ചന്ദ്രന്റെ ഉപരിതലത്തിൽ ജീവൻ നിലനില്‍ക്കാന്‍ വേണ്ട വെള്ളം നിര്‍മിക്കാന്‍ വേണ്ട ഘടകങ്ങള്‍ ഉണ്ടെന്ന് നാസ ശാസ്ത്രജ്ഞര്‍. ഇതിലൂടെ ഭാവിയില്‍ മനുഷ്യര്‍ക്ക് ചന്ദ്രനെ ഒരു കോളനിയാക്കാനാകുമെന്നാണ് പറയുന്നത്. ചന്ദ്രന്റെ ഉപരിതലത്തില്‍ സൗരക്കാറ്റ് (solar wind) ആഘാതത്തോടെ പതിക്കുമ്പോള്‍ സംഭവിക്കുന്ന രാസപ്രക്രിയയെ ഒരു കംപ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗിച്ച് കാണിച്ചുകൊണ്ടാണ് ശാസ്ത്രജ്ഞര്‍ ഇതു വിശദീകിരിച്ചത്.

ചന്ദ്രന്റെ ഉപരിതലത്തില്‍ സെക്കന്‍ഡില്‍ 450 കിലോമീറ്റര്‍ (മണിക്കൂറില്‍ ഏകദേശം 1 ദശലക്ഷം മൈല്‍സ്) വേഗത്തില്‍ ചെരിഞ്ഞു പതിക്കുന്ന സോളാര്‍ കാറ്റിലുള്ളത് ചാര്‍ജുള്ള കണികകളാണ് (charged particles). സൂര്യനില്‍ നിന്ന് ഉത്ഭവിക്കുന്ന ഇവയില്‍ വെള്ളം നിര്‍മിക്കാനുള്ള ഘടകങ്ങള്‍ ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചന്ദ്രനിലേക്ക് സൗരക്കാറ്റിലൂടെ പതിക്കുന്ന പ്രോട്ടോണുകള്‍, ചന്ദ്രോപരിതലത്തിലുള്ള ഇലക്ട്രോണുകളുമായി ഇടപെട്ട് ഹൈഡ്രജന്‍ (H) ആറ്റങ്ങളെ നിര്‍മിക്കുന്നു. ഈ ഹൈഡ്രജന്‍ ആറ്റങ്ങള്‍ പിന്നീട് ചന്ദ്രന്റെ ഉപരിതലത്തിലെ വിവിധ ഭാഗങ്ങളിലേക്കു പരക്കുകയും അവിടെ സുലഭമായ ഓക്‌സിജന്‍ (O) ആറ്റങ്ങളോടു ചേരുകയും ചെയ്യുന്നു. ഓക്‌സിജന്‍ ആറ്റങ്ങള്‍ ചന്ദ്രനിലുള്ള സിലിക്ക (SiO2) മറ്റു ഓക്‌സിജന്‍ വഹിക്കുന്ന മോളിക്യൂളുകളില്‍ ചന്ദ്രോപരിതലത്തില്‍ തന്നെ ഉണ്ട്. ഹൈഡ്രജനെയും ഓക്‌സിജനെയും ഒരുമിപ്പിച്ച് ഹൈഡ്രോക്‌സില്‍ (OH) എന്ന മോളിക്യൂള്‍ സൃഷ്ടിക്കാം. ഇത് ജലത്തിന്റെ (H2O) ഒരു ഘടകമാണ്.

ശാസ്ത്രജ്ഞരില്‍ ഒരാളായ വില്യം എം. ഫാരെല്‍ പറയുന്നത് ചന്ദ്രനില്‍ വെളളമുണ്ടാക്കുക എന്നത് സാധ്യമല്ലാത്ത കാര്യമല്ലെന്നാണ്. ജലം എന്നത് സവിശേഷവും മാന്ത്രികവുമായ ഒന്നാണെന്നാണ് നമ്മള്‍ കരുതുന്നത്. ഇതിനാല്‍ പുതിയ കണ്ടെത്തല്‍ ആശ്ചര്യജനകമാണ്. ചന്ദ്രനിലെ സൗരക്കാറ്റേറ്റു കിടക്കുന്ന ഓരോ പാറയില്‍ നിന്നും വെള്ളം നിര്‍മിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ പരീക്ഷണത്തിനു ചുക്കാന്‍ പിടിച്ച ഫിസിസിസ്റ്റായ, ഓറെന്താള്‍ ജെയിംസ് ടക്കര്‍ (Orenthal James Tucker) പറയുന്നത് ജല നിര്‍മിതിക്കു വേണ്ടിയുളള എത്രമാത്രം കെമിക്കല്‍ ഘടകങ്ങള്‍ ലഭ്യമാണെന്നതു നിര്‍ണ്ണയിക്കുക എന്നതാണ് ഭാവിയില്‍ ചന്ദ്രനിനെ കോളനിയാക്കി മനുഷ്യവാസം തുടങ്ങണോ വേണ്ടയൊ എന്നു നിര്‍ണ്ണയിക്കുന്നതെന്നാണ്. ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രനില്‍ മനുഷ്യരുടെ കോളനി നിര്‍മിക്കുക എന്നത് നാസയുടെ ലക്ഷ്യങ്ങളിലൊന്നാണ്.

