കുറച്ചുകാലം മുൻപത്തെ ഊട്ടിയിലേക്കൊന്നു പോയിവന്നാലോ? ഒന്നു കുളിരണിയണമെങ്കിൽ ഊട്ടിതന്നെ ശരണം. എന്നാൽ ഊട്ടി പഴയ ഊട്ടിയല്ലല്ലോ. ഊട്ടി ഒരു പട്ടണമായി. കാലങ്ങൾക്കു മുന്നത്തെ ഊട്ടി. അതാണു മഞ്ഞൂർ. നീലഗിരിയുടെ തണുപ്പറിഞ്ഞ് ഏകാന്തവാസത്തിന് ഇത്രയും യോജിച്ച സ്ഥലം വേറെയില്ല.

ഊട്ടിക്കാഴ്ച്ചകളെന്തൊക്കെ? മുതുമലയിലെ വനഭംഗി, ഊട്ടിയിലെ തണുപ്പ്, നീലഗിരി ക്വീൻ എന്ന നാരോഗേജ് തീവണ്ടിയിലെ യാത്ര, വ്യൂപോയിന്റുകളുടെ മാസ്മരികത, കൂനൂരിന്റെയും കോത്തഗിരിയുടെയും ഗ്രാമീണത എന്നിങ്ങനെ എണ്ണിയാൽ തീരാത്ത കാഴ്ചകളുണ്ട് ഊട്ടിയിൽ. ഊട്ടിപ്പട്ടണത്തോടു വിടപറഞ്ഞാൽ നമുക്കിനിയും വഴികളുണ്ട് പോകാൻ. മഞ്ചൂർ എന്ന മഞ്ഞുനാടിലെത്തും മുൻപേ ചാമരാജ് ടീ ഫാക്ടറിയുടെ ഔട്ട് ലെറ്റുണ്ട്. പച്ചയുടെ മേളമണവിടെ. താഴെ പുൽത്തകിടി. റോഡിൽ ഒരു മരം. തൊട്ടപ്പുറത്തെ മതിൽ ഏതോ ചെടി പടർത്തിയുണ്ടാക്കിയത്. ഇത്രയും ആംപിയൻസ് കിട്ടുന്നതല്ലേ? അവിടെനിന്നു ചായ കുടിക്കണം. ചായയോട് ഒരു പ്രണയം തോന്നും.

മഞ്ചൂർ എന്നാണു നാട്ടുകാർ ഉച്ചരിക്കുന്നത്. മഞ്ഞിന്റെ ഊര് എന്നതു തന്നെ അർഥം. ചെറിയൊരു അങ്ങാടിയാണിത്. പക്ഷേ, എറണാകുളം കാക്കനാടുകടന്ന് ആലുവയിലേക്കു തന്റെ നഗരശിഖരങ്ങൾ പടർത്തിയതുപോലെ ഊട്ടി മഞ്ഞൂരിലേക്കു വന്നുകൊണ്ടിരിക്കുന്നു. പണിപൂർത്തിയാകുന്ന റിസോർട്ടുകളും മറ്റും സാക്ഷി. ഊട്ടിയിൽനിന്നു വ്യത്യസ്തമായ പ്രകൃതിയാണിവിടെ. കുന്നുകളിൽ ഇളവെയിലേറ്റു തിളങ്ങുന്ന തേയിലത്തോട്ടങ്ങൾ. നല്ല തണുപ്പ്. ഞങ്ങൾ ചെന്ന സമയം മഞ്ഞില്ലായിരുന്നു. എങ്കിലും മഞ്ഞൂർ സുന്ദരിതന്നെ.

മഞ്ഞൂരിലെത്തുന്നത് മുപ്പത്തിനാലു  ഹെയർപിൻ വളവുകൾ താണ്ടിയാണ്. കുന്താ ഡാമിന്റെ ഉയരക്കാഴ്ച ആ വഴിയിൽനിന്നു കിട്ടും. ജലാശയത്തിനപ്പുറം പ്രകൃതിയെ കീറിമുറിച്ച് ചില കെട്ടിടസമുച്ചയങ്ങൾ ഉയർന്നു വരുന്നു. മഞ്ഞൂരിലെ മഞ്ഞെവിടെപ്പോയെന്ന് ഇനിയന്വേഷിക്കേണ്ട കാര്യമുണ്ടോ? ചുരം കയറുമ്പോൾ ഇടതുവശത്ത് താഴ്‍വാരങ്ങളിൽ കാരറ്റ് കൃഷിയുണ്ട്. മിടുക്കിയായൊരു വല്യമ്മ െവയിലും കൊണ്ട് കൃഷിയിടം നോക്കി നടക്കുന്നു. തട്ടുതട്ടായ കൃഷിയിടങ്ങൾ ഊട്ടിയുടെ പ്രതീകങ്ങളാണെന്നറിയാമല്ലോ? നീലഗിരിയുടെ അസ്സൽ ഭംഗി ഇപ്പോൾ കാണണമെങ്കിൽ മഞ്ഞൂരിലേക്കു വരിക. ശാന്തമായ അന്തരീക്ഷം. താമസം. നാടൻ ഭക്ഷണം. നീലഗിരിയുടെ ആദ്യ സഹകരണ തേയില ഫാക്ടറിയായ കുന്താ ഇൻഡ്കോ ടീ ഫാക്ടറിയിൽനിന്നു നല്ലയിനം തേയില കുറഞ്ഞ വിലയ്ക്കു വാങ്ങാം. ബഡുഗ എന്ന വിഭാഗക്കാരാണ് ഇത് ആരംഭിച്ചതെന്ന് കൗണ്ടറിലെ ഉദ്യോഗസ്ഥർ. സുവർണജൂബിലി ആഘോഷിക്കുന്ന ഫാക്ടറിയിലെ ചായപ്പൊടി കൊള്ളാം. ഊട്ടിയിൽനിന്നു മഞ്ഞൂരിലേക്ക് 34 കിലോമീറ്റർ  ദൂരം.

മഞ്ഞൂരിൽനിന്നു മുള്ളി എന്ന കേരള–തമിഴ്നാട് അതിർത്തിയിലേക്കുള്ള വഴി ചെറുതാണ്. പാലക്കാട് ജില്ലയിടെ അട്ടപ്പാടിയിലേക്കാണ് നാം ഇറങ്ങുന്നത്. അവിടെയുമുണ്ട് ഗംഭീരമായ ഹെയർപിൻ വളവുകൾ. നാൽപത്തിമൂന്നെണ്ണം! റോഡിനപ്പുറം കൊടും താഴ്ച. ചോലക്കാടുകളാൽ സമ്പന്നമായ മലനിരകൾ. പുൽമേടുകൾ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. സായാഹ്നത്തിൽ ഈ വഴി വരികയാണു രസകരമെങ്കിലും ആനകളും മ‍ഞ്ഞും ചേരുമ്പോൾ അപകടസാധ്യത ഏറെയാണ്. മുള്ളി–മഞ്ഞൂർ വഴിയിൽ ഗെദ്ദ ഡാം, പെൻസ്റ്റോക്ക് പൈപ്പുകൾ, പവർ ഹൗസ് എന്നിവ  കാണാം.

മഞ്ഞൂരിലെ കുന്താ ജലവൈദ്യുതപദ്ധതിയിലെ രണ്ടാമത്തേതാണ് ഗെദ്ദയിലേത്. കനേഡിയൻ പ്രൊജക്ട് ആണിത്. അട്ടപ്പാടി റിസർവ് ഫോറസ്റ്റിന്റെ അതിരായ തമിഴ്നാട് കാട്ടിലൂടെയാണ് സഞ്ചാരം. പാതയുടെ ഇരുവശത്തും മുൾക്കൈതകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. അവ ആനകളെ തുരത്താനുള്ള ജൈവവേലിയാണെന്നു വനംവകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞുതന്നിരുന്നു. പക്ഷേ, ആനകൾക്ക് ഈ വഴിയിൽ പഞ്ഞമുണ്ടാകില്ലെന്ന് ചാമരാജ് ടീ ഷോപ്പിൽ വച്ചുകണ്ട, ബൈക്ക് യാത്രികരായ ക്രിസ്റ്റോയും ചങ്ങാതിയും ഉറപ്പുനൽകി. ഓരോ വളവും സൂക്ഷിച്ചാണ് ഇറങ്ങിയത്. ഒന്ന് ആനകളെ പേടിക്കണം. രണ്ട് എതിരെ വണ്ടികൾ വന്നാൽ ഒന്നു സൈഡ് കൊടുക്കാൻ പോലും സഥലമില്ല. ആനകളുടെ പബ്ലിക് ടോയ് ലെറ്റ് ആണോ എന്നു തോന്നുംവിധം റോഡിലെങ്ങും ആനപിണ്ഡങ്ങൾ നിരന്നിട്ടുണ്ട്. ചിലനേരങ്ങളിൽ ഈ വഴിയിൽ കനത്ത കോടയുമുണ്ടാകുമത്രേ. സംഗതി എന്തായാലും സാഹസിക യാത്ര തന്നെ.

മുള്ളിയിലെത്തുമ്പോഴാണ് മുള്ളാതെ ശ്വാസമടക്കിപ്പിടിച്ചു യാത്ര ചെയ്തതിന്റെ ഒരു രസം കിട്ടുക. ചെക്പോസ്റ്റുകളിൽ പലതിലും ഒരു ദിവസം ഒന്നോ രണ്ടോ വണ്ടികൾ മാത്രമേ വരികയുള്ളത്രേ. അൽപം സാഹസികതയും കാനനഭംഗിയും കുളിർമയും ഈ യാത്രയിൽ നുകരാം.