വയനാട്ടിൽ ഏതുവഴി യാത്ര ചെയ്താലും രസകരമാണ്. എങ്കിലും കൂടുതൽ വന്യതയാർന്ന പാതകൾ ഏതൊക്കെയാണ്…  ആനകളെയും മാനുകളെയും കാണാൻ സാധ്യത കൂടുതലുള്ള വഴിയിലൂടെ നമുക്കു വണ്ടിയോടിച്ചുപോകാമോ…  കർണാടകയുടെ അതിർത്തിയോടു ചേർന്ന രണ്ടു വനപാതകൾ നമുക്കു വയനാട്ടിൽനിന്നു തിരഞ്ഞെടുക്കാം. 

മാനന്തവാടിയിൽനിന്നു രണ്ടു കാനനവഴികൾ നമുക്കു മുന്നിലെത്തും. ഒന്ന് തിരുനെല്ലിയിലേക്കുള്ളത്. രണ്ടാമത്തേത് ബാവലിയിലേക്കുള്ളത്. 

ആദ്യവഴി ബാവലിയിലേക്ക്

ബാവലിയിലെ ഗ്രാമീണവഴി

കേരള-കർണാടക അതിർത്തി ഗ്രാമമാണു ബാവലി. കാടിനോടു ചേർന്ന ചെറിയൊരു വനഗ്രാമം.  മാനന്തവാടിയിൽനിന്നു ബാവലിയിലേക്ക് സ്വന്തം വാഹനത്തിൽ സഞ്ചരിക്കുന്നത് ഒരു ചെലവുകുറഞ്ഞ കാനനയാത്രയുടെ പ്രതീതി ലഭിക്കും. അടുത്തതവണ വയനാട്ടിലേക്കു ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ ഈ വഴികളിലൂടെ വെറുതേ ഒന്നു ഡ്രൈവ് ചെയ്യാൻ പറയുക. ഇടതുവശത്ത് നല്ല കാട്. വലതുവശത്ത് ചിലയിടത്ത് ജനവാസം. എങ്കിലും മുക്കാൽസമയവും നല്ല കാട്ടിലൂടെയാണ് നമുക്കു സഞ്ചരിക്കേണ്ടിവരുക. ബേഗൂർ റിസർവ് ഫോറസ്റ്റിന്റെ പരിധിയിലൂടെയാണു യാത്ര. 

കാട് ഇപ്പോൾ വരണ്ടുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആനക്കൂട്ടങ്ങൾ ഉൾക്കാട്ടിൽനിന്നും ജലം തേടി പലായനം തുടങ്ങും. ഏറെ ആനത്താരകളുണ്ട്. 

കാനനക്കാഴ്ചകൾ കണ്ടു മടുക്കുയാണെങ്കിൽ വലതുവശത്തേക്ക് നോക്കുക. ഗ്രാമങ്ങളും കൃഷിയിടങ്ങൾക്കും ഇടയിലൂടെ വഴികളുണ്ട്. സായാഹ്നക്കാഴ്ചകൾ ആസ്വദിക്കാനായി വണ്ടി അങ്ങോട്ടേക്കു തിരിയ്ക്കാം. ബാവലിയിൽ വലിയൊരു ആൽമരം കാണാം. പണ്ടു പഴശ്ശിയെ തോൽപ്പിക്കാനെത്തിയ ബ്രിട്ടിഷുകാർ ഈ ആൽമരത്തണലിലിരുന്നു  തന്ത്രം മെനഞ്ഞിരുന്നത് എന്നു വനംവകുപ്പിന്റെ തടിഡിപ്പോയിലെ ഒരു സുഹൃത്ത് പറഞ്ഞു. എന്തായാലും ആൽ കടന്നു ചെന്നാൽ ചെറിയൊരു പാലം. അതിനപ്പുറം കർണാടകയുടെ നാഗർഹോളെ നാഷനൽ പാർക്ക് ആണ്. 

രണ്ടാംവഴി തിരുനെല്ലിയിലേക്ക്

വഴിയിലെ ആന

കാട്ടിക്കുളം എന്ന ചെറിയ അങ്ങാടി കഴിഞ്ഞ് ഇടത്തോട്ടു തിരിഞ്ഞാൽ   തിരുനെല്ലിയിലേക്കും മറ്റൊരു  കർണാടക അതിർത്തിയായ  കുട്ടയിലേക്കും ചെല്ലാം. നേരെ പോകുന്നവഴിയാണ് ബാവലിയിലേക്ക്.    ഈ രണ്ടു വഴിയും കാടിനുള്ളിലൂടെയാണു പോകുന്നത്. ആനകളെ  കാണാനുള്ള സാധ്യത കൂടുതലാണ്.   മാനുകളും മയിലുകളും സാധാരണം. 

