മികച്ച തുറമുഖമെന്നു പേരു കേട്ടിരുന്ന മാണ്ഡ്‍വി ഇപ്പോൾ ബീച്ച് വിനോദ സഞ്ചാരത്തിന് പ്രശസ്തമാണ്. 

∙വാട്ടർ സ്കൂട്ടർ, സ്കീയിങ്, സർഫിങ്, പാരാസെയിലിങ്, സ്പീഡ് ബോട്ട് യാത്ര തുടങ്ങി കടലുമായി ബന്ധപ്പെട്ട വിനോദങ്ങൾക്ക് അറബിക്കടലിന്റെ ഈ തീരത്ത് സൗകര്യമുണ്ട്. സമീപത്തെ ചെറുപട്ടണം വൈവിധ്യമാർന്ന കാഴ്ചകൾ ഒരുക്കുന്നു. 

∙ഗുജറാത്തിലെ കച്ച് ജില്ലയിൽ ഉൾപ്പെട്ട മാണ്ഡ്‍വി തീരം വൃത്തിയും ശുചിത്വവും സൂക്ഷിക്കുന്നു. ദേശാടന പക്ഷികൾ ഉൾപ്പെടെ ധാരാളം പക്ഷികളെ ഈ തീരത്ത് കാണാം.

∙16–ാം നൂറ്റാണ്ടിൽ തുറമുഖ നഗരമായി സ്ഥാപിക്കപ്പെട്ട മാണ്ഡ്‍വി പിന്നീട് കച്ച് ഭരണാധികാരികളുടെ വേനൽക്കാല വാസകേന്ദ്രമായി മാറുകയായിരുന്നു.

∙വർഷം മുഴുവൻ സന്ദർശനയോഗ്യമെങ്കിലും ഒക്ടോബർ മുതൽ മേയ് വരെയാണ് സുഖകരമായ കാലാവസ്ഥ.

∙തുറമുഖ നഗരമായി മാണ്ഡ്‍വി വികസിച്ച കാലത്തു തുടങ്ങിയ കപ്പൽ നിർമാണം ഇന്നും തുടരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഉരു നിർമാണശാല സന്ദർശിക്കുന്നത് വേറിട്ട അനുഭവമാണ്. 

∙അറബിക്കടലിനെ അഭിമുഖീകരിച്ച് സ്ഥിതി ചെയ്യുന്ന വിജയ വിലാസ് പാലസ് ഇവിടത്തെ ആകർഷണമാണ്. 1920 ൽ കച്ച് മഹാരാജാവ് പണി കഴിപ്പിച്ച കൊട്ടാരത്തിന്റെ രൂപകൽപന യിൽ ബംഗാൾ, രാജസ്ഥാൻ വാസ്തു ശൈലി സമന്വയി ച്ചിരിക്കുന്നു. 

∙ജൈന മഹാക്ഷേത്രമായ 72 ജൈനാലയയും ശ്യാംജി കൃഷ്ണ വർമ മെമോറിയലും മാണ്ഡ്‍വി തീരത്തോട് ചേർന്ന് കാണേണ്ട കാഴ്ചകളാണ്.

∙എത്തിച്ചേരുന്ന വിധം : ഭുജ് (57 കിമീ), ജാം നഗർ (82 കിമീ) എന്നിവ സമീപ വിമാനത്താവളങ്ങൾ. 49 കി.മീ അകലെയുള്ള ഓഖയാണ് ഏറ്റവുമടുത്തുള്ള റയിൽവേ സ്റ്റേഷൻ. ഗുജറാത്തിലെ എല്ലാ നഗരങ്ങളുമായും മാണ്ഡ്‍വി റോഡ് മാർഗം ബന്ധിപ്പിച്ചിട്ടുണ്ട്.