യാത്രയിലെ കാഴ്ചകൾ

കൊച്ചിയിൽനിന്നു ബെംഗളൂരുവിലേക്കുള്ള യാത്ര അതിരപ്പള്ളി, വാൽപ്പാറ, പൊള്ളാച്ചി വഴിയാക്കാമെന്ന തീരുമാനത്തിൽ ആർക്കും എതിർപ്പില്ലായിരുന്നു. കാരണം കാനന കാഴ്ചകൾ കണ്ടുള്ള യാത്ര എല്ലാവരെയും പോലെ ഞങ്ങൾക്കും മനസ്സിനു സന്തോഷം തരുന്നതായിരുന്നു. കൂടെയുള്ള രണ്ടു പേർ അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ടിട്ടില്ലാത്തതുകൊണ്ട് അവിടെ ഇറങ്ങിയിട്ടുപോവണമെന്നു മാത്രമായിരുന്നു അവർക്കു നിർബന്ധം. തലേന്നു പരിചയപ്പെട്ട അങ്കമാലിക്കാരൻ സുഹൃത്ത് രഞ്ജിത്, ബ്രേക്ഫാസ്റ് അവന്റെ വീട്ടിലൊരുക്കാമെന്ന് ആദ്യമേ പറഞ്ഞതുകാരണം അവന്റെ വിളിവന്നശേഷമാണ് ഹോട്ടൽ റൂമിൽ നിന്നുമിറങ്ങിയത്. താഴെ ലോബിയിൽ എത്തിയപ്പോഴാണ്‌ പാക്കേജിൽ ഫ്രീ ബ്രേക്ഫാസ്റ് ഉള്ള കാര്യം അറിഞ്ഞത്. ഫ്രീ അല്ലേ, അതും ഭക്ഷണം, എന്നാൽ പിന്നെ അതുകഴിച്ചിട്ടാവാം യാത്ര എന്നായി.

യാത്രയിലെ കാഴ്ചകള്‍

അവന്റെ വീട്ടിലേക്കുള്ള വഴി ഞങ്ങൾക്ക് അറിയാത്തതു കാരണം ബൈക്കുമായി അവൻ അങ്കമാലി ടൗണിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവന്റെ അമ്മയും അച്ഛനും ചേർന്നൊരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് സ്നേഹാശംസകൾ നേർന്ന് അവിടെ നിന്നിറങ്ങിയപ്പോൾ സമയം പത്തുമണി കഴിഞ്ഞിരുന്നു. അതിരപ്പിള്ളിക്കു പോകുന്ന വഴി വേറെ ഒരു സ്ഥലംകൂടി കാണിക്കാമെന്ന് പറഞ്ഞ് അവനും കൂടെ പോന്നിരുന്നു. പോകുന്നവഴി ചാലക്കുടിപ്പുഴയുടെ കൈവഴിയായൊഴുകുന്ന തോടിനോടു ചേർന്ന ഒരു ചെറിയ പെട്ടിക്കടയിൽനിന്ന് ഒരു ചായകൂടി കുടിച്ചു.

സുഹൃത്തുക്കളൊടൊപ്പം യാത്രയിൽ

എണ്ണപ്പനകൾ നിറഞ്ഞ എസ്റ്റേറ്റ് പിന്നിട്ട് ഞങ്ങളുടെ വാഹനം തുമ്പൂർമുഴി, ഏഴാറ്റുമുഖം പ്രകൃതിഗ്രാമം വിനോദസഞ്ചാര കേന്ദ്രത്തിലെത്തി. ചെറിയ ചെക്ക്‌ഡാമും തൂക്കുപാലവും കൃത്രിമ വെള്ളച്ചാട്ടവും പിന്നെ പ്രകൃതി ഒരുക്കിയ വിസ്മയങ്ങളോട് ചേർന്നു നിശ്ശബ്ദമായൊഴുകുന്ന ചാലക്കുടിപ്പുഴയും നമുക്കിവിടെ കാണാൻ കഴിയും. രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെ പൊതുജനങ്ങൾക്ക് ടിക്കറ്റെടുത്തു പ്രവേശിക്കാവുന്നതാണ്.

