ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റു ചെയ്യുമ്പോള്‍ വമ്പന്‍ കമ്പനികള്‍ക്കു പോലും പാളിച്ചകള്‍ പറ്റാറുണ്ട്. ഐഒഎസ് 12ല്‍ എത്തിയ ഗ്രൂപ് ഫെയ്സ്ടൈം (Group FaceTime) കോളില്‍, കഴിഞ്ഞ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റില്‍ ഒരു ലജ്ജാകരമായ ബഗ് കടന്നുകൂടിയിരുന്നു. ഐഫോണിലൂടെയോ, ഐപാഡിലൂടെയോ, മാകിലൂടെയോ, ഗ്രൂപ് ഫെയ്‌സ്‌ടൈം വിഡിയോ കോള്‍ നടത്തിയാല്‍ മറുതലയ്ക്കലുള്ള ആളുകള്‍ കോള്‍ എടുക്കുന്നതിനു മുൻപു തന്നെ അവരുടെ വീട്ടിലെ സംഭാഷണങ്ങള്‍ കേള്‍ക്കാനാകുമായിരുന്നു.

സാധാരണ ഇത്തരം പ്രശ്‌നങ്ങള്‍ സുരക്ഷാ ഗവേഷകരുടെ ശ്രദ്ധയില്‍പെടുകയാണുണ്ടാകുക. പക്ഷേ, ഇത്തവണ കാറ്റലാണിയ ഫുട്ഹില്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ ഗ്രാന്റ് റ്റോംപ്‌സണാണ് ഈ ബഗ് കണ്ടെത്തി ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രശ്‌നം കണ്ടെത്തിയ 14 കാരനായ റ്റോംപ്‌സണ്‍ തന്റെ അമ്മ മിഷെലിനോട് ഇത് വലിയ വാര്‍ത്തയാകുന്നതിനു മുൻപെ ആപ്പിളിനെ അറിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അമ്മ ട്വിറ്ററില്‍ ഈ വിവരം ആപ്പിളിനെ അറിയിക്കുകയും ഈ ഫങ്ഷന്‍ താത്കാലികമായി നിർത്താൻ പറയുകയും ചെയ്തു. 

റ്റോംപ്‌സണ്‍ ഇതു കണ്ടെത്തി ഏതാനും ദിവസത്തിനുള്ളില്‍ നിരവധി പേര്‍ ഇതു കണ്ടെത്തുകയും ആപ്പിള്‍ ഉപകരണങ്ങള്‍ക്ക് അടുത്തകാലത്തു വന്ന ഏറ്റവും വലിയ പ്രശ്‌നമായി ഉയര്‍ത്തിക്കാണിക്കുകയുമായിരുന്നു. ആപ്പിളിന് ഈ പ്രശ്‌നം ബോധ്യപ്പെടുകയും റ്റോംപ്‌സണ്‍ന്റെ കുടുംബത്തിനു മൊത്തമായും കുട്ടിക്കു പ്രത്യേകമായും പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തുക എത്രയാണെന്നു വെളിപ്പെടുത്തിയിട്ടില്ല. റ്റോംപ്‌സണ്‍ന്റെ തുടര്‍ വിദ്യാഭ്യാസത്തിനായിരിക്കും കൂടുതല്‍ സഹായം നല്‍കുക.

ഗ്രൂപ് ഫെയ്‌സ്‌ടൈം താത്കാലികമായി നിർത്തിവയ്ക്കുയായിരുന്ന ആപ്പിള്‍ ആദ്യം എടുത്ത നടപടി. തുടര്‍ന്ന് അവര്‍ തങ്ങളുടെ ഉപയോക്താക്കളോട് ക്ഷമാപണം നടത്തുകയും ചെയ്തു. ഇപ്പോള്‍ ഇറക്കിയ ഐഒഎസ് 12.1.4, മാക്ഒഎസ് മൊഹാവെ 10.14.3 എന്നിവ ഈ പ്രശ്‌നം പരിഹരിക്കാനായി ഉളളവയാണ്. ഇവ ഉപയോക്താക്കള്‍ എത്രയും വേഗം ഇന്‍സ്‌റ്റാള്‍ ചെയ്യണമെന്നും ആപ്പിള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഐഫോണ്‍ വില്‍പ്പന കുറവ്; പ്രധാന റീട്ടെയിൽ എക്‌സിക്യൂട്ടീവ് രാജിവച്ചു

ആപ്പിള്‍ കമ്പനിയുമായി ബന്ധപ്പെട്ട മറ്റോരു വാര്‍ത്തയില്‍, അവരുടെ പ്രധാന റീട്ടെയ്‌ലിങ് എക്‌സിക്യൂട്ടീവ് എയ്ഞ്ചല (Angela Ahrendts) രാജിവച്ചതായി പറയുന്നു. ഐഫോണുകളുടെ വില്‍പ്പനയില്‍ വന്ന ഇടാവായിരിക്കാം ഇതിന്റെ കാരണമെന്നാണ് കേള്‍ക്കുന്നത്. അഞ്ചു വര്‍ഷമായി കമ്പനിക്കു വേണ്ടി ജോലി ചെയ്തിരുന്ന അവരുടെ കീഴിലായിരുന്നു ആപ്പിളിന്റെ 506 റീട്ടയില്‍ സ്ഥാപനങ്ങളും ഇകൊമേഴ്‌സ് സേവനങ്ങളും.

ഉപയോക്താക്കള്‍ തങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണുകള്‍ കളയാന്‍ വിസമ്മതിക്കുന്നതാണ് ഐഫോണ്‍ വില്‍പ്പന കുറയുന്നതിന്റെ കാരണമെന്നു പറയുന്നു. പുതിയ ഫീച്ചറുകള്‍ ഈ ഉപയോക്താക്കള്‍ക്ക് അര്‍ഥവത്തായ മാറ്റങ്ങള്‍ കൊണ്ടുവരുന്നില്ല. ഇതിനെതിരെ ആപ്പിളിന് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടതായി വരും. ആരവങ്ങളോടെ കമ്പനിയിലെത്തിയ എയ്ഞ്ചലയ്ക്ക് ആപ്പിളിനൊപ്പം പ്രവര്‍ത്തിക്കാന്‍ അഞ്ചു വര്‍ഷം മുൻപ് 70 ദശലക്ഷം ഡോളര്‍ വിലവരുന്ന ഷെയറുകളാണ് കമ്പനി നല്‍കിയത്. ഒരു വര്‍ഷത്തിനു ശേഷം 26.5 ദശലക്ഷം ഡോളര്‍ പാക്കേജ് നല്‍കിയതായും പറയുന്നു.