മഹാരാജ എക്സ്‌പ്രസ്, പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മഹാരാജാവിന്റെ പ്രൗഢിയും പത്രാസും ഒത്തിണങ്ങിയ ഇന്ത്യൻ റെയിൽവേയിലെ അത്യാഡംബരം നിറഞ്ഞ തീവണ്ടി. പഞ്ചനക്ഷത്ര ഹോട്ടലുകൾ തോറ്റുപോകുന്ന തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് ഇന്ത്യൻ റയിൽവെയുടെ അഭിമാനമായ ഈ മഹാരാജാവ് അതിഥികളെ സ്വീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച തീവണ്ടികളിൽ ഒന്നായ മഹാരാജ എക്‌സ്‌പ്രസ്സിൽ ഈ അവധിക്കാലത്തു ഒരു വിനോദയാത്ര പോകാൻ താൽപര്യമുള്ള സഞ്ചാരികളുണ്ടോ? ഇന്ത്യയുടെ ഹൃദയത്തിലൂടെ നീളുന്ന ആ യാത്രയിൽ, വൈവിധ്യം നിറഞ്ഞ കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം ചക്രവർത്തിയെ പോലെ കുറച്ചുദിവസങ്ങൾ വാണരുളുകയും ചെയ്യാം.

2010 ജനുവരിയിലാണ് ഇന്ത്യൻ റെയിൽവേ മഹാരാജയെ പാളത്തിലിറക്കിയത്. കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേയ്ക്കായിരുന്നു ആദ്യയാത്ര. ഓട്ടം തുടങ്ങി അധികകാലം കഴിയുന്നതിനു മുൻപ് തന്നെ ലോകത്തിലെ ഏറ്റവും മികച്ച ആഡംബര തീവണ്ടിയ്ക്കുള്ള പുരസ്ക്കാരം സ്വന്തമാക്കി ഇന്ത്യൻ റയിൽവേയുടെ ഈ മഹാരാജാവ്. 2012 മുതൽ 2018 വരെ തുടർച്ചയായി ഏഴുവർഷവും ഈ പുരസ്‌കാരം മഹാരാജ എക്‌സ്പ്രസിന് സ്വന്തമാണ്. ആഡംബരം നിറഞ്ഞ യാത്രയിൽ ഒതുങ്ങാതെ ഏതൊരു സഞ്ചാരിയും കാണാൻ ആഗ്രഹിക്കുന്ന ഇന്ത്യയുടെ പൈതൃകവും സംസ്കാരവും കുടികൊള്ളുന്ന പുരാതനവും ആധുനികവുമായ നിരവധി കാഴ്ചകളും കൂടി ഇതിൽ യാത്ര ചെയ്യുന്നവർക്കു ആസ്വദിക്കാവുന്നതാണ്.

അതിഥികൾക്കായി മഹാരാജ എക്സ്‌പ്രസ് ഒരുക്കിയിരിക്കുന്ന യാത്രകൾ ഇപ്രകാരമാണ്. 7 പകലുകളും 6 രാത്രികളും നീളുന്ന മൂന്നു യാത്രകളും 4 പകലുകളും 3 രാത്രിയും നീളുന്ന ഒരു യാത്രയും. അതിൽ ആദ്യത്തേത് ഡൽഹിയിൽ നിന്നും ആരംഭിച്ച്, ജയ്‌പൂർ, രൻതംപോർ, ഫത്തേപ്പൂർ സിക്രി, ആഗ്ര, ഗ്വാളിയോർ, ഖജുരാഹോ, വാരണാസി, ലക്നൗ എന്നിവിടങ്ങളിലെ കാഴ്ചകൾ കണ്ടതിനുശേഷം തിരികെ ഡൽഹിയിൽ തന്നെ അവസാനിക്കുന്നു. ഡൽഹിയിൽ നിന്നും ആരംഭിക്കുന്ന അടുത്ത യാത്രയുടെ പാതയിൽ അൽപം വ്യത്യാസമുണ്ട്. ആഗ്ര, രൻതംപോർ, ജയ്‌പൂർ, ബിക്കാനീർ, ജോധ്പൂർ, ഉദയ്പൂർ, ബലാസിനോർ എന്നിവിടങ്ങളിലൂടെ നീളുന്ന യാത്ര അവസാനിക്കുന്നതു മുംബൈയിലാണ്. വ്യാവസായിക തലസ്ഥാനമായ മുംബൈയിൽ നിന്നും തുടങ്ങുന്ന അടുത്ത യാത്ര അജന്ത, ഉദയ്‌പൂർ, ജോധ്പൂർ, ബിക്കാനീർ, ജയ്‌പൂർ, രൻതംപോർ, ആഗ്ര എന്നിവിടങ്ങളിലെ കാഴ്ചകൾക്കു ശേഷം തലസ്ഥാനനഗരിയായ ഡൽഹിയിൽ അവസാനിക്കുന്നു.

