ഒരുപാടു നാൾ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു കാഴ്ചകൾ തേടിയുള്ള ബൈക്ക് യാത്ര; അതും കൊല്ലി ഹിൽസിലേക്ക്. അതിനുള്ള പ്രധാന കാരണം 70 ഹെയർപിൻ വളവുകൾ ഉള്ള ചുരം തന്നെയായിരുന്നു. ബൈക്ക് ട്രിപ്പിന് പറ്റിയയിടമാണ് കൊല്ലിഹിൽസ്. വെല്ലുവിളികളെ മറികടന്നുകൊണ്ടുള്ള ഉഗ്രൻ ട്രിപ്പ്. തമിഴ്‌നാട്ടിൽ നാമക്കലിനടുത്താണ് കൊല്ലി ഹിൽസ്. റോഡ് മാർഗം വലിയ പ്രയാസങ്ങളൊന്നും കൂടാതെ എത്തിച്ചേരാവുന്ന ഒരു ഹിൽസ്റ്റേഷനാണിവിടം. ബൈക്ക് യാത്രികരുടെ സ്വർഗം എന്നു തന്നെ പറയാം.

യാത്ര ആരംഭിക്കുന്നത് ബെംഗളൂരുവിൽനിന്നാണ്. ശനിയാഴ്ച അതിരാവിലെതന്നെ യാത്ര തുടങ്ങി. ബെംഗളൂരു -ഹൊസൂർ -കൃഷ്ണഗിരി -ധർമപുരി -സേലം - കലങ്കണി വഴി കൊല്ലി ഹിൽസ്. അതായിരുന്നു തിരഞ്ഞെടുത്ത റൂട്ട്. ബെംഗളൂരു മുതൽ സേലം വരെ സഞ്ചരിച്ച ശേഷം സേലത്തു നിന്നു നാമക്കൽ റോഡിലേക്ക് കയറണം. അവിടുന്ന് ഏകദേശം 30 കിലോമീറ്റർ കഴിഞ്ഞാൽ കലങ്കണി എന്ന സ്ഥലത്തുനിന്ന് ഇടത്തോട്ടു തിരിഞ്ഞു തിരുമലൈപ്പടി റോഡ് വഴി കൊല്ലി ഹിൽസിലേക്കു പോകാം.

മരണമലയാണ് കൊല്ലിമല

രാവിലെ 6.30 ഓടെ ഞങ്ങൾ അടിവാരത്തുള്ള ചെക്ക്പോസ്റ്റ് കടന്നു. ചെക്ക്പോസ്റ്റ്  കഴിഞ്ഞാൽ കൊല്ലി ഹിൽസിലെ ആദ്യത്തെ ഹെയർപിൻ വളവിനു തുടക്കമാകും. അതിരാവിലെ ആയതിനാൽ വഴിയിൽ വാഹനങ്ങൾ നന്നേ കുറവായിരുന്നു യാത്രയും സുഗമമായിരുന്നു. മനോഹരമായ കാഴ്ചകൾ ആസ്വദിച്ച്  പതിയെ കൊല്ലി ഹിൽസ് കയറുന്നതാണ് ഏറ്റവും നല്ലത്. ബൈക്ക് റൈഡേഴ്സിന് ആസ്വദിച്ചു യാത്രചെയ്യാവുന്ന സ്ഥലമാണ് കൊല്ലി ഹിൽസിലെ ചുരം.

ഹെയർപിൻ വളവുകളിലൂ‍ടെ കയറുമ്പോൾ താഴ്‍‍‍വാരത്തിന്റെ വിദൂരദൃശ്യം മിഴിവേകും. വശത്തു ധാരാളം മരങ്ങളുള്ള നല്ല റോഡ്. ഏകദേശം 2 മണിക്കൂർ കൊണ്ട് കൊല്ലി ഹിൽസ് കയറി. 70 കൊടിയ വളവുകളുള്ള ചുരം താണ്ടി മുകളിലെത്തിയാല്‍ മനോഹരമായ കാഴ്ചയാണ് പ്രകൃതിയൊരുക്കിയിരിക്കുന്നത്. ആകാശഗംഗ വെള്ളച്ചാട്ടത്തിന്റെ കാഴ്ച അതിശയിപ്പിക്കുന്നതാണ്. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത വാക്കുകളിൽ ഒതുക്കാനാവില്ല.