ഹൈഡ്രജന്‍ പോലെ വിലയേറിയ വിഭവങ്ങള്‍ ചന്ദ്രന്റെ എക്‌സോസ്ഫിയറിലൂടെ (exosphere-വളരെ നേര്‍ത്ത അന്തരീക്ഷം) എങ്ങനെ വഹിച്ചുകൊണ്ടു പോകാം എന്നതിനെക്കുറിച്ചാണ് തങ്ങള്‍ ഇപ്പോള്‍  പഠിച്ചുകൊണ്ടിരിക്കുന്നതെന്ന് ടക്കര്‍ വെളിപ്പെടുത്തി. വെള്ളം നിര്‍മിക്കാനുള്ള ഘടകങ്ങള്‍ എങ്ങനെ സംഭരിക്കാമെന്നാണ് തങ്ങള്‍ പരിശോധിക്കുന്നതെന്നും ആദ്ദേഹം പറയുന്നു. പല ശൂന്യാകാശപേടകങ്ങളും ചന്ദ്രന്റെ ഉപരിതലത്തില്‍ വെള്ളമുണ്ടെന്നതിനോ അല്ലെങ്കില്‍ വെള്ളത്തിനു വേണ്ട ഘടകങ്ങള്‍ (ഹൈഡ്രജന്‍, ഹൈഡ്രോകസില്‍) ഉണ്ടെന്നതിനോ തെളിവു കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ചന്ദ്രയാന്‍-1 ഉം നാസയുടെ കസിനി (Cassini) ദൗത്യവും ചന്ദ്രന്റെ ഉപരിതലത്തിലെ രസതന്ത്രത്തെക്കുറിച്ച് ഇന്‍ഫ്രാറെഡ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പഠനം നടത്തിയിട്ടുണ്ട്.

പക്ഷേ, ചന്ദ്രനില്‍ എങ്ങനെയാണ് ആറ്റങ്ങളും കോമ്പൗണ്ടുകളും രൂപം കൊള്ളുന്നതെന്നത് ഒരു സമസ്യയായിരുന്നു. എന്നാല്‍ ടക്കറുടെ കണ്ടെത്തല്‍ സൗരക്കാറ്റാണ് രാസമാറ്റങ്ങളുടെ ചാലകശക്തിയെന്ന വാദത്തിനു ബലം കിട്ടുന്നു. ഇതൊരു അര്‍ഥപൂര്‍ണ്ണമായ കണ്ടെത്താലാണത്രെ. അന്തരീക്ഷത്തില്‍ പലയിടത്തും വെള്ളം കണ്ടെത്താനുള്ള സാധ്യതയാണ് ഇതു തുറന്നിടുന്നതെന്നു പറയുന്നു.

ചന്ദ്രന്‍ സഞ്ചരിക്കുന്നത് ഭൂമിയുടെ അന്തരീക്ഷത്തിലൂടെ?

ചന്ദ്രനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വന്ന മറ്റോരു അതിപ്രാധാന്യമേറിയ കണ്ടെത്തല്‍ കൂടെ നോക്കാം. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ (atmosphere) ആണ് ചന്ദ്രന്‍ സഞ്ചരിക്കുന്നതെന്നാണ് റഷ്യയുടെ സ്‌പെയ്‌സ് റിസേര്‍ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഇഗോര്‍ ബാലിയുകിന്‍ (Igor Baliukin) പറയുന്നത്. മുൻപ് ചിന്തിച്ചിരുന്നതിനേക്കാള്‍ പതിന്മടങ്ങു വലുതാണ് ഭൂമിയുടെ അന്തരീക്ഷമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ ബാഹ്യാതിര്‍ത്തി ചന്ദ്രനു ഇരട്ടിയകലെ വരെ എത്തുമെന്നാണ് അദ്ദേഹം പറയുന്നത്. ഭൂമിയുടെ 50 ഇരട്ടിയെങ്കിലും വലുപ്പമുണ്ടാകും ഇതിന്റെ അന്തരീക്ഷത്തിന്. രണ്ടു പതിറ്റാണ്ടു മുൻപ് വിക്ഷേപിച്ച സോഹോ (SOHO) ശൂന്യാകാശ പേടകം നല്‍കിയ ഡേറ്റ വീണ്ടും പരിശോധിച്ചപ്പോഴാണ് ഇതു മനസ്സിലാക്കാനായതെന്ന് ഇഗോര്‍ പറയുന്നു.