നാല് ദിവസം മാത്രമുള്ള മഹാരാജായിലെ ചെറുയാത്ര ഡൽഹിയിൽ നിന്നും തുടങ്ങി ഡൽഹിയിൽ തന്നെയാണ് അവസാനിക്കുന്നത്. ആഗ്ര, രൻതംപോർ, ജയ്‌പൂർ എന്നീ സുന്ദരദേശങ്ങളാണ് ഈ യാത്രയിൽ പിന്നിടുന്നത്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് മഹാരാജായിലെ വിനോദയാത്രയ്ക്കുള്ള സമയം. ഡീലക്സ് ക്യാബിൻ, ജൂനിയർ സ്യൂട്ട്, സ്യൂട്ട്, പ്രസിഡൻഷ്യൽ സ്യൂട്ട് എന്നിങ്ങനെയാണ് മുറികൾ വേർതിരിച്ചിരിക്കുന്നത്. 425900 രൂപയിൽ ആരംഭിച്ച് യഥാക്രമം 673750, 982840, 1687920 എന്നിങ്ങനെയാണ് ഈടാക്കുന്ന നിരക്ക്. മഹാരാജായിലെ ഏഴുപകലുകളും ആറ് രാത്രികളും ഈ തുകമുടക്കി ആസ്വദിക്കാവുന്നതാണ്. നാലുപകലും മൂന്നു രാത്രിയും നീളുന്ന ആഡംബര തീവണ്ടിയാത്രയ്ക്കു 274200, 352540, 541280, 918740 എന്നിങ്ങനെയാണ് യാത്രാനിരക്ക്‌.

സഞ്ചാരികളുടെ മനംമയക്കുന്ന ആഡംബര സൗകര്യങ്ങളാണ് മഹാരാജ എക്‌സ്പ്രസിന്റെ അകത്തളങ്ങളിൽ കാണുവാൻ സാധിക്കുക. രുചികരമായ രണ്ടു ഭക്ഷ്യശാലകൾ ഇതിനുള്ളിൽ തയാറാക്കിയിട്ടുണ്ട്. മയൂർ മഹൽ, രംഗ് മഹൽ എന്നിങ്ങനെയാണ് ഭക്ഷ്യശാലയുടെ പേരുകൾ. ഒരേസമയം 42 അതിഥികളെ ഉൾക്കൊള്ളാൻ സജ്ജമാണ് ഇരു റെസ്റ്റോറന്റുകളും. ഇന്ത്യൻ ഭക്ഷണവും ഇതര രാജ്യങ്ങളിലെ ഭക്ഷണവും ഒരുപോലെ ഇവിടെ വിളമ്പുന്നുണ്ട്. വിശാലമായ പ്രഭാത ഭക്ഷണം മുതൽ വിഭവസമൃദ്ധമായ ഡിന്നർ വരെ മഹാരാജായുടെ അടുക്കളയിൽ യാത്രികർക്കായുണ്ട്. രാജ ക്ലബ്, സഫാരി ബാർ എന്നിങ്ങനെയുള്ള പേരുകളിൽ തീവണ്ടിക്കുള്ളിൽ രണ്ടു ബാറുകൾ സജ്ജമാക്കിയിട്ടുണ്ട്. മദ്യമുപയോഗിക്കാൻ താൽപര്യമുള്ളവർക്ക് ഈ ബാറുകളുടെ സേവനവും പ്രയോജനപ്പെടുത്താവുന്നതാണ്.

നമ്മുടെ രാജ്യത്തിന്റെ പൈതൃകമുറങ്ങുന്ന മനോഹരമായ ഭൂഭാഗങ്ങൾ കാണുന്നതിനൊപ്പം തന്നെ മഹാരാജാവിനെ പോലെ കുറച്ചുദിവസങ്ങൾ കഴിയാനും ആഗ്രഹിക്കുന്നവർക്കു മടിക്കാതെ തിരഞ്ഞെടുക്കാം മഹാരാജ എക്‌സ്പ്രസിലെ സുന്ദരമായൊരു യാത്ര.