അവിടുത്തെ പ്രധാന ടൗൺ ആണ് സെമ്മെട്. കുറച്ചു കടകളും സാധാരണ ചായക്കടകളും ഹോട്ടലും ചെറിയൊരു ബസ് സ്റ്റാൻഡും ഉൾപ്പെട്ട വളരെ ചെറിയ ടൗൺ. തമിഴ്‌നാടിന്റെ ബസ് സർവീസ് ഇവിടേക്ക് ഉണ്ട്. രാവിലത്തെ ഭക്ഷണം ‍ടൗണിലെ ഒരു തരക്കേടില്ലാത്ത ഹോട്ടലിൽനിന്നു കഴിച്ചു. ശേഷം യാത്ര ബോട്ടിങ് പോയിന്റിലേക്കായിരുന്നു.

സമയം വേണ്ടുവോളം ഉള്ളതിനാൽ പ്രകൃതിഭംഗിയോടൊപ്പം ചിത്രങ്ങളും ക്യാമറയിൽ പകർത്തി. ഇവിടെയെത്തുന്ന സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ്‌ ആകാശഗംഗ വെള്ളച്ചാട്ടം. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത രണ്ട്‌ പ്രധാന വ്യൂ പോയിന്റുകളാണ്‌ സീകുപാറയും സേലര്‍ നാടും. മസില വെള്ളച്ചാട്ടം, സ്വാമി പ്രണവാനന്ദ ആശ്രമം എന്നിവയാണ്‌ മറ്റു രണ്ടു പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍. ഒരു ദിവസം കൊണ്ടുതന്നെ കണ്ടുതീർക്കാവുന്ന ഇടമാണ് കൊല്ലി ഹിൽസ്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

1.ഒരു രാത്രി താമസിച്ച് പിറ്റേന്നു തിരിച്ചു പോകാൻ പ്ലാൻ ചെയ്തു വരുന്നവർ ആദ്യമേ തന്നെ ഹോട്ടൽ ബുക്ക് ചെയ്യുന്നത് നന്നായിരിക്കും. വളരെ കുറച്ചു ഹോട്ടലുകളും റിസോർട്ടുകളും മാത്രമേ കൊല്ലി ഹിൽസിലുള്ളൂ.

2. രാത്രി യാത്ര ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു കാഴ്ചയാണ് കൊല്ലിമല. ചുരം ഇറങ്ങുമ്പോൾ നാമക്കൽ ടൗണിന്റെ സുന്ദരമായൊരു നൈറ്റ് വ്യൂ കാണാം. രാത്രി യാത്ര ചെയ്തു പരിചയമില്ലാത്തവർ ചുരം രാത്രി ഇറങ്ങുന്നത് പരമാവധി ഒഴിവാക്കുന്നതായിരിക്കും നല്ലത്.

എത്തിച്ചേരാവുന്ന വഴി

1 . കേരളത്തിൽ നിന്നുള്ളവർക്ക് കോയമ്പത്തൂർ – നാമക്കൽ വഴി എത്തിച്ചേരാം.

2 . ബെംഗളൂരുവിൽ നിന്നുള്ളവർക്ക് ഹൊസൂർ –സേലം – കലങ്കണി വഴി എത്തിച്ചേരാം.

ബൈക്ക്/കാർ റൈഡേഴ്സ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊല്ലി ഹിൽസിൽ ആകെയുള്ളത് ഒരു പെട്രോൾ പമ്പ് ആണ്. സെമ്മെട്‌ ടൗണിൽ പ്രവേശിക്കുന്ന സ്ഥലത്തു തന്നെയാണിത്. ചുരം ഏകദേശം 22 കിലോമീറ്റർ ഉള്ളതിനാൽ വാഹനത്തിൽ ആവശ്യത്തിന് ഇന്ധനം നിറച്ചു വേണം യാത്ര തുടരാൻ. അടിവാരത്ത് കാരവല്ലി ടൗണിൽ ഒരു പെട്രോൾ പമ്പ് കൂടിയുണ്ട്.

അടിവാരത്തുള്ള ചെക്ക്പോസ്റ്റ് രാത്രിയും തുറന്നിട്ടിരിക്കും. രാത്രിയാത്രയ്ക്കു തടസ്സമില്ല. (നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിൽ ചെക്ക്പോസ്റ് രാത്രി അടച്ചിടും എന്നുള്ളതുകൊണ്ട് രാവിലെ ചുരം കയറുമ്പോൾ തന്നെ ഇക്കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണം).