ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് കമ്പനിയുടെ സിഇഒ മരിച്ചതിനെ തുടർന്ന് പൂട്ടു തുറക്കാനാകാതെ 145 മില്ല്യൻ ഡോളർ (ഏകദേശം 1037.11 കോടി രൂപ). ദിവസങ്ങൾക്ക് മുൻപാണ് കനേഡിയൻ കമ്പനിയുടെ സിഇഒ ഇന്ത്യാ യാത്രക്കിടെ അപ്രതീക്ഷിതമായി അസുഖ ബാധിതനായി മരിച്ചത്. ഇതോടെ ക്രിപ്റ്റോകറൻസിയുടെ ഡിജിറ്റൽ ലോക്കുകൾ തുറക്കാനാവാതെ ഇടപാടുകാർ ബുദ്ധിമുട്ടി. ക്വാഡ്രിഗ എന്ന കമ്പനിയുടെ സിഇഒ ജെറാള്‍ഡ് കോട്ടണ്‍ (30 വയസ്) മരിച്ചത്.

ബിറ്റ്കോയിനുകൾക്ക് പുറമെ അദ്ദേഹത്തിന്റെ മറ്റു ഡിജിറ്റൽ ആസ്തികളും തുറക്കാൻ കഴിഞ്ഞിട്ടില്ല. ‘കോൾഡ് വോലെറ്റ്’ എന്ന ഓഫ്‌ലൈൻ സ്റ്റോറേജിലാണ് ഡിജിറ്റൽ കറൻസികൾ സൂക്ഷിക്കുന്നത്. ഇതിന്റെ പാസ്‌വേർഡ് സൂക്ഷിച്ചിരുന്നത് കമ്പനി സിഇഒ ആയിരുന്നു. ഹാക്കർമാരിൽ നിന്നു ഭീഷണി നേരിടുന്നതിനാൽ മറ്റുള്ളവർക്കൊന്നും പാസ്‌വേർഡുകൾ കൈമാറിയിട്ടില്ല. കമ്പനിയിൽ ജെറാള്‍ഡ് കോട്ടണ്‍ മാത്രമാണ് കോൾഡ് വോലെറ്റിലേക്കുള്ള പ്രവേശമുണ്ടായിരുന്നത്.

ഇത്തരം അവസരങ്ങളിൽ വൻ പ്രതിസന്ധിയാണ് കമ്പനിയെ വിശ്വസിച്ച് ഇടപാടുകൾ നടത്തുന്നവർക്ക് സംഭവിക്കുന്നത്. ക്വാഡ്രിഗയിലെ ഒരു ലക്ഷത്തോളം ഉപഭോക്താക്കൾ പ്രതിസന്ധിയിലാണ്. ഡിജിറ്റൽ കറൻസികൾ എങ്ങനെ തിരിച്ചെടുക്കാമെന്നതിനെ കുറിച്ചാണ് ഇവർ ആലോചിക്കുന്നത്.

കമ്പനി സിഇഒയുടെ ഭാര്യ ജെനിഫര്‍ റോബട്‌സണ്‍ പറയുന്നത് കോട്ടന്റെ ലാപ്ടോപ് ഉപയോഗിച്ചാണ് ഡിജിറ്റൽ കറൻസി ഇടപാടുകൾ നടത്തിയിരുന്നതെന്ന് എന്നാണ്. ഇത് എൻക്രിപ്റ്റഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്നതുമാണ്. ഇതിനാൽ മറ്റൊരാൾക്ക് പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കി പ്രശ്നം പരിഹരിക്കാനാകില്ലെന്നാണ് അവർ പറയുന്നത്. കോട്ടണ്‍ ഉപയോഗിച്ചിരുന്ന പാസ്‌വേർഡ്, റിക്കവറി കീ എന്നിവ അറിയില്ലെന്നും ഭാര്യ പറഞ്ഞു. അദ്ദേഹം ഈ രേഖകൾ എവിടെയും എഴുതി വെച്ചതായി കണ്ടെത്താനുമായില്ല.

ഇത്രയും വലിയ ഡിജിറ്റൽ നിക്ഷേപത്തിന്റെ പാസ്‌വേർഡ് കണ്ടെത്താനായി കമ്പനി തന്നെ ഹാക്കർമാരെയും ടെക് വിദഗ്ധരെയും നിയമിച്ചിട്ടുണ്ട്. കോട്ടന്റെ ലാപ്ടോപ്, മറ്റു ഉപകരണങ്ങൾ എന്നിവയെല്ലാം ഹാക്ക് ചെയ്യാനാണ് പദ്ധതി. എന്നാൽ ഹാക്കിങ്ങിന് ശ്രമിച്ചാൽ ചില രേഖകൾ നഷ്ടപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ മുന്നറിയിപ്പ് നൽകുന്നത്.

ക്വാഡ്രിഗയുടെ ഇന്‍വെന്ററി ഇപ്പോള്‍ ലഭ്യമല്ല. പണത്തില്‍ കുറെയെങ്കിലും നഷ്ടമായിട്ടുമുണ്ടാകുമെന്നാണ് ജെനിഫര്‍ റോബട്‌സണ്‍ പറയുന്നത്. ക്വാഡ്രിഗയുടെ 28 മില്ല്യന്‍ ഡോളര്‍ കനേഡിയന്‍ ഇംപീരിയല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിലുണ്ട്. പക്ഷേ, ബാങ്ക് അധികൃതര്‍ പറയുന്നത് ഇതിന്റെ ശരയായ ഉടമകളെ കണ്ടെത്താനാകാത്തതിനാല്‍ മടക്കിക്കൊടുക്കാനാവില്ല എന്നാണ്. ഭാര്യ ജെനിഫര്‍ കമ്പനിയിൽ ബിസിനസ് പങ്കാളിയല്ലായിരുന്നു. അവര്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത് ക്വാഡ്രിഗയെപ്പറ്റിയും ജെറാള്‍ഡിന്റെ മരണത്തെ പറ്റിയും നഷ്ടപ്പെട്ടുപോയ കോയിനുകളെക്കുറിച്ചും റെഡിറ്റ് അടക്കമുള്ള പല ഫോറങ്ങളിലും തകൃതിയായി പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുന്നു എന്നാണ്. ജെറാള്‍ഡ് ശരിക്കും മരിച്ചോ എന്നു സംശയമുന്നയിക്കുന്നവര്‍ പോലുമുണ്ടെന്നാണ് ഭാര്യ പറയുന്നത്.

ജെറാള്‍ഡിന്റെ മരണശേഷവും കമ്പനിയുടെ ഓട്ടോമാറ്റിക് സിസ്റ്റം പണം സ്വീകരിച്ചിരുന്നു. ജനുവരി 26നു ഡയറക്ടര്‍മാര്‍ ഇടപെട്ടാണ് അതു നിർത്തിയത്. ജനുവരി 31ന് കമ്പനി നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കണമെന്നു പറഞ്ഞ് സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കോടതി ഈ മാസം വാദം കേള്‍ക്കും. കമ്പനി പറയുന്നത് ഏണസ്റ്റ് ആന്‍ഡ് യങിനെ ഒരു നിഷ്പക്ഷ നിരീക്ഷകനായി നിയമിക്കണമെന്നാണ്.