വനരാവുകൾക്ക് ഭീതിയുടെ ഗന്ധമാണെപ്പൊഴും. പക്ഷേ കാനന രാവുകളിൽ, മനസ്സിനുള്ളിൽ ഭയത്തിനുമപ്പുറം വന്നു മൂടുന്ന ഒരു തിരതള്ളലുണ്ട്; പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം. എന്തു പറഞ്ഞതിനെ വിളിക്കണം എന്നറിയില്ല.വർഷങ്ങൾക്ക് മുമ്പുള്ള അത്തരമൊരു രാത്രി. വയനാട് തോൽപ്പെട്ടി വന്യമൃഗസങ്കേതത്തിന് എതിരെ അല്പം മാറി ഇരുളിൽ കുളിച്ച് പഴയ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ നഞ്ചു ചെട്ടിയുടെ ആദ്യഭാര്യ വെള്ള ഔവ്വയുടെ പത്തെഴുപതു വർഷം പഴക്കമുള്ള തറവാട്. പല കൈകൾ മറിഞ്ഞു പോയിരിക്കുന്നു അത്. ഒടുവിൽ കാപ്പി ഗോഡൗണാക്കി മാറ്റാൻ വേണ്ടി ആരോ വാങ്ങി. അത് ടൂറിസത്തെ സ്നേഹിച്ച നമ്മുടെ ഒരു ചങ്ങായി വാങ്ങി. അക്കഥ തുടർന്ന് പറയാം.

റോഡരികത്തു തന്നെയാണ് വെറും നാലു മുറികളുള്ള ആ കെട്ടിടം. പക്ഷേ അവിടെ അത്തരത്തിലൊരു ബംഗ്ലാവുണ്ടെന്ന് പെട്ടെന്ന് മനസ്സിലാവില്ല. (ഈ നഞ്ചു ചെട്ടിയുടെ രണ്ടാം ഭാര്യയെക്കുറിച്ച് കുറേ വർഷങ്ങൾക്ക് മുമ്പ് മാധ്യമങ്ങൾ എഴുതിയിരുന്നു. തിരുനെല്ലി അമ്പലത്തിനടുത്ത് ഉൾക്കാട്ടിൽ അപ്പപ്പാറ എന്ന സ്ഥലത്തോ മറ്റോ ഭർത്താവു മരിച്ച ശേഷം തനിച്ചു കഴിഞ്ഞ ഒരു സ്ത്രീ . ആഴ്ചയിലൊരിക്കൽ അമ്പലത്തിന് സമീപം വന്ന് സാധനങ്ങളൊക്കെ വാങ്ങി പോകുമായിരുന്നത്രെ. പിന്നീട് സർക്കാർ തന്നെ എന്തോ താമസ സൗകര്യം ഒരുക്കി കൊടുത്തിരുന്നു. ഇപ്പൊ ജീവിച്ചിരിപ്പില്ല)

വയനാട്ടിലെത്തിയാൽ രാത്രി വനപാതകളിലൂടെ പേടിച്ചരണ്ട മനസ്സുമായി ഒന്ന് ചുറ്റിയടിക്കാനാവും മോഹം. സത്യത്തിൽ പാടുള്ളതല്ല. ഇപ്പോൾ അനുവദനീയവുമല്ല. എന്തായാലും അന്നു രാത്രി ദിലീപ് ജീപ്പെടുത്തു. കുടുംബാംഗങ്ങൾ എല്ലാമുണ്ട്. ഹിന്ദുവിൽ നിന്ന് വിരമിച്ച തിരുവനന്തപുരത്തുകാരൻ ഹരിയും കുടുംബവും കൂട്ട്. എന്റെ എല്ലാ യാത്രകളിലും അതൊരു പതിവാണ്, ഏതെങ്കിലും ഒരു കൂട്ടുകാരന്റെ കുടുംബം കാണും.

നിലാവ് ലേശം പോലുമില്ല. ലക്ഷ്യം പറയണ്ടല്ലോ, കാട്ടാന ദർശനം തന്നെ. എല്ലാരും പേടിച്ചിരിപ്പാണ്. ചീവീടുകളുടേതു പോലുള്ള ശബ്ദങ്ങൾ മാത്രം. കാടിന്റെ വന്യ ഗന്ധവും. തോൽപ്പെട്ടിയിൽ നിന്നും തിരുനെല്ലി റൂട്ടിൽ ഏറെ പോയി. ഓരോ നിമിഷവും ഇടത്തോ വലത്തോ മുമ്പിലോ ഒരു കൊമ്പനെ, ഒരു മോഴയെ പ്രതീ ക്ഷിച്ചു. ഇരുട്ടിൽ എവിടെയും പുള്ളിമാനുകൾ. രാത്രിയിലും കണ്ണ് തിളങ്ങുന്ന കാണാം. കൊമ്പനെ പോയിട്ട് മ്ലാവിനെപ്പോലും കാണാതെ നിരാശരായി തിരികെ താമസ സ്ഥലത്തേക്ക്. ബംഗ്ലാവിന് നൂറു വാര അകലെ എത്തിക്കാണും. ദിലീപ് വണ്ടി പെട്ടെന്ന് ചവുട്ടി നിർത്തി. മിണ്ടരുതെന്ന് ആംഗ്യം കാട്ടി. ഇരുട്ടിൽ പതിയെ ചലിക്കുന്ന കൂറ്റൻ രൂപം. ഏറ്റ ഒരു കൊമ്പൻ . ഇത്രയും ദൂരം പോയിട്ടും കാണാത്തത് ദേ താമസ സ്ഥലത്തിന് തൊട്ടരികെ. അല്പനേരം ജീപ്പ് നിർത്തിയിട്ട ശേഷം പതിയെ അവനെയും കടന്ന് ഗേറ്റില്ലാത്ത പ്രവേശന കവാടത്തിലെത്തി. ഇത്തിരി ദൂരം കൊമ്പൻ ഞങ്ങളെ പിന്തുടർന്നെങ്കിലും തിരികെ പോയി. നെഞ്ചിലെയൊരു തീക്കാറ്റുമകന്നു.

ഇത് പാക്കിഡെം പാലസ്

പാക്കിഡെം എന്നാൽ കട്ടിത്തോലുള്ള മൃഗം. തോൽപ്പെട്ടി വന്യമൃഗസങ്കേതത്തിനെതിരെ കാനന ഗേഹത്തിന് ഇതിൽപരം അനുയോജ്യമായ മറ്റെന്തു പേരുണ്ട് ! നന്ദി പറയേണ്ടത് എന്റെ പ്രിയ സുഹൃത്ത് കൊച്ചിക്കാരൻ വർഗീസിന്റെ ബോട്ട് ജട്ടിയിലെ ടൂറിസ്റ്റ് എന്ന സ്ഥാപനത്തിൽ ഒരിക്കലെത്തിയ വിദേശ ടൂറിസ്റ്റിന് .

ഫെസ്റ്റിവൽസ് ഒാഫ് കേരള എന്ന പുസ്തകം പുറത്തിറക്കാനായി കേരളത്തിലെ അമ്പലങ്ങളായ അമ്പലങ്ങളൊക്കെ വർഗീസ് ചുറ്റിത്തിരിയുന്ന കാലത്തൊരു നാൾ തിരുനെല്ലിയിലുമെത്തി. വയനാട്ടിലൂടെയുള്ള ആ യാത്രയാണ് ഒരു ചെറിയ ചായിടം ടൂറിസ്റ്റുകൾക്കൊരുക്കാനായി വർഗീസിന് പ്രേരണയായത്. അങ്ങനെ മനോരമയിൽ സ്ഥലം തേടി പരസ്യം കൊടുത്തു. ഒരു പാവം പാവം ലന്തുക്കർ അബ്ദുള്ളയുടെ കത്ത് വർഗീസിനെത്തേടിയെത്തി. വർഗീസും സുഹൃത്ത് കുര്യനും വയനാട്ടിലെത്തി ലന്തുക്കറെക്കണ്ടു. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുള്ള കുടുംബം. ഒരാളേ സ്കൂളിൽ ആയിട്ടുള്ളൂ.

