കയ്യിൽ നില്‍ക്കുന്ന ചെലവില്‍ രസകരമായ യാത്രപോകാൻ പറ്റിയ ഇടമാണ് കൊടൈക്കനാൽ. നല്ല തