അതി സമ്പന്നനായ ഒരു യാത്രികന്റെ സ്വപ്നം ചിലപ്പോൾ ഒരു മരക്കുടിലിൽ കിടക്കണമെന്നാകാം, അല്ലെങ്കിൽ ഗ്രാമത്തിലെ സാധാരണക്കാരനൊപ്പം കൃഷിയും പാചകവുമായി രണ്ട് രാത്രി കഴിച്ചു കൂട്ടണമെന്നുമാകാം. മറിച്ച് ഒരു പാവം കർഷകന്റെ സ്വപ്നം ഏതെങ്കിലും മുന്തിയയിനം ഹോട്ടലിലെ എസി മുറിയിൽ കിടക്കണമെന്നുമാകാം. എന്നാൽ എന്റെ സ്വപ്നം ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായിരുന്നു.

തൂണക്കടവ് െഎ ബി

‘‘നമ്മുടെ കേരളത്തിൽ വളരെ പാവപ്പെട്ട കാട്ടുമക്കൾ വസിക്കുന്ന ആ കാട്ടിൽ ഒരു ജലാശയത്തിന്റെ തീരത്ത് ഇന്ത്യയിലെ പല പ്രമുഖരും (കേന്ദ്രമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, ജഡ്ജിമാർ) തങ്ങളുടെ അവധിക്കാലം ചിലവിടാൻ വരുന്ന ആ വീട്ടിൽ ഒരു ദിവസമെങ്കിലും അന്തിയുറങ്ങണം’’ കുറച്ച്  വർഷങ്ങൾക്കു മുമ്പ് പറമ്പിക്കുളത്തെക്കുറിച്ച് ഒരു യാത്രാ വിവരണം എഴുതാൻ പോകുമ്പോഴാണ് തൂണക്കടവ് ഡാമിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ib യെക്കുറിച്ചു കാണാനും കേൾക്കാനും ഇടയായത്. 

പറമ്പിക്കുളം റിസർവോയറിലെ രാത്രികാഴ്ച

അന്നു മുതൽ സ്വപ്നമായി കൊണ്ടു നടക്കുവായിരുന്നു തൂണക്കടവ് IB. കാലങ്ങൾ ഒഴിഞ്ഞു പോയി 2019 ൽ ഞാൻ ജോലി ചെയ്യുന്ന റേഡിയോ സ്റ്റേഷനിലെ (Red FM) ജീവനക്കാരെ കാട് കാണിക്കാനും കാടിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞു കൊടുക്കുവാനും ഒരു അവസരം ഒത്തുവന്നു. അതിനായി ഞാൻ തെരഞ്ഞെടുത്തത് ഭാരതത്തിന്റെ ഏറ്റവും മനോഹരമായ വന്യജീവി സങ്കേതമായ പറമ്പിക്കുളം തന്നെയായിരുന്നു. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ പ്രിയ സുഹൃത്തായ മുകേഷിനെ വിളിച്ച് കാര്യം ധരിപ്പിച്ചു. 

യാത്രാ ടീം,തൂണക്കടവ് െഎ ബിക്ക് മുന്നിൽ

 തൂണക്കടവ് IB യിൽ താമസിക്കാനായി അനുവാദം വാങ്ങി തരണം എന്ന് ആവശ്യപ്പെട്ടു. മന്ത്രിമാർക്കൊക്കെ മീറ്റിംഗ് ഉണ്ടായിരുന്നത് കാരണമോ, ജ‍‍ഡ്ജിമാർക്കൊക്കെ വിധി പറയലിന്റെ തിരക്കായത് കാരണമാണോ എന്ന് അറിയില്ല. ഭാഗ്യവശാൽ ഞങ്ങൾക്ക് അന്ന് അവിടെ ബുക്കിംഗ് കിട്ടി. അങ്ങനെ 12 പേരടങ്ങുന്ന സംഘം ചീങ്കണ്ണികൾ വാഴുന്ന ആ വീടിന്റെ മുറ്റത്തേക്ക് പുറപ്പെട്ടു. സേതുമട ചെക്പോസ്റ്റ് കഴിഞ്ഞ് പറമ്പിക്കുളം മലനിരകളിലേക്ക് പ്രവേശിച്ചു. മുകളിൽ നിന്നും വീശുന്ന കാറ്റ് ഒരു സുഖമുള്ളതല്ല, മറിച്ച് ഒരു വിഷാദത്തിന്റെ കാറ്റാണ്.

തൂണക്കടവ് െഎ ബിക്ക് മുന്നിലെ ചീങ്കണ്ണി

പ്രകൃതിയുടെ ഒരു ചെറിയ ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു. വർഷങ്ങൾക്കു മുമ്പ് പറമ്പിക്കുളത്ത് കാടിനെ അരിച്ച് കലക്കിക്കുടിച്ച ഒരു ഗൈഡ് ഉണ്ടായിരുന്നു. ‘‘കണ്ണൻ’’  കാടിന്റെ ഓരോ മുക്കും മൂലയും കണ്ണന് അറിയാമായിരുന്നു. എന്നാൽ ഒരു ദിവസം വനയാത്രക്കിടയിൽ കണ്ണനെ ഒരു കരടി ആക്രമിച്ചു. ആ ആക്രമണത്തിൽ കണ്ണന്റെ ഒരു കണ്ണുൾപ്പെടെ മുഖത്തിന്റെ ഒരു ഭാഗം നഷ്ടമായി. ആ വേദനയും സഹിച്ചു കുറേക്കാലം ജീവിച്ചു. അധികം താമസിയാതെ മരണത്തിന് കീഴടങ്ങി. കാടിന്റെ പുത്രന് ഈ ഗതി വന്നെങ്കിൽ  കാടിനെക്കുറിച്ച് ഒന്നും അറിയാത്ത നിങ്ങളുടെ അവസ്ഥ ഇതിലും ഭീകരമാകാം എന്നതാണ് ആ കാറ്റ് നമുക്ക് തരുന്ന താക്കീത്. അതുകൊണ്ട് തന്നെ വന നിയമങ്ങൾ പാലിക്കുക. അവ അനുസരിച്ചു മാത്രം കാട്ടിലേക്ക് പ്രവേശിക്കുക. 

ആദിവാസി നൃത്തം

ആ യാത്രയിൽ ആദ്യം ഞങ്ങൾക്ക് സ്വാഗതം അരുളിയത് ഒരു ആൺ മയിലായിരുന്നു. കടും നീല നിറത്തിൽ സ്വർണ്ണപ്പുള്ളികൾ ഉള്ള  മയില്‍. കണ്ണുകളിൽ നിന്നും മയിൽ മറയുന്നതുവരെ നോക്കിനിന്നു. അടുത്ത കാഴ്ച മാൻകൂട്ടങ്ങളായിരുന്നു. ഒാടിമറയുന്ന മാനുകള്‍. ആനകൾക്ക് പകരം ആവശ്യത്തിലേറെ ആനപിണ്ഡങ്ങളും കണ്ടു. ഏകദേശം ഒരു മണിയോടുകൂടി ഞങ്ങൾ ആനപ്പാടി ചെക്പോസ്റ്റിൽ എത്തി. ഉച്ചഭക്ഷണത്തിനു ശേഷം കാഴ്ചകള്‍ ആസ്വദിക്കുവാനും  കാടിനെ കുറിച്ച് കൂടുതൽ അറിവു ഞങ്ങൾക്കു പകർന്നു തരുവാനുമായി അവിടുത്തെ ഗൈഡ് ജിമ്മി ചേട്ടനും ഞങ്ങൾക്കൊപ്പം കൂടി.

ജിമ്മി ചേട്ടനെയും കൂട്ടി ആദ്യം പോയത്  താമസസൗകര്യം ഏർപ്പെടുത്തിയിട്ടുള്ള തൂണക്കടവ് IB യിലേക്കായിരുന്നു. കാടിനു നടുവിൽ കണ്ണെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന നീല ജലാശയം അതാണ് തൂണക്കടവ് ഡാം. അതിന്റെ തീരത്ത് ഉയർന്ന് നിൽക്കുന്ന  പച്ചക്കുതിരയപ്പോലെ ഫോറസ്റ്റ് ‍ഡിപ്പാർട്ടമെന്റിന്റെ IB പല കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും ജഡ്ജികളും ഒക്കെ താമസത്തിനായിതെരഞ്ഞെടുക്കുന്നയിടം.  ആ കെട്ടിടത്തിന്റെ മുന്നിലിരുന്നു കാഴ്ചകൾ മതിയാവോളം ആസ്വദിച്ചു. ഒപ്പം ഡാമിന്റെ തീരത്ത് കിടക്കുന്ന ചീങ്കണ്ണികളും ആ കാഴ്ചയ്ക്ക് കൂടുതൽ മിഴിവേകി.  

