ഒാരോ യാത്രയിലും പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന ഇടുക്കി സഞ്ചാരികളുടെ ഇഷ്ടലൊക്കേഷനാണ്. അതീവ സുഖകരമായ കാലാവസ്ഥയും കൊണ്ട്  സഞ്ചാരികളെ കൂടുതൽ മോഹിപ്പിക്കുന്നുണ്ട് ഇടുക്കി. എത്രകണ്ടാലും അനുഭവിച്ചാലും ഒരിക്കലും അന്നാട്ടിലെ കാഴ്ചകൾ ആർക്കും മടുക്കില്ല. അതുകൊണ്ടു തന്നെയാകണം ഒഴിവു ദിവസങ്ങളിൽ ഒരു യാത്രക്ക് പദ്ധതികൾ തയാറാക്കുമ്പോൾ  ആ പട്ടികയിൽ മൂന്നാറിനും തേക്കടിക്കുമൊക്കെ ഇപ്പോഴും ഇത്രയധികം പ്രാധാന്യം ലഭിക്കുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകളുള്ള ഒരു സ്ഥലമാണ് തേക്കടി. സ്ഥിരം സന്ദർശിക്കുന്ന ഇടങ്ങളല്ലാതെ സഞ്ചാരികൾ അധികം കടന്നുചെല്ലാത്ത വളരെ ഭംഗിയേറിയ ചിലയിടങ്ങളുണ്ട് തേക്കടിയിൽ.

കോട്ടയത്തുനിന്നു 108 കിലോമീറ്റർ ദൂരം, കൊച്ചിയിൽനിന്നു 150 കിലോമീറ്റർ, തൊടുപുഴയിൽനിന്നു 110 കിലോമീറ്റർ അകലെയാണു തേക്കടി. ഇന്ത്യയിലെ ഏറ്റവും വലിയ വന്യമൃഗസങ്കേതം. 925 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്നതാണു വനം.  തേക്കടി തടാകത്തിലെ ബോട്ടിങ്ങാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. എല്ലാ ദിവസവും അഞ്ചു സർവീസുകളാണു തേക്കടിയിലുള്ളത്. വനം വകുപ്പിന്റെയും കെടിഡിസിയുടെയും ബോട്ടുകളാണു സർവീസ് നടത്തുന്നത്. ഓൺലൈൻ ബുക്കിങ്ങിനും സൗകര്യമുണ്ട്. 

തേക്കടിയിലെ ബോട്ട് യാത്രയ്ക്കിടെ ആന, കാട്ടുപോത്ത്, മ്ലാവ്, നീർനായ്, കേഴ തുടങ്ങി ഒട്ടേറെ മൃഗങ്ങളെ കാണാറുണ്ടെങ്കിലും കടുവയെ കാണാറില്ല.

എന്നാൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 2 തവണ കടുവകൾ സഞ്ചാരികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഇതോടെ ഇനി മുതൽ ഭാഗ്യം ഉണ്ടെങ്കിൽ ബോട്ട് യാത്രയ്ക്കിടെ കടുവയെ കാണാം എന്ന് ഉറപ്പായി. തേക്കടി ഇടപ്പാളയത്തിനും പാറവളവിനും ഇടയിലാണ് കടുവയുടെ സാന്നിധ്യം ഉള്ളത്. 925 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരിയാർ കടുവ സങ്കേതത്തിൽ 40ലധികം കടുവകൾ ഉള്ളതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കാതൽ(കോർ ഏരിയ) മേഖലയിൽ കഴിയുന്ന ഇവ കരുതൽ (ബഫർ സോൺ) മേഖലകളിലേക്ക് വരുന്നത് അപൂർവമാണ്. വ്യാഴാഴ്ച 3.30നുള്ള ബോട്ട് യാത്രയിലാണ് സഞ്ചാരികൾക്ക് കടുവയെ കാണാൻ ഭാഗ്യം ലഭിച്ചത്.