്കാണു പുതിയ കണ്ടെത്തൽ. എപ്പോഴാണ് ഈ പെൺകുട്ടിയെ പിരമിഡിനു താഴെ അടക്കം ചെയ്തതെന്നു വ്യക്തമായിട്ടില്ല. എന്നാൽ ഏകദേശം 4600 വർഷം പഴക്കമുള്ളതാണ് മെയ്ദൂം പിരമിഡ്. ഇതിന്റെ ഏറ്റവും താഴെയുള്ള ചെറു കല്ലറയിലായിരുന്നു മമ്മി. 

മൃതദേഹത്തിനു ചുറ്റും ഇഷ്ടികകൾ കൊണ്ടുള്ള ഒരു ഭിത്തിയും ഉണ്ടായിരുന്നു. പുരാതന ഈജിപ്തിലെ സെമിത്തേരികളിൽ അടക്കം ചെയ്യുന്ന രീതിയായിരുന്നു ഇത്. മെയ്ദൂം പിരമിഡ് നിന്നിരുന്നയിടം സെമിത്തേരിയായിരുന്നുവെന്ന സൂചനയാണ് ഇതു നൽകുന്നത്. ഈ പെൺകുട്ടി ആരാണെന്നതു സംബന്ധിച്ച യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ അക്കാര്യം കണ്ടെത്തുന്നതിനു സഹായിക്കുന്ന ഒട്ടേറെ സൂചനകൾ ലഭിച്ചിട്ടുണ്ടുതാനും. മൂന്നു ചെറിയ മൺകലമുണ്ടായിരുന്നു മൃതദേഹത്തിനൊപ്പം. കൂടാതെ ഒരു പാപ്പിറസ് താളും. രാജകീയമുദ്രയെന്നു സംശയിക്കാവുന്ന ഒരു അടയാളത്തോടെയായിരുന്നു പാപ്പിറസ് താളിലെ എഴുത്ത്. ഇത് എന്താണെന്നു വായിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പുരാവസ്തു ഗവേഷകര്‍. 

രണ്ടു കാളകളുടെ തലയോട്ടിയും കല്ലറയിലുണ്ടായിരുന്നു. ഇത്തരത്തിൽ തലയോട്ടികൾ ലഭിക്കുക അപൂർവമാണ്. പക്ഷേ ഈജിപ്ഷ്യൻ മിത്തോളജി അനുസരിച്ച് കാളയുടെ തലയുള്ള ദൈവങ്ങളുടെ ചിത്രങ്ങൾ പലയിടത്തും കണ്ടെത്തിയിട്ടുണ്ട്. കരുത്തിന്റെ പ്രതീകമായ ഏപിസ് ദൈവത്തെ പ്രതിനിധീകരിച്ചു പലയിടത്തും കാളകളെ വരച്ചിട്ടിരുന്നത് ഉദാഹരണം. ഇത്തരത്തിൽ പല വസ്തുക്കൾക്കൊപ്പം അടക്കം ചെയ്യുന്ന രീതിയും ഏറെ പ്രധാനപ്പെട്ട പിരമിഡിൽ അടക്കം ചെയ്തതുമെല്ലാം പെൺകുട്ടിയുടെ പ്രധാന്യത്തെയാണു ചൂണ്ടിക്കാട്ടുന്നുണ്ട്. 

ഈജിപ്തിലെ മൂന്നാം രാജവംശത്തിലെ ഫറവോ ഹുനിയുടെ നേതൃത്വത്തിലാണ് മെയ്ദൂം പിരമിഡ് നിർമിക്കുന്നത്. 2600 ബിസിയിൽ ഇദ്ദേഹത്തിന്റെ ഭരണകാലം അവസാനിച്ചു. പിന്നീടു വന്ന സ്നെഫെറു ഫറവോയുടെ കാലത്താണു പിരമിഡിന്റെ നിർമാണം പൂർത്തിയായത്. പിരമിഡ് നിർമിക്കാൻ ശ്രമിച്ച് മറ്റെന്തോ ആയിപ്പോയെന്ന് അർഥം വരുന്ന വിധം ‘ഫോൾസ് പിരമിഡ്’ എന്നാണ് ഇതിനെ ഈജിപ്തിലുള്ളവർ വിശേഷിപ്പിക്കുന്നത്.  നിർമാണത്തിന്റെ പാതിവഴിയിൽ വച്ച് ‘രൂപം’ മാറ്റിയ പിരമിഡിനെപ്പറ്റി ഒട്ടേറെ നിഗൂഢ കഥകളുമുണ്ട്. എന്നാൽ ഒരു പുതുപിരമിഡ് കെട്ടിപ്പൊക്കുന്നതിനു മുന്നോടിയായി നിർമിച്ചു പരിശീലിച്ചതാണ് മെയ്ദൂം എന്നാണു ചില ഗവേഷകർ കരുതുന്നത്. അതിൽ നിന്നു പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ടു തൊട്ടടുത്തതായി നിർമിച്ച പിരമിഡാണ് ഈ വാദം ഉന്നയിക്കുന്നവർക്ക് ചൂണ്ടിക്കാണിക്കാനുള്ള തെളിവും. യാതൊരു പിഴവുമില്ലാതെ, ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത കെട്ടിടമായി ഏകദേശം 3800 വർഷത്തിലധികം നിലകൊണ്ട ഗിസയിലെ പിരമിഡായിരുന്നു അത്–ലോകാദ്ഭുതങ്ങളിലൊന്ന്!