തിരുനെല്ലി വഴി അപ്പപ്പാറയിൽവച്ചു  വീണ്ടും  രണ്ടായി തിരിയുന്നു. നല്ല ഉണ്ണിയപ്പവും കട്ടൻചായയും കുടിച്ച് കുറച്ചുനേരം ഇവിടെയിരിക്കാം. വിശക്കുന്നെങ്കിൽ ഇഡ്ഢലിയും സാമ്പാറും ലഭിക്കും. ഇനി  ഇടത്തോട്ടു തിരിഞ്ഞാൽ  തിരുനെല്ലി. അതും കാടിനുള്ളിലൂടെയാണ്. ആദ്യത്തെ കുറച്ചുഭാഗം കാപ്പിത്തോട്ടവും ജനവാസകേന്ദ്രവുമാണ്. പിന്നെ വളഞ്ഞുപുളഞ്ഞു കാടിനെ പുണരുന്നമട്ടിലാണ് റോഡ്. വളവുകളിൽ വേഗം കുറച്ചും ശ്രദ്ധ കൊടുത്തും   പോകുക. കാരണം ആനകളെ ഏതു വളവിനപ്പുറവും പ്രതീക്ഷിക്കാം.  തിരുനെല്ലി അമ്പലത്തിൽ ചെല്ലാം. വനംവകുപ്പിന്റെ അനുമതി കിട്ടിയാൽ ബ്രഹ്മഗിരിക്കുന്നുകളിലേക്കു ട്രെക്കിങ് നടത്താം. ഇതൊന്നും ചെയ്യുന്നില്ലെങ്കിൽ അമ്പലത്തോടു ചേർന്ന കുളിരരുവിയിൽ കാലൊന്നുനനച്ചു തിരിച്ചുപോരാം. 

സ്രാമ്പി ഹോം സ്റ്റേ

അപ്പപ്പാറയിൽനിന്നു വലത്തോട്ടു പോയാൽ തോൽപെട്ടി കാടിനോടു ചേർന്നു സഞ്ചരിക്കാം. 

ഏറെ മൃഗങ്ങളെ കാണുന്ന പ്രദേശങ്ങളാണിവ.  മാനുകൾ കുറുകെ ചാടിയേക്കാം. തോൽപ്പെട്ടിയിലെ കാട് വലതുവശത്താണ്. ഇടത്തുചേർന്ന് സ്വകാര്യ കൃഷിയിടങ്ങളും റിസോർട്ടുകളുമുണ്ട്. കൂടുതൽ വന്യതയാർന്ന സഫാരി വേണമെന്നുണ്ടെങ്കിൽ തോൽപ്പെട്ടിയിലെ ജീപ്പുകൾ വാടകയ്ക്കെടുത്ത് കാട്ടിലേക്കു വനംവകുപ്പ് ഒരുക്കുന്ന യാത്രയ്ക്കൊരുങ്ങാം. 

വടക്കുള്ളവർക്ക്  ഈ വഴികളിൽ സ്വന്തം വാഹനത്തിൽ ചെലവു കുറച്ച്  സഫാരി നടത്താം. 

ബ്രഹ്മഗിരി ട്രെക്കിങ്ങിനു വിളിക്കുക- 9446386135

വനംവകുപ്പിന്റെ സ്രാമ്പി ഹോം സ്റ്റേ താരതമ്യേന ചെലവു കുറഞ്ഞതാണ്. കൂടുതൽ വിവരങ്ങൾക്കു വിളിക്കുക-8547602532

കോൺക്രീറ്റ് കാലുകൾക്കുമേൽ കെട്ടിയുയർത്തിയ ഒരു കെട്ടിടമാണിത്. കുടുംബത്തോടൊപ്പമോ അല്ലാതെയോ താമസിക്കാം. തേക്കുകാടിനും വനംവകുപ്പിന്റെ ഓഫീസിനും സമീപത്താണ്. സുരക്ഷിതം.