നാഞ്ചിനാട്, ദക്ഷിണേന്ത്യൻ സംസ്കാരങ്ങളുടെ സംഗമ ഭൂമി. പ്രാചീനമായ നെല്ലറകളിലൊന്ന്. കന്യാകുമാരിയോടു കഥപറയാനെത്തുന്ന മൂന്നു മഹാ സമുദ്രങ്ങൾ. ഉരുക്കു കോട്ടപോലെ കാവൽ നിൽക്കുന്ന സഹ്യ പർവതം. വാണിജ്യ തുറമുഖമായ കുളച്ചലിൽ, ഡച്ചുകാരുടെ സാമ്രാജ്യത്വ മോഹത്തിന് അനിഴം തിരുനാൾ മാർത്താണ്ഡവർമയെന്ന കരുത്തനായ ഭരണാധികാരി

നാഞ്ചിനാട്, ദക്ഷിണേന്ത്യൻ സംസ്കാരങ്ങളുടെ സംഗമ ഭൂമി. പ്രാചീനമായ നെല്ലറകളിലൊന്ന്. കന്യാകുമാരിയോടു കഥപറയാനെത്തുന്ന മൂന്നു മഹാ സമുദ്രങ്ങൾ. ഉരുക്കു കോട്ടപോലെ കാവൽ നിൽക്കുന്ന സഹ്യ പർവതം. വാണിജ്യ തുറമുഖമായ കുളച്ചലിൽ, ഡച്ചുകാരുടെ സാമ്രാജ്യത്വ മോഹത്തിന് അനിഴം തിരുനാൾ മാർത്താണ്ഡവർമയെന്ന കരുത്തനായ ഭരണാധികാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഞ്ചിനാട്, ദക്ഷിണേന്ത്യൻ സംസ്കാരങ്ങളുടെ സംഗമ ഭൂമി. പ്രാചീനമായ നെല്ലറകളിലൊന്ന്. കന്യാകുമാരിയോടു കഥപറയാനെത്തുന്ന മൂന്നു മഹാ സമുദ്രങ്ങൾ. ഉരുക്കു കോട്ടപോലെ കാവൽ നിൽക്കുന്ന സഹ്യ പർവതം. വാണിജ്യ തുറമുഖമായ കുളച്ചലിൽ, ഡച്ചുകാരുടെ സാമ്രാജ്യത്വ മോഹത്തിന് അനിഴം തിരുനാൾ മാർത്താണ്ഡവർമയെന്ന കരുത്തനായ ഭരണാധികാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഞ്ചിനാട്, ദക്ഷിണേന്ത്യൻ സംസ്കാരങ്ങളുടെ സംഗമ ഭൂമി. പ്രാചീനമായ നെല്ലറകളിലൊന്ന്. കന്യാകുമാരിയോടു കഥപറയാനെത്തുന്ന മൂന്നു മഹാ സമുദ്രങ്ങൾ. ഉരുക്കു കോട്ടപോലെ കാവൽ നിൽക്കുന്ന സഹ്യ പർവതം. വാണിജ്യ തുറമുഖമായ കുളച്ചലിൽ, ഡച്ചുകാരുടെ സാമ്രാജ്യത്വ മോഹത്തിന് അനിഴം തിരുനാൾ മാർത്താണ്ഡവർമയെന്ന കരുത്തനായ ഭരണാധികാരി അന്ത്യം കുറിച്ചത് ഇവിടെ വച്ചാണ്. പ്രാചീന വേണാടിന്റെയും ആധുനിക തിരുവിതാംകൂറിന്റെയും ഭരണ സിരാകേന്ദ്രമെന്ന നിലയിൽക്കൂടി ഈ പ്രദേശം ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. 

ഇതിനെയെല്ലാം ഓർമപ്പെടുത്തുന്ന പൈതൃകങ്ങളിലൊന്നാണ് പദ്മനാഭപുരം കൊട്ടാരം. കേരളത്തിന്റെ പരമ്പരാഗത നിർമാണ കലയുടെ സ്മാരകം കൂടിയാണിത്. 6.5 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ കൊട്ടാരം 15 കെട്ടിടങ്ങളുടെ സമുച്ചയമാണ്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുൾപ്പെട്ട കൽക്കുളം താലൂക്കിലാണിത്. തടിയിൽ തീർത്ത ഈ വിസ്മയത്തെ ഒട്ടേറെ വിദേശ സഞ്ചാരികൾ പ്രകീർത്തിച്ചിട്ടുണ്ട്. പിൽക്കാലത്ത് രൂപം കൊണ്ട പല കൊട്ടാരങ്ങൾക്കും  ഈ സമുച്ചയം മാതൃകയായി.

