ഏറെ നാളുകളായി ഗംഗയെ അറിഞ്ഞാണു സഞ്ചാരം. ഋഷികേശിലെത്തുമ്പോൾ‍ ഉത്സാഹിയാണു ഗംഗാദേവി. ഇരുവശത്തുമുള്ള ശിവാലിക് മലനിരകളിൽ പ്രകമ്പനമുണ്ടാക്കി പതഞ്ഞൊഴുകുന്ന പച്ചപ്പളുങ്കുജലമാണ് ഋഷികേശിലെ ഗംഗയുടെ മുഖം.ഒരു കൗമാരക്കാരിയോടുപമിക്കാം. എന്നാൽ ഹരിദ്വാറിലെത്തുമ്പോൾ ആ ഉത്സാഹം പക്വതയിലേക്കു വഴിമാറുന്നതു കാണാം. കൂടുതൽ നാഗരികമാകുന്നു ആ പുണ്യനദി. രാജാജി നാഷനൽ പാർക്കു കടന്നാൽപിന്നെ ഗംഗ വിശാലമായി ഒഴുകും. ആ വിശാലതയെ ആരാധിക്കുന്നവരാണു കൂടൂതൽ. ഹരിദ്വാർ പുണ്യസ്ഥലമാകുന്നതും ഗംഗയുള്ളതുകൊണ്ടുതന്നെയാണ്. ഗംഗാനദിയിലെ ജലം   ഹരിദ്വാറിലെ ഹർ കി പൗഡി എന്ന ചെറുകടവിലെത്തുമ്പോൾ മോക്ഷദായിനിയാകുന്നു. ഇതിനു പിന്നിലൊരു ഐതിഹ്യമുണ്ട്. 

ദേവൻമാരും അസുരൻമാരും പാലാഴിമഥനം നടത്തിയശേഷം അമൃത് വിളമ്പാൻ തുടങ്ങി. പക്ഷേ അസുരൻമാരെ പറ്റിച്ച് മോഹിനി അമൃതകുംഭവുമായി ദേവലോകത്തേക്കു പോയി. അന്നേരം നാലുതുള്ളി ഗംഗയുടെ ഓരോ തടത്തിൽ വീണു. അവിടങ്ങളിലാണു കുംഭമേള നടക്കുന്നത്. കുംഭം രാശിയിൽ വ്യാഴം പ്രവേശിക്കുന്ന വിഷുസംക്രമനാളിലാണ് മഹാകുംഭമേള നടക്കുക. അന്നേദിവസം ഗംഗയിൽ മുങ്ങിയാൽ‍ മോക്ഷം കിട്ടുമെന്നു വിശ്വസിക്കപ്പെടുന്നു. അർധകുംഭം ആറുവർഷം കൂടുമ്പോൾ നടക്കും പന്ത്രണ്ടു വർഷത്തിലൊരിക്കൽ മഹാകുംഭമേളയും. 

കഥകൾ പറഞ്ഞുനാമെത്തിയിരിക്കുന്നത് ഹരിദ്വാറിലെ ആ ക്ലോക്ക് ടവറിനു ചുവട്ടിലാണ്. ഏറെ പ്രസിദ്ധമാണിവിടം. ഹർ കി പൗഡി എന്നറിയപ്പെടുന്നു. ഗംഗയുടെ ഇരുവശത്തുമുള്ള ആ നഗരത്തിന് പുണ്യപദവി നൽകുന്നത് ഹർ കി പൗഡി അഥവാ ബ്രഹ്മകുണ്ഡ് എന്ന ചെറു കടവാണ്. ഇവിടെയാണ് ഗംഗാ ആരതി നടക്കുന്നത്. പകൽ തിരക്കൊന്നുമില്ല. പളുങ്കുജലം മനം നിറച്ചൊഴുകുന്നതു കാണാം. നീർകാക്കകൾ മീൻപിടിക്കുന്നതും നോക്കി സമയം ചെലവിടാം. ഗംഗാ ആരതി വൈകുന്നേരമാണു നടക്കുക. അതിനുമുൻപ് ഹരിദ്വാറിലെ അയ്യപ്പക്ഷേത്രം കണ്ടുവരാം. കേരളത്തിനു പുറത്ത് സ്ഥാപിക്കപ്പെട്ട ആദ്യ അയ്യപ്പക്ഷേത്രമാണിത്. 

