യാത്രകൾ പോകുവാനും കാഴ്ചകൾ ആസ്വദിക്കുവാനും ലെനക്ക് ഇഷ്ടമാണ്. അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത് ഇക്കഴിഞ്ഞ ഏപ്രിലിൽ രണ്ടുമാസം നീണ്ട വലിയൊരു യാത്രയിലായിരുന്നു താരം. പ്രശാന്തതയുടെ രാജ്യമായ നേപ്പാളിലേക്കായിരുന്നു ലെനയുടെ സോളോ ട്രിപ്പ്. നേപ്പാളിലെ പ്രധാന നഗരങ്ങളും സ്ഥലങ്ങളുമെല്ലാം സന്ദർശിച്ച താരം യാത്രയുടെ ചിത്രങ്ങളും വിഡിയോയും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ലെന സംസാരിക്കുന്നു...

യാത്രകൾ പണ്ടേയിഷ്ടമാണ്. സോളോ ട്രാവലാണ് ഏറെയിഷ്ടം. ജീവിതത്തെ കുറിച്ച് പുനർവിചിന്തനം നടത്താനുള്ള സമയം. വലിയ പ്ലാനിങ് ഒന്നും ചെയ്യാതെ നടത്തിയ യാത്രയായിരുന്നു നേപ്പാളിലേക്ക്. 50 ദിവസം ഒറ്റയ്ക്കുള്ള ഒരു യാത്ര. അവിടെ ചെന്നിട്ടാണ് ഓരോ ദിവസവും കാണാനുള്ള സ്ഥലങ്ങൾ തിരഞ്ഞെടുത്തിരുന്നത്.

തിരക്കു പിടിച്ചുള്ള അഭിനയം മൂലം ജീവിതം പലപ്പോഴും യാന്ത്രികമായി പോകാറുണ്ട്. ഓരോ യാത്രകളും അനുഭവങ്ങളുടെ ഘോഷയാത്രയാണ്. ഷൂട്ടിന്റെ ഭാഗമായി വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും അത് മറ്റൊരു അനുഭവമാണ് സമ്മാനിക്കുന്നത്. യാത്രകൾ നൽകുന്ന ഉന്മേഷവും ഉൗർജവും മറ്റൊന്നിനും നൽകാനാവില്ല. ജീവിതത്തെ നവീകരിച്ച് പുതിയ ഊർജത്തോടെ തിരിച്ചുവരാനുള്ള ഇന്ധനമാണ് എനിക്ക് യാത്രകൾ.

കാണാനും കണ്ടുതീർക്കാനും ഒരുപാടുള്ള നേപ്പാളിന്റെ വശ്യതയിലേക്കു തന്നെ യാത്ര പോകാനായിരുന്നു ആഗ്രഹം. പ്ലാനിങ്ങുകൾ ഒന്നും തന്നെയില്ലാത്ത യാത്രയായിരുന്നു. കാഠ്മണ്ഡുവിലേക്ക് വിമാന ടിക്കറ്റെടുത്തു. അവിടെ ഒാരോ കാഴ്ചകളും അദ്ഭുതപ്പെടുത്തുന്നവയായിരുന്നു. കാഴ്ചകൾ  അതിമനോഹരമെന്നതിനപ്പുറത്തേക്കു വർണിക്കാൻ വാക്കുകളില്ല. കാഴ്ചകൾ തേടിയിറങ്ങിയാൽ ഒരു ദിവസത്തിനു ഇരുപത്തിനാലു മണിക്കൂറിൽ കൂടുതൽ വേണമെന്ന ചിന്ത ജനിക്കും.

പോകുമ്പോൾ തിരിച്ചുവരുമോ ഇല്ലയോ എന്ന് അറിയില്ലായിരുന്നുവെന്നും താരം പറയുന്നു. തല മൊട്ടയടിച്ചിരിക്കുന്നതിനാൽ ആരും കണ്ടാൽ തിരിച്ചറിയുകയുമില്ലായിരുന്നു. ശുദ്ധ ജലം, ശുദ്ധ വായു, ശുദ്ധമായ ഭക്ഷണം അതിനൊക്കെ അപ്പുറം പകരം വയ്ക്കാനില്ലാത്ത ഹിമാലയത്തിന്റെ മനോഹരകാഴ്ചകൾ. ചിരിക്കുന്ന മുഖമുള്ള ആളുകൾ. തെരുവുകളിൽ പോലും തിക്കും തിരക്കും കാണാനില്ല. ജീവിതം അതിന്റെ സ്വച്ഛതയിൽ ആസ്വദിക്കുകയാണ് നേപ്പാളികൾ. പശുപതി ക്ഷേത്രത്തിൽ പോയിരുന്നു. പിന്നീട് പോഖ്റയിലേക്ക് പോയി. എന്റെ സുഹൃത്ത് മോഹന്റെ സുഹൃത്ത് രാജി അവിടെയുണ്ട്.

