ഗിരിശൃംഗങ്ങളിൽ ദേവദാരുക്കൾ അതിമനോഹര ചിത്രങ്ങൾ വരയ്ക്കുന്ന ഹിമാലയ താഴ്‍‍‍വരകൾ.  മഞ്ഞുമൂടിയ തരുക്കളും മലനിരകളും. സ്വർഗം താണിറങ്ങി വന്നതോ എന്ന പാട്ടിന്റെ ഈരടികൾ ഓർമയിലേക്ക് കൊണ്ടുവരും മണാലിയിലെ ഓരോ കാഴ്ചകളും. ആ സുന്ദരകാഴ്ചകൾ കാണാനായി യാത്രക്കൊരുങ്ങിയിറങ്ങുമ്പോൾ  ചില കാര്യങ്ങൾ അറിഞ്ഞുവെയ്ക്കുന്നത് യാത്ര സുഗമമാക്കുമെന്നു മാത്രമല്ല, ആസ്വാദ്യകരമാക്കുകയും ചെയ്യും. സഞ്ചാരികളുടെ സ്വർഗമെന്നു വിളിക്കപ്പെടുന്ന മണാലി, മധുവിധു ആഘോഷിക്കാനെത്തുന്നവരുടെയും പ്രിയയിടമാണ്.

മണാലി യാത്രയാരംഭിക്കുന്നതു ഡൽഹിയിൽ നിന്നാണെങ്കിൽ, യാത്രികർക്ക് താണ്ടേണ്ടത് ഏകദേശം 580 കിലോമീറ്ററാണ്. റോഡ് മാർഗമുള്ള യാത്രയാണ് മണാലിയിലേക്കു ഏറ്റവും സൗകര്യപ്രദം. കാരണം മറ്റൊന്നുമല്ല, മണാലിയുടെ ഏറ്റവുമടുത്തു സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ 320 കിലോമീറ്റർ അകലെയാണ്. ഹിമാചൽപ്രദേശിലെ കുളു താഴ്‍‍‍‍വരയിലാണ് മണാലി സ്ഥിതി ചെയ്യുന്നത്. ഡൽഹിയിൽ നിന്നും പതിനഞ്ചുമണിക്കൂർ യാത്രയുണ്ട് ഈ മനോഹരതീരത്തേക്ക്.

മണാലിയിലെ സുന്ദരകാഴ്ചകൾ കാണാൻ ഏറ്റവും ഉചിതമായ സമയം മാർച്ച് മുതൽ ഒക്ടോബര്‍ വരെയാണ്. ഡിസംബർ മുതലുള്ള മഞ്ഞുവീഴ്ച യാത്ര ദുസ്സഹമാക്കും. അതുകൊണ്ടുതന്നെ കഴിവതും ഡിസംബർ മുതൽ മാർച്ച് മാസം പകുതിവരെയുള്ള  യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമല്ല മണാലി സന്ദർശകരെ സ്വീകരിക്കുന്നത്. ട്രെക്കിങ് പ്രിയരായ സാഹസികർക്കും ഏറെ ഇഷ്ടപ്പെടും ഈ ഭൂമി.  വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്കീയിംഗ്, മലകയറ്റം, ഹൈക്കിംഗ് തുടങ്ങി നിരവധി വിനോദോപാധികൾ കൊണ്ടാണ് തന്നരികിലെത്തുന്നവരെ മണാലി സ്വീകരിക്കുന്നത്. 

മണാലിയിലെ പ്രധാന ആഘോഷം അവിടുത്തെ ഹഡിംബ ക്ഷേത്രത്തിലെ ഉത്സവമാണ്. മെയ് മാസത്തിലാണ് ഈ ഉത്സവം. നാടൻ കലകളും വാദ്യഘോഷങ്ങളും കൊണ്ട് ഏവരെയും ആകർഷിക്കും ആ ഉത്സവ നാളുകൾ. ഒക്ടോബറിലെ കുളു ദസ്സറയും മണാലിയിലെ ആഘോഷങ്ങളിൽ പ്രധാനപ്പെട്ടതാണ്. മോഹിപ്പിക്കുന്ന പ്രകൃതിയും വർണങ്ങൾ നിറഞ്ഞ അന്തരീക്ഷവും കാണണമെങ്കിൽ ഈ ദിനങ്ങളിൽ മണാലി സന്ദർശിക്കണം. ആ യാത്ര വേറെ 'ലെവൽ' ആകുമെന്നതിനു സംശയമില്ല.