ലന്തുക്കറുടെ വീട്ടിലേയ്ക്കുള്ള വർഗീസിന്റെ രണ്ടാം വരവ് വെള്ള ഔവയുടെ വീടും 30 സെന്റ് കാപ്പിത്തോട്ടവും വാങ്ങാനായിരുന്നു. രണ്ട് കുഞ്ഞുങ്ങൾക്കും നിറയെ മുട്ടായിയും വാങ്ങി ലെന്തുക്കറുടെ വീട്ടിലെത്തിയ വർഗീസിനെ വരവേറ്റത് വല്ലാത്ത മൂകത. അഞ്ചാറു ദിവസങ്ങൾ മുമ്പ് സ്കൂളിൽ നിന്ന് മടങ്ങും വഴി ലന്തുക്കറുടെ മൂത്ത കുട്ടിയെ ഒരു കാട്ടു കൊമ്പൻ നിർദയം കൊന്നു. പാക്കിഡെം പാലസിന്റെ പിറവിയ്ക്ക് പിന്നിൽ കണ്ണീരണിയിക്കുന്ന അത്തരമൊരു കഥ പറയാനുണ്ട് വർഗീസിന്.

ഈ വർഗീസാണ് കൊച്ചിയ്ക്കായി ആദ്യമായൊരു ടൂറിസ്റ്റ് മാപ് പുറത്തിറക്കുന്നത്. 1989 ൽ .പിന്നെ 1991 ൽ  ടൂറിസ്റ്റ് ഇന്‍ഡ്യ ട്രാവൽ ഇൻഫോർമേഷൻ ഗൈഡ് എന്ന പുസ്തകം. 1995 ൽ ഞാനൊക്കെ ടൂറിസം വകുപ്പിലെത്തുമ്പോൾ ഞങ്ങൾക്കൊക്കെ ട്രാവൽ ബൈബിളായിരുന്നു ഈ പുസ്തകം. കേരളവും കർണാടകവും തമിഴ് നാടും ഗോവയും നേരിട്ട് സഞ്ചരിച്ച്, അലഞ്ഞുതിരിഞ്ഞ്, വിവരങ്ങൾ ശേഖരിച്ച് ഒമ്പതു മാസമെടുത്ത് പൂർത്തിയാക്കിയ പുസ്തകം. അതിന്റെ ചുവട് പിടിച്ചാണ് കേരളത്തിന്റെ സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ബ്രോഷർ എന്ന നിർദേശം ഞാൻ അന്നത്തെ ടൂറിസം ഡയറക്ടർ ഡോ.വേണുവിന് മുന്നിൽ വച്ചതും തുടർന്ന് ഇന്നും വകുപ്പ് പുറത്തിറക്കുന്ന  ദ കേരള കംപാനിയൻ എന്ന ബ്രോഷർ രൂപം കൊള്ളുന്നതും.

തുടർന്ന് ഭാര്യയുടേയും മക്കളുടേയും ആഭരണം പണയം വച്ചും വിറ്റുമൊക്കെ വർഗീസ് നിരവധി പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കി.നിരവധി ടൂറിസം ഗൈഡുകൾ.വൈക്കം ഇത്തിപ്പുഴയെന്ന മനോഹരമായ ദേശത്തു നിന്ന് ടൂറിസ്റ്റുകൾക്കായി നാടൻ തോണിയിൽ പുഴയിലൂടെ, കൊച്ചു തോടുകളിലൂടെ ഒരു പക്ഷേ കേരളത്തിലെ ആദ്യ വില്ലേജ് ടൂർ തുടങ്ങിയതും ഈ വർഗീസ് തന്നെ.പാക്കിഡെം പാലസ് തുടങ്ങുമ്പോൾ തോട്ടം സൂപ്പർവൈസർ തിരുവനന്തപുരം കാരേറ്റുകാരൻ വേണുവിനെ വർഗീസിന് കൂട്ടു കിട്ടി. പാക്കിഡെം പാലസിന്റെ റിസപ്ഷനിസ്റ്റ്, ചീഫ് ഫിനാൻഷ്യൽ കൺട്രോളർ , മാസ്റ്റർ ഷെഫ് സർവോപരി ജനറൽ മാനേജർ ഈ മനുഷ്യനാണ്. 

