നിത്യഹരിത പീഠഭൂമിയാണ് മേഘാലയ. മേഘങ്ങളുടെ ആലയം എന്ന അർഥമുള്ള മേഘാലയ കാഴ്ചകള്‍ കൊണ്ട് സത്യത്തിൽ ആരെയും മോഹിപ്പിക്കും . സഞ്ചാരികൾക്കായി സുന്ദരകാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വളരെ പ്രസന്നമായ കാലാവസ്ഥയും മനോഹരമായ ഭൂപ്രകൃതിയുമാണ് മുഖ്യാകർഷണം. ഇന്ത്യയിലെ ഏഴ് സഹോദരസംസ്ഥാനങ്ങളിലൊന്നാണ് ഇവിടം. മേഘാലയയിലെ ടൂറിസ്റ്റ് സ്പോട്ടുകളെക്കുറിച്ച് അറിയാം.

∙ മേഘാലയത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഡോകി അഥവാ ഡൗകി (Dawki/Dauki). ഇന്ത്യ–ബംഗ്ലാദേശ് അതിർത്തിക്കു സമീപമുള്ള ഈ ഗ്രാമം ഫൊട്ടോഗ്രഫി ഹോബിയാക്കിയവർക്ക് ഏറെ പ്രിയങ്കരമാണ്.

മേഘലയിലെ കാഴ്ചകൾ

∙സ്ഫടികം പോലെ തെളിഞ്ഞ ജലമുള്ള ഡൗകി നദിയും സമീപത്തു തന്നെയുള്ള പാറക്കെട്ടുകളും തൂക്കു പാലവും മരങ്ങളുടെ വേരുകൾ പിരിച്ചുണ്ടാക്കുന്ന പാലവുമൊക്കെയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

∙മേഘാലയയിലെ വെസ്റ്റേൺ ജയന്ത ഹിൽസ് ജില്ലയിൽപെടുന്ന ഡൗകിയിലേക്ക് ഷില്ലോങ്ങിൽ നിന്നും 80 കിലോമീറ്റർ ദൂരമുണ്ട്.

∙റയിൽ മാര്‍ഗമോ വിമാനത്തിലോ ആസാമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽ എത്തിയാൽ അവിടെ നിന്ന് റോഡ് മാർഗം ഷില്ലോങ്ങിലെത്താം. ഇവിടെ നിന്നും രണ്ടരമണിക്കൂർ യാത്രയുണ്ട് ഡൗകിയിലേക്ക്. 

∙ശാന്തവും സ്വച്ഛവുമായ പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം ഡൗകി നദിയിൽ വഞ്ചി തുഴയുന്നതിനുള്ള സൗകര്യവുമുണ്ട്. ഉമങ്ഗോട് നദിക്കു കുറുകെയുള്ള ഡൗകി തൂക്കുപാലം പ്രശസ്തമാണ്.

∙ഡൗകിയിൽ നിന്നും 10 മിനിട്ടു സഞ്ചരിച്ചാൽ ഇന്ത്യ –ബംഗ്ലാദേശ് അതിർത്തി സന്ദർശിക്കാനാകും.

∙നവംബർ മുതൽ ജൂലൈ വരെയാണ് യാത്രയ്ക്ക് ഏറ്റവും നല്ല സമയം. മഴക്കാലത്ത് നദിയിലെ ജലം കലങ്ങിമറിയുന്നതാകും, തനതായ ഭംഗി അപ്പോൾ ദൃശ്യമാകുകയില്ല. മേഘാലയത്തിലെ മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി അല്പം ചൂടുകാലാവസ്ഥയാണ് സാധാരണ ഇവിടെ അനുഭവപ്പെടുക.