ഉണ്ടാൽ തീരാത്ത നെല്ലു നിറഞ്ഞ അറപ്പുരകൾ, കൃഷിക്കാർ, കാര്യസ്ഥന്മാർ, മടപ്പള്ളിക്കാർ, നിരപ്പലകയും തൂണും ചിന്തേരിട്ടു മിനുക്കുവാനും പിച്ചളയെല്ലാം ഉരച്ചും തുടച്ചും സ്വർണ നിറമാക്കുവാനും മത്സരിച്ച കരയിലെ മുന്തിയ തച്ചന്മാർ... എല്ലാം സ്മരണകളാണ്. ഇപ്പോൾ ഇവിടെ ഇരുട്ടു കാവൽ നിൽക്കുന്നു. പ്രതാപിയായ മുല്ലത്തറയിൽ താവളമുറപ്പിച്ച് ഇഴജന്തുക്കൾ. മുറ്റത്തും പറമ്പിലും ഉപേക്ഷിക്കപ്പെട്ട പുത്തൻ മദ്യക്കുപ്പികൾ. ഒടിഞ്ഞു തൂങ്ങിയ കഴുക്കോലുകൾ, ക്ലാവു പിടിച്ച പിച്ചള താഴുകൾ, കാടുകറിയ നടുമുറ്റം.. ഒരു പൈതൃകം കൂടി എന്നെന്നേക്കുമായി മാഞ്ഞു തുടങ്ങുകയാണ്. കേരള ചരിത്രത്തിൽ വേണ്ടവിധം രേഖപ്പെടുത്താതെ പോയ എണ്ണയ്ക്കാട്ടു കൊട്ടാരമെന്ന ഈ ഒറ്റപ്പെട്ട സ്മാരകത്തിൽ നിന്നു പുറകോട്ടു നടക്കുകയാണ് ഇത്തവണത്തെ പൈതൃക യാത്രയിൽ.

പൊളിഞ്ഞു വീഴാറായ ഈ കെട്ടിടം പറയുന്ന കഥകൾക്കു കാതോർക്കുക. അതിൽ ടിപ്പുവിന്റെ പടയോട്ടമുണ്ട്. നെറ്റിയിൽ ഭസ്മക്കുറിയണിഞ്ഞ കസവുനിറമുള്ള കുലീനയായ ഒരു തമ്പുരാട്ടി നേർത്ത സ്വരത്തിൽ രാമായണ പാരായണം നടത്തുന്നുണ്ടോ.. അതു മനോരമത്തമ്പുരാട്ടിയാണ്. അവരുടെ പ്രവാസ ജീവിതത്തിന്റെ സ്മരണകൾ ഇവിടെ ഉറങ്ങുന്നു.മുറ്റത്തെ വള്ളിപ്പടർപ്പുകളിൽ, കുട്ടം പേരൂർ കടവിലെ വീതിയേറിയതും ബലിഷ്ടവുമായ കരിങ്കൽപ്പടവുകളിൽ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രമുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങളും. കൽക്കത്താ തീസിസിന്റെ സാധുതകളെക്കുറിച്ചുള്ള സംവാദങ്ങൾക്കു കാതോർക്കുക...

സമ്പന്നമായ ഒരു സംസ്കാരത്തിനു വിത്തും വളവും നൽകിയ മണ്ണാണ് ഓണാട്ടുകര. അതിലുൾപ്പെ‍ടുന്നതാണ് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ. ഈ പ്രദേശം എണ്ണയ്ക്കാടെന്ന പേരിലാണ് ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്. എള്ളുകൃഷി സമൃദ്ധമായിരുന്നതിനാലാണത്രേ ആ പേരു വന്നത്. ഗ്രാമം, പെരിങ്ങല്ലിപ്പുറം, കുട്ടമ്പേരൂർ, ഇലഞ്ഞിമേൽ, എണ്ണയ്ക്കാട്, ഉളുന്തി, തയ്യൂർ എന്നീ എട്ടുകരകളുൾപ്പെട്ട ഈ പ്രദേശത്തിന്റെ നിയന്ത്രണം എണ്ണയ്ക്കാട്ട് കൊട്ടാരത്തിനായിരുന്നു. ഇപ്പോഴത്തെ ബുധനൂർ പഞ്ചായത്തിലുൾപ്പെട്ട കുട്ടംപേരൂർ ആറിന്റെ തീരത്താണിത് . കുട്ടംപേരൂർ ആറിലൂടെ പോകുന്ന വഞ്ചിക്കാരിൽ നിന്നു കരം പിരിക്കാൻ അവർക്ക് അധികാരമുണ്ടായിരുന്നു. ആദ്യം 20 കെട്ടായിരുന്നു. കാലക്രമത്തിൽ വിസ്തൃതി കുറഞ്ഞുവന്നു. ഇപ്പോൾ അവശേഷിക്കുന്നത് ഒരു നാലുകെട്ടിന്റെ അവശിഷ്ടങ്ങൾ മാത്രം.