ADVERTISEMENT

കൽക്കുളം പദ്മനാഭപുരമാകുന്നു

1592 മുതൽ 1609 വരെ വേണാടു ഭരിച്ച ഇരവി രവിവർമൻ എന്ന ഭരണാധികാരിയാണ് ഈ കൊട്ടാരം  നിർമിച്ചത്. തായ്ക്കൊട്ടാരമാണ് അവിടുത്തെ ഏറ്റവും പഴയ നിർമിതി. കൽക്കുളം കൊട്ടാരം എന്നാണിത് അറിയപ്പെട്ടിരുന്നത്. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവായ അനിഴം തിരുനാൾ മാർത്താണ്ഡവർമായണിത് പിൽക്കാലത്തു പുതുക്കിപ്പണിതു മനോഹരമാക്കിയത്. തന്റെ പരദേവനായ പദ്മനാഭ സ്വാമിക്ക് അതു സമർപ്പിച്ചതോടെ കൽക്കുളം വലിയ കോയിക്കൽ കൊട്ടാരം പദ്മനാഭപുരമായി അറിയപ്പെടാൻ തുടങ്ങി. വേണാട് സ്വരൂപത്തിലെ  തൃപ്പാപ്പൂർശാഖയാണു പിന്നീട് തിരുവിതാംകൂർ ആയി മാറിയത്. അവരുടെ ആദ്യകാല ആസ്ഥാനം ഇപ്പോഴത്തെ കന്യാകുമാരി ജില്ലയിലുൾപ്പെട്ട തിരുവിതാംകോട് ആയിരുന്നു. അവിടെ നിന്ന് അവർ  ഇരണിയിൽ കൊട്ടാരത്തിലേക്കു  മാറി. 

അക്കാലത്ത് നാഞ്ചിനാട്ടിലേക്ക് മധുര നായ്ക്കന്മാരുടെ ആക്രമണം പതിവായിരുന്നു. കൊയ്ത്തു കാലത്ത് പാടശേഖരങ്ങളിലേക്ക് അവരുടെ നിലപ്പട കപ്പം പിരിക്കാൻ ഇറങ്ങും. അതിനായി ഭൂതപ്പണ്ടിയിലും തിരുപ്പതി സാരത്തും വർ നിലയുറപ്പിച്ചിരുന്നു. അവരെ പ്രതിരോധിക്കാനാണ് കൽക്കുളത്തേക്ക് ആസ്ഥാനം മാറ്റാൻ തീരുമാനിച്ചത്. ഈ പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളും അതിനു കാരണമായി. കിഴക്കുവശത്ത് വേളിമലയും തെക്കുവശത്ത് വള്ളിയാറും പ്രതിരോധമൊരുക്കുന്നുണ്ട് . പടിഞ്ഞാറും വടക്കും ഒരു കോട്ട കെട്ടിയാൽ സുരക്ഷിതമാകും. അങ്ങനെയാണ് കൽക്കുളത്തേക്കു രാജാക്കന്മാർ മാറിയത്.

ഉപ്പിരിക്കൽ മാളിക

ADVERTISEMENT

ഈ കൊട്ടാരത്തിലെ ഏറ്റവും തലയെടുപ്പുള്ളത് ഉപ്പിരിക്കൽ മാളികയാണ്. ഉപരിക മാളികയെന്നാണ് അതിനർഥം. പേർഷ്യൻ ഭാഷയിൽ ഉപരികമാളികയെന്നാൽ പൊക്കമുള്ള കെട്ടിടം എന്നാണർഥം. ധർമരാജാവ് എന്നറിയപ്പെട്ടിരുന്ന കാർത്തിക തിരുനാൾ രാമവർമയുടെ കാലത്ത് തിരുവിതാംകൂറിലെ സെക്രട്ടേറിയറ്റിൽ  പെർഷ്യൻ ഭാഷ ഉപയോഗിച്ചു തുടങ്ങിയിരുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ പ്രയോഗം. എന്നാൽ സാധാരണക്കാർ അതിനെ ഉപ്പിരിക്കൽ മാളികയെന്നു വിളിച്ചു തുടങ്ങി. ക്രമേണ അത് ആ പേരിൽത്തന്നെ അറിയപ്പെട്ടു. നാലു നിലയുള്ള കെട്ടിടമാണിത്. താഴത്തെ നിലയിൽ ഖജനാവ് പ്രവർത്തിച്ചിരുന്നു. 

