സത്യം പറഞ്ഞാ വിശ്വസിക്കുമോ,  നിങ്ങളൊരു പക്ഷിക്കൂട്ടിലൂടെയാണ് ഇനി സഞ്ചരിക്കാൻ പോകുന്നത്. അതിശയോക്തിയാണെങ്കിലും രംഗണത്തിട്ടു പക്ഷിസങ്കേതത്തിൽ  ചെന്നാൽ  ശരിക്കും ഒരു മായികലോകത്തെത്തിയതുപോലെ അനുഭവപ്പെടും. പക്ഷികളുടെ യുവജനോത്സവം  എന്നൊക്കെ വേണമെങ്കിൽ പറയാം. മൈസൂരിലേക്കുള്ള യാത്രകളിൽ ഒരിക്കൽപോലും ഈ സ്ഥലം കണ്ണിൽപെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ആകാംക്ഷയുടെ ചിറകടിയുണ്ടായിരുന്നു മനസ്സിൽ. 

വയനാട്ടിൽനിന്നു  കർണാടകയുടെ  നാഗർഹോളെ കടുവാസങ്കേതത്തിലുടെ പ്രഭാതസവാരി കഴിഞ്ഞ്  അന്തർസന്തെ എന്ന ചെറു കവലയിലെത്താം. ഇവിടെനിന്നാണു കബനിക്കരയോരത്തേക്കുള്ള ബസ് സഫാരി പോകുന്നത്. തൽക്കാലം ആ സഫാരി വേണ്ടെന്നു വച്ച് നേരെ മൈസൂരിലേക്കു വച്ചുപിടിച്ചു. ഇക്കുറി ലക്ഷ്യം പക്ഷികൾ മാത്രം. മൈസൂരിനടുത്ത് കാവേരിനദിയൊരുക്കുന്ന വിരുന്നാണു രംഗണത്തിട്ടു പക്ഷിസങ്കേതം.  ചരിത്രമേറെ പറയാനുള്ള ശ്രീരംഗപട്ടണത്തുനിന്ന് ആറുകിലോമീറ്റർ ദൂരമേയുള്ളൂ.    തനി കുഗ്രാമമാണിത്. അതുകൊണ്ടാകാം പക്ഷികൾ സമാധാനത്തോടെ വസിക്കുന്നത്. പശ്ചിമവാഹിനി എന്ന ചെറിയ അങ്ങാടിയിൽ താമസം. 

അതിരാവിലെത്തന്നെ ലെൻസിൽ ഉറപ്പിച്ച ക്യാമറാബോഡിയുമായി ഇറങ്ങി. ചുറ്റുമൊന്നു കറങ്ങിയശേഷം പക്ഷിസങ്കേതത്തിലെത്തി. നാൽപ്പത് ഏക്കർ വിസ്തൃതിയിൽ ചെറുദ്വീപുകളൊരുക്കി കാവേരിനദി പക്ഷികളെ പോറ്റുന്നു.  ഈ ദ്വീപുകൾക്കിടയിലൂടെ നമുക്കു ബോട്ടിൽ സഞ്ചരിക്കാം. ഒരു ചെറിയ ലെൻസ് ഉണ്ടെങ്കിൽത്തന്നെ പക്ഷികളുടെ സുന്ദരൻ പടങ്ങളെടുക്കാം. മൊബൈലിൽ ചിലരെടുത്ത പെലിക്കനുകളുടെ പടം കണ്ടപ്പോൾത്തന്നെ ബോട്ടിൽ കയറാൻ ധൃതിയായി. 

രണ്ടുതരം ബോട്ടുകൾ അവിടെയുണ്ട്. ഒന്ന് എല്ലാവർക്കു കയറാവുന്ന പൊതുബോട്ട്. ഇതിൽ നിരക്കുകുറവായിരിക്കും. പക്ഷേ, നമ്മുടെ ഇഷ്ടത്തിനു പോകില്ല എന്നൊരു   കുറവുമുണ്ട്.  രണ്ടാമത്തെ ബോട്ട് നമുക്കു മാത്രം വാടകയ്ക്കു കിട്ടുന്നവയാണ്. പക്ഷി സമൂഹങ്ങളുടെ അടുത്തേക്കു ചെല്ലാം. ദ്വീപുകൾക്കടുത്തു തമ്പടിച്ചു കുറച്ചുനേരം കിടക്കാം. നല്ല പടം കിട്ടാൻ വേണ്ടി ഈ ബോട്ടാണു പലരും തിരഞ്ഞെടുക്കാറ്. 

ബോട്ട് ലാൻഡിങ്ങിനടുത്തുകൂടി പെലിക്കനുകൾ തങ്ങളുടെ സഞ്ചിവിടർത്തി ഇരപിടിക്കാനായി താഴ്ന്നു പറക്കുന്നതു കാണാം. സ്വർണകൊക്കുകളും ഇളമുറക്കാരും ഇളവെയിൽ കാത്ത് പാറപ്പുറത്തു നിരന്നുനിൽപ്പുണ്ട്.  സ്പൂൺ ആകൃതിയുള്ള ചുണ്ടുമായി കരണ്ടികൊക്ക്, കല്ലിൽനിന്നാൽ കല്ലേത് പക്ഷിയേത് എന്നു തിരിച്ചറിയാനാകാത്ത വിധം നിറമുള്ള റോക്ക് പ്ലോവർ തുടങ്ങി നൂറോളം പക്ഷികളെ അടുത്തറിയാൻ പറ്റി. പക്ഷികളെ കണ്ടു നീങ്ങുന്നതിനിടയിൽ വെള്ളത്തിൽ നിന്നൊരാശാൻ തലയുയർത്തി നോക്കുന്നുണ്ട്. മുതല.  മഗ്ഗർ ക്രൊക്കഡൈൽ ഇനത്തിൽ പെട്ടവയാണെന്നു തുഴച്ചിൽ കാരൻ പറഞ്ഞുതന്നു. 

നൂറ്റിയിരുപതു സ്പീഷീസ് പക്ഷികൾ. എണ്ണായിരം കൂടുകൾ. ഇരതേടിയും ഇണതേടിയും കൂടൊരുക്കിയും അവയങ്ങനെ ഒരു ദ്വീപിൽനിന്നു മറ്റു ദ്വീപുകളിലേക്കു പറന്നുകളിക്കുന്നു. നിങ്ങൾക്കൊരിക്കലും ഇത്രയുംവൈവിധ്യമാർന്ന പക്ഷിക്കൂട്ടങ്ങളെ ഒരിടത്തുവച്ചു കാണാനാകില്ല. സംസ്ഥാനത്തെ കലാകാരികളും കലാകാരൻമാരും ഒത്തുകൂടുന്ന യുവജനോത്സവം പോലെത്തന്നെ.  ഇത്രയും പോരെ പക്ഷികളുടെ യുവജനോത്സവവേദിയാണു രംഗണത്തിട്ടു എന്നു പറയാൻ… ?

രംഗണത്തിട്ടു

സന്ദർശക സമയം- രാവിലെ ഒൻപതു മണി മുതൽ ആറുമണി വരെ

ടിക്കറ്റ് നിരക്ക്- മുതിർന്നവർക്ക് അൻപതു രൂപ

ബോട്ടിങ് ചാർജ്- ഒരാൾക്ക് അൻപതു രൂപ

രംഗണത്തിട്ടുവിൽ ശ്രദ്ധിക്കാൻ

പ്ലാസ്റ്റിക് റാപ്പറുകൾ കവറുകൾ എന്നിവ കയ്യിൽ കരുതരുത്, നദിയിൽ ഉപേക്ഷിക്കരുത്. 

നിശബ്ദത പാലിക്കണം

വലിയ സംഘമാണെങ്കിൽ പൊതു ബോട്ട് എടുക്കാം. 

അല്ലെങ്കിൽ ചെറിയ ബോട്ടെടുക്കുന്നതാണു സൗകര്യം

താമസം

പശ്ചിമവാഹിനിയിലെ സ്വകാര്യഹോട്ടലുകൾ

അടുത്തുള്ള സ്ഥലങ്ങൾ

മൈസൂർ- 20 Km

ശ്രീരംഗപട്ടണം-6 Km

വൃന്ദാവൻ ഗാർഡൻ- 17 Km

റൂട്ട്

എറണാകുളം-തൃശ്ശൂർ-ഷൊർണൂർ-പെരിന്തൽമണ്ണ-നിലമ്പൂർ-വഴിക്കടവ്-ഗൂഡല്ലൂർ-മൈസുരു-ശ്രീരംഗപട്ടണം-രംഗണത്തിട്ടു-437 km