ഇന്ത്യയിലെ മിനി ഇംഗ്ലണ്ട് എന്നറിയപ്പെട്ടിരുന്ന കോളാറിന്റെ  ഇന്നത്തെ അവസ്ഥ എന്താണ്? 

സ്വർണം തേടിയാണു യാത്ര. രണ്ടു നൂറ്റാണ്ടു പിന്നിലേക്ക്. ലോകത്തെ മയക്കിയ മഞ്ഞലോഹം തുരന്നെടുത്ത ഇന്ത്യൻ ഖനികൾ തേടി. ഏറെ ദൂരമുണ്ടു താണ്ടാൻ. എന്നാൽ സമയം കുറവാണുതാനും. അവശ്യസാധനങ്ങൾ വാഹനത്തിലേറ്റി ആ സംഘം പുറപ്പെട്ടു. തിളക്കമുള്ള ലോഹത്തിന്റെ ഈറ്റില്ലത്തിലേക്ക്,  കർണാടകയിലെ കോളാറിലേക്ക്. കാട്ടുപ്രദേശമായിരുന്നിടം പെട്ടെന്നു നഗരമാകുകയും പ്രശസ്തി സ്വർണനിറംപോലെ ആളുകളെ ആകർഷിക്കുകയും  കാലം കഴിയേ ക്ഷയിച്ച് വീണ്ടും കാട്ടുപ്രദേശമാകുകയും ചെയ്ത ഇന്ത്യയുടെ സുവർണനഗരം. 

ഗോൾഡ് റഷ് 

സൂക്ഷിച്ചുപോകണം. സ്വർണത്തിനു പിന്നാലെ പാഞ്ഞവരെിൽ മിക്കവരും കഷ്ടപ്പാടനുഭവിച്ചിട്ടുണ്ട്. യാത്രാവാഹനത്തിന്റെ കീ കൈയിൽ തരുമ്പോൾ നെക്സ കോട്ടയത്തിന്റെ ജനറൽ മാനേജർ നിനു ചന്ദ്രൻ ഓർമിപ്പിച്ചു.  ശരിയാണ്. ചരിത്രത്തിന്റെ തിളക്കമില്ലാത്ത ഏടുകളിൽ സ്വർണത്തിനായി നെട്ടോട്ടമോടിയവരുടെ കഷ്ടപ്പാടു കാണാം.  ഗോൾഡ് റഷ് എന്നു തന്നെയായിരുന്നു പേര്. നമുക്കുപക്ഷേ, അങ്ങനെ റഷ് ആയി പോകേണ്ട കാര്യമില്ല. കാരണം രാത്രിയിലാണ് കോട്ടയത്തുനിന്നു തിരിച്ചത്. മാനന്തവാടി വഴിയാണ് ബാംഗ്ലൂരിലേക്കു പോയത്. സംഗതി ലളിതം. താമരശ്ശേരി ചുരം കഴിഞ്ഞു വയനാടു കയറുന്ന വൈത്തിരിയിൽ തുടങ്ങുന്നു ബ്രിട്ടീഷുകാരന്റെ സ്വർണപ്രേമം. ബാംഗ്ലൂരിൽ ഡ്രം കലാകാരനായ ശ്യാമേട്ടന്റെ മാനന്തവാടിയിലെ എസ്റ്റേറ്റിലും പണ്ടു ഖനനം നടന്നിരുന്നുവത്രേ. അപ്പോഴിതൊരു സ്വർണവഴിയാണ്. 

മൈസൂർ കഴിഞ്ഞ് ബാംഗ്ലൂരിലേക്ക്. പിന്നെ വെറും എൺപതു കിലോമീറ്റർ മാത്രം കോളാറിലേക്ക്. വഴികളങ്ങനെ തനിത്തങ്കം പോലെ മിനുങ്ങിയിരിക്കുന്നു.  മൈസൂരിലേക്കെത്തുമ്പോൾ സൂര്യൻ തന്റെ കൈയിലുള്ള സ്വർണം ഭൂമിക്കു നൽകുന്നു. അരുണരശ്മിയുടെ തഴുകലിൽ പുതിയൊരു ഊർജം കൈവന്നതുപോലെ എന്ന് സുഹൃത്തും ഗൈഡുമായ  ഹരിയേട്ടൻ.  ശരിയാണ്. ലക്ഷ്യത്തോടടുക്കുംതോറും ലഭിക്കുന്നൊരാവേശം. 