രാജാവിന്റെ സെക്രട്ടേറിയറ്റ് ഒന്നാം നിലയിലാണ്. രണ്ടാം നിലയിൽ രാജാവിന്റെ വിശ്രമ സ്ഥലം. അതിനു മുകളിൽ  പ്രാർഥനാ മുറി.  ഏകാന്തമായ പ്രാർഥനയ്ക്കായി സജ്ജീകരിച്ചിരിക്കുന്ന ഈ മുറിയിലെ സവിശേഷത പാരമ്പര്യ ശൈലിയിലെ ചുമർ ചിത്രങ്ങളാണ്. പദ്മനാഭപുരം കോട്ടയുടെ ശിൽപിയായ തൈക്കാട് നമ്പൂതിരിയും ശിഷ്യന്മാരുമായി ചേർന്നു വരച്ചതാകാം ഇവയെന്നു കരുതുന്നു. അനന്തശയനത്തിൽ പള്ളി കൊള്ളുന്ന പദ്മനാഭനാണ് അതിൽ ഏറ്റവും വലുത്. ചുറ്റിലും  സൂര്യനും ചന്ദ്രനുമുണ്ട്. സൂര്യന് അനിഴം തിരുനാൾ മാർത്താണ്ഡവർമയോടും ചന്ദ്രന് യുവരാജാവ് കാർത്തിക തിരുനാൾ രാമവർമയോടും സാമ്യമുണ്ട്. 

By KKulikov/shutterstock

ശുചീന്ദ്രത്തെ സ്ഥാണുമാമാലയപ്പെരുമാൾ, തൃപ്പരപ്പിലെ മഹാദേവൻ, വാൾവച്ച കോഷ്ടത്തിലെ ഭഗവതി എന്നീ  ചിത്രങ്ങളുമുണ്ട്. ധ്യാനശ്ലോകത്തെ ആസ്പദമാക്കി വരച്ചതാകാം ഇവയൊക്കെ. പിൽക്കാലത്ത്  കാർത്തിക തിരുനാൾ രാമവർമ ഇതിനോടു ചേർന്നു ഊട്ടുപുര തുടങ്ങി. മുകളിലത്തെയും താഴത്തെയും നിലകളിൽ ആയിരം പേർക്കു വീതം ഇരിക്കാവുന്ന സംവിധാനമാണിത്. ഹൈദരാലിഖാൻ മലബാർ ആക്ര‌മിച്ചപ്പോൾ പദ്മനാഭപുരത്ത് അഭയം തേടിയ ബ്രാഹ്മണർക്കു ഭക്ഷണം നൽകാനാണിത് ആരംഭിച്ചത്. അതിന്റെ സ്മരണയായി അവശേഷിക്കുന്നത്  കൂറ്റൻ ചീന ഭരണികളാണ്. പദ്മനാഭപുരം കൊട്ടാരത്തിന്റെ തറ അതീവ മിനുസമുള്ളതാണ്. നീല അമരിയുടെ ചാറും കുമ്മായവും ചിരട്ടക്കരിയും ഉൾപ്പെടുന്ന മിശ്രിതം കൊണ്ടു നിർമിച്ചതാണിത്. 