മനോരമ തമ്പുരാട്ടി

ടിപ്പു സുൽത്താൻ ഉത്തര മലബാറിൽ പടയോട്ടം നടത്തിയ കാലം. കോഴിക്കോട് സാമൂതിരി ഉൾപ്പെടെ ഒട്ടേറെപ്പേർ തിരുവിതാംകൂറിലേക്ക് പ്രവാസികളായി എത്തിക്കൊണ്ടിരുന്നു.. അക്കൂട്ടത്തിൽ കോഴിക്കോട് സാമൂതിരി കോവിലകത്തു നിന്നു വന്ന മനോരമത്തമ്പുരാട്ടിയും ഉണ്ടായിരുന്നു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയ്ക്കു സമീപം കല്ലടയാറിന്റെ തീരത്ത് ഒരു കൊട്ടാരമുണ്ടായിരുന്നു. സാമൂതിരി കോവിലകത്തെ അംഗങ്ങളോടൊപ്പം മക്കളുമൊന്നിച്ചാണ് അവർ അവിടെ ആദ്യകാലം ചെലവിട്ടത്.

സുന്ദരിയും വിദുഷിയുമായ അവരെ ധർമരാജാവെന്നറിയപ്പെട്ടിരുന്ന കാർത്തിക തിരുനാൾ രാമവർമ മഹാരാജാവ് എണ്ണയ്ക്കാട്ടുകൊട്ടാരത്തിലേക്കു ക്ഷണിച്ചു. അവിടെ താമസമാക്കിയ അവർ ടിപ്പുവിന്റെ കാലശേഷം സാമൂതിരി കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കൊപ്പം മക്കളുമൊന്നിച്ചു മടങ്ങിപ്പോയി. പിന്നീടു കോലത്തുനാട്ടിലെ പുതുപ്പള്ളി ശാഖയിലെ ഒരു കുടുംബം അവിടെ താമസമാക്കി. അവരുടെ പിൻതലമുറക്കാരാണ് ഇപ്പോഴുള്ളത്. കായംകുളം പട്ടണത്തിനു സമീപം വിശാലമായ ഒരു പാടശേഖരം അവർക്ക് ഉപജീവനത്തിനായി വിട്ടു കൊടുത്തിരുന്നു. കൊട്ടാരത്തിന്റെ തേവാരപ്പുരയിലെ ശ്രീകൃഷ്ണ വിഗ്രഹം വില്വമംഗലം സ്വാമിയാർ പ്രതിഷ്ഠിച്ചതെന്നാണു വിശ്വാസം. സാളഗ്രാമവും ഗണപതി പ്രതിഷ്ഠയുമുള്ള ഈ ക്ഷേത്രത്തിന്റെ മേൽനോട്ടം ഇപ്പോൾ വഹിക്കുന്നത് കുടുംബ ട്രസ്റ്റാണ്.

