വെള്ളിനേഴിയെ കലാഗ്രാമമായി പ്രഖ്യാപിക്കുന്ന പ്രമേയം മലയാള മനോരമ സംഘടിപ്പിച്ച സെമിനാറിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ജി. ഗീത അന്നത്തെ മന്ത്രി എ.പി. അനിൽകുമാറിനു സമർ‌പ്പിക്കുന്നു. മലയാള മനോരമ വാരിക എ‍ിറ്റർ ഇൻ ചീഫ് കെ.എ.ഫ്രാൻസിസ്, കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ പി.എൻ.സുരേഷ്, കെ.എസ്. അന്നത്തെ എംഎൽ കെ.എസ്. സലിഖ,കഥകളി ആചാര്യൻ കലാമണ്ഡലം രാമൻകുട്ടി നായർ എന്നിവർ സമീപം

വള്ളുവനാടിന്റെ സംസ്കാരിക കേന്ദ്രമായ വെള്ളിനേഴി കലാഗ്രാമത്തിന്റെ ആസ്ഥാന മന്ദിര നിർമാണം പൂർത്തിയാകുന്നു. കേരളീയ വാസ്തുവിദ്യയിൽ നിർമിച്ചതാണ് ഈ സാംസ്കാരിക സമുച്ചയം. സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച രണ്ടു കോടി രൂപ ഉപയോഗിച്ച് പാലക്കാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരത്തെ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ് ഇതു പൂർത്തിയാക്കിയത്.

2012 ഒക്ടോബറിൽ മലയാള മനോരമ ഒളപ്പമണ്ണ മനയിൽ സംഘടിപ്പിച്ച സെമിനാറിൽ വച്ച് അന്നത്തെ ടൂറിസം മന്ത്രി എ.പി.അനിൽകുമാറാണ് ഈ പ്രദേശത്തെ കലാഗ്രാമമായി പ്രഖ്യാപിച്ചത്.തുടർന്ന് മലയാള മനോരമ അന്നത്തെ എം എൽ എ ആയിരുന്ന കെ.എസ്.സലീഖയുമായി ചേർന്നു നടത്തിയ പരിശ്രമത്തിന്റെ ഫലമായി ടൂറിസം വകുപ്പ് സമുച്ചയ നിർമാണത്തിന് രണ്ടു കോടി രൂപയുടെ ഭരണാനുമതി നൽകി.ഒരു കോടി രൂപ എം എൽ എ ഫണ്ടും ഒരു കോടി രൂപ ടൂറിസം ഫണ്ടും ഉൾപ്പെടുന്നതാണിത്.പിന്നീട് എം എൽ എ ഫണ്ടിനു ഭരണാനുമതി ലഭിക്കാത്തതിനെത്തുടർന്ന് ടൂറിസം വകുപ്പ് ഒരു കോടി രൂപ കൂടി അനുവദിച്ചു.ഈ തുക ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാകുന്നത്.85 കോടി രൂപയുടെ സമഗ്ര രൂപരേഖയാണു കലാഗ്രാമത്തിനായി തയാറാക്കിയിട്ടുള്ളത്. 

