യാത്രകള്‍ നൽകുന്ന ഉൗർജവും ഉന്മേഷവുമാണ് ജീവിതത്തിൽ സന്തോഷം നിറക്കുന്നത്. അവധിക്കാലത്താണ് മിക്കവരും യാത്രാകൾ പ്ലാൻ ചെയ്യുന്നത്. വിദേശയാത്രയാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്. പണത്തിന്റെ ബുദ്ധിമുട്ടു തന്നെയാണ് മിക്കവരുടെയും വിദേശയാത്ര എന്ന സ്വപ്നത്തെ പുറകോട്ടു വലിക്കുന്നത്.വിദേശ രാജ്യത്തേക്ക് പറക്കാൻ സാധിച്ചില്ലെങ്കിലും വിദേശരാജ്യത്തിന്റെ അതേ മുഖഛായയുളള ഒരിടം ഇന്ത്യയിലുണ്ട്. ഞെട്ടേണ്ട ഇന്ത്യയിലെ ഇറ്റാലിയൻ സിറ്റി എന്നറിയപ്പെടുന്ന ലവാസ.യാത്രപ്രിയരെ ഇനി യാത്ര അങ്ങോട്ടേക്കാകാം.

പേരു കേൾക്കുമ്പോൾ വിദേശത്തെ ഒരു സ്ഥലമായിരിക്കും എന്നാണ് മിക്കവരും കരുതുന്നത്. തോന്നുന്നതിൽ അദ്ഭുതമില്ല. കാഴ്ചയില്‍ ഇവിടം  വിദേശരാജ്യത്തേക്ക്‌ നമ്മളെ കൂട്ടി കൊണ്ടുപോകും. മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നും 60 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമാണ് ലവാസ. ഇന്ത്യയിലെ ഇറ്റാലിയൻ സിറ്റി എന്നറിയപ്പെടുന്ന ലവാസ ഇറ്റലിയിലെ പോർട്ട്ഫിനെ എന്ന പ്രശസ്ത നഗരത്തിന്റെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്.

മലമുകളിൽ സ്ഥിതി ചെയ്യുന്ന ലവാസയിലെ കാഴ്ചകളിലേക്ക് ഇരുചക്രവാഹനത്തിലായിരുന്നു അനുജനുമായുള്ള എന്റെ യാത്ര. കാർഷിക ഗ്രാമങ്ങളിലൂടെയുള്ള ആ യാത്ര വേനൽ ചൂടിലും മനസ്സിന് കുളിര് പകരുന്നതായിരുന്നു.

കലപ്പ കെട്ടിയ ഉരുക്കളെ ഉപയോഗിച്ച് കൃഷിയിടം ഒരുക്കുന്ന കർഷകരും, കാർഷിക വിളകൾ ശേഖരിക്കുന്നവരുമെല്ലാം ഒരുപാട് വർഷം പിറകിലേക്ക് നമ്മളെ നയിക്കും. ആധുനികതയെ വരവേൽക്കാതെ ഇന്നും പഴയ പാത പിന്തുടരുന്ന ആ സമൂഹത്തെ അവിശ്വസനീയമായി അനുഭവിച്ച്‌ മാത്രമേ മുന്നോട്ടുള്ള പ്രയാണം സാധ്യമാവൂ.

വേനലിന്റെ കാഠിന്യത്തിൽ വറ്റിവരണ്ട ഒരു വലിയ ഡാം പിന്നിട്ട്, ഉണങ്ങിയ മരങ്ങൾ നിറഞ്ഞ വന മേഖലയിലൂടെ മലകൾ കയറാൻ തുടങ്ങി, പോകുന്ന വഴിയോരങ്ങളിൽ പലയിടത്തും നല്ല കാഴ്ചകൾ സമ്മാനിക്കുന്ന കാഴ്ചാ മുനമ്പുകൾ സുന്ദര കാഴ്ചകളിലേക്ക് നമ്മെ സ്വാഗതം ചെയ്യും. മലമുകളിൽ എത്തിയതും ഇനിയുള്ള കാഴ്ചകളിൽ ലവാസ എന്ന ആധുനിക നഗരം ഒരു തടാക കരയുടെ ചുറ്റുമായി ചില സിനിമകളിലെ വിദേശ രാജ്യ ലൊക്കേഷനുകൾ പോലെ അണിയിച്ചൊരുക്കിയിരിക്കുന്നു, രണ്ട് വലിയ മലകളെ വളരെ മനോഹരമായ സിറ്റിയായി മറ്റിയിരിക്കുന്നു.

ഇൗ കാഴ്ചകളുമായി കൂട്ടുകൂടാൻ പലവിധ കാഴ്ച മുനമ്പുകൾ ഒരുക്കിയിട്ടുണ്ട്, അതിൽ സ്കൈ ബ്രിഡ്ജും പങ്കാളിയാവുന്നു, ഇവിടെ നിന്നുള്ള കാഴ്ചകൾ വർണനാതീതമാണ്.

ഇന്ത്യൻ സേന വിഭാഗത്തിന്റെ സംരക്ഷണത്തിലുള്ള ഇവിടേക്ക് സ്വാഗതമേകുന്ന കവാടം കടക്കാൻ തന്നെ ഇരുചക്ര വാഹനങ്ങൾക്ക് 200 രൂപയും ചെറു നാലുചക്ര വാഹനങ്ങൾക്ക് 500 രൂപയും വലിയ വാഹനങ്ങൾക്ക്1000 രൂപയുമാണ് പാർക്കിങ് ഫീസ് ഇൗടാക്കുന്നത്. ഇൗ ആസൂത്രിത നഗരം അൽപം ചെലവേറിയതാണ്.

ലവാസയിൽ എത്തുന്നവർക്ക് ആവശ്യമായതെന്തും ഇവിടെ ഒരുക്കിയിട്ടുണ്ട്. തടാകത്തിൽ ബോട്ടിങ്, ജെറ്റ് സ്കീയിങ്ങ് മറ്റ് പലവിധ വാട്ടർ സ്പോർട്സും, കുട്ടികൾക്കും മുതിർന്നവർക്കുമായി പല തരത്തിലുള്ള സാഹസിക വിനോദങ്ങളും നിറഞ്ഞ പാർക്കുകൾ, സൈക്ലിംഗ്, ടോയ് ട്രെയിൻ, മൾട്ടി പ്ലിക്‌സ്സ്‌ തീയേറ്റർ, ഓഡിറ്റോറിയം, ഹോട്ടൽസ്, ഫുഡ് കോർട്ട്സ്, അപ്പോളോ ആശുപത്രി എന്ന് വേണ്ടാ ഒരു രാജ്യാന്തര ടൗൺഷിപ്പ് തന്നെയാണ് 25000 ഏക്കർ വിസ്തൃതിയിൽ വിരിഞ്ഞ് കിടക്കുന്ന ലവാസ എന്ന ഇന്ത്യൻ ഇറ്റലി. ഇവിടേക്കുള്ള യാത്ര മഴക്കാലത്ത് ആവുന്നതാവും നല്ലത്, ലവാസയെ കൂടുതൽ മനോഹരിയായി കാണാനാവും. 

ഇന്ത്യയിലെ ഇറ്റാലിയൻ സിറ്റി എന്നറിയപ്പെടുന്ന ലവാസയ്ക്ക് പ്രത്യേകതകൾ അത്രയധികമുണ്ട്. കുടുംബവുമൊത്ത് യാത്രപോകാം ലവാസയിലേക്ക്, എന്താ റെഡിയല്ലേ?