കാടിന്റെ അഗാധ നിശ്ബദതയും സൗന്ദര്യവും മനസ്സിലാകെ നിറച്ച്, കുളിരു കോരിയൊരു യാത്രയ്ക്കു താൽപര്യമുണ്ടോ... എങ്കിൽ വരിക, ഈ കാടകങ്ങളിൽ നിങ്ങളെ കാത്തിരിക്കുന്നത് പച്ചപ്പിന്റെ സുന്ദരൻ കാഴ്ചകൾ... കുടുംബവുമൊത്ത് ഒരു ദിവസത്തെ യാത്രയ്ക്കു അത്രയും പറ്റിയ സ്ഥലം. പത്തനാപുരം നഗരപ്രാന്തത്തിലെ പള്ളിമുക്കിൽ നിന്നു അലിമുക്കിലെത്തി അവിടെ നിന്നു 40 കിലോമീറ്റർ ദൂരെയുള്ള അച്ചൻകോവിലിലേക്കൊരു യാത്ര. കാറിൽ അലസം ചാഞ്ഞിരുന്നു യാത്ര ചെയ്യാൻ പറ്റുമെന്നു കരുതരുത്. റോഡ് അത്ര നല്ലതല്ല. ജീപ്പും കെഎസ്ആർടിസി ബസുമൊക്കെ പോകുന്നുണ്ടെങ്കിലും പാറകളിൽ വാഹനങ്ങളുടെ അടിഭാഗം തട്ടാതെ, ഗട്ടറുകളിൽ നിന്നു പോകാതെ സസൂക്ഷ്മം വാഹനമോടിച്ചാൽ ഈ ‘കാടൻ’ കാഴ്ചകൾ യാത്രാക്ഷീണമൊക്കെ മാറ്റിത്തരും.

കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. അച്ചൻകോവിൽ വനമേഖലയ്ക്കുള്ളിൽ, ആന ഉൾപ്പെടെ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശത്തുകൂടിയാണ് യാത്ര. റോഡ് അധികം വൈകാതെ ഗതാഗത യോഗ്യമാക്കുമെന്നു സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. റോഡ് വന്നാൽ പിന്നെ ഈ സ്ഥലം ‘പിടിച്ചാൽ കിട്ടില്ല’. ടൂറിസ്റ്റുകൾ ഒഴുകിയെത്തും. അലിമുക്കിൽ നിന്നു കറവൂർ വരെയുള്ള റോഡ് പിഡബ്ല്യുഡിയെ കൈവശമാണ്. കറവൂർ നിന്ന് കോട്ടക്കയം വരെയുള്ള ഭാഗം വനം വകുപ്പിന്റെ കയ്യിൽ. കോട്ടക്കയം മുതൽ ചെരിപ്പിട്ടകാവ് വരെ സംസ്ഥാന ഫാമിങ് കോർപറേഷന്റെ കയ്യിൽ. ചെരിപ്പിട്ട കാവ് മുതൽ െചമ്പനരുവി വരെ പിറവന്തൂർ ഗ്രാമപഞ്ചായത്തിന്റെ കൈവശം. അവിടെ നിന്നു കേരള അതിർത്തി വരെ വീണ്ടും വനംവകുപ്പിന്റെ അധീനതയിൽ. അച്ചൻകോവിലെത്തിയാൽ അവിടെ നിന്നു ചെങ്കോട്ടയ്ക്കും തെങ്കാശിക്കും സുന്ദരൻപാതയുണ്ട്. 

കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന നിലവിലുള്ള കൊല്ലം- തിരുമംഗലം ദേശീയപാതയുടെ സമാന്തര പാതയാണിത്. കറവൂർ, പെരുന്തോയിൽ, ചണ്ണയ്ക്കാമൺ, മൈക്കാമൈൻ (മൈക്കാമൺ), കുമരംകുടി, മുള്ളുമല, അമ്പനാർ, ചെരിപ്പിട്ടകാവ്, സഹ്യസീമ, െചമ്പനരുവി, തുറ, അച്ചൻകോവിൽ തുടങ്ങിയ ഗ്രാമങ്ങളിലൂടെയാണ് യാത്ര. 

നിബിഡ വനവും തോട്ടങ്ങളും ജനാധിവാസ മേഖലയും കൂടിക്കലർന്നു പ്രകൃതിയുടെ അപൂർവ ദൃശ്യങ്ങൾ ഒരുക്കിവച്ചിട്ടുണ്ട് ഈ പാതയോരം. മഴയിൽ കുളിച്ചു പച്ചപ്പാർന്നു നിൽക്കുകയാണ് ഇവിടെ പ്രകൃതി. കൺകുളിർക്കുന്ന കാഴ്ചകൾ. ഇടതൂർന്ന വനം കീറിമുറിച്ചു കടന്നുപോകുന്ന പാതയിലൂടെ മുന്നോട്ടു നീങ്ങുമ്പോൾ കാടിന്റെ അഗാധ നിശബ്ദത അനുഭവിക്കാം. ആനയിറങ്ങുന്ന വഴിയാണ്. റോഡ് മുറിച്ചു പുലി കടന്നുപോയാക്കാം. സൗരോർജ വേലികൾ ചാടിക്കടന്നു മ്ലാവും കേഴയും പോയേക്കാം. സാഹസികത മനസ്സിലെങ്കിലും വച്ചേക്കണം. എങ്കിൽ യാത്ര സുന്ദരമാകും. 

മുള്ളുമലയിലെ ഫാമിങ് കോർപറേഷന്റെ ചെക്ക് പോസ്റ്റ് കടന്നുചെല്ലുമ്പോൾ സുന്ദരമായ കാഴ്ച, മൂന്നാർ പോലെ. ഇളംതണുപ്പ്. അങ്ങ് ദൂരെ മലമുകളിൽ മഞ്ഞ് പതഞ്ഞുയരുന്നു. റോഡ് യോഗ്യമായിരുന്നെങ്കിൽ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ഇവിടം മാറുമായിരുന്നു. ഗവി, മൂന്നാർ മോഡൽ വികസനത്തിനു വലിയ സാധ്യത. മൊട്ടക്കുന്നുകളും മലനിരകളും കൂറ്റൻ വൃക്ഷങ്ങളുമൊക്കെ ചേർന്നു മായിക ലോകം തീർക്കും. ഫാം ടൂറിസത്തിന്റെ സാധ്യത അധികൃതർ തിരിച്ചറിഞ്ഞിട്ടില്ലെന്നു തോന്നുന്നു.

ചെമ്പനരൂവി മീൻമുട്ടി വെള്ളച്ചാട്ടം, വന്യമൃഗങ്ങളെ നേരിൽക്കാണാനുള്ള അവസരം, കോടമഞ്ഞിന്റെ ദൃശ്യഭംഗി  എന്നിവയൊക്കെ സഞ്ചാരികളുടെ മനംകവരും. യാത്രയ്ക്കിടെ, സഞ്ചാരികൾക്കു കാട്ടിനുള്ളിൽ വിശ്രമിക്കാനുള്ള സ്ഥലങ്ങളുമുണ്ട്. അച്ചൻകോവിൽ ക്ഷേത്രം മറ്റൊരു ആകർഷണം. അച്ചൻകോവിൽ പിന്നിട്ട് ചെങ്കോട്ട വഴി കുറ്റാലത്തേക്കു പോയാൽ പ്രസിദ്ധമായ കുറ്റാലം വെള്ളച്ചാട്ടം. യാത്രയുടെ റിസ്ക് അൽപം എടുക്കാൻ തയാറാണെങ്കിൽ നല്ലൊരു യാത്രയായിരിക്കും.