കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനാഗ്രഹിക്കുന്നവരുടെ വാദങ്ങള്‍ക്കു ലോകം വില കല്‍പ്പിക്കുകയാണെങ്കില്‍ ഇന്ധന ഖനനം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വരാം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭൂമിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണെന്നാണ് അവര്‍ പറയുന്നത്. ഇതിനിടയില്‍ ടെക് കമ്പനികളുടെ ഇരട്ടത്താപ്പ് വെളിവാക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. നിലനില്‍പ്പു മാത്രമാണ് അവര്‍ പരിഗണിക്കുന്നത് എന്നതിനൊരു ഉത്തമോദാഹരണമാണ് അടുത്തിടെ വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന ചടങ്ങിലെ അവരുടെ സാന്നിധ്യമെന്നു പറയുന്നു. 

എണ്ണ ഖനനമടക്കമുള്ള കാര്യങ്ങള്‍ നിര്‍ബാധം തുടരാനാഗ്രഹിക്കുന്ന കമ്പനികളോടു കൈകോര്‍ക്കുകയാണോ പുരോഗമനവാദികളും ഭൂമിയെ സ്‌നേഹിക്കുന്നവരുമെന്നു നടിക്കുന്ന ഈ കമ്പനികള്‍ ചെയ്യുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. അമേരിക്കന്‍ ടെക് ഭീമന്മാരായ ഗൂഗിളും മൈക്രോസോഫ്റ്റും ഫെയ്‌സ്ബുക്കും കാലാവസ്ഥാ മാറ്റത്തെ ചെറുക്കാനുള്ള തങ്ങളുടെ താത്പര്യം മുൻപ് പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കാര്‍ബണ്‍ എമിഷനെ അനുകൂലിക്കുന്ന ഒരു മീറ്റിങ്ങില്‍ അവരുടെ തലകണ്ടത് ടെക് പ്രേമികളില്‍ അമര്‍ഷം വളര്‍ത്തിയിരിക്കുകയാണ്.

വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ലിബര്‍ടികോണ്‍ (LibertyCon) എന്ന കോണ്‍ഫറന്‍സിലെ വിവിധ പ്രോഗ്രാമുകളുടെ സ്‌പോണ്‍സര്‍മാരായിരുന്നു ഇവര്‍ എന്നതാണ് ഈ കമ്പനികളെ ഇപ്പോള്‍ പ്രതിസ്ഥാനത്തു നിർത്തുന്നത്. കാലാവസ്ഥാ വ്യതിയാനം നടക്കുന്നില്ല, അല്ലെങ്കില്‍ അത് നല്ലതാണെന്നു വാദിക്കുന്ന കോണ്‍ഫറന്‍സായിരുന്നു ഇത്. ഈ കമ്പനികളില്‍ ഏറ്റവുമധികം തുക നല്‍കിയത് ഗൂഗിളാണ്, 25,000 ഡോളര്‍. മൈക്രോസോഫ്റ്റും ഫെയ്സ്ബുക്കും 10,000 ഡോളര്‍ വീതം നല്‍കി. പൈസ നല്‍കിയത് കൂടാതെ കാലാവസ്ഥാ ശാസ്ത്രത്തെ ആക്രമിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ സംഘടനകള്‍ക്കൊപ്പം വേദി പങ്കിട്ടതാണ് കൂടുതല്‍ ആളുകളെ ചൊടിപ്പിച്ചിരിക്കുന്നത്.

കാര്‍ബണ്‍ ഡൈഓക്‌സൈിന്റെ അളവു കൂടുന്നത് ഭൂമിക്കു നല്ലതാണെന്നതു പോലെയുളള ആശയങ്ങളാണ് ഈ കോണ്‍ഫറന്‍സ് ഉയര്‍ത്തിപ്പിടിച്ചത്. മീറ്റിങ്ങില്‍ വിതരണം ചെയ്യപ്പെട്ട ഒരു ലഘുലേഖ പറയുന്നത് കൂടുതല്‍ കാര്‍ബണ്‍ എല്ലാവര്‍ക്കും ഗുണകരമാണെന്നാണ്. ഇത് നമ്മളുടെ കുടുംബങ്ങളുടെ ഭാവി തലമുറകള്‍ക്കു പോലും നല്ലതാണെന്നും പറയുന്നു. അടുത്തകാലത്ത് കാര്‍ബണിന്റെ (CO2) അളവിലുണ്ടായ വര്‍ധനവ് സസ്യജാലങ്ങള്‍ക്ക് വളരെ നല്ലതായി ഭവിച്ചിട്ടുണ്ടെന്നാണ് അവര്‍ വാദിക്കുന്നത്. സിഒടു കോയലിഷന്‍ ( CO2 Coalition) എന്നറിയപ്പെടുന്ന സംഘടന മുന്നോട്ടു വയ്ക്കുന്ന ചില ആശയങ്ങളാണ് ഇവിടെ പ്രചരിപ്പിക്കപ്പെട്ടത്. കാര്‍ബണ്‍ ഡൈഓക്‌സൈഡും ഫോസില്‍ ഫ്യൂവലുകളും നമ്മളുടെ ജീവിതത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരമാണെന്നാണ് അവര്‍ വാദിക്കുന്നത്. ഈ സംഘടനയ്ക്കു വേണ്ട മൂലധനം നല്‍കുന്നത് ചാള്‍സ് കോച് ഇന്‍സ്റ്റിറ്റിയൂട്ടാണ്. ഈ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പിന്നില്‍ എണ്ണ-വാതക ഭീമന്‍ കോച് ഇന്‍ഡ്‌സ്ട്രീസാണ്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നവരുടെ നീക്കങ്ങളെ കളിയാക്കുന്നതില്‍ കുപ്രസിദ്ധി നേടിയ കെയ്‌ലെബ് റോസിറ്ററുടെ സാന്നിധ്യവും ഉണ്ടായിരുന്നു. കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ അളവു വര്‍ധിക്കുന്നുവെന്ന വാര്‍ത്ത കേള്‍ക്കുമ്പോഴൊക്കെ താന്‍ അതിനെ ഹര്‍ഷാരവത്തോടെ എതിരേല്‍ക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞതത്രെ. കാരണം അത് ശരാശരി ആയുസ് വര്‍ധിപ്പിക്കുന്നുവത്രെ.

കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നില്ലെന്ന വാദവുമായി 200,000 അധ്യാപകര്‍ക്ക് ലഘുലേഖകള്‍ അയച്ച് ദുഷ്‌കീര്‍ത്തിയാര്‍ജ്ജിച്ച ദി ഹാര്‍ട്ട്‌ലന്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ടായിരുന്നു മറ്റൊരു സ്‌പോണ്‍സറര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പാരിസ് കാലാവസ്ഥാ ഉച്ചകോടിയില്‍ നിന്ന് പിന്തിരിപ്പിച്ചത് ഇവരാണെന്നാണ് വിശ്വസിക്കുന്നത്. ഇവരാകട്ടെ ഇന്ധനോത്പാദന മേഖലയിലെ സ്വകാര്യ ഭീമന്മാരായ എക്‌സോണ്‍മോബിലില്‍ (ExxonMobil) നിന്ന് 676,500 ഡോളര്‍ കൈപ്പറ്റിയിട്ടുണ്ടത്രെ.

ഇത്തരക്കാരോട്, ഗൂഗിളും ഫെയ്‌സ്ബുക്കും പോലെയുള്ള കമ്പനികള്‍ കൈകോര്‍ക്കുന്ന കാര്യം പലര്‍ക്കും ചിന്തിക്കാന്‍ സാധിക്കുന്നതിനപ്പുറമാണ്. എന്താണിതിനു കാരണം? ഒരു വശത്ത് ഇന്ധന ഖനനമാണ് നടക്കുന്നതെങ്കില്‍ മറുവശത്ത് ഡേറ്റാ ഖനനമാണ് നടക്കുന്നത്. ഡേറ്റാ ഖനനത്തില്‍ ഏര്‍പ്പെടുന്ന ഇന്റര്‍നെറ്റ് കമ്പനികളാണ്. ഇവരുടെമേലും താമസിയാതെ പിടിവീണേക്കാം എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഗൂഗിള്‍ സ്‌പോണ്‍സര്‍ ചെയ്ത പ്രോഗ്രാമുകള്‍ രണ്ടും ഇന്റര്‍നെറ്റിന്റെ പ്രവര്‍ത്തനത്തില്‍ സർക്കാരുകള്‍ ഇടപെടരുതെന്ന പ്രതിപാദ്യവിഷയങ്ങളായിരുന്നുവെന്നു കാണാം.

കരുത്തുറ്റ ടെക്‌നോളജി നിയമങ്ങള്‍ ആവശ്യമാണെന്നു തന്നെയാണ് തങ്ങളുടെ പക്ഷമെന്ന് ഗൂഗിള്‍ പിന്നീട് വാദിച്ചെങ്കിലും അവര്‍ സ്‌പോണ്‍സര്‍ ചെയ്ത പ്രോഗ്രാമുകള്‍ അവരുടെ ശരിയായ ലക്ഷ്യം വെളിവാക്കുന്നു. ഡേറ്റാ ഖനനത്തിലൂടെ പരിധിയില്ലാത്ത ധനം സമ്പാദിക്കുന്നുവെന്ന ആരോപണം നേരിടുന്ന കമ്പനിയാണ് ഫെയ്‌സ്ബുക്. ഇവരുടെയൊക്കെ തനിനിറം വെളിവാക്കുന്നതായിരുന്നു കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നവരെ എതിര്‍ക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള തീരുമാനമെന്നാണ് ഇപ്പോള്‍ ടെക് ജേണലിസ്റ്റുകള്‍ക്കിടയിലെ സംസാര വിഷയം.