ദീർഘനാളത്തെ യാത്രയിൽ നമ്മുടെ മനസ്സിനിണങ്ങിയ ആഹാരം കിട്ടിയിരുന്നേയില്ല. ഗംഗയുടെ ഭംഗി കണ്ടു നടക്കുമ്പോഴും ഒരു പിടി ചോറു കിട്ടിയാൽ എന്നാഗ്രഹിക്കുന്നുണ്ടായിരുന്നു മനസ്സ്. ഹരിദ്വാറിലെത്തുമ്പോൾ ഈ  ആഗ്രഹം ഗംഗ പൂർത്തിയാക്കി. ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തിലെത്തിയാൽ മതി ഊൺ കിട്ടും എന്നൊരു സുഹൃത്ത് പറഞ്ഞു. ഫോൺ നമ്പർ തപ്പിപ്പിടിച്ചു വിളിച്ചു.‘‘എത്ര ആളുണ്ട്?’’  ‘‘നാലുപേർ’’അയ്യോ അത്രയും ഊൺ ഉണ്ടാവില്ല. വൈകിട്ടു വരൂ. അപ്പുറത്തുനിന്ന് സമാശ്വസിക്കുംപോലെയൊരു ശബ്ദം. എന്നാൽപിന്നെ ഊൺ വേണ്ട,ആ അയ്യപ്പമന്ദിരത്തിലെത്തി വിശ്രമിക്കാമെന്നു കരുതി. 

ഹർ കി പൗഡിയിൽനിന്നു ടാക്സി പിടിച്ചു. ആ പഴയ അംബാസഡർ കാർ വളരെ ഞെരുങ്ങിയാണ് അയ്യപ്പമന്ദിരത്തിനടുത്തെത്തിയത്. രണ്ടു വണ്ടികൾക്കു പോകാനുള്ള ഇടയില്ലവിടെ. വലിയൊരു മതിൽക്കെട്ടിനപ്പുറത്താണ് ക്ഷേത്രം. ബാഗും മറ്റും അയ്യപ്പമന്ദിരത്തിൽ വച്ച് കുറച്ചുനേരം വിശ്രമിച്ചശേഷം വൈകുന്നേരമാകുമ്പോൾ ഗംഗാ ആരതി കാണാൻ ഹർ കി പൗഡിയിലേക്കു നടന്നു. ഹരിയുടെ പാദം പതിഞ്ഞ സ്ഥലമെന്നാണ് ഈ സ്ഥലത്തിന്റെ വിശേഷണം. ജനം ഒത്തുകൂടാൻ തുടങ്ങിയിരിക്കുന്നു. 