അവരുടെ സുഹൃത്ത് താമസിക്കാനുള്ള സൗകര്യവും ഏർപ്പാടാക്കി തന്നിരുന്നു. ഇൗ രണ്ടുമാസക്കാലമുള്ള യാത്രയ്ക്കായി കൊണ്ടുപോയിരുന്ന പണവും അധികം ചെലവായിരുന്നില്ല. താമസത്തിനായി സുഹൃത്ത് ശരിയാക്കി തന്ന റൂമിന്റെ വാടക നൂറ്റൻമ്പതു രൂപമാത്രമായിരുന്നു. നല്ല ഭക്ഷണവും കിട്ടിയിരുന്നു. ചെലവ് കുറഞ്ഞ യാത്രയ്ക്ക് പറ്റിയയിടമാണ് നേപ്പാൾ. അന്നപൂർണ മലനിരകളിലേക്കുള്ള ട്രെക്കിങ്ങായിരുന്നു ഏറ്റവും ആകർഷണം. 5640 അടി ഉയരത്തിലാണ് ദോ റാങ് ല ചുരം. അവിടെവരെ പോയി.

പാരാഗ്ലൈഡിങ്ങായിരുന്നു മറ്റൊരാകർഷണം. തണുത്ത കാറ്റിന്റെ അകമ്പടിയിൽ ഒരു തൂവൽ പോലെ പാറിപ്പറക്കുന്ന അനുഭവം. താഴെ പൊട്ടുപോലെ നദിയും മരങ്ങളും. ദൂരെ മലനിരകൾ. അവിടുള്ളവർക്കൊപ്പം തേൻ വേട്ടയ്ക്കിറങ്ങിയതാണ് മറ്റൊരു മനോഹരമായ അനുഭവം. വലിയ പാറയിടുക്കുകളിൽ നിന്നും തേൻ എടുക്കുന്ന കൂട്ടർക്കൊപ്പമാണ് യാത്ര തിരിച്ചത്. തേനീച്ചകളെ പ്രകോപിപ്പിക്കാതെ തേൻ എടുക്കാൻ വിദഗ്ധരാണ് ഇവർ.

ഇൗ യാത്രയിലായിരുന്നു എന്ന് നിന്റെ മൊയ്തീന്റെ അസോസിയേറ്റ് ഡയറക്ടർ ജിതിൻലാൽ വിളിക്കുന്നതും ഗാനത്തിന്റെ ചിത്രീകരണത്തിനായി നേപ്പാൾ ട്രിപ്പ് കഴിയുമ്പോള്‍ സ്പിറ്റിവാലി വരെ വരാമോ എന്ന് ചോദിക്കുന്നതും. അപ്പോൾ ഞാൻ ശരിക്ക് ഡൽഹി വരെ വന്നാൽ മതി. അവിടെ നിന്ന് ഇവർക്കൊപ്പം മണാലി പോയി അവിടെനിന്ന് സ്പിറ്റി വാലിയിലെത്താം. ഈസ്റ്റേൺ ഹിമാലയയിൽ രണ്ടുമാസം ചിലവഴിച്ചു. ഇനി വെസ്റ്റേൺ ഹിമാലയ കൂടി പോയാൽ യാത്ര പൂർണമാകും എന്നായിരുന്നു എന്റെ ചിന്തയും ആഗ്രഹവും. അപ്പോഴാണ് ജിതിന്റെ മെയിൽ വരുന്നതും മറുപടി അയക്കുന്നതും. അല്ലെങ്കിൽ ചിലപ്പോൾ തിരിച്ചുവരില്ലായിരുന്നു. അങ്ങനെ അവിടെ പോയി വേട്ടക്കാർക്കൊപ്പം ഉൾ‌ക്കാടുകളിൽ പോയി താമസിക്കാൻ അവസരം കിട്ടി''-ലെന പറഞ്ഞു.