ഖനനത്തിനൊരു ചരിത്രമുണ്ട്

സ്വർണം ലോകത്തെ മോഹിപ്പിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയൊ അല്ല. ലോകത്തെ മാറ്റിയ പലയാത്രകളും സ്വർണത്തിനു വേണ്ടിയായിരുന്നുവെന്നു ചരിത്രം. കണ്ണടച്ചുതുറക്കുന്നതിനിടയിൽ പാമരനെ ധനികനാക്കുന്ന സ്വർണം നഗരങ്ങളെയും സംസ്കാരത്തെയും മാറ്റിമറിച്ചു.

അമേരിക്കയിൽ കാലിഫോർണിയൻ നദിയിൽ സ്വർണം കണ്ടെത്തിയതോടെ നാടൊക്കെ അങ്ങോട്ടു പാഞ്ഞുവെന്നു ചരിത്രം പറയുന്നു.  വെറും മൂന്നുകൊല്ലം കൊണ്ട് ആ ഗ്രാമം ഒരു വൻനഗരമായി മാറിയത്രേ. പലരാജ്യങ്ങളിലെയും പല നാടുകളും അങ്ങനെ നഗരങ്ങളായി. അതിലൊന്നാണ് കോളാർ.  എന്നാൽ ഇന്ത്യയിൽ ആദ്യമായി ഖനനം തുടങ്ങിയത് കേരളത്തിലാണെന്നു പറയപ്പെടുന്നു! നമ്മുടെ വയനാട്ടിൽ. 

  

സ്വർണം കേരളത്തിൽ 

ആൽഫാ ഗോൾഡ് മൈൻസ് എന്ന സായിപ്പിന്റെ കമ്പനി  1875 ൽ വയനാടൻ കുന്നുകളിലും നാടുകാണി ചുരത്തിനപ്പുറം  നിലമ്പൂരിലും പരീക്ഷണം നടത്തിയിരുന്നു.  വൈത്തിരി മുതൽ ചേരമ്പാടി വരെയുള്ള പ്രദേശങ്ങളിൽ ഇങ്ങനെ ഖനനം നടന്നിരുന്നതായി രേഖയുണ്ട്.

പാലക്കാട് ജില്ലയിലെ  അട്ടപ്പാടി മലനിരകളിൽ ഏഷ്യയിലെ ഏറ്റവും വലിയ സ്വർണശേഖരമുള്ളതായി കണക്കാക്കപ്പെടുന്നു. നിലമ്പൂരിലെ ചാലിയാർ നദിയെ സ്വർണവാഹിനി എന്നാണു വിളിച്ചിരുന്നതെന്നു മലബാർ മാന്വലിൽ വില്യം ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ടത്രേ. നാടുകാണിച്ചുരത്തിനടുത്തുള്ള മരുതയിൽ ഇപ്പോഴും പുഴയിൽ സ്വർണം അരിക്കൽ തുടരുന്നുണ്ട്.  ഇന്ത്യയിൽ സ്വർണസാധ്യതയുള്ള സ്ഥലങ്ങളിൽ മുഖ്യസ്ഥാനം കേരളത്തിനുണ്ട്. 

 ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ഖനനപ്രദേശം കാണണമെങ്കിൽ നമുക്കുപോകാനിടമില്ല. ഇടമുണ്ടെങ്കിൽത്തന്നെ നല്ല റോഡുകളുമില്ല. നല്ല പാതകളാണ് നാടിന്റെ ആഭരണങ്ങളെന്നറിയാമല്ലോ. ഈ സ്വർണയാത്രയിൽ പാതകളും നമ്മെ അതിശയിപ്പിക്കും. 

