യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ഷോപ്പിങ്ങിന് പറ്റിയ ഇടങ്ങളുണ്ടോയെന്നാണ് മിക്കവരും തിരക്കുന്നത്. ഇന്ത്യയ്ക്കകത്തുള്ള യാത്രയെങ്കിൽ കുറഞ്ഞ വിലയ്ക്ക് തുണിത്തരങ്ങൾ ഉൾപ്പടെ മിക്ക സാധനങ്ങളും വിലപേശി വാങ്ങാനാവും. പേരുകേട്ട മാർക്കറ്റുകളും ഇന്ത്യയിലുണ്ട്. കള്ളന്‍മാരുടെ അങ്ങാടിയെ കുറിച്ച് കേട്ടിട്ടുണ്ടോ? കണ്ണുതള്ളേണ്ട അങ്ങനെയൊരു മാർക്കറ്റ് ഇന്ത്യയിലുണ്ട്. മുബൈയിലെ പ്രശസ്തമായ മാര്‍ക്കറ്റാണ് ചോര്‍ ബസാര്‍. കള്ളന്‍ എന്ന് അര്‍ത്ഥം വരുന്ന ചോര്‍ എന്ന വാക്ക് പേരില്‍ ഉള്ളതിനാലാവാം മോഷണ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥലമായിട്ടാണ് ചോര്‍ ബസാര്‍ കരുതപ്പെടുന്നത്. മോഷണവസ്തുക്കള്‍ എത്തുന്ന അങ്ങാടിയെന്നതിനേക്കാള്‍ ഇന്ന് മുംബെയിലെ ഏറ്റവും വലിയ സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റുകൂടിയാണിവിടം.

ബ്രിട്ടീഷുകാരുടെ കാലത്ത് ഷോര്‍ എന്ന വാക്ക് തെറ്റായി ഉച്ചരിച്ച് കാലക്രമേണേ ചോർ എന്നായി. അങ്ങനെ ചോർ ബസാറായി. പേര് പോലെ തന്നെ  മോഷണ സാധനങ്ങള്‍ വിറ്റൊഴിക്കുന്നതിനുള്ള ഒരു സ്ഥലമായി ചോര്‍ ബസാര്‍ മാറി. പുരാവസ്തുക്കളോട് കമ്പമുള്ളവരുടെ ഇഷ്ടസ്ഥലം കൂടിയാണ് ഇപ്പോള്‍ ചോര്‍ ബസാര്‍. ഭംഗിയുള്ളതും ആരെയും ആകർഷിക്കുന്നതുമായ നിരവധി വസ്തുക്കളും കരകൗശലവസ്തുക്കള്‍, ഓട്ടോമൊബൈല്‍ പാര്‍ട്സ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നുവേണ്ട സകലതും അവിടെ വിൽപനക്കായി വച്ചിട്ടുണ്ട്.

വിലപേശി കുറഞ്ഞ വിലയ്ക്കും സാധനങ്ങൾ വാങ്ങാം. കൂടാതെ സഞ്ചാരികളെ ആകർഷിക്കുന്ന ഭംഗിയുള്ള ക്ലോക്കുകളും വിളക്കുകളും പ്രതിമകളും അലങ്കാര വസ്തുക്കളുമുണ്ട്.ഗ്യാരന്റിയോ വാറന്റിയോ ഒന്നുമില്ലാത്ത മൂവായിരം രൂപയോളം വിലവരുന്ന സ്മാർട്ട് ഫോണുകളുമുണ്ട്. ആവശ്യക്കാർ ഏറെയും ഇലക്ട്രോണിക് സാധനങ്ങൾക്കാണ്. മേഷ്ടിച്ച സാധനമാണോ വാങ്ങുന്നതെന്ന് ഉറപ്പുവരുത്താനാകില്ല. അതൊന്നും കാര്യമാക്കുന്നില്ലെങ്കില്‍ അത്തരക്കാര്‍ക്കുള്ള മികച്ച അങ്ങാടിയാണ് ചോര്‍ ബസാര്‍. മുംബൈയിലെ നിരവധി മാർക്കറ്റുകളിൽ ഒന്നായ ചോർബസാറിന് 150 വർഷത്തിലേറേ പഴക്കം ഉണ്ട്.

‌മുംബൈ സബ് അര്‍ബന്‍ ട്രെയിനില്‍ കയറി ഗ്രാന്‍ഡ് റോഡ് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ ചോർ ബസാറിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. നല്ല തിരക്കുള്ള മാർക്കറ്റാണിത്. രാവിലെ 11 മണി മുതല്‍ രാത്രി 7.30 വരെയുള്ള സമയത്ത് ഇവിടെ സന്ദശിക്കാം. സാധനങ്ങൾ വാങ്ങാതെ മാർക്കറ്റിലെ കാഴ്ചകൾ ആസ്വദിക്കാന്‍ മാത്രമാണ് പോകുന്നതെങ്കിൽ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസം പോകണം. വെള്ളിയാഴ്ച ഇവിടെ വഴിവാണിഭക്കാരുടെ ദിവസമാണ്. തിക്കും തിരക്കുമാകും ചോർ ബസാറിൽ.