ഖജുരാഹോ എന്നാൽ ഈന്തപ്പനകളുടെ നാട് എന്നാണ് അർഥം. ഒരു കാലത്ത് സമൃദ്ധമായി ഈന്തപ്പനകൾ വിളഞ്ഞു നിന്നിരുന്ന ഈ ഭൂപ്രദേശം പിന്നീട് മധ്യകാല ഭാരതത്തിലെ ശക്തരായ ചന്ദേല രാജവംശത്തിന്റെ അധികാരകേന്ദ്രമായി മാറി. ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഖജുരാഹോ മാറുവാനുണ്ടായ കാരണം ചന്ദേല രാജഭരണ കാലത്ത് ഇവിടെ സ്ഥാപിതമായ ക്ഷേത്രസമുച്ചയമാണ്. മധ്യപ്രദേശിൽ ഗംഗാസമതലത്തിനു തെക്കും വാരണാസിക്കു പടിഞ്ഞാറു ഭാഗത്തുമായി സ്ഥിതി ചെയ്യുന്ന ബുന്ദേൽഖണ്ട് വനമേഖലയ്ക്കു നടുവിലാണ് യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളിലൊന്നായി തിരഞ്ഞെടുത്ത ഖജുരാഹോ ക്ഷേത്ര സമുച്ചയം നിലകൊള്ളുന്നത്.

CE 950 നും 1050 നുമിടയിലാണ് ഖജുരാഹോയിലെ മിക്ക ക്ഷേത്രങ്ങളും പണികഴിപ്പിച്ചതെന്ന് കരുതുന്നു. ഇക്കാലയള വിൽ പല തലമുറകളിൽപെട്ട കലാകാരന്മാരുടെയും ശില്പിക ളുടെയും നിർലോഭ പ്രോൽസാഹനവും ഇവയുടെ നിർമിതിക്ക് കാരണമായി. അക്കാലത്തെ ഭരണാധികാരികളുടെ പ്രൗഢിയുടെയും സാമ്പത്തിക നിലയുടെയും പ്രതീകങ്ങളായിരുന്നു ക്ഷേത്രങ്ങളെങ്കിൽ ചന്ദേല രാജവംശത്തിന്റെ കൊടിയടയാള ങ്ങളായി ഈ ക്ഷേത്രങ്ങളെ കാണാം. നാഗര ശൈലിയിലുള്ള വാസ്തുവിദ്യാരീതികളാൽ നിർമിക്കപ്പെട്ട മഹാദ്ഭുതങ്ങളായ 85 ഓളം ക്ഷേത്രങ്ങളില്‍ 22 എണ്ണം മാത്രമാണ് ഇന്നിവിടെ അവശേഷിക്കുന്നത്. ദൈനംദിന ജീവിതത്തിന്റെ വിവിധ ഭാവങ്ങൾ പ്രകടിപ്പിക്കുന്ന ജീവൻ തുടിക്കുന്ന ചെറുതും വലുതുമായ ശില്പങ്ങൾ കൊണ്ടു നിറഞ്ഞ ക്ഷേത്രച്ചുവരുകളിൽ കാണുന്ന ആരെയും അദ്ഭുതപ്പെടുത്തുന്ന രതി ശില്പങ്ങൾ ഇവിടത്തെ പ്രത്യേകതയാണ്. ഇവിടെയെത്തുന്ന ഓരോ വിനോദസഞ്ചാരിയും ഒരു ചരിത്ര വിദ്യാർഥികൂടിയായി മാറിയാൽ അദ്ഭുതപ്പെടാനാകില്ല. 

ഭൂമി ശാസ്ത്രപരമായ  സവിശേഷതകളും പാരി സ്ഥിതിക വിശുദ്ധിയും ദൈവികമായ ശാന്തതയുമായിരിക്കാം ഇത്തരമൊരു ക്ഷേത്രസമുച്ചയം ഇവിടെ ഉടലെടുക്കാൻ കാരണമായത്. കല ദൈവികമാണെങ്കിൽ ഇതിലധികം ദൈവസാന്നിധ്യമുള്ളയിടം മറ്റെവിടെയെന്നു ചിന്തിച്ചു പോകും. ഈ ക്ഷേത്രങ്ങൾ കാണുമ്പോൾ. 13–ാം നൂറ്റാണ്ടിൽ ഡൽഹി സുൽത്താൻ ആയിരുന്ന കുത്തബ്ദീൻ ഐബക് ചന്ദേല സാമ്രാജ്യം ആക്രമിച്ചു കീഴടക്കിയതോടെ ഈ ക്ഷേത്രങ്ങൾ അവഗണിക്കപ്പെടുകയും ഏഴു നൂറ്റാണ്ടോളം വനത്തിനുള്ളിൽ വിസ്മൃതിയിലാണ്ടു കിടക്കുകയുമുണ്ടായി. പിന്നീട് ഒരു ബ്രിട്ടീഷ് എൻജിനീയറായിരുന്ന ടി. എസ്. ബർട്ട് ആണ് ഈ ക്ഷേത്രങ്ങളുടെ പ്രാധാന്യം കണ്ടെത്തി പുറംലോകത്തെ അറിയിച്ചത്. ഇന്ന് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തിരിക്കുന്ന ഈ ക്ഷേത്രങ്ങളിൽ മഡഗേശ്വര ക്ഷേത്രത്തിൽ മാത്രമാണ് ആരാധനകൾ നടക്കുന്നത്. 

ഇവിടെയെത്തിച്ചേരാൻ റെയിൽ–വ്യോമഗതാഗത സൗകര്യങ്ങളുണ്ടെങ്കിലും ഝാൻസിയിൽ നിന്നു 175 കിലോമീറ്റര്‍ റോഡു മാർഗം യാത്ര ചെയ്താൽ മധ്യപ്രദേശിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ ഓർച്ച കൂടി സന്ദർശിക്കാം എന്നതിനാൽ സഞ്ചാരികൾ പ്രധാനമായും ഈ വഴിയാണ് ഖജുരാഹോയിലേക്കുള്ള യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത്.