കോളാറിലേക്ക്

കഥകളങ്ങനെ കേൾക്കുകയാണു കോളാറിനെപ്പറ്റി വീണ്ടും വീണ്ടും. ബംഗളുരുവിലെ സുഹൃത്തുക്കൾ പറഞ്ഞുതന്നത് ഇങ്ങനെ– ഇന്ത്യയിലെ മിനി ഇംഗ്ളണ്ട് എന്നാണ് കോളാർ അറിയപ്പെടുന്നത്. ദൊഡ്ഡബേട്ടകുന്നുകളുടെ താഴ്‌വാരത്തിൽ സ്വർണമുണ്ടെന്നു കണ്ടെത്തിയത്   1880 ൽ. ഒരു ഐറിഷ് പട്ടാളക്കാരനാണ്.  ബ്രിട്ടീഷുകാരിൽനിന്ന് അനുമതി വാങ്ങി.ഖനനം തുടങ്ങിയെങ്കിലും പിന്നീട്  ജോൺ ടെയ്‌ലർ സൺസ് എന്ന ബ്രിട്ടീഷ് കമ്പനി കൂടി പങ്കുചേർന്നു.

പിന്നീടങ്ങോട്ടു  കോളാർ വികസിക്കുകയായിരുന്നു. മരുപ്രദേശം പോലെ കിടന്നിരുന്നിടത്തൊക്കെ കെട്ടിടങ്ങൾ പൊങ്ങി. ഗോൾഫ് കോഴ്സുകളും ബ്രിട്ടീഷ് പാരമ്പര്യത്തനിമയിൽ കെട്ടിടങ്ങളും വന്നു. ബംഗളുരുവിനും മുൻപേ പിറവിയെടുത്തതാണ് കോളാർ എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കണം. ഇപ്പോൾ നഗരം തനി ഇന്ത്യനായിക്കഴിഞ്ഞു. കാഴ്ചകൾ അധികമില്ല. മറ്റനേകം കൗതുകങ്ങൾ കോളാറിനുണ്ട്. 

മൈസൂരിൽനിന്ന് ബലേനോ ആ വഴി പിന്നിട്ടത് എത്രയോ സവിശേഷ നഗരങ്ങൾ പിന്നിട്ടാണെന്നറിയണോ? 

കളിക്കോപ്പുകളുടെ നഗരം എന്നറിയപ്പെടുന്ന ചന്നപട്ടണം കടന്ന് മധുരത്തിന്റെ നഗരമെന്ന പേരുള്ള മാണ്ഡ്യയിലൂടെ പട്ടുകളുടെ നഗരമായ രാംനഗറിലെത്തുമ്പോൾ വാഹനത്തിന് ഒട്ടും കിതപ്പുണ്ടായിരുന്നില്ല. രാംനഗറിൽ ട്രാഫിക് ലൈറ്റിൽ ചുവപ്പുതെളിഞ്ഞാൽ നാട്ടുകാർ വാഹനങ്ങളെ സമീപിക്കും. തോളിലൊരു കുട്ട. മുറിച്ചുവച്ച കക്കരിക്ക, വറുത്തെടുത്ത തോടോടുകൂടിയ കപ്പലണ്ടി, ചുകന്നുതുടുത്ത പപ്പായക്കുട്ടികൾ എന്നീ സാധനങ്ങൾ കുട്ടയിൽനിന്നെത്തിനോക്കും. വാങ്ങാതിരിക്കാനാകില്ല.   