ഭക്തർ മൺചെരാതിൽ തിരിതെളിച്ച് ഗംഗാ മാതാവിനെ ആരാധിക്കുന്ന ചടങ്ങാണ് ആരതി. പക്ഷേ, ദേശീയ ഹരിതട്രിബ്യൂണലിന്റെ കർശനനിർദേശമുള്ളതുകൊണ്ട് ഇപ്പോൾ ഗംഗയിൽ ചെരാതുകൾ ഒഴുക്കിവിടാൻ പാടില്ല. എങ്കിലും അപൂർവം ചിലർ ചെരാതുകളൊഴുക്കുന്നുണ്ട്. അങ്ങേക്കരയിലെ പൂജ കാണാനാണിപ്പോൾ കാണികൾ ഇരിക്കുന്നത്.പുരോഹിതർ മന്ത്രവിധികളോടെ ഗംഗയെ പൂജിക്കുന്നു. ഗംഗ പൂജകൊണ്ടു ചുവന്നതുപോെല.നീലജലം  ചുവപ്പിനെയും ദീപനാളങ്ങൾ പകരുന്ന മഞ്ഞയെയും പ്രതിഫലിപ്പിക്കുന്നു. മന്ത്രോച്ചാരണങ്ങൾക്കൊപ്പം മണിയടികളുയരുന്നു.ഹരിദ്വാറിലെ ആ വലിയ മണി നിശബ്ദം സാക്ഷ്യം വഹിക്കുന്നു. ആരതി കഴിഞ്ഞു ജനങ്ങൾ പിരിയാൻ തുടങ്ങി. വൈകിയപ്പോൾ അയ്യപ്പക്ഷേത്രത്തിലേക്കു മടങ്ങി. ബ്രഹ്മകുണ്ഡിൽനിന്നു ഒരു കിലോമീറ്റർ ദൂരമേ അമ്പലത്തിലേക്കുള്ളൂ. ചെറിയ തെരുവുകളിലൂടെ പലഹാരങ്ങൾ വറുത്തെടുക്കുന്നതിന്റെ ഗന്ധമറിഞ്ഞ് മെല്ലെ നടന്നു. നാടൻ ഊണിന്റെ ഓർമയിൽ കാലുകൾക്ക് ചടുലത കൈവന്നു.

ഞങ്ങളെത്തുമ്പോൾ അയ്യപ്പക്ഷേത്രത്തിന്റെ നടയടക്കുകയായിരുന്നു. ഇനി ഹരിഹരസുതനെ പാടിയുറക്കണം. ലൗഡ് സ്പീക്കറിലൂടെ യേശുദാസിന്റെ  ആ മായിക ശബ്ദം ഒഴുകിവന്നു. ഹരിവരാസനം. പലനാളെടുത്ത ഉത്തരേന്ത്യൻ പര്യടനത്തിനിടയിൽനിന്ന് ഒരു മാന്ത്രികപ്പരവതാനിയിൽ  നിമിഷാർധം കൊണ്ടു പറന്നുചെന്ന് സ്വന്തം നാട്ടിലെത്തിയതുപോലെയൊരു പ്രതീതി. ഇലകളാട്ടുന്ന ആൽമരം, വിശാലമായ പറമ്പുകൾ, സായന്തനത്തിൽ ചേക്കേറുന്ന പറവകൾ എന്നിവ കണ്ണടച്ചിരിക്കേ മനസ്സിലേക്കെത്തി. ഇനി ഊണുകഴിക്കാം എന്നൊരു ശബ്ദം എങ്ങുനിന്നോ കേട്ടു. അയ്യപ്പക്ഷേത്രത്തിലെ പൂജാരിയാണ്. ശ്രീകോവിലിന് അപ്പുറത്താണ് ഭക്ഷണം വിളമ്പുക. ചൂടു ചോറ്. സാമ്പാറ്, ഉപ്പേരി, െനല്ലിക്ക അച്ചാർ എന്നിവ പ്ലേറ്റിൽ നിരന്നു. വയറു നിറഞ്ഞു. ഭക്ഷണത്തിനുശേഷം നിവേദ്യം കൂടിയായപ്പോൾ മനസ്സും നിറഞ്ഞു. 

1955 ൽ വിമോചനാനന്ദ സ്വാമിയാണ് അയ്യപ്പമന്ദിർ സ്ഥാപിക്കുന്നത്. ഇവിടെ താമസസൗകര്യവുമുണ്ട്. നേരത്തെ പറഞ്ഞു ബുക്ക് ചെയ്യണം. ധർമശാലയായതിനാൽ പരിപാലനച്ചെലവേ ഈടാക്കുകയുള്ളൂ. പതിനെട്ടു റൂമുകളും അറ്റാച്ച്ഡ് ബാത്ത്റൂം സൗകര്യമുള്ളവയാണ്. ബസ് സ്റ്റാൻഡും റയിൽവേ സ്റ്റേഷനും അരക്കിലോമീറ്റർ അടുത്താണ്. അയ്യപ്പമന്ദിറിലേക്കു വിളിക്കേണ്ട നമ്പർ– 9412903162