സമൂഹമാധ്യമത്തിൽ പ്രധാനമന്ത്രി അടക്കമുള്ളവർക്കു വൻവീഴ്ച. വ്യാജന്മാരെയും നിഷ്ക്രിയ അക്കൗണ്ടുകളെയും കെട്ടുകെട്ടിക്കാനുള്ള ട്വിറ്റർ തീരുമാനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ അക്കൗണ്ട് പിന്തുടരുന്നവരിൽ മാത്രം ഒരു ലക്ഷത്തോളം കുറവുണ്ടായി. കോണ്‍ഗ്രസ് പ്രസിഡന്റിന് നഷ്ടപ്പെട്ടത് 9000 പേർ. കഴിഞ്ഞ നവംബറിലാണ് ട്വിറ്ററിൽ നിയമങ്ങൾ കർശനമാക്കിയത്.

2018 ജൂലൈയിലും സമാനമായ വെട്ടിനിരത്തൽ നടന്നിരുന്നു. അന്നു മോദിക്ക് നഷ്ടപ്പെട്ടത് മൂന്നു ലക്ഷം ഫോളവേഴ്സിനെയാണ്. ഇതോടെ ഏഴു മാസത്തിനിടെ ട്വിറ്ററിൽ മോദിക്ക് നഷ്ടപ്പെട്ടത് നാലു ലക്ഷം പേരെയാണ്. 2018 ജൂലൈയിലെ നടപടിയില്‍ രാഹുല്‍ ഗാന്ധിക്ക് നഷ്ടപ്പെട്ടത് കേവലം 17,000 പേരെ മാത്രമാണ്.

പുതിയ തീരുമാന പ്രകാരം ഏകദേശം 24 ലക്ഷം വ്യാജ അക്കൗണ്ടുകളാണ് ട്വിറ്റർ നീക്കം ചെയ്തത്. ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ ഇൻസിറ്റിറ്റ്യൂട്ട് ഓഫ് ഇൻഫമേഷൻ ടെക്നോളജിയാണ് 925 രാഷ്ട്രീയക്കാരുടെ ട്വിറ്റർ കണക്കുകൾ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. 2014 മുതല്‍ 2019 വരെയുള്ള നിരീക്ഷണ റിപ്പോർട്ടുകളാണ് പുറത്തുവിട്ടത്. കഴിഞ്ഞ ഓഗസ്റ്റിലും സെപ്റ്റംബറിൽ ഫോളവേഴ്സിന്റെ എണ്ണം കുത്തനെ കൂടിയപ്പോൾ നവംബറിൽ കുത്തനെ താഴോട്ടു പോയി.