ഇന്ത്യൻ വ്യോമസേനയുടെ ആക്രമണത്തിന്റെ വിഡിയോയെന്ന് പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജമെന്ന് റിപ്പോർട്ട്. പാക്കിസ്ഥാനിലെ ഭീകരക്യാംപുകൾ തകർക്കുന്നതിന്റെ ദൃശ്യങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ വ്യോമസേന ജെയ്ഷെ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിന്റെ വിഡിയോ എന്ന പേരിൽ പ്രചരിക്കുന്നത് 2016ൽ പാക്കിസ്ഥാനിൽ നിന്നു തന്നെ പകര്‍ത്തിയതാണ്.

അജയ് കുശ്വാഹ എന്ന ട്വിറ്റർ ഉപയോക്താവാണ് ഈ വിഡിയോ ട്വീറ്റ് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുടരുന്ന അജയ് കുശ്വാഹയുടെ ഈ ട്വീറ്റ് നിമിഷനേരത്തിനുള്ളിൽ നിരവധി പേർ റീട്വീറ്റ് ചെയ്തു. പല ദേശീയ, പ്രാദേശിക ദൃശ്യ മാധ്യമങ്ങളും ഈ വിഡിയോ വാർത്തകളിൽ ഉൾപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിലുള്ള പുതിയ ഇന്ത്യയാണിതെന്നും മുന്നോറോളം ഭീകരരെയാണ് വ്യോമസേന കൊലപ്പെടുത്തിയതെന്നുമാണ് കുശ്വാഹ ട്വീറ്റ് ചെയ്തത്. അതേസമയം, ഇതേ വിഡിയോ പാക്കിസ്ഥാനികളും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ പാക് വ്യോമാക്രമണം എന്ന പേരിലാണ് ഖാലിദ് എന്ന ട്വിറ്റർ ഉപയോക്താവ് ട്വീറ്റിട്ടത്.

ഈ വിഡിയോ 2016ൽ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനത്തിൽ വ്യോമസേന നടത്തിയ പരേഡിന്റെ ദൃശ്യങ്ങളാണെന്നാണ് സോഷ്യൽമീഡിയയിലെ ചിലർ പറയുന്നത്. മൂന്നു വർഷം മുൻപേ ഇതേ വിഡിയോ യുട്യൂബിലും പോസ്റ്റു ചെയ്തത് കാണാം.