ചൂടാണെങ്കിലും തമിഴ്നാട് ചില ചൂടൻ സ്ഥലങ്ങൾ കാത്തുവച്ചിട്ടുണ്ട് ഇത്തവണ വെക്കേഷൻ ആഘോഷിക്കാൻ. 

കന്യാകുമാരി

കന്യാകുമാരി

ഇന്ത്യയുടെ ഈ തെക്കേ അറ്റത്തേക്ക് സഞ്ചാരികൾ ഏറെ എത്തിത്തുടങ്ങുന്നു. കടലിലെ ഉദയാസ്തമയവും മറ്റു സാധാരണ  കന്യാകുമാരി കാഴ്ചകളും കണ്ടുകഴിഞ്ഞാൽ വട്ടക്കോട്ടയിലെ പുരാതന കോട്ടയും തക്കലയിലെ കേരളത്തിന്റേതായ പദ്മനാഭപുരം കൊട്ടാരവും മാർത്താണ്ഡത്തുനിന്ന് ഉള്ളിലോട്ടു കയറി തൃപ്പരപ്പു വെള്ളച്ചാട്ടവും മാത്തൂരിലെ അക്വാഡക്ടും ചിതറാൽ കുന്നിൻമുകളിലെ ജൈനക്ഷേത്രവും കാണാം. കീരിപ്പാറ എന്നയിടത്ത്് കന്യാകുമാരി വന്യജീവിസങ്കേതത്തിൽ രാവുറങ്ങാം. 

കന്യാകുമാരി– വട്ടക്കോട്ട 7 കിലോമീറ്റർ 

 കന്യാകുമാരി– തക്കല  32 കിലോമീറ്റർ 

കന്യാകുമാരി– മാർത്താണ്ഡം 46 കിലോമീറ്റർ 

മാർത്താണ്ഡം– തൃപ്പരപ്പ് 15 കിലോമീറ്റർ 

മാർത്താണ്ഡം– ചിതറാൾ ക്ഷേത്രം 6 കിലോമീറ്റർ 

മാർത്താണ്ഡം– മാത്തൂർ അക്വാഡക്ട് 11 കിലോമീറ്റർ 

കന്യാകുമാരി–നാഗർകോവിൽ–തടിക്കാരക്കോണം–കീരിപ്പാറ– 45 കിലോമീറ്റർ 

മേഘമല 

മേഘമലയിലെ തടാകം

തേനിയിലെ മുന്തിരിത്തോപ്പുകൾക്കിടയിലൂടെയുള്ള കിടിലൻ വഴി താണ്ടി നാമൊരു ഹിൽസ്റ്റേഷനിലേക്കെത്തുന്നു. കൊതിപ്പിക്കുന്ന നിറവും തണുപ്പുമുള്ള മേഘമലയിലേക്ക്. തേയിലത്തോട്ടങ്ങളാണ് മേഘമലയെ ആകർഷകമാക്കുന്നത്. ചെറിയൊരു ഗ്രാമവും സ്വകാര്യറിസോർട്ടുകളും ഇവിടെയുണ്ട്. പെരിയാർ ടൈഗർ റിസർവ് കാടിന്റെ അങ്ങേപ്പുറമാണു മേഘമല. ആറു ഡാമുകൾ ഈ തേയിലത്തോട്ടങ്ങൾക്കിടയിലുണ്ട്. 

റൂട്ട് 

എറണാകുളം–മൂവാറ്റുപുഴ– ഇടുക്കി–കട്ടപ്പന–കമ്പം– ചിന്നമന്നൂർ–മേഘമല 246 കിലോമീറ്റർ. 

വഴി അൽപം ദുർഘടം പിടിച്ചതാണ്. 

തെൻമല കടന്നു തെങ്കാശി 

തമിഴ്നാടിന്റെ ഗ്രാമക്കാഴ്ചകൾ കണ്ടു യാത്ര ചെയ്യണമെങ്കിൽ പുനലൂർ–തെൻമല–ചെങ്കോട്ട– തെങ്കാശി– സുന്ദരപാണ്ഡ്യപുരം വഴി തിരഞ്ഞെടുക്കാം. തെൻമലയിലെ ഇക്കോടൂറിസം സെന്റർ, ശെന്തുരുണി കാടുകൾ എന്നിവ ആസ്വദിക്കാം.

ചെങ്കോട്ടയിലെ ഹോട്ടൽ റഹ്മത്തിൽനിന്നു പൊറോട്ടയും പെപ്പർ ചിക്കനും അടിക്കാം. സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടങ്ങളും കാണാം. വേനലിൽ കുറ്റാലം വെള്ളച്ചാട്ടങ്ങൾ വരണ്ടിരിക്കും. എങ്കിലും ഭാഗ്യം പരീക്ഷിക്കാം. പൻപൊലിയിൽനിന്നു തിരിഞ്ഞ്  അച്ചൻകോവിൽ കാട്ടിലൂടെ തിരികെപ്പോരാം. 

ഹോഗനക്കൽ

ഗുണ്ടൽപേട്ട്

കാവേരിയിലെ ചെറുവെള്ളച്ചാട്ടങ്ങളുടെ സംഗമമാണ് ഹോഗനക്കൽ. പുകയുന്ന പാറ എന്നാണ് ഹോഗനക്കൽ എന്ന പേരിന്റെ അർഥം. അവിടെയെത്തുമ്പോൾ വെള്ളച്ചാട്ടങ്ങൾ കല്ലിൽതട്ടി തെറിച്ചുപോകുന്ന കാഴ്ച ഈ പേരിനെ അന്വർഥമാക്കുന്നു. കുട്ടവഞ്ചികളിലേറി വെള്ളച്ചാട്ടങ്ങൾക്കടുത്തുവരെ ചെല്ലാം.  ഇന്ത്യൻ നയാഗ്ര എന്നൊക്കെ ചിലർ വിശേഷിപ്പിക്കുമെങ്കിലും അത്ര വലുപ്പമോ ഭംഗിയോ ഈ വെള്ളച്ചാട്ടങ്ങൾക്കില്ല. തമിഴ്നാട്- കർണാടക അതിർത്തിയിലാണ് ഈ വെള്ളച്ചാട്ടം. ഹോഗനക്കൽ കാണുക, കുട്ടവഞ്ചിയിലേറുക എന്നതിൽ കവിഞ്ഞ് മറ്റൊരു ആകർഷണവും ഇവിടെയില്ല.  വേനലിൽ വെള്ളം കുറവായിരിക്കും. 

  റൂട്ട്

എറണാകുളം-തൃശ്ശൂർ-പാലക്കാട്-തിരുപ്പുർ-ഈറോഡ്-മേട്ടൂർ-ഹോഗനക്കൽ 400 km

കൂടുതൽ വിവരങ്ങൾക്ക്- https://www.hogenakkalecotourism.com

കൊടൈക്കനാൽ 

േപരുകേൾക്കുമ്പോൾതന്നെ മനസ്സിൽ കൊടയുടെ കുളിർമ എത്തുന്നില്ലേ? ഈ വേനലിൽ മനംകുളിർപ്പിക്കാൻ കൊടൈക്കനാലിനോളം നല്ലൊരു സ്ഥലമില്ല. നക്ഷത്രത്തടാകം, പില്ലർ റോക്ക്, ഡെവിൾസ് കിച്ചൺ എന്നറിയപ്പെടുന്ന ഗുണകേവ്, മന്നവന്നൂർ ഗ്രാമം എന്നിവയാണ് പ്രധാന കാഴ്ചകൾ. 

എറണാകുളത്തുനിന്ന് മൂന്നാറിന്റെ ഭംഗിയറിഞ്ഞ് കൊടൈക്കനാലിലേക്കു പോകാം. പാലക്കാട് പളനി വഴിയും കൊടൈക്കനാലിലെത്താം. 

റൂട്ട് 

എറണാകുളം– തൃശ്ശൂർ–വടക്കഞ്ചേരി–പല്ലശ്ശന–പൊള്ളാച്ചി–പഴനി–കൊടൈക്കനാൽ 302 കിലോമീറ്റർ. കേരളം വിട്ടാൽ റോഡ് അതിവിശാലം. ദൂരം കണക്കാക്കേണ്ട, സുഖകരമായി കൊടൈക്കനാലിൽ എത്താം. 

റൂട്ട് 2

എറണാകുളം–അടിമാലി–മൂന്നാർ–മറയൂർ–ഉഡുമൽപേട്ട്–പഴനി–കൊടൈക്കനാൽ  405 കിലോമീറ്റർ. മൂന്നാർ, മറയൂർ, ചിന്നാർ, ആനമലൈ ടൈഗർ റിസർവ് എന്നിവ കണ്ടു കണ്ടു യാത്ര ചെയ്യാമെന്നതാണ് ആകർഷണം. 

മുതുമലൈ ഊട്ടി 

കാടും കാണാം തണുപ്പും അറിയാം. ഈ യാത്രയിൽ രണ്ടുണ്ടു കാര്യം. നിലമ്പൂർ വഴിയാണു യാത്രയെങ്കിൽ കാഴ്ചകൾ തീരുകയില്ല. നിലമ്പൂരിലെ തേക്കുതോട്ടം, തേക്ക് മ്യൂസിയം എന്നിവ കണ്ട്  ഗൂഡല്ലൂരിലെത്തുക. ശേഷം മുതുമല കാട്ടിലൂടെ തെപ്പക്കാട്ടിലെ വനംവകുപ്പ് ഓഫീസിലെത്താം. നല്ല സുന്ദരൻ വഴിയാണിത്. മൃഗങ്ങളെ തീർച്ചയായും കാണും. ഇനി അതുപോരാ എന്നുണ്ടെങ്കിൽ തെപ്പക്കാട്ടിൽനിന്ന് വനംവകുപ്പിന്റെ ബസ്സിൽ കാനനസവാരിക്കു പോകാം.

കൂടുതൽ സൗകര്യപ്രദമാണ് ജിപ്സി സഫാരി. പക്ഷേ, റേറ്റ് കൂടും. അവിടെനിന്ന് കല്ലട്ടിച്ചുരം വഴി ഊട്ടിയിലേക്കു കയറാം. ആ വഴിയിലാണ് മസിനഗുഡി, മോയാർ, സിംഗാര വനഗ്രാമങ്ങൾ. മെല്ലെ ആസ്വദിച്ചു വണ്ടിയോടിക്കാം ഈ വഴികളിൽ. ഊട്ടിയിലെ സ്ഥിരം കാഴ്ചകളിൽനിന്നു മാറണോ...? കൂണൂർ, കോത്തഗിരി, മഞ്ഞൂർ എന്നിവ നിങ്ങളെ മാടിവിളിക്കും. കൂണൂരിൽനിന്ന് പൈതൃകത്തീവണ്ടിയിൽ കയറി ഒരു യാത്രയുമാകാം. ഒരു കാര്യം ശ്രദ്ധിക്കുക. കൂണൂർ മേട്ടുപ്പാളയം ട്രയിനിൽ ഇടതുവശത്തിരിക്കണം. എന്നാലേ കാഴ്ചകൾ കിട്ടൂ. 

റൂട്ട്

എറണാകുളം-തൃശ്ശൂർ-പെരിന്തൽമണ്ണ-നിലമ്പൂർ-വഴിക്കടവ്-നാടുകാണി-ഗൂഡല്ലൂർ-തെപ്പക്കാട്-മസിനഗുഡി-ഊട്ടി  297 Km 

താമസം- തെപ്പക്കാട് സിൽവൻ ലോഡ്ജ് 

കൂടുതൽ വിവരങ്ങൾക്ക്  9486800975