വൈകുന്നേരം ജിമ്മിച്ചേട്ടനും ഞങ്ങളും കാട്ടിലെ തേക്ക് മുത്തശ്ശിയെ കാണാനായി പോയി. കന്നിമാരതേക്ക്’’ 48.5 മീറ്റർ ഉയരവും 6.57 ചുറ്റളവും 450 വർഷത്തിലധികം പഴക്കവുമുള്ളതായ ഈ തേക്ക് നമ്മുടെ നാടിന്റെ തന്നെ അഭിമാനമാണ്. ഭാരത സർക്കാറിന്റെ മഹാവൃക്ഷ പുരസ്കാരം നേടിയിട്ടുള്ള ഈ തേക്കിന് ആ പേര് വന്നതിന്റെ പിന്നിൽ ഒരു കഥയുമുണ്ട്. 

വർഷങ്ങൾക്കു മുമ്പ് തേക്കുകൾ മുറിച്ച് മാറ്റുന്ന കാലത്ത് ഈ തേക്കിലും വീണു ഒരു മഴു. പെട്ടെന്ന് ആ മുറിവിൽ നിന്നും രക്തം  വാർന്നൊഴുകാൻ തുടങ്ങി. അതോടെ മരം മുറിക്കൽ അവസാനിക്കുകയും അന്നു മുതൽ  അതിനെ ഒരു കന്നി (കന്യക) തേക്കായി മാറി. ഒപ്പം കാടിന്റെ മക്കൾ പൂജിക്കുവാനും തുടങ്ങി. രസകരമായ ആ കഥയും കേട്ട് തേക്ക് മുത്തശ്ശിയോടൊപ്പം ഒരു സെൽഫിയും എടുത്തു. ഏകദേശം 6.30 ടു കൂടി ഞങ്ങൾ പറമ്പിക്കുളത്ത് tribal symphony നടക്കുന്ന ഹാളിലെത്തി.

ആദിവാസികളുടെ പാട്ടും നൃത്തവും ആസ്വദിക്കുകയായിരുന്നു അടുത്ത പരിപാടി. കയ്യിൽ ഓരോ തോർത്തുമായി കലാകാരികളും വാദ്യോപകരണങ്ങളുമായി കലാകാരന്മാരും അധികം താമസിയാതെ അവിടെ എത്തിച്ചേർന്ന് പാട്ടും നൃത്തവും ആരംഭിച്ചു. വളരെ വ്യത്യസ്തമായ വാദ്യമേളവും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള വരികൾ അടങ്ങുന്ന ഗാനാലാപനവും അതിനൊത്ത ചുവടുകളുമായി നൃത്തം കൊഴുത്തു തുടങ്ങിയപ്പോൾ കാണികളിൽ പല സ്ത്രീകളും ചുവടുകളുമായി അവർക്കൊപ്പം കൂടി. അങ്ങനെ ഒരു മണിക്കൂർ നീണ്ട ആ കലാപരിപാടി എല്ലാവരും ശരിക്കും ആസ്വദിച്ചു.

അതോടെ അന്നത്തെ പരിപാടികൾ അവസാനിപ്പിച്ച് തൂണക്കടവ്  IB ൽ തിരിച്ചെത്തിയപ്പോഴേക്കും ദുരൈ സ്വാമിയുടെ നേതൃത്വത്തിൽ ഡാമിന്റെ തീരത്ത് തീർത്ത ഹട്ടുകളിൽ അന്നത്തെ രാത്രി ഭക്ഷണം റെഡി ആയിക്കഴിഞ്ഞിരുന്നു. കാട്ടിലെ മക്കൾ വളർത്തുന്ന നല്ല നാടൻ കോഴിയുടെ കറിയും, ഡാമിൽ നിന്ന് പിടിക്കുന്ന നല്ല ഫ്രെഷ് മീനിന്റെ ഫ്രൈയും, ചിക്കൻ ഫ്രൈയും ചപ്പാത്തിയും, അപ്പവും ഒക്കെയായി നല്ല നാടൻ ഭക്ഷണം എല്ലാവരും ആർത്തി പൂണ്ടു കഴിച്ചു എന്നു തന്നെ പറയാം. കാടിന്റെ ശബ്ദകൂജനങ്ങൾക്കൊപ്പം തടാകത്തിലെ ഇളം കാറ്റേറ്റ് നല്ല എരിവും പുളിയും ഒരുമിച്ച ആ അത്താഴം ഞങ്ങളുടെ നാവിൽ ഇന്നും രുചിയുടെ ഓർമകളായി തളം കെട്ടി നിൽക്കുന്നു. 

അടുത്ത ദിവസം രാവിലെ 7 മണിക്ക് ട്രക്കിങ്ങിനായി ജിമ്മി ചേട്ടനുമൊത്ത് ഞങ്ങൾ കാടു കയറി. പുൽത്തകിടിയിൽ മേയുന്ന കുഞ്ഞ് പന്നിക്കുട്ടികളായിരുന്നു ആദ്യ ദർശനം നൽകിയത്. ഇതാരാടാ നമ്മുടെ വീട്ടിലേക്ക് അനുവാദം ചോദിക്കാതെ കയറിവരുന്നത് എന്ന ഒരു നോട്ടം നോക്കിയിട്ട് നമ്മളെ ഗൗനിക്കാതെ വീണ്ടും മേഞ്ഞു നടക്കുന്നു. അതിനെ ശല്യം ചെയ്യാതെ ഞങ്ങളും മുന്നോട്ട് പോയി. 

പറമ്പിക്കുളം റിസർവോയറിന്റെ തീരത്തേക്ക് നടന്നു. ദൈവത്തിന്റെ സ്വന്തം നാടെന്ന സൂചികകളോ സഞ്ചാരികളെ മാടി വിളിക്കാൻ കോൺക്രീറ്റിൽ പണിത ഹെറിറ്റേജ് സമുച്ചയങ്ങളോ ഇവിടെയില്ല. ആകെയുള്ളത്മഞ്ഞിന്റെ പുകപടലങ്ങളും, തണുത്ത കാറ്റിന്റെ വിശറിയും, കണ്ണിന് വിരുന്നേകാൻ കാനന പച്ചയും, വൻ മരങ്ങളുടെ തണലും മാത്രം. അതുകൊണ്ട് തന്നെ പലയിടത്തും കാടിന് ആകാശമില്ല. വഴികളില്‍ പലയിടങ്ങളിലും ആനയുടെ കാൽപ്പാടുകളും ആവി പറക്കുന്ന ആന പിണ്ഡങ്ങളും മാത്രം,  ആനകളുടെ സ്ഥിരം വഴികളിൽ ഒന്നാണ് ഇതെന്നത് യാതൊരു സംശയവും തോന്നിയില്ല.

മീൻപിടുത്തത്തിൽ ഏർപ്പെട്ടിരിക്കുന്ന സംഘം

കുറച്ച് ദൂരം കൂടി നടന്ന് കാടിന്റെ തോടു പൊളിച്ച് പറമ്പിക്കുളം റീസർവോയറിന്റെ തീരത്തെത്തി. മഞ്ഞിൽ കുതിർന്നു കിടക്കുന്ന ജലാശയത്തിൽ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയ്ക്ക് ഞങ്ങൾ സാക്ഷ്യം വഹിച്ചു. മുളകൾ കൂട്ടികെട്ടി നീളമുള്ള ചങ്ങാടവുമായി മീൻ പിടിക്കാൻ പോകുന്ന ഒരു ആദിവാസി കുടുംബം. ആ ചങ്ങാടത്തിന്റെ രണ്ടറ്റത്തുമായി അച്ഛനും അമ്മയും ഒപ്പം നടുക്ക് അനുസരണയോടുകൂടി ഇരിക്കുന്ന കൊച്ചു കുട്ടിയും. ഒന്നു കാലിടറിയാൽ ജലാശയത്തിൽ വീഴും.

അറിയാതെ കാടിന്റെ മക്കളോട് അഭിമാനം തോന്നിയ നിമിഷമായിരുന്നത്. ആ  കാഴ്ച മനസ്സിലേക്ക് കൊണ്ട് വന്നത് ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങൾ ആയിരുന്നു. നമ്മുടെ നാട്ടിലെ ഏതു കൊച്ചു കുട്ടിക്കാകുെ ചീങ്കണ്ണികൾ വാഴുന്ന ഈ തടാകത്തിലൂടെ ഇങ്ങനെ ഇരുന്നു പോകാൻ സാധിക്കുക. ഏതു മാതാപിതാക്കൾ മുതിരും ഇങ്ങനെ കുട്ടിയെ കൊണ്ടു പോകുവാന്‍, മനസ്സിൽ നിറഞ്ഞ ചോദ്യങ്ങൾ ഒരുപാടുണ്ടായിരുന്നു. ക്യാമറയിൽ നിന്നും മനസ്സിലേക്ക് പതിഞ്ഞ ഇതുപോലുള്ള നിരവധി കാഴ്ചകളായിരുന്നു പറമ്പിക്കുളം സമ്മാനിച്ചത്. 

ബാംബു റാഫിറ്റിംഗ്

അടുത്തതായി ഞങ്ങൾ  പോയത് ബാംബു റാഫിറ്റിംഗിനായിരുന്നു. നീണ്ടു നിവർന്നു കിടക്കുന്ന ജലാശയത്തിൽ വലിയ മുളകൾ കൊണ്ട് ഉണ്ടാക്കിയ ചങ്ങാടങ്ങൾ, യന്ത്രവൽകൃത ബോട്ടുകൾ ജലാശയത്തെ മലിനമാക്കുന്നതു കാരണം ഇവിടെ  ബോട്ടിങ്ങിനായി ഉപയോഗിക്കുന്നത് മുളം ചങ്ങാടങ്ങളാണ്. നാലു തുഴച്ചിലുകാരുമായി  കാടിന്റെ ഉള്ളിലെ മനോഹാരിത നുകരാനായി യാത്ര ആരംഭിച്ചു. തണുത്തുറഞ്ഞു കിടന്ന ആ ജലാശയത്തിൽ തുഴകൾ ഓളങ്ങൾ സൃഷ്ടിച്ചു. അങ്ങ്  അകലെയായി മഴക്കാലത്ത് മുങ്ങി പൊങ്ങുന്ന ചെറു തുരുത്തുകൾ. അവിടെയും മാന്‍കൂട്ടങ്ങളെ കാണാൻ‌ സാധിച്ചു.  തുഴച്ചിലിന്റെ ശബ്ദം കേട്ട് അവ തിരിഞ്ഞു നോക്കി ഒരു കാമറയ്ക്ക് പോസ് തന്നിട്ട് വീണ്ടും കൂസലുമില്ലാതെ പുൽനാമ്പുകൾ ഭക്ഷിക്കാൻ തുടങ്ങി. ഞങ്ങളും പതുക്കെ മുന്നോട്ട് നീങ്ങി. ചങ്ങാടത്തിലിരുന്ന് കണ്ണോടിക്കുമ്പോൾ നല്ല പച്ച വിരിച്ച പുൽമേടുകൾ, ചെറുതുരുത്തുകൾ, മലഞ്ചെരിവുകൾക്ക് താഴെ മഞ്ഞിന്റെ കുഞ്ഞ് കൂട്ടങ്ങൾ സുന്ദരകാഴ്ചകളായിരുന്നു.

ഒരു മണിക്കൂറത്തെ ബാംബൂ റാഫ്റ്റിംഗ് അവസാനിപ്പിച്ച് ഞങ്ങൾ ഉച്ചയോടെ വീണ്ടും തൂണക്കടവ് IB ൽ തിരിച്ചെത്തിയപ്പോഴേക്കും ജലാശയത്തിന്റെ കരയിൽ കാറ്റേറ്റ് കഴിക്കാൻ ദുരൈ സ്വാമി വീണ്ടും വിഭവസമൃദ്ധമായ ഉച്ചഭക്ഷണം തയാറാക്കി കഴി‍ഞ്ഞിരുന്നു. ചോറ്, രസം, പുഴയിലെ മീൻ വറുത്തതും, കറിയും, തൈര്, മോര്, കാട്ടിൽ നിന്ന് പറിച്ചെടുത്ത പല ഫലങ്ങളുടെയും അച്ചാറുകൾ അങ്ങനെ വയറു നിറയെ ഭക്ഷണവും കൺകുളിർക്കെ കാഴ്ചകളും ആസ്വദിച്ച രണ്ട് ദിവസത്തെ വനവാസത്തിന് ശേഷം ഞങ്ങൾ വീണ്ടും നാട്ടിലേക്ക്. 

വരുന്ന സഞ്ചാരികൾക്കായി നിരവധി താമസ സൗകര്യങ്ങളും, ട്രെക്കിങ്, ക്യാംപിങ്ങ്, ജംഗിൾ സഫാരി തുടങ്ങിയവയും ഫോറസ്റ്റ് ഡിപ്പാർട്ടമെന്റ് ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : 09442201690 

www.parambikulam.org