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴേക്കും സമയം 12:30 കഴിഞ്ഞിരുന്നു. ഞായറാഴ്ച ആയതുകാരണം നല്ല തിരക്കുണ്ടായിരുന്നു. ഒറ്റയ്ക്കും കൂട്ടമായും വിദേശിയും സ്വദേശിയും അടങ്ങുന്ന സഞ്ചാരികൾ. ഒഴുകുന്ന വെള്ളത്തിൽ കാലുകൾ ചേർത്തുവെച്ചു പരസ്പരം പ്രണയം കൈമാറുന്ന കമിതാക്കളും കുളിക്കാനായിമാത്രം വരുന്നരുമുണ്ട്. ഓരോ പ്രാവശ്യം പോവുമ്പോഴും ആദ്യമായി കാണുന്നപോലെ ഒരുപാടുനേരം വെള്ളച്ചാട്ടം നോക്കിനിന്നുപോകും. മേലെ നിന്നു നോക്കുമ്പോൾ കരുതും ഇങ്ങനെ കാണാനാണ് ഭംഗിയെന്ന്, താഴെപ്പോയി, പാറക്കല്ലിൽ തട്ടിത്തെറിക്കുന്ന വെള്ളം നനഞ്ഞു മേലോട്ടു നോക്കിനില്ക്കുമ്പോൾ തോന്നും ഇവിടുന്നുനോക്കുമ്പോഴാണ് അതിരപ്പിള്ളി കൂടുതൽ സുന്ദരിയെന്ന്.

കാഴ്ചകൾകണ്ടു മുകളിൽ എത്തിയപ്പോഴേക്കും വിശപ്പിന്റെ വിളി തുടങ്ങിയിരുന്നു. കവാടത്തിനാടുത്തായി കണ്ട Cinnamon Food Court ൽ കയറി ബിരിയാണി ഓർഡർ ചെയ്ത് ക്യാമറ ചാർജ് ചെയ്യാൻ പ്ലഗ്ഗ്പോയിന്റ് തിരഞ്ഞു മുകൾനിലയിൽ എത്തി. ഗ്ലാസ് ഭിത്തിക്കപ്പുറം മരങ്ങൾക്കിടയിലൂടെ വെള്ളച്ചാട്ടത്തിന്റെ വിദൂരകാഴ്ചയും കണ്ടു ഭക്ഷണം കഴിക്കാവുന്ന ഒരു സീറ്റിൽ ഞങ്ങൾ ഇരുന്നു. പുറത്തേക്കു നോക്കി ഭക്ഷണം കഴിക്കുന്നതിനിടെ, ചില്ലുഭിത്തിക്കപ്പുറത്തുകൂടി ഒരു വലിയ പക്ഷി പറന്നുപോകുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ ആഗ്രഹിച്ച കാഴ്ച, കേരളത്തിന്റെ ഔദ്യോഗിക പക്ഷി "മലമുഴക്കി വേഴാമ്പൽ (Buceros Bicornis)". കൂടെയുള്ള സുഹൃത്തുക്കൾക്ക് കാണിച്ചു കൊടുക്കാൻ തുടങ്ങിയപ്പോഴേക്കും വേഴാമ്പൽ മരച്ചില്ലകൾക്കുള്ളിൽ ഒളിച്ചു. മൃഗശാലയിലെ കൂട്ടിലല്ലാതെ കണ്ട കാഴ്ച ക്യാമറയിൽ പകർത്താൻ കഴിയാത്തതിലുള്ള സങ്കടത്തിൽ അവിടെനിന്നിറങ്ങി.