കലാഗ്രാമത്തിലേക്ക് 

പാലക്കാട് - കോഴിക്കോടു പാതയിൽ ചെർപ്പുളശ്ശേരിക്കു സമീപമാണു പ്രകൃതി രമണീയമായ ഈ വള്ളുവനാടൻ ഗ്രാമം.കലാഗ്രാമമാണെന്നു തോന്നിക്കുന്ന അറിയിപ്പുകളൊന്നും വഴിയിലുണ്ടാകില്ല.എന്നാൽ ലോകത്തിലെ ഏതൊരു പൈതൃക കേന്ദ്രങ്ങളെയും പോലെ സാംസ്കാരിക സവിശേഷതകൾ ഈ പ്രദേശത്തിനുണ്ട്. സമ്പന്നമായ ചരിത്രമാണതിന്റെ ഉള്ളടക്കം .കലാ രൂപങ്ങളുടെ മൗലികതയാണു മുഖത്തെഴുത്ത്. ഉടുത്തു കെട്ടിയ പച്ചവേഷം പോലെയെന്നു ചരിത്രകാരൻ സർദാർ കെ.എം. പണിക്കർ ഈ സൗന്ദര്യത്തെവിശേഷിപ്പിച്ചതിൽ അതിശയോക്കിയില്ലെന്നു തിരിച്ചറിയുന്ന കഥകളും കാഴ്ചകളുമാണ് ഈ ഗ്രാമം പങ്കുവയ്ക്കുന്നത്. നെടുങ്ങനാടിന്റെ ഭാഗമായിരുന്ന ഈ പ്രദേശം നെടുങ്ങാതിരിമാരുടെ ഭരണത്തിനു കീഴിലായിരുന്നു. പിന്നീട് കോഴിക്കോടു സാമൂതിരിയുടെ ഭരണത്തിലായി.അദ്ദേഹത്തിനു വേണ്ടി നാടു വാണിരുന്ന ഇളമുറത്തമ്പുരാനായ ഏറാൾപ്പാടി നായിരുന്നു ഈ പ്രദേശത്തിന്റെ മേൽനോട്ടം.ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള കരിമ്പുഴ കോവിലകം കേന്ദ്രീകരിച്ചായിരുന്നു ഏറാൾപ്പാടുമാരുടെ രാജ്യഭാരം.അവർ ചുമതല ഏൽക്കുമ്പോൾ നടത്തുന്ന ആഘോഷപൂർണമായ കൊട്ടിച്ചെഴുന്നള്ളത്തെന്ന ഘോഷയാത്ര കടന്നു പോയിരുന്നത് കലാഗ്രാമം പ്രദേശങ്ങളിലൂടെയാണ്. 

ഒളപ്പമണ്ണ മനയിൽ മലയാളമനോരമ സംഘടിപ്പിച്ച സെമിനാർ,ഒളപ്പമണ്ണ മന, മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്റെ ഉപദോശകൻ ടി.കെ.എ. നായർ വെള്ളിനേഴി സന്ദർശിച്ചപ്പോൾ, മലയാളമനോരമയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം എത്തിയത്

ഒളപ്പമണ്ണ മന

ഇവിടത്തെ പ്രാദേശിക ദേവാഴികളായിരുന്ന ഒളപ്പമണ്ണമനക്കാർ വള്ളുവക്കോനാതിരിയുടെ പക്ഷക്കാരായിരുന്നു. തിരുമാന്ധാംകുന്നിലമ്മയാണു പരദേവത. ഇതിൽ അസ്വസ്ഥനായ സാമൂതിരി മനയുടെ പടിപ്പുര തകർത്തു കളയാൻ സേനാനായകനായ കണ്ണമ്പ്ര നായരോട് ആവശ്യപ്പെട്ടത്രേ. ബ്രാഹ്മണ ഭക്തനായ അദ്ദേഹം സ്വന്തം വീട്ടിന്റെ പടിപ്പുരയ്ക്കു തീവച്ച ശേഷമാണത്രെ മനയുടെ പടിപ്പുര തകർത്തത്. ഒളപ്പമണ്ണമനയ്ക്ക് ഇപ്പോഴും പടിപ്പുര ഇല്ല. എട്ടുകെട്ടിനുള്ളിൽ തിരുമാന്ധാംകുന്ന് ഭഗവതിയെ കുടി വച്ചിട്ടുണ്ട്.തിരുമാന്ധാംകുന്നിലെ പൂരം പടഹാരമൊഴികെയുള്ള ദിവസങ്ങളിലെല്ലാം ഇവിടെ കളമെഴുത്തുപാട്ടു പതിവുണ്ട്. അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു കലാരൂപമാണിത്.സാമൂതിരിക്കാലത്തെ വീരരായ നാണയമുൾപ്പടെയുള്ള പുരാവസ്തുക്കൾ സമാഹരിച്ച് ഇവിടെ ഒരു മ്യൂസിയം ഒരുക്കിയിട്ടുണ്ട്. സിനിമാ ചിത്രീകരണത്തിനും മന വേദിയാകുന്നുണ്ട്. വാനപ്രസ്ഥം പോലെയുള്ള സിനിമകളിൽ ആ സാന്നിധ്യമുണ്ട്. തികഞ്ഞ കലാസ്വാദകരായിരുന്നു മനയിലുണ്ടായിരുന്നത്. ഇവിടത്തെ കാരണവരായിരുന്ന ചിത്രഭാനു നമ്പൂതിരിപ്പാടിന്റെ (ചെറിയ അപ്ഫൻ) കാലത്താണ് (1850–55) കഥകളിയിലെ ഏറ്റവും വലിയ പരിഷ്കാരം നടന്നത്.  കല്ലുവഴിചിട്ടയായിരുന്നു അത്. അതെപ്പറ്റി കഥകളി നിരൂപകൻ ഡോ. വെള്ളിനേഴി അച്യുതൻകുട്ടി വിശദീകരിക്കുന്നു:

‘കല്ലടിക്കോടൻ സമ്പ്രദായത്തിന്റെ പ്രയോക്താവായിരുന്ന കുത്തന്നൂർ ശങ്കുപ്പണിക്കർ കരുമാനശ്ശേരി കൃഷ്ണൻകുട്ടി ഭാഗവതർ എന്നിവർ ചേർന്നു ചിട്ടപ്പെടുത്തിയതാണത്. കല്ലടിക്കോടൻ സമ്പ്രദായത്തിന്റെ ആംഗികാഭിനയ വൈശിഷ്ട്യവും നാട്യ ശാസ്ത്ര നിബദ്ധമായ ഭാവസ്ഫുരണവും കഥകളിയുടെ മേള പദ്ധതിയിലേക്കു സമന്വയിപ്പിച്ചതാണിത്. മെയ്യൊതുക്കി പറവട്ടത്തിൽ ആവാഹിച്ചതാണിത്. ’ ഈ ചിട്ട ആദ്യമായി അഭ്യസിച്ചവരിൽ പ്രമുഖരായ കുയിൽത്തൊടി ഇട്ടിരാരിച്ചമേനോനും നല്ലൂർ ഉണ്ണീരിമേനോനും സമീപത്തുള്ള കല്ലുവഴിക്കാരായതിനാലാണ് ആ പേരു വന്നത്. ഇട്ടിരാരിച്ച മേനോനു ശേഷം പട്ടിക്കാംതൊടി രാമുണ്ണിമേനോൻ അദ്ദേഹത്തിന്റെ കലാകിരീടത്തിന്റെ നേരവകാശിയായി. അദ്ദേഹം വരുത്തിയ പരിഷ്കാരങ്ങളാണ് പിൽക്കാലത്തു കല്ലുവഴിചിട്ടയുടെ അടിസ്ഥാനമായത്.

പിൽക്കാലത്ത് കേരള കലാമണ്ഡലം രൂപീകരിച്ചപ്പോൾ മഹാകവി വള്ളത്തോൾ പട്ടിക്കാംതൊടിയെ അവിടെ ഗുരുവായി നിയമിച്ചു. അതോടെ ഈ സമ്പ്രദായം കഥകളിയിൽ വേരുറച്ചു. പത്മശ്രീ പുരസ്കാരം ലഭിച്ച വാഴേങ്കട കുഞ്ചുനായർ, കീഴ്പ്പടം കുമാരൻ നായർ, പത്മഭൂഷൻ ലഭിച്ച കലാമണ്ഡലം രാമൻകുട്ടി നായർ തുടങ്ങിയ വലിയൊരു നിര അദ്ദേഹത്തിന്റെ ശിഷ്യന്മാരായുണ്ട്. അവരിൽ പലരും വെള്ളിനേഴിയുടെയും ഒളപ്പമണ്ണക്കളരിയുടെയും ഭാഗമായി നിന്നവരാണ്.  ശാസ്ത്രീയ സംഗിതത്തിന്റെ ഇതിഹാസം ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ആദ്യകച്ചേരിക്കു വേദിയായത് ഒളപ്പമണ്ണ മന കാന്തള്ളൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ്. മനയുടെ വകയായ ഒറ്റപ്പാലത്തെ പൂഴിക്കുന്നു ക്ഷേത്രത്തിൽ കച്ചേരികഴിഞ്ഞ ശേഷമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നതും യാദൃശ്ചികമാകാം. 

