അമേരിക്കയും ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോടിക്കണക്കിന് ഉപയോക്താക്കളുമായി മുൻനിരയിലേക്കു കുതിക്കുന്ന സോഷ്യൽ നെറ്റ്‍വർക് ആപ്പായ ടിക്ടോക് സൃഷ്ടിക്കുന്ന തരംഗം വളർച്ചയിൽ മുൻനിര കമ്പനികൾ വിയർക്കുന്നു. ഫെയ്സ്ബുക്, ട്വിറ്റർ, സ്നാപ്ചാറ്റ് കമ്പനികളെ ടിക് ടോക് ആശങ്കയിലാഴ്‍ത്തിയിരിക്കുകയാണ്. മ്യൂസിക്കലി ഏറ്റെടുത്ത ശേഷം ഏറെ ശ്രദ്ധേയമയി മാറിയ ടിക്ടോക് 15 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോകളാണ് അവതരിപ്പിക്കുന്നത്. 

പുതിയ റിപ്പോർട്ടുകള്‍ പ്രകാരം പ്രമുഖ ഓണ്‍ലൈൻ സേവനങ്ങളായ സ്നാപ്ചാറ്റ്, ട്വിറ്റർ എന്നിവയെ ചൈനീസ് ആപ് ടിക് ടോക് മറികടന്നു കഴിഞ്ഞു. എന്നാൽ ടിക് ടോക് മുന്നിലാണെന്ന വാദം ട്വിറ്ററും സ്നാപ്ചാറ്റും തള്ളി. 2016 ൽ തുടങ്ങിയ ടിക് ടോക് അമേരിക്കയെ വരെ പിടിച്ചടക്കി കഴിഞ്ഞു. അമേരിക്കയിൽ മാത്രം ടിക് ടോകിന് മൂന്നു കോടി ഉപയോക്താക്കളുണ്ട്.

ടിക് ടോകിന്റെ ഒരു മാസത്തെ ശരാശരി ഉപയോക്താക്കൾ 50 കോടിയാണ്. എന്നാൽ വര്‍ഷങ്ങളുടെ പഴക്കമുള്ള ട്വിറ്ററിന്റെ ഒരു മാസത്തെ ശരാശരി ഉപയോക്താക്കൾ കേവലം 32.6 കോടി മാത്രമാണ്. എന്നാൽ സ്നാപ്ചാറ്റിന്റെത് ശരാശരി ഉപയോക്താക്കൾ 18.6 കോടിയുമാണ്. ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യുന്ന ആപ്പുകളിൽ ടിക് ടോക് നാലാം സ്ഥാനത്താണ്. ഐഒഎസിൽ കഴിഞ്ഞ വര്‍ഷം ഇത് ഒന്നാം സ്ഥാനത്തുമായിരുന്നു.

ലിപ്സിംക്  വിഡിയോകളും ഒറിജിനൽ വിഡിയോകളും എല്ലാം ഉൾപ്പെടുന്ന ടിക്ടോകിന്റെ ബിസിനസ് മോഡൽ അനുകരിച്ച് പുതിയൊരു ആപ്പ് ഉണ്ടാക്കി ഉപയോക്താക്കളെ കൂടെ നിർത്താനുള്ള ശ്രമത്തിലാണ് ഫെയ്സ്ബുക്. ഫെയ്സ്ബുക് മ്യൂസിക് സേവനങ്ങളും ലിപ്‍സിംക് ലൈവ് സംവിധാനവും പ്രയോജനപ്പെടുത്തിക്കൊണ്ട് കൗമാരക്കാരെ ആകർഷിക്കാനുള്ള പരിശ്രമമാണ് പുതിയ ആപ്പിലൂടെ മുന്നോട്ടു വയ്ക്കുന്നത്. 

ടിക്ടോകിനെ മറികടക്കാൻ ഫെയ്സ്ബുക് നിർമിക്കുന്ന ആപ്പിന് ലാസ്സോ എന്നാണ് പേര്. വളർച്ചാനിരക്കിൽ വലിയ ഇടിവു നേരിടുന്ന ഫെയ്സ്ബുക്കിന് ടിക്ടോക് ഉൾപ്പെടെയുള്ള ആപ്പുകൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.