ദൂരമോ സമയമോ ആയിരുന്നില്ല ആ യാത്രയുടെ അളവുകോൽ. പരമാവധി ഹെയർപിൻ കയറിയുള്ള ഒരു റൈഡ്- അത്രമാത്രം. മൗണ്ടൻ ഓഫ് ഡെത്ത് എന്ന് വിളിപ്പേരുള്ള, സേലത്തു നിന്ന് 60 കിലോമീറ്റർ അകലെക്കിടക്കുന്ന കൊല്ലിമലയിലാണ് ആ യാത്ര അവസാനിച്ചത്. വാൽപ്പാറ ചുരം ആയിരുന്നു തുടക്കം, അതിരപ്പിള്ളി -വാൽപ്പാറ വനപാതയിൽ മഴ തകർത്തു പെയ്യുന്നുണ്ട്. അതുകൊണ്ടാവും, തിരക്കും വളരെ കുറവ്. വാൽപ്പാറ ടൗൺ കഴിഞ്ഞതും വഴിപോലും കാണാൻ പറ്റാത്ത വിധം കോട കാഴ്ച മറച്ചു തുടങ്ങി. ചുരം അടുക്കും തോറും മഴ മാറി. സായാഹ്ന ശോഭയിൽ കുളിച്ചു നിൽക്കുന്ന ആളിയാർ ഡാം. ഡാമിൽ അങ്ങകലെയായി ആനകളുടെ ഒരു കൂട്ടം. കുറച്ചു നേരം കണ്ടുനിന്നു.

പാലക്കാട്ടു നിന്ന് രാവിലെ ഇറങ്ങി. പുറകിലിരിക്കാൻ ഒരു മടിയുമില്ലാത്ത ജെയ്‌സനെ കൂടെക്കൂട്ടി. കോയമ്പത്തൂർ വഴി സേലത്തിനു പോകുന്ന ആറുവരിപ്പാതയുടെ നടുവിൽ എണ്ണിയാൽ തീരാത്ത പോലെ എഐഎഡിഎംകെയുടെ ഫ്ലെക്സുകളും കൊടിതോരണങ്ങളും. തമിഴ്നാട് മുഖ്യമന്ത്രി സേലത്തു വരുന്നതിന്റെ മുന്നൊരുക്കം. യേർക്കാട് ചുരത്തിൽ എത്തിയപ്പോൾ മഴയില്ലെങ്കിലും തണുപ്പിനൊരു കുറവുമില്ല, സകല ക്ഷീണവും ആ തണുപ്പിലലിഞ്ഞില്ലാതായി. മൂന്നാറിനെ ഓർമിപ്പിക്കുന്ന ടൗണിൽത്തന്നെ ഒരു പാർക്കുണ്ട്. മയിലും മാനും തന്നെ പ്രധാനാകർഷണം. ആരോ പറഞ്ഞുപഠിപ്പിച്ച പോലെ മയിൽ കാണികൾക്കു മുൻപിൽ പീലിവിടർത്തി നിൽക്കുന്നു.

ബോട്ടിങ്ങിനു ടിക്കറ്റ് എടുക്കാൻ നിൽക്കുന്നവരെ കണ്ടപ്പോൾ നമ്മുടെ ബവ്റിജ് ആണോർമ വന്നത് അത്ര തിരക്കായിരുന്നു. പ്രധാന വ്യൂ പോയിന്റിൽ ഒരു ചെറിയ ടവർ ഉണ്ട്. ഞങ്ങളും കയറി. തിരക്കു കഴിയട്ടെ എന്നു കരുതി ഒരു സൈഡിൽ നിൽപാരംഭിച്ചു. അപ്പോളാണൊരു യുവമിഥുനങ്ങൾ കണ്ണിൽ പെട്ടത്. തന്റെ ഫോട്ടോ എത്ര തവണയെടുത്തിട്ടും തൃപ്തി വരാതെ നിൽക്കുന്ന ഒരു ഫ്രീക്കൻ, കൂടെയുള്ള പെൺകുട്ടി പല രീതിയിലും പലതവണ എടുത്തു നോക്കിയിട്ടും ആൾക്കിഷ്ടപ്പെടുന്നില്ല, ഓരോ തവണയും ഓരോ കുറ്റം. ഇതിപ്പൊ ഇവർ പോയിട്ടൊരു ചിത്രമെടുക്കാൻ പറ്റുമെന്നു തോന്നുന്നില്ല. അടുത്ത ചിത്രത്തിനു കുറ്റം പറഞ്ഞു തുടങ്ങിയപ്പോൾ ഞങ്ങൾ രണ്ടുപേരും ഉറക്കെയൊന്നു ചിരിച്ചു. മച്ചാന് കാര്യം മനസ്സിലായി. മനസ്സില്ലാമനസ്സോടെ രംഗമൊഴിഞ്ഞു തന്നു.