മഹാകവി ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്, ഋഗ്വേദം മലയാളത്തിലേക്കു പരിചയപ്പെടുത്തിയ ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട്, സംസ്കൃത പണ്ഡിതൻ ഡോ. ഒ.എം. അനുജൻ, ബാലസാഹിത്യകാരി സുമംഗല, ആർക്കിടെക്ട് ഒ.എൻ. ദാമോദരൻ നമ്പൂതിരിപ്പാട്, എന്നിവരൊക്കെ ഒളപ്പണ്ണ പാരമ്പര്യത്തിന്റെ കണ്ണികളാണ്.   

അവർ നടന്നു ഈ വഴികളിൽ 

കേരള കലാമണ്ഡലം, ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ കലാനിലയം, ഡൽഹി സ്കുൾ ഓഫ് കഥകളി, എന്നീ പ്രമുഖ സ്ഥാപനങ്ങളുടെയെല്ലാം തലപ്പത്തു വെള്ളിനേഴിക്കാരായ കലാകാരന്മാരുണ്ടായിരുന്നു. ഇപ്പോൾ കല്ലുവഴിചിട്ടയുടെ ആറാം തലമുറയുടെ കാലമാണ്.സർവകലാവല്ലഭനായ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ, മദ്ദളവിദഗ്ധനായ അച്ചുക്കുട്ടിപ്പൊതുവാൾ, അനശ്വര ഗായകൻ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് തുടങ്ങിയ വലിയൊരു താരനിരയുടെ സ്മരണകളുണ്ട് ഈ ഗ്രാമത്തിന്. ഇവിടത്തെ നാട്ടുവഴികളിലൂടെ സാധാരണക്കാരായി കുശലം പറഞ്ഞു നീങ്ങിയ ഈ കലാകാരന്മാരുടെ കഥകൾ ഇവിടെത്തെ നാട്ടുവഴികൾക്കു പറയാനുണ്ട്. 

കഥകളിക്കോപ്പു നിർമാണത്തിനു പുതിയ പരിഷ്ക്കാരങ്ങൾ വരുത്തിയ തേലേക്കാട്ടു മാധവൻ നമ്പൂതിരി, കോതാവിൽ കൃഷ്ണൻ ആചാരി, മകൻ കോതാവിൽ രാമൻകുട്ടി എന്നിവരും ഇന്ന് ഓർമയാണ്. കഥകളിയുടെ അരികു ചേർന്നു നിന്ന വേഷങ്ങളായ ആശാരി, ചുവന്നതാടി എന്നിവയ്ക്കും വെള്ളിനേഴി പുതിയ ഭാഷ്യമെഴുതി. കരിയാട്ടിൽ കോപ്പൻ നായർ ആശാരി വേഷത്തിലും മകൻ വെള്ളിനേഴി നാണുനായർ ചുവന്ന താടി വേഷത്തിലും പുതിയ വഴികൾ വെട്ടിത്തുറന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കു സമർപ്പിച്ചതാണ് വെള്ളിനേഴി നാണുനായർ കലാകേന്ദ്രം. ഇവിടത്തെ വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന താടിയരങ്ങ് ദേശീയ പ്രശസ്തിയാർജിച്ച കഥകളി ഉത്സവമാണ്. 

കളമെഴുത്ത്

കലാരൂപങ്ങൾ

വെള്ളിനേഴിയുടെ സംഭാവന കഥകളിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. നാൽപതിലേറെ കലാരൂപങ്ങളും അതിനെ ഉപാസിക്കുന്ന ആയിരത്തിലേറെ കലാകാരന്മാരുമുണ്ട് ഇവിടെ. പൂതൻതിറ, പരിചമുട്ടുകളി, പുള്ളുവൻപാട്ട്, ഭഗവതിപ്പാട്ട്, അയ്യപ്പൻവിളക്ക്, ഓട്ടൻതുള്ളൽ, ചാക്യാർ കൂത്ത്, നൃത്തങ്ങൾ, ചെണ്ട, ഇലത്താളം, തിരുവാതിരക്കളി, ശിൽപ നിർമാണം, നാടകം, ചിത്രമെഴുത്ത്, ഇങ്ങനെ നീളുന്നതാണിവിടത്തെ കലാരൂപങ്ങളുടെ പട്ടിക. പൈതൃക പട്ടികയിൽ ഇടം നേടിയ ആറന്മുളകണ്ണാടിക്കു സമാനമായ അടയ്ക്കാപുത്തൂർ ലോഹ  കണ്ണാടി ഈ നാടിന്റെ പൈതൃക സ്വത്താണ്. കഥകളി പാഠ്യ പദ്ധതിയിലുൾപ്പെടുത്തിയിരുന്ന കേരളത്തിലെ മൂന്നു വിദ്യാലയങ്ങളിൽ ഒന്നായിരുന്നു വെള്ളിനേഴി. ഇപ്പോഴത് ഓർമയാണ്.  

ഗ്രാമക്കാഴ്ചകൾ 

വേനലിലും നിറഞ്ഞൊഴുകുന്ന കുന്തിപ്പുഴയ്ക്കു കാവൽ നിൽക്കുന്ന കുളക്കാടൻ മലകൾ .  കുടപിടിക്കുന്ന വൻ മരങ്ങൾ.  തോരണം തൂക്കുന്ന വള്ളിച്ചെടികൾ, കുളങ്ങൾ, പാടങ്ങൾ, പാടുന്ന പക്ഷികൾ ഇതൊക്കെയാണിവിടത്തെ ഗ്രാമീണക്കാഴ്ചകൾ. വാദ്യകലാകാരന്മാരുടെ ഉപാസനാ മൂർത്തിയായ ചെങ്ങണിക്കോട്ടു ഭഗവതി, വിഷുവിനു മാത്രമാണ് ഇവിടത്തെ കിഴക്കേ നട തുറക്കുക. നട്ടുച്ചയ്ക്കും ഇരുട്ടാണ് ഈ പടവുകളിൽ. പന്തലിട്ടു നിൽക്കുന്ന മരങ്ങളൊരുക്കുന്ന തണൽ ഇവിടെയുള്ള ശിവക്ഷേത്രം ശങ്കരാചാര്യർ പ്രതിഷ്ഠിച്ചതാണത്രേ. ഏതാനും നാഴിക ദൂരമേയുള്ളൂ ആറാട്ടു കടവിലേക്ക്. ഈ തീരത്തു നിന്നു  നാരായണ മംഗലം മനക്കാർ എടുത്തു വളർത്തിയ കുഞ്ഞാണത്രേ നാറാണത്തു ഭ്രാന്തനെന്ന പേരിൽ പ്രസിദ്ധനായത്. തീരത്തുതന്നെ കരിങ്കല്ലിൽതീർത്ത ഒരു ചുമടുതാങ്ങിയുണ്ട് (അത്താണി) കീഴ്പ്പടം കുമാരൻ നായർ തന്റെ ഗുരുവിന്റെ സ്മരണയ്ക്കു തീർത്ത സ്മാരകമാണിത്. മഹാശിലായുഗക്കാലത്തെ രണ്ടു ഗുഹകളും ഇവിടെ കണ്ടെടുത്തിട്ടുണ്ട്.  കലാഗ്രാമത്തിലെ കാഴ്ചകൾ അവസാനിക്കുന്നില്ല...