ചെക്ക്പോസ്റ്റിൽ വണ്ടിനമ്പറും പേരും എഴുതിക്കൊടുത്തു വാഴച്ചാൽ വനമേഖലയിലേക്കു കടക്കുമ്പോൾ സമയം 3:35 കഴിഞ്ഞിരുന്നു. ഇടതൂർന്ന കാടുകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന സുന്ദരമായ റോഡ്, ഒരുപക്ഷേ സൗത്തിന്ത്യയിലെ ഏറ്റവും സുന്ദരമായ കാട്ടുപാത. വീതികുറഞ്ഞ റോഡിനോട് ചേർന്ന് ഈറ്റക്കാട്. ആനക്കൂട്ടങ്ങൾ കടന്നുപോയ വഴികളിൽ പുതിയതും പഴയതുമായ ആനപ്പിണ്ടം. തീർത്തും നിശ്ശബ്ദമായ കാനനപാതയിലൂടെ പോകുമ്പോൾ ഉൾക്കാട്ടിൽനിന്ന് ആനക്കൂട്ടം ഈറ്റ പൊട്ടിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. വാഴച്ചാൽ വെള്ളച്ചാട്ടവും ചാർപ്പ വെള്ളച്ചാട്ടവും പിന്നിട്ടു തൊട്ടാപുര വ്യൂ പോയിന്റിൽ കാർ നിർത്തി ഞങ്ങൾ പുറത്തിറങ്ങി. ഷോളയാർ റിസർവോയറിന്റെ അതിസുന്ദരമായ കാഴ്ച നമുക്കിവിടെനിന്നു കാണാം. അരമണിക്കൂറിലധികം അവിടെ ചിലവഴിച്ചു കാഴ്ചകൾ ക്യാമറയിൽ പകർത്തി ഞങ്ങൾ വണ്ടിയെടുത്തു.

മലക്കപ്പാറ എത്തുന്നതിന് തൊട്ടുമുമ്പ് ഒരു മാൻകുട്ടി ഞങ്ങളുടേ കാറിനു കുറുകെചാടി. ഫോട്ടോ പകർത്താൻ സമ്മതിക്കാതെ നാണത്താൽ അതു മരങ്ങൾക്കിടയിലൂടെ ഓടിമറഞ്ഞു. ഇനി ഒരു ചായ കുടിക്കാം എന്നുവെച്ചു മലക്കപ്പാറയിലെ ബിസ്മില്ല ഹോട്ടലിൽ കയറി. അപ്പോൾ കൂടെയുള്ള സുഹൃത്തു ബീഫ് കഴിക്കാതെ ഒരടി മുന്നോട്ടുവെക്കില്ലെന്നായി. നല്ല ബീഫു വരട്ടിയതും പൊറോട്ടയും കഴിച്ചു കേരളം തമിഴ്നാട് ചെക്ക് പോസ്റ്റിൽ എത്തിയപ്പോഴേക്കും സമയം 6:45. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ പിന്നെ കാടിനുള്ളിലേക്ക് കടത്തിവിടാത്തതുകാരണം കുടുങ്ങി നിൽക്കുന്ന ഒരു മലയാളി കുടുംബം അവിടെ.

നേരം ഇരുട്ടിയപ്പോഴേക്കും വാൽപ്പാറയിൽ കോടമഞ്ഞിറങ്ങിത്തുടങ്ങിയിരുന്നു. കാടു കഴിഞ്ഞു യാത്ര തേയിലത്തോട്ടങ്ങൾക്കിടയിലൂടെയായി. കോടമഞ്ഞു വഴിമുടക്കിയപ്പോൾ പലപ്പോഴും കാറിന്റെ സ്പീഡ് കുറയ്ക്കേണ്ടതായിവന്നു. 

ഒരുപാടു കാഴ്ചകൾ കണ്ടുനിറഞ്ഞ്, ഒരുപാടു കാണാന്‍ ബാക്കിവെച്ച് ഞങ്ങൾ പോരാൻ നേരം തങ്ങളുടെ ആവാസവ്യവസ്ഥക്ക് ഭംഗംവരുത്താതെ പ്രകൃതി ഒരുക്കിയ കാഴ്ചകൾ കണ്ടുമടങ്ങിയതിനു ഞങ്ങൾക്ക് നന്ദി അറിയിക്കാൻവേണ്ടി കാട്ടുരാജാവ് അയച്ച പ്രതിനിധിയെന്നോണം ഒരു കാട്ടുപോത്ത് വഴിയരികിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. 40 ഹെയർപിന്നുകൾ ഉള്ള ചുരമിറങ്ങി പൊള്ളാച്ചിയെത്തിയപ്പോൾ സമയം 8:30. വീണ്ടും ഒരിക്കൽ കൂടി ഈവഴി വരണമെന്ന ആഗ്രഹത്തോടെ ഞങ്ങൾ ഉദ്യാനനഗരിയെ ലക്ഷ്യമാക്കി കാറോടിച്ചു.