യേർക്കാടു‌നിന്നു കൊല്ലിമല. അതായിരുന്നു അടുത്ത റൂട്ട്. 70 ഹെയർപിൻ- അതുമാത്രമായിരുന്നു മനസ്സിൽ. വാൽപ്പാറയിൽ പലതവണ പോയിട്ടുണ്ടെങ്കിലും 70 ഹെയർപിൻ എന്നു കേട്ടാൽ വെറുതേവിടാൻ പറ്റുമോ ? എന്നെ കൊല്ലിമലയിലെത്തിച്ചത് അതായിരുന്നു. വളവുകളിൽ ബൈക്കിന്റെ സെന്റർ സ്റ്റാൻഡ് റോഡിനെ ചുംബിക്കുന്ന സൗണ്ട്‌ കേട്ടില്ലെങ്കിൽ വല്ലാത്തൊരു നഷ്ടബോധമാണെനിക്ക്. അത്രക്കും അ‍ഡ്വഞ്ചർ റൈഡുകളെ ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഇങ്ങനൊരു റൂട്ട് തിരഞ്ഞെടുത്തതും.

കൊല്ലി മലയുടെ മുകളിലെത്തിയപ്പോൾ മനസ്സിലായി, കൃഷിക്ക് പ്രാധാന്യം നൽകുന്ന ഒരു ഗ്രാമം. താമസത്തിന് രണ്ടുമൂന്നു ഹോട്ടലുകൾ മാത്രം. നാമക്കൽനിന്ന് ബസുണ്ട്. അത്ര സൗകര്യങ്ങളെ അവിടുള്ളു. കുരുമുളകുകൃഷി കാണണ്ടതു തന്നെയാണ്. ആകാശം മുട്ടെ വളർന്നു പടർന്ന ചെടികൾ. വയനാട്ടിലും ഇടുക്കിയിലും പേരിനുമാത്രമായ കുരുമുളക്‌ കൃഷി ഇവിടെ ഇന്നും വ്യാപകമായി ഉണ്ട്, ഒപ്പം കാപ്പിയും. അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവാണ്. കാർഷികവിളകൾക്കു മാത്രമായി ഒരു കൊച്ചു മാർക്കറ്റും ചെമ്മേട് എന്ന ഈ കൊച്ചു ടൗണിലുണ്ട് ഒന്നു രണ്ടു വെള്ളച്ചാട്ടങ്ങളും ചെറിയ വ്യൂ പോയിന്റുകളുമാണ് കൊല്ലിമലയുടെ ആകർഷണം.

തിരിച്ചിറങ്ങവേ, ആദ്യമായി ചുരം കയറാൻ വന്ന കാറുകാരൻ എതിർ സൈഡിൽ വന്ന ബസ്സുമായി ഏതു സൈഡിലൂടെയാ വണ്ടി ഓടിക്കണ്ടത് എന്ന തർക്കം തകൃതിയായി നടത്തുന്നു. കണ്ടുനിന്നവരുടെ ക്ഷമ നശിച്ചപ്പോൾ ആരൊക്കെയോ ഇടപെട്ട് രംഗം ശാന്തമാക്കി. ഒരു കേരള റജിസ്‌ട്രേഷൻ വണ്ടിക്കാരൻ കയ്യൊക്കെ പൊക്കിക്കാണിച്ചു കടന്നുപോയി. ആരാണാവോ. സേലം - കോയമ്പത്തൂർ റോഡിലെത്തിയപ്പോൾ നടുനിവർത്തി. ഇല്ലെങ്കിൽ ബെൽറ്റിടണ്ടി വന്നാലോ എന്നു ഭയന്ന് ലോറിക്കാരുടെ താവളത്തിൽ കേറി ചായയ്ക്ക് പറഞ്ഞിട്ട് മുൻപിൽ കണ്ട ബെഞ്ചിൽ കേറി ഒന്നു കിടന്നു. തിരിച്ചു പാലക്കാട് എത്തണമെന്ന പ്ലാനിലായതിനാൽ അധികം വൈകാതെ വണ്ടി എടുത്തു.

ചില സന്ധ്യകളിൽ വളരെ ഉയരത്തിലൂടെ ചേക്കേറാനായി പറന്നു പോകുന്ന പറവകളെ കണ്ടിട്ടുണ്ടാവും നമ്മൾ. അതും എനിക്കൊരു പ്രചോദനമാണ്, മടുപ്പുകൾ മാറ്റി യാത്ര തുടരാൻ. അസ്തമയ സൂര്യൻ ചുവന്നു തുടുത്തു നിൽക്കുന്നു. ഇത്രയും നല്ല അസ്തമയക്കാഴ്ച ഈയടുത്തെങ്ങും കണ്ടിട്ടില്ല, അത്ര മനോഹരം. അതും നോക്കിയങ്ങനിരുന്നു വണ്ടിയിൽ.  പാലക്കാടെന്ന ബോർഡും തിരക്കി.

അറിയാം

വാൽപ്പാറ - 40

യേർക്കാട് - 20

കൊല്ലിമല - 70 ഇതായിരുന്നു കയറി ഇറങ്ങിയ ഹയർപിന്നുകൾ

വാല്‍പാറ  40 നു മുകളിലല്ല കൊല്ലിമലയിലെ 70 എന്നും കൂടി കുറിക്കുന്നു.

റൂട്ട് :- പാലാ - ഏഴാറ്റുമുഖം - അതിരപ്പള്ളി- മലക്കപ്പാറ - ഷോളയാർ - വാൽപ്പാറ - ആനമല - പാലക്കാട് - മലമ്പുഴ - കോയമ്പത്തൂർ - സേലം - യേർക്കാട് - സേലം - റാസിപുരം - കൊല്ലിമല - കോയമ്പത്തൂർ - പാലക്കാട് - പാലാ.