സ്വർണം വഴി വൈദ്യുതിയെത്തുന്നു   

ഞങ്ങൾ കോളാർ പട്ടണത്തിലേക്കു കയറിയില്ല. നമുക്ക് കോളാർ ഗോൾഡ് ഫീൽഡിലെ ഖനിപ്രദേശങ്ങളിലേക്കു തിരിയാം. ചിറ്റൂരിലേക്കുള്ള ആ ഹൈവേയിൽനിന്നു കാർ വലത്തോട്ട്, ചെറിയ പാതയിലേക്കു തിരിഞ്ഞു. ഗ്രാമവഴി. എത്ര പവനുകൾ ഈ വഴിയൊഴുകിയിട്ടുണ്ടാകണം? കോളാർ നഗരം., ജപ്പാനിലെ ടോക്യോയ്ക്കു ശേഷം  ഏഷ്യയിലെ രണ്ടാമത്തെ വൈദ്യൂതീകരിക്കപ്പെട്ട പട്ടണമാണെന്നതു മറ്റൊരു കൗതുകം. വൈദ്യുതിയാൽ തെരുവുകളിൽ വെളിച്ചമെത്തിച്ച ഏഷ്യയിലെ ആദ്യ നഗരമായ ബംഗളുരുവിൽനിന്നാണ് കോളാറിലേക്കു പോകുന്നത്. ശിവനസമുദ്രവെള്ളച്ചാട്ടത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിച്ച് കോളാറിലേക്കു കൊണ്ടുപോയിരുന്നത് ബംഗളുരു വഴിയായിരുന്നു. അധിക വൈദ്യുതി വന്നതോടെ ബംഗളുരുവിലെ തെരുവുവിളക്കുകൾ കത്തിക്കാൻ ഉപയോഗിക്കുകയായിരുന്നത്രേ. സ്വർണം ഇവിടെ വൈദ്യുതിയുടെ രൂപത്തിലും നാട്ടുകാർക്ക് ഉപകാരമായെന്നു ചുരുക്കം. 

സംസാരിച്ചു സംസാരിച്ചു നാമിതാ കോളാർ ഖനിപ്രദേശത്തെത്തിയിരിക്കുന്നു. കൃഷിയോഗ്യമല്ലാത്ത, കുറ്റിക്കാടു നിറഞ്ഞ വിശാലമായ ഇടങ്ങൾ. ഇരയെനോക്കി നടക്കുന്ന ചീറ്റയെപ്പോലെ ചുറ്റുപാടും എന്തെങ്കിലും കാഴ്ചകൾ ഉണ്ടോ എന്നു നോക്കി ആ ചെഞ്ചുവപ്പൻ കാർ പതിയെ മുന്നോട്ടുനീങ്ങി. 

നിരാശപ്പെടുത്തിയ ഖനി 

ഖനി എവിടെ എന്നു കന്നഡയിൽ ഹരിയേട്ടൻ ഒരു ചേട്ടനോടു ചോദിച്ചു. ഫൈവ് ലൈറ്റ് സർക്കിളിൽനിന്ന് ഇടത്തോട്ടെന്നു മറുപടി. വിജനമായൊരു കവല. കാറൊന്നു പിന്നൊട്ടെടുക്ക്– ഫോട്ടൊഗ്രഫർ ലെനിന്റെ നിർദേശം. കാടുമൂടിക്കിടക്കുന്നൊരു ചെറുപാർക്കിനടുത്തേക്ക് കാർ റിവേഴ്സ് എടുത്തു. ഖനനത്തിലേർപ്പെട്ടിരിക്കുന്ന ഒരു തൊഴിലാളിയുടെ പ്രതിമ. അപ്പോൾ ഇവിടെത്തന്നെയായിരിക്കും ഖനികളിലൊന്ന്. ആ തുരുമ്പെടുത്ത ഗേറ്റ് ഞങ്ങൾ കണ്ടു. മുകളിലെ ആർച്ചിൽ  അവ്യക്തമായ എഴുത്തുകൾ. പണ്ടെങ്ങാണ്ടോ ടാറിട്ട പാത. നിരാശയോടെ ഇടത്തോട്ടു കാർതിരിച്ചു. പത്തുമീറ്റർ മുന്നോട്ടുപോയില്ല, ഇടത്ത് ഒരു വലിയ പേരു കണ്ടു. കെജിഎംഎൽ. അതൊരു അടഞ്ഞ ഖനിയാണത്രേ. 