മന്ത്രശാലയും മണിമേടയും

ADVERTISEMENT

ഏറ്റവും മനോഹരമായ മുറികളിലൊന്ന് കയറിച്ചെല്ലുമ്പോഴുള്ള  മന്ത്രശാലയാണ്. ഇവിടെ ഗ്ലാസിനു പകരം മൈക്ക (അഭ്രപാളികൾ) കൊണ്ടുള്ള ഷീറ്റുകളാണുള്ളത്. അതിൽ അസ്തമയ രശ്മികൾ തട്ടുമ്പോഴുള്ള കാഴ്ച മനോഹരമാണ്. നാഴികയിലും  വിനാഴികയിലുമാണു നേരത്തെ സമയം കണക്കാക്കിയിരുന്നത്. അത്  മണിക്കൂറും സെക്കന്റും മിനിറ്റുമായി മാറിയത് ഇവിടെ നിന്നാണ്. അതു പാശ്ചാത്യരുടെ സ്വാധീനം കൊണ്ടാകാം. അവിടെ  മണിമേടയിൽ ഒരു ക്ലോക്ക് സ്ഥാപിച്ചിട്ടുണ്ട്. അരുളാനന്ദൻ മെയ്യപ്പൻ എന്ന ആശാരിയാണ് അതിന്റെ ശിൽപി. അദ്ദേഹം ഈ സാങ്കേതിക വിദ്യ ഡച്ചുകാരിൽ നിന്നു പഠിച്ചതാണ്. ഭാരക്കട്ടികൾ മുകളിലേക്കും താഴോട്ടും പോകുന്നതിനനുസരിച്ചു പൽച്ചക്രങ്ങൾ തിരിയും അതനുസരിച്ച് നാഴിക മണി അടിച്ചിരുന്നു. മാർത്താണ്ഡവർമയുടെ അവസാന കാലത്താണ് അതു നിലവിൽ വന്നത്. 

By Romtea/shutterstock

സരസ്വതീ മണ്ഡപം

കരിങ്കൽ തൂണുകളും ശിൽപങ്ങളും കൊണ്ടലങ്കരിച്ച സരസ്വതീ മണ്ഡപത്തിലാണ് നൃത്തമുൾപ്പെടെയുള്ള കലാപരിപാടികൾ അവതരിപ്പിച്ചിരുന്നത്. അവിടെ പ്രതിഷ്ഠിച്ചിരുന്ന സരസ്വതീ വിഗ്രഹത്തെ സാക്ഷിയാക്കിയായിരുന്നു അവതരണങ്ങൾ നടന്നിരുന്നത്. രാജാക്കന്മാർക്ക് ഇതു വീക്ഷിക്കാൻ തടികൊണ്ടുള്ള ഒരു മറവുണ്ട്. സ്ത്രീകൾക്കും ഇത്തരത്തിൽ സജ്ജീകരണം ഒരുക്കിയിരുന്നു. മഹാകവി കുഞ്ചൻ നമ്പ്യാർ, ഉണ്ണായി വാരിയർ, രാമപുരത്തു വാരിയർ എന്നിവരുടെയൊക്കെ കാവ്യ സദസ്സിന് ഇതു വേദിയായിരുന്നിരിക്കണം.

ഒൗഷധക്കട്ടിൽ 

രാജാവ് ശയിച്ചിരുന്നത്  64 ഔഷധ വൃക്ഷങ്ങൾ ഉപയോഗിച്ചു നിർമിച്ചിരുന്ന ഔഷധക്കട്ടിലിലാണ്. ഡച്ചുകാർ സമ്മാനമായി നൽകിയതാണിത്. 1746 അടുപ്പിച്ച് മാർത്താണ്ഡ വർമയ്ക്ക് അരയ്ക്കു താഴെ തളർച്ചയുണ്ടായത്രേ. അതിനു ശേഷം ഈ കട്ടിലിൽ മെത്തഉപയോഗിക്കാതെയാണ് അദ്ദേഹം ശയിച്ചിരുന്നത്. അദ്ദേഹത്തിനായി മുറിയോടു ചേർന്ന്  ഒരു ശുചിമുറി നിർമിച്ചിരുന്നു. (ഇന്നത്തെ അറ്റാച്ച്ഡ് ബാത്റൂം) ശാരീരികമായ ബുദ്ധിമുട്ടുകൾ അലട്ടിയിരുന്നെങ്കിലും അദ്ദേഹത്തിനു മാനസികമായ കരുത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. 

സരസ്വതീ ക്ഷേത്രം

മഹാകവി കമ്പർ പൂജിച്ചിരുന്നതായി കരുതപ്പെടുന്ന ദിവ്യമായ സരസ്വതീ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് ഇവിടെയാണ്. എല്ലാ നവരാത്രിക്കാലത്തും ഇത് ആഘോഷമായി തിരുവനന്തപുരത്തേക്ക് എഴുന്നള്ളിക്കുന്നു. സ്വാതിതിരുനാൾ മഹാരാജാവാണിതിനു തുടക്കമിട്ടത്. കേരളവും തമിഴ്നാടും തമ്മിലുള്ള സാംസ്കാരിക വിനമയത്തിന്റെ പ്രതീകമാണ് ഈ ആഘോഷം. 

By alionabirukova /shutterstock

പെരുന്തച്ചനും തച്ചന്റെ മകനും

മലയാളത്തിലെ രണ്ടു പ്രശസ്ത കവിതകളുടെ സൃഷ്ടിക്ക് നിമിത്തമായത് ഈ കൊട്ടാരമാണ്. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ പെരുന്തച്ചനും വൈലോപ്പിള്ളി ശ്രീധരമേനോന്റെ തച്ചന്റെ മകനും. അതിന്റെ കഥ ഇങ്ങനെയാണ്. തിരുവനന്തപുരത്ത്  സാഹിത്യ പരിഷത്ത്  സമ്മേളനം നടക്കുകയായിരുന്നു. അതിൽ രണ്ടു കവികളും പങ്കെടുത്തു. അതിനിടയിലാണ് പദ്മനാഭപുരം കൊട്ടാരം സന്ദർശിക്കാൻ ജി. ശങ്കരക്കുറുപ്പ് ആലോചിച്ചത്. അദ്ദേഹം ഇത് വൈലോപ്പിള്ളിയെ അറിയിച്ചു. യാത്രയിൽ കൂടെ കൂട്ടാമെന്നും പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം  അതു മറന്നു. എൻ.വി. കൃഷ്ണവാര്യരെയാണ് ഒപ്പം കൂട്ടിയത്. 

കൊട്ടാരത്തിന്റെ വാസ്തുവിദ്യയെപ്പറ്റിയുള്ള സംഭാഷണത്തിനിടയിൽ ജി. തന്റെ നാട്ടുകാരനായ പെരുന്തച്ചനെപ്പറ്റി എൻവിയോടു പറഞ്ഞു. അതു കവിതയാക്കണമെന്ന് എൻവി ആവശ്യപ്പെട്ടു. അങ്ങനെയാണ് പെരുന്തച്ചൻ എന്ന  കവിത പിറന്നത്. തന്നെ കൂട്ടാതെപോയതിലുള്ള വിഷമം ഉള്ളിലൊതുക്കി വൈലോപ്പിള്ളിയും കൊട്ടാരം സന്ദർശിച്ചു. അതേക്കുറിച്ച് അദ്ദേഹം എഴുതിയതാണ് ‘പദ്മനാഭപുരം കൊട്ടാരത്തിൽ’ എന്ന കവിത. പിന്നീടു പെരുന്തച്ചൻ വായിച്ചു കഴിഞ്ഞപ്പോൾ ‘തച്ചന്റെ മകൻ’ എന്ന കവിതയും രചിച്ചു. മഹാകവി ജിയോടുള്ള നീരസം അതിൽ പ്രകടമാണെന്ന കാര്യം അക്കാലത്ത്  സാഹിത്യ വൃത്തങ്ങളിൽ പ്രചരിച്ചിരുന്നു.   

മായാതെനോക്കണം ഈ പ്രൗഢി

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനരേകീകരണം നടന്നപ്പോൾ കൽക്കുളം ഉൾപ്പെടെയുള്ള നാഞ്ചിനാട് പ്രദേശം പിൽക്കാലത്ത് തമിഴ്നാട്ടിന്റെ ഭാഗമായി. എങ്കിലും തിരുവിതാംകൂർ രാജകൊട്ടാരത്തിന്റെ അപേക്ഷ പ്രകാരം ഈ കൊട്ടാരം ഇരിക്കുന്ന ഭാഗം സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അധീനതയിലായി. അതിന്റെ ടിക്കറ്റ് വരുമാനത്തിന്റെ പകുതി തമിഴ്നാടിനു നൽകണമെന്നാണു വ്യവസ്ഥ. അറ്റകുറ്റപ്പണി നടത്താനും ഇരു സംസ്ഥാനങ്ങളും പകുതി വീതം സംഭാവന ചെയ്യണം. 

ഇവിടത്തെ സന്ദർശകരിൽ ഭൂരിപക്ഷവും  തമിഴ്നാട്ടുകാരാണ്. അവർക്ക് മാർത്താണ്ഡവർമയെപ്പറ്റിയോ കേരള ചരിത്രത്തെപ്പറ്റിയോ അറിയാൻ താൽപര്യമില്ല. ജയലളിതയുൾപ്പെടെയുള്ളവർ അഭിനയിച്ച സിനിമാ ചിത്രീകരണങ്ങളെക്കുറിച്ചാണ് പലർക്കും അറിയേണ്ടത്. പല ഗൈഡുകളും പങ്കുവയ്ക്കുന്നത് ഇതൊക്കെ തന്നെ. എന്നാൽ വിദേശ സഞ്ചാരികൾ ഏറ്റവും നല്ല സ്മാരകമായി അതിനെ കണക്കാക്കുന്നു. ഇപ്പോൾ നടത്തിയ നവീകരണങ്ങൾ അതിന്റെ പൗരാണികത നശിപ്പിച്ചതായി പരാതിയുണ്ട്.

പൈതൃക പട്ടികയിലുൾപ്പെടുത്തണം: ഡോ.എം.ജി. ശശിഭൂഷൺ

‘രാജാവ് ജനങ്ങൾക്കായി ഭരിച്ച കാലത്തിന്റെ സ്മാരകമാണ് പദ്മനാഭപുരം കൊട്ടാരമെന്ന്  ചരിത്രകാരനും ഗവേഷകനുമായ ഡോ. എം.ജി. ശശിഭൂഷൺ പറഞ്ഞു. ഇതിനെ ലോക പൈതൃക പട്ടികയിലുൾപ്പെടുത്താൻ ഗൗരവമായ ശ്രമം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൈതൃകമെന്നത് ചരിത്ര സാമഗ്രിയാണ്. 18ാം നൂറ്റാണ്ടിലെ കേരള ജീവിതത്തെപ്പറ്റി പുതിയ തലമുറകളെ കാണിച്ചു കൊടുക്കാനുള്ള പൈതൃക സ്മാരകമാണിത്. ഡച്ചുകാർ ആധിപത്യത്തിനായി ശ്രമിക്കുകയും നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്തകാലമാണ് 18ാം നൂറ്റാണ്ട്. ആ കാലത്ത്  വൈദേശിക ശക്തികളെ  ഭയക്കാതെ തിരുവിതാംകൂറിന്റെ പൗരുഷ ശക്തി ഉണർന്നെണീറ്റതിന്റെ പ്രതീകമാണ് പദ്മനാഭപുരം കൊട്ടാരം. രാജാവ് ജനങ്ങൾക്കായി ഭരിച്ച കാലത്തിന്റെ സ്മാരകം. 

രാജാവ് പ്രജകളുടെ നാഥനായി മാറുന്ന കാഴ്ചകൾ നമുക്ക് അവിടെ കാണാം. വടക്കുവശത്തുള്ള മുഖപ്പിൽ ഇരുന്നാൽ  രാജാവിനു  പ്രജകളെ കാണാം. നികുതി സംബന്ധിച്ച പരാതികൾ ഉയരുമ്പോൾ ജനങ്ങൾ മുരശും കാഹളവും മുഴക്കി അവിടെ ഒന്നിച്ചു ചേരുമായിരുന്നു. അത്തരം സന്ദർഭങ്ങളിൽ ഭക്ഷണം കഴിക്കുകയാണെങ്കിൽ പോലും രാജാവ് അവിടെ  എത്തി ആവലാതികൾക്കു സമാധാനമുണ്ടാക്കണമെന്നത് അലിഖിത നിയമമായിരുന്നു. ജപ്പാനിലെ കിയാട്ടോ കൊട്ടാരത്തേക്കാളും ശ്രീലങ്കയിലെ കാണ്ടിയിലെ ദന്തവിഹാര ക്ഷേത്രത്തേക്കാളും മനോഹരമാണിത്. ഇത് ലോക പൈതൃക പട്ടികയിലുൾപ്പെടുത്താൻ  കേരളവും തമിഴ്നാടും മുൻകൈയെടുക്കണം...’

English Summary: Padmanabhapuram Palace, Architectural Wonder of the World