മഹാരാഷ്ട്രയിൽ പുണെ അടുത്ത് പശ്ചിമഘട്ട മലനിരകളിലുള്ള മനോഹരമായൊരു കോട്ടയാണ് രാജ്ഗഡ് ഫോർട്ട്. 24 ചതുരശ്ര കി മീ വിസ്താരത്തിലുള്ള ഈ കോട്ട ശിവജിയുടെ ആദ്യ തലസ്ഥാനമായിരുന്നു.

∙പുണെ നഗരത്തിൽ നിന്ന് 50 കി മീ തെക്കാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. മുംബൈയിൽ നിന്ന് 200 കി മീ ദൂരം.

∙കോട്ടയിൽ എത്തിച്ചേരാൻ പല ട്രക്കിങ് റൂട്ടുകളുണ്ട്. അവയിൽ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഗുഞ്ജ്‍‌വാണി ഗ്രാമത്തിൽ നിന്ന് ആരംഭിക്കുന്നതാണ്. ചോർ ദർവാസ വഴി പദ്മാവതി മാചിയിലേക്കുള്ള പാത എന്നറിയപ്പെടുന്ന ഈ വഴിയിൽ െചങ്കുത്തായ കയറ്റങ്ങൾ കയറണം. രണ്ടര മണിക്കൂറാണ് ശരാശരി ട്രക്കിങ് സമയം. പുണെയിൽ നിന്നു നർസപുർവഴി ഗുഞ്ജ്‌‍വാണിയിലെത്താം. 

∙ചോർ ദർവാസ പാതയെക്കാളും ദൂരം കൂടുതലാണെങ്കിലും ലളിതമായ ട്രക്കിങ്ങാണ് പാലി ദർവാസയിലൂടെയുള്ള പാത. ഈ പാതയിലെത്താൻ നർസപുരിൽ നിന്ന് വിൽഹെ ഗ്രാമത്തിലൂടെ പാബി ഗ്രാമത്തിലെത്തണം. മൂന്നു മണിക്കൂർ ആണ് ശരാശരി ട്രക്കിങ് സമയം.

∙ഗുഞ്ജ്‍വാണി ഗ്രാമത്തിൽ നിന്നു തന്നെ തുടങ്ങുന്ന മറ്റൊരു പാത സുവേല മാചിയിൽ എത്തുന്നുണ്ട്. കൊടുങ്കാറ്റും ദുഷ്കരമായ മലയിടുക്കുകളും താണ്ടുന്ന ഈ വഴി പരചയസമ്പന്നനായൊരു സഹായിക്കൊപ്പമേ സഞ്ചരിക്കാനാകൂ. സാധാരണക്കാർക്ക് ദുഷ്കരമായ മറ്റൊരു പാതയാണ് തോരണ കോട്ടയിൽ നിന്ന് രാജ്ഗഡ് കോട്ട വരെയുള്ള ട്രക്കിങ് റൂട്ട്.

∙കോട്ടയിൽ  എത്തിയാൽ പദ്മാവതി തടാകം, പദ്മാവതി ക്ഷേത്രം, രാമേശ്വരം ക്ഷേത്രം, ആലു ദർവാസ മുതലായ കാഴ്ചകളുണ്ട്. കോട്ടയ്ക്കുള്ളിലെ മൂന്നു സമതലസ്ഥല ങ്ങളായ പദ്മാവതി മാചി, സഞ്ജീവനി മാചി, സുവേല മാചി എന്നിവയും ആകർഷകമാണ്.

∙രാജ്ഗഡ് കോട്ടയിലേക്കുള്ള ട്രക്കിങ്ങിന് ഏറ്റവും അനുയോ ജ്യമായ സമയം നവംബർ, ഡിസംബർ മാസമാണ്.