 കോളാർ ക്ഷയിക്കുന്നു 

അഞ്ചുഖനികളിലായി 30000 പേർ കോളാറിൽ ജോലി ചെയ്തിരുന്നു.ഇതിലൊരു നഷ്ടശേഷിപ്പാണ് ആ ബോർഡ്. വർഷം നാൽപ്പതു ടൺവരെ കുഴിച്ചെടുത്തിരുന്ന ചരിത്രമുണ്ട് കോളാറിന്. എല്ലാം ബ്രിട്ടീഷുകാർ ഊറ്റിയെടുത്തു. സ്വാതന്ത്ര്യത്തിനുശേഷം   മൈസൂർ സർക്കാർ 1.37 കോടിരൂപ നൽകി. ഈ ഖനികൾ ഏറ്റെടുത്തു. പിന്നീട് സ്വർണലഭ്യത കുറഞ്ഞുവന്നതോടെ കേന്ദ്രസർക്കാർ ഇതു നിർത്തലാക്കി. ഇന്ന് ഇന്ത്യയിൽ എല്ലാ ഖനികളും ഉൽപാദിപ്പിക്കുന്നത് വെറും മൂന്നു ടൺ മാത്രമാണെന്നതുകൂടി അറിയുമ്പോഴാണ് കോളാറിന്റെ പ്രാധാന്യം മനസ്സിലാകുക.   

അടച്ച ഖനികളിലേക്കു പ്രവേശനമില്ല. തുരുമ്പെടുത്ത ഗേറ്റുകളും മറ്റും കണ്ടുതിരിച്ചുപോരേണ്ടിവന്നു.   ചിറ്റൂർ വഴി, ഏറ്റവും സമ്പന്നമായ  തിരുപ്പതി ക്ഷേത്രത്തിലേക്കു പോകാവുന്ന ആ ഹൈവേയിലൂടെ സ്വർണത്തിന്റെ ഈറ്റില്ലം തേടിയെത്തിയ ഞങ്ങളോട് ഒരു കർണാടകക്കാരൻ ചോദിച്ചതിങ്ങനെ– നിങ്ങളുടെ നാട്ടിലെ  പത്മനാഭസ്വാമി ക്ഷേത്രത്തിലല്ലേ ലോകത്തിലെ ഏറ്റവും വലിയ സ്വർണനിക്ഷേപമുള്ളത്? ശരിയാണല്ലോ. ഏതാണ്ട് ഒരു ലക്ഷംകോടിരൂപയുടെ സ്വർണം കണ്ടെത്തിയതോടെ നമ്മുടെ കേരളമല്ലേ സ്വർണനിധിയിൽ മുന്നിട്ടുനിൽക്കുന്നത്? വീട്ടിൽ സ്വർണം വച്ചിട്ടെന്തിനാ കോളാറിൽ തേടി നടപ്പൂ എന്നാരോ ചെവിയിൽ മന്ത്രിക്കുന്നു. സ്വർണം തേടിയിറങ്ങിയ ആൽക്കെമിസ്റ്റിന് താൻ പുറപ്പെട്ടിടത്താണ് നിധിയെന്നു  മനസ്സിലാക്കാൻ നീണ്ട യാത്ര വേണ്ടിവന്നതുപോലെയൊരു ദീർഘയാത്രയുടെ ആവശ്യമുണ്ടായിരുന്നു നമ്മുടെ നാടിനെ മനസ്സിലാക്കാൻ.തിരികെവരുമ്പോൾ നഷ്ടപ്രതാപത്തോടെ കോളാർ സിറ്റി അങ്ങൂദൂരെ കാണാമായിരുന്നു . സ്വർണത്തേക്കാൾ പാലും മാങ്ങയും പട്ടും ഉൽപാദിപ്പിച്ച് കയറ്റുമതി ചെയ്യുന്ന നഗരമാണിന്ന് കോളാർ. സുവർണകാലഘട്ടം മാഞ്ഞുപോയി. കാലം ചെല്ലുംതോറും മൂല്യമേറുന്ന സ്വർണം പോലെ ഓർമകളിൽ തിളങ്ങിനിൽക്കും കോളാർ എന്ന പേര്.