ആർ.ശങ്കരനാരായണൻ തമ്പി

ഈ കൊട്ടാരം കേരള ചരിത്രത്തിൽ ഇടം തേടിയത് ആദ്യ നിയമസഭാ സ്പീക്കർ ആർ. ശങ്കരനാരായണൻ തമ്പിയുടെ പിതൃഗൃഹമെന്ന പേരിലാണ്. ഗാന്ധിയനും സാമൂഹിക പരിഷ്ക്കർത്താവുമായിരുന്ന രേവതി തിരുനാൾ രാമവർമ രാജയുടെയും നായർ കുടുംബാംഗമായ പാണ്ഡവത്തു തങ്കമ്മ കെട്ടിലമ്മയുടെയും പന്ത്രണ്ടു മക്കളിൽ രണ്ടാമനാണു ശങ്കരനാരായണൻ തമ്പി. മിശ്ര ഭോജനം, അയിത്തോച്ചാടനം, പട്ടികജാതി വിദ്യാർഥികളെ വിദ്യാഭ്യാസം ചെയ്യിക്കൽ എന്നീ രംഗങ്ങളിൽ തിളങ്ങി നിന്ന അച്ഛനിൽ നിന്നു പ്രഛോദനം ഉൾക്കൊണ്ടു ശങ്കരനാരാണൻ തമ്പി രാഷ്ട്രീയത്തിലേക്കു വന്നത്. സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകനും തിരുവിതാംകൂർ അംസംബ്ലിയിൽ അഗവുമായിരുന്ന അദ്ദേഹം പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകൃഷ്ടനായി. അദ്ദേഹത്തിന്റെ പാത സഹോദരങ്ങളായ ബാലകൃഷ്ണൻ തമ്പി, കൃഷ്ണൻ തമ്പി, രാജശേഖരൻ തമ്പി, വേലായുധൻ തമ്പി , സുഭദ്രാമ്മ തങ്കച്ചി, രാധമ്മ എന്നിവരും പിന്തുടർന്നു. ഇവരെല്ലാം പല ഘട്ടങ്ങളിൽ‌ ജയിൽ ജീവിതവും പൊലീസ് മർദനവും നേരിട്ടിട്ടുണ്ട്. പഴയകാല കമ്യൂണിസ്റ്റ് നേതാക്കളിൽ പലർക്കും കൽക്കത്താ തീസിസിന്റെ കാലത്ത് ഇവിടം ഒളിത്താവളമായിരുന്നു. അതിന്റെയൊക്കെ പേരിൽ സമുദായ ബഹിഷ്കരണത്തിന് ഇരയായതെത്തുടർന്നു സമീപത്തുതന്നെയുള്ള തറയിൽ കൊട്ടാരത്തിലേക്ക് അവർ താമസം മാറി.

ഐക്യ കേരളം രൂപം കൊണ്ടപ്പോൾ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ നിന്ന് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി നിയമസഭയിലെത്തിയ ശങ്കരനാരായണൻ തമ്പി ആദ്യത്തെ സ്പീക്കറായി.തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്നു നിയമസഭാ സ്പീക്കറായിരുന്ന വ്യക്തി വിട്ടു നിൽക്കണമെന്ന ഉന്നതമായ ജനാധിപത്യബോധം ഉയർത്തിപ്പിടിച്ച് 1960ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചില്ല. 1964ൽ പാർട്ടി പിളർന്നതോടെ സജീവ രാഷ്ട്രീയത്തിൽ നിന്നു പിൻവാങ്ങി. 1989ൽ തിരുവനന്തപുരത്തെ വാടക വീട്ടിലാണു മരിച്ചത്. ഓഹരിയും ഭാഗം വയ്പും കഴിഞ്ഞ് അവകാശികൾ മാറിത്താമസിച്ചപ്പോൾ അനാഥമായതെത്തുടർന്നാണ് ഈ കൊട്ടാരം തകർച്ചയിലേക്കു നീങ്ങുന്നത്. 

സുഭദ്രാമ്മ തങ്കച്ചിയും രാധമ്മയും

എണ്ണയ്ക്കാട്ടു കൊട്ടാരത്തിലെ രണ്ടു ധീര വനിതകളുടെ പേരുകൂടി പറയാതെ ഈ കഥ പൂർത്തിയാവുകയില്ല. ശങ്കരനാരായണൻ തമ്പിയുടെ സഹോദരിമാരായ സുഭദ്രാമ്മത്തങ്കച്ചിയും രാധമ്മയുമാണവർ. മധ്യതിരുവിതാംകൂറിലെ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ കഥകൂടിയാണവരുടെ ജീവിതം. ഇന്നത്തെ മഹിളാ സംഘത്തിനു തുടക്കമിട്ടവർ. കുടിയൊഴിപ്പിക്കലിനും പൊലീസ് മർദനത്തിനുമെതിരെ പോരാടി ജയിൽ ജീവിതം സ്വയംവരിച്ച രണ്ടു വനിതകൾ. കൈക്കുഞ്ഞുമായാണു സുഭദ്രാമ്മത്തങ്കച്ചിജയിലിലേക്കു പോകാൻ തീരുമാനിച്ചത്. എന്നാൽ അവരെ മാനസികമായിത്തളർത്തുകയെന്ന ലക്ഷ്യത്തിൽ കുഞ്ഞിനെ അവരിൽനിന്ന് അകറ്റി നിർത്താനാണ് അന്നത്തെ ഭരണകൂടവും പൊലീസും തീരുമാനിച്ചത്. പൊലീസ് വാനിൽകയറിയപ്പോൾ ‘കുഞ്ഞിനെ നോക്കണേ’യെന്ന് അവർ ഉറക്കെ വിളിച്ചു പറഞ്ഞു:  കർഷകത്തൊഴിലാളി കുടുംബങ്ങൾ ആ നിയോഗം ഏറ്റെടുത്തു. പിന്നീടു കുഞ്ഞു മരിച്ചുവെന്നുവരെ പൊലീസുകാർ  അറിയിച്ചിട്ടും അവർ കുലുങ്ങിയില്ല. മാപ്പെഴുതിക്കൊടുത്തു സ്വതന്ത്രയാകാൻ തയാറായില്ല.  

രാധമ്മ വിവാഹം കഴിച്ചത് കമ്യൂണിസ്റ്റ് സൈദ്ധാന്തികനായ സി. ഉണ്ണിരാജയെ ആയിരുന്നു. പാർടി രഹസ്യങ്ങൾ ചോരാതിരിക്കാൻ ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ചരിത്രമുണ്ട് സുഭദ്രാമ്മയ്ക്ക് . കമ്യൂണിസ്റ്റ് നേതാവ് ജോർജ് ചടയംമുറിയാണു പിന്നീട് അവരുടെ ജീവിതത്തിലേക്കു  കടന്നു വന്നത്. 1964ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ തനിക്കു മാനസികാസ്വാസ്ഥ്യമുണ്ടായതായി അവർ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ജീവിത സായന്തനത്തിൽ ആളും ആരവവും ഒഴിഞ്ഞ ഏകാന്ത ജീവിതം ആ ധീരവനിതയെ അലോസരപ്പെടുത്തിയിരിക്കണം.

കുട്ടം പേരൂർ ആർ

ഇരുതലമൂർച്ചയുള്ള കായംകുളം വാളുപോലെയെന്നാണു ചരിത്രകാരൻ പ്രഫ.എം.ജി.ശശിഭൂഷൺ കുട്ടംപേരൂർ ആറിനെ വിശേഷിപ്പിച്ചത്. (കുട്ടംപേരൂരിലെ ദാരുശിൽപങ്ങൾ). ഇരുവശത്തേക്കുമുള്ള ശക്തമായ ഒഴുക്കിനെപ്പറ്റിയാണ് ഈ വിശേഷണം.

അച്ചൻകോവിലാറിന്റെയും പമ്പാനദിയുടെയും രണ്ടു കൈവഴികളെ ബന്ധിപ്പിക്കുന്നതാണു കുട്ടംപേരൂർ ആറ്. ഇതു മനുഷ്യ നിർമിതമായ ഒരു ജലപാതയാണെന്നാണു കരുതപ്പെടുന്നത്. എണ്ണയ്ക്കാട് വില്ലേജിന്റെ പരിധിയിലാണ്. മാവേലിക്കര– ചെങ്ങന്നൂർ താലൂക്കുകളിലൂടെ ഒഴുകുന്നു. ബുധനൂർ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ്. ചെന്നിത്തല, മാന്നാർ എന്നീ പഞ്ചായത്തുകൾ അതിർത്തികളാണ്. 

മാന്നാറിലെ ഉളുന്തിപ്പാലത്തിനു സമീപം വച്ചാണ് അച്ചൻകോവിലാറിന്റെ ഒരു കൈവഴി ഇതിലേക്ക് എത്തുന്നത്. ബുധനൂർ കടമ്പൂർ ഭാഗത്തെത്തുമ്പോൾ പമ്പാ നദിയുടെ ഒരു കൈവഴി അച്ചൻകോവിലാറുമായി സംഗമിക്കും. ഒഴുക്കിന്റെ തീവ്രത അനുസരിച്ച് ഇരു ഭാഗത്തേക്കും നീരൊഴുക്കുണ്ടാകും. ബുധനൂർ പാലത്തിൽ നിന്നാൽ കുട്ടംപേരൂർ ആറിന്റെ വിശാലമായ കാഴ്ച അനുഭവിച്ചറിയാം. ചെന്നിത്തല 93–ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ചെന്നിത്തല പള്ളിയോടം കുട്ടംപേരൂർ ആറുവഴിയാണ് ആറന്മുള ഉതൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കാൻ പോകുന്നത്. തലേദിവസം രാവിലെ വലിയപെരുമ്പുഴക്കടവിൽ നിന്ന് ഉത്സവാഘോഷങ്ങളോടെ യാത്ര തിരിക്കും. പിന്നീട് ഉളുന്തിയിലെത്തി കുട്ടംപേരൂർ വഴി പമ്പയിലൂടെ ആറന്മുളയിലേക്കു പോകും. ഈ ജലപാത കേന്ദ്രീകരിച്ചു കുട്ടംപേരൂർ വിനോദ സഞ്ചാര സർക്യൂട്ട് ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.