പാക്കിഡെം പാലസിലേക്ക്

കൊച്ചു മുറികളാണ് പാക്കിഡെം പാലസിലുള്ളത്. എത് സീസണിലും 2000 - 2500 റേഞ്ചിൽ നിൽക്കും. ഭക്ഷണത്തിന് വേറെ.

ഒരു രാത്രി ഞങ്ങൾ തങ്ങിയത് ബംഗ്ലാവിന് പുറകിലെ ഓടിട്ട കൊച്ചു വീട്ടിൽ. രാവിലെ ഉറക്കമുണർന്ന് കണ്ട കാഴ്ച ചുറ്റും നിരന്നു നിൽക്കുന്ന എണ്ണമറ്റ പുള്ളിമാനുകളെയാണ്.

പാക്കിഡെം പാലസിൽ നിന്ന് 22 km ചെന്നാൽ മനോഹരമായ കുറുവ ദ്വീപായി.കോഴിക്കോടു നിന്നും ലക്കിടി, വൈത്തിരി, കൽപ്പറ്റ , മാനന്തവാടി, കാട്ടിക്കുളം വഴിയാണ് തോൽപ്പെട്ടിയിലെത്തുക.രാവിലെ 7 മുതൽ 10 വരെയും വൈകീട്ട് 3 മുതൽ 5 വരെയും തോൽ പെട്ടി വന്യജീവി സങ്കേതത്തിൽ പ്രവേശനമുണ്ട്. ഫോറസ്റ്റിന്റെ ജീപ്പിൽ ഒന്നേകാൽ മണിക്കൂർ കാടിനുള്ളിൽ.അതും വേണ്ട 8 km ചെന്നാൽ കർണാടകത്തിന്റെ നാഗർഹോള വന്യജീവി സങ്കേതം. ഇവിടെ വന്യമൃഗ ദർശനം ഉറപ്പാണ്.18 കി മി പോയാൽ തിരുനെല്ലി ക്ഷേത്രം. പാപങ്ങളിറക്കാൻ പാപനാശിനിയിൽ മുങ്ങി നിവരാം. തോൽപ്പെട്ടി - തിരുനെല്ലി യാത്ര തന്നെ ഒരനുഭവമാണ്. 

16 കിലോമീറ്റർ മുന്നോട്ട് പോയാല്‍  ഇരുപ്പൂ വെള്ളച്ചാട്ടമാണ്. കാഴ്ചകൾ ആസ്വദിച്ച് 83 കിലോമീറ്റർ കൂടി താണ്ടിയാൽ ബൈലകുപ്പയായി. എന്താണ് പ്രാധാന്യമെന്നറിയില്ലേ? സാക്ഷാൽ സുവർണ ക്ഷേത്രം (Golden Temple). ടിബറ്റിന് പുറത്ത് ധർമശാല കഴിഞ്ഞാൽ രണ്ടാമത്തെ വലിയ ടിബറ്റൻ സെറ്റിൽ മെന്റ്. വളരെ ആകർഷണീയമാണ് നാല്പതടിയോളം പൊക്കമുള്ള ബുദ്ധ പ്രതിമകളും പ്രാർത്ഥനാ രീതികളും അന്തരീക്ഷവും. കുടുംബത്തിലെ ആദ്യത്തെ ആൺകുട്ടി സന്യാസി ആവണമെന്നാണ് ഇവർക്കിടയിലെ വിശ്വാസം. പ്രത്യേക വേഷവിധാനത്തിൽ റിംപോച്ചയുടെ പുതിയ തലമുറയെ ഇവിടെക്കാണാം. പ്രവേശനം സൗജന്യമാണ്.  2012 ലോ മറ്റോ വർഗീസ് പല കാരണങ്ങളാൽ പാക്കിഡെം പാലസ് വിറ്റു. ഇപ്പോൾ കാസർഗോഡുള്ള ഒരു എംബിഎം ഗ്രൂപ്പാണ് ഇതിന്റെ ഉടമസ്ഥർ.