കാനഡയിലെ ക്രിപ്‌റ്റോകറന്‍സി എക്‌സ്ചേഞ്ച് കമ്പനി നടത്തിക്കൊണ്ടിരുന്നയാള്‍ മരിച്ചതിനെ തുടര്‍ന്ന് ഏകദേശം 190 ദശലക്ഷം ഡോളര്‍ (ഏകദേശം 1363.16 കോടി രൂപ) ഇന്റര്‍നെറ്റിലെ ഏതോ തമോഗര്‍ത്തത്തില്‍ (black hole) നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഇവിടെ  വായിച്ചരിക്കുമല്ലോ. കാനഡയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ച് കമ്പനിയായ ക്വാഡ്രിഗസിഎക്‌സില്‍ (QuadrigaCX) നിക്ഷേപിച്ചവരുടെ തുകയാണ് തിരിച്ചെടുക്കാനാകാതെ പെട്ടു പോയത്. എന്നാല്‍, ഇന്നലെ വന്ന കോടതി വിധി പ്രകാരം നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാനായി 30 ദിവസത്തെ സാവകാശം നല്‍കിയിരിക്കുകയാണ്. ഈ കാലാവധി വേണ്ടിവന്നാല്‍ നീട്ടുകയും ചെയ്യാം. എല്ലാത്തിനും മേല്‍നോട്ടം വഹിക്കാനായ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയെ കോടതി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇത് നിക്ഷേപകരില്‍ പ്രതീക്ഷയുണര്‍ത്തുന്ന കാര്യമാണ്.

നടത്തിപ്പുകകാരനായ ജെറാള്‍ഡ് കോട്ടണ്‍ (30) മരിച്ചത് ഡിസംബറില്‍ ഇന്ത്യയില്‍ ഒരു അനാഥമന്ദിരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ്. കോട്ടന്റെ ഭാര്യയായ ജെനിഫര്‍ റോബട്‌സണ്‍ പറയുന്നത് നിക്ഷേപകര്‍ക്ക് തങ്ങള്‍ ഏകദേശം 190 ദശലക്ഷം ഡോളര്‍ തിരിച്ചു നല്‍കാനുണ്ടെന്നാണ്. പക്ഷേ, ഈ ക്രിപ്‌റ്റോകറന്‍സി ഇപ്പോള്‍ 'കോള്‍ഡ് സ്‌റ്റോറെജിലാണ്'. ക്വാഡ്രിഗയുടെ ഇന്‍വെന്ററി ഇപ്പോള്‍ ലഭ്യമല്ല. പണത്തില്‍ കുറച്ചെങ്കിലും നഷ്ടമായിട്ടുമുണ്ടാകും എന്നുമാണ് അവര്‍ പറയുന്നത്.

ജെനിഫറിന്റെ കയ്യില്‍ കമ്പനിയുടെ ഇടപാടുകള്‍ മുഴുവന്‍ നടത്തിയിരുന്ന ജെറാള്‍ഡിന്റെ ലാപ്‌ടോപ് ഉണ്ട്. പക്ഷേ, അവര്‍ക്ക് അത് ഓപണ്‍ ചെയ്യാനാവുന്നില്ല. എല്ലാം എന്‍ക്രിപ്റ്റ് ചെയ്തിരിക്കുകയാണ്. തനിക്കതിന്റെ പാസ്‌വേഡോ, റിക്കവറി കീയോ അറിയില്ല. ആവര്‍ത്തിച്ചും ശ്രദ്ധാപൂര്‍വ്വവും നടത്തിയ അന്വേഷണങ്ങളൊന്നും ഉത്തരം നല്‍കിയില്ല. ഒരിടത്തും ഇതൊന്നും എഴുതി വച്ചിരിക്കുന്നതായും കണ്ടില്ല.

കോടതിയുടെ ഇടപെടല്‍

കമ്പനീസ് ക്രെഡിറ്റേഴ്‌സ് അറേഞ്ച്‌മെന്റ് ആക്ട് പ്രകാരം കമ്പനിക്ക് നിക്ഷേപകരോടുള്ള കടമ നിറവേറ്റാന്‍ സമയം അനുവദിക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്. കോള്‍ഡ് വോലറ്റുകളില്‍ സൂക്ഷിച്ചിരിക്കുന്ന ക്രിപ്‌റ്റോ കറന്‍സി കണ്ടെത്താനുള്ള ശ്രമം തുടങ്ങാന്‍ പോകുകയാണ്. ഡിജിറ്റല്‍ കോയിനുകള്‍ അടങ്ങുന്ന കോള്‍ഡ് വോലറ്റുകള്‍ എന്‍ക്രിപ്റ്റഡാണ് എന്നതു കൂടാതെ അവ ഓഫ്‌ലൈനുമാണ്. ഇത് ഹാക്കിങ്ങില്‍ നിന്നും മോഷ്ടാക്കളില്‍ നിന്നും രക്ഷിക്കാനായി ചെയ്തരിക്കുന്ന കാര്യമാണ്. ഇനി നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ ബിറ്റ്‌കോയിനെക്കുറിച്ച് ഇതുവരെ അറിയാത്ത ഉള്‍ക്കാഴ്ചകള്‍ തന്നേക്കുമെന്നാണ് ടെക് ലോകം കരുതുന്നത്.

ബിറ്റ്‌കോയിന്‍ അല്ലെങ്കില്‍ അതിന്റെ പാസ്‌വേഡ് നഷ്ടപ്പെട്ടാല്‍ എന്തു സംഭവിക്കും? ചില പൊതു ധാരണകള്‍

ബിറ്റ്‌കോയിന്‍ ചരിത്രത്തിലെ ദുരന്ത കഥാപാത്രങ്ങളിലൊരാളാണ് ബ്രിട്ടനില്‍ നിന്നുള്ള ജെയിംസ് ഹോവെല്‍സ്. 7500 ബിറ്റ്‌കോയിനുകള്‍ അടങ്ങുന്ന ഹാര്‍ഡ് ഡ്രൈവാണ് അദ്ദേഹത്തിനു നഷ്ടപ്പെട്ടത്! എത്ര പേരുടെ ബിറ്റ്‌കോയിന്‍ ഇങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ടെന്നു കണക്കെടുക്കാനും സാധ്യമല്ല. ഉടമകള്‍ ബിറ്റ്‌കോയിന്‍ സൂക്ഷിച്ചുവച്ചിരിക്കുന്നതാണോ നഷ്ടപ്പെട്ടിരിക്കുന്നതാണോ എന്നും പറയാനാവില്ലാത്തതാണ് കാരണം.

ബിറ്റ്‌കോയിനുകളുടെ വിനിമയം ബ്ലോക് ചെയ്‌നുകളിൽ രേഖപ്പെടുത്തപ്പെടുന്നുണ്ട്. ജീനിസിസ് ബ്ലോക് ആണ് പ്രൈമറി ബ്ലോക്കുകളിലെ ഡേറ്റാ വിശകലനം ചെയ്യുന്നത്. ജിനിസിസ് ബ്ലോക് ബിറ്റ്‌കോയിന്‍ ചരിത്രത്തിലെ സുപ്രധാന ഏടായി കാണുന്നു. കള്ള ബിറ്റ്‌കോയിനുകളെയും മറ്റും കണ്ടെത്തുന്നത് ജീനിസിസ് ബ്‌ളോക് ആണ്. ഒരോ നല്ല ബിറ്റ്‌കോയിനെയും തിരിച്ചറിയാമെന്നതു കൂടാതെ വ്യാജ ബിറ്റ്‌കോയിന്‍ ഉണ്ടാക്കുന്നത് അസാധ്യമാക്കുന്നതും ജീനിസിസ് ബ്ലോക്കുകളാണ്.

ഒരു നിശ്ചിത എണ്ണം ബിറ്റ്‌കോയിനുകളെ മൊത്തത്തില്‍ മൈന്‍ ചെയ്‌തെടുക്കാനാകൂ. ഇത് 21 ദശലക്ഷം ആയിരിക്കുമെന്നു പറയുന്നു. എന്നാല്‍ നഷ്ടപ്പെട്ട ബിറ്റ്‌കോയിന്‍ കൂടെ കണക്കിലെടുത്താല്‍ 21 ദശലക്ഷത്തിൽ താഴെ ബിറ്റ്‌കോയിനുകളെ ഉണ്ടാക്കാനാകൂവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

നഷ്ടപ്പെട്ട ബിറ്റ്‌കോയിനുകള്‍ തിരിച്ചെടുക്കാനാകുമോ?

പാസ്‌വേഡും മറ്റും നഷ്ടപ്പെട്ടാല്‍ ബിറ്റ്‌കോയിന്‍ തിരിച്ചുകിട്ടുക എന്നു പറയുന്നത് അതീവ ദുഷ്‌കരമായിരിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം, ഇതാണ് ബിറ്റ്‌കോയിനെ സുരക്ഷിതമാക്കുന്നത്. എന്നാല്‍, ചിലര്‍ പറയുന്നത് സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ്. ഉദാഹരണത്തിന് നിങ്ങളുടെ പാസ്‌വേഡിന്റെ എന്തെങ്കിലും സൂചനകള്‍ ഉണ്ടെങ്കില്‍ ശ്രമിച്ചു നോക്കാം. അതുപോലും ഇല്ലെങ്കില്‍ വിട്ടുകളയാ‌മെന്നാണ് ഒരാള്‍ പ്രതരികരിച്ചത്.

ബിറ്റ്‌കോയിന്‍ റിക്കവറി ട്യൂട്ടോറിയലുകള്‍ ഇന്നു ലഭ്യമാണ്. എന്നാല്‍ പലര്‍ക്കും ഇതു നോക്കി ബിറ്റ്‌കോയിന്‍ തിരിച്ചെടുക്കല്‍ എളുപ്പമല്ല. വിരളമായി മാത്രമെ ആളുകള്‍ ഇതിലൂടെ വിജയം കാണാറുള്ളു. കോയിന്‍ബെയ്‌സ് തുടങ്ങിയ വോലറ്റുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അവയില്‍ പാസ്‌വേഡ് റിക്കവറി ഓപ്ഷനുണ്ട് എന്നതാണ് പരിഗണിക്കാവുന്ന മറ്റൊരു സാധ്യത. സുരക്ഷിതമായി പാസ്‌വേഡും മറ്റും സൂക്ഷിക്കുക എന്നതു തന്നെയാണ് ഏറ്റവും നല്ല രീതി.

മരണാനന്തര അവകാശിയെ നിശ്ചയിക്കാനും മറ്റും ഇപ്പോള്‍ സാധ്യമാണ്. പക്ഷേ, അതില്‍ പോലും റിസ്‌കുണ്ട്. എന്തായാലും, കാനഡയില്‍ ഇനി നടക്കാന്‍ പോകുന്ന പാസ്‌വേഡ് റിക്കവറി യജ്ഞം ടെക്‌പ്രേമികളിലും ബിറ്റ്‌കോയിന്‍ ഉടമകളിലും ഒരേപോലേ ഉദ്വേഗം വളര്‍ത്തുന്ന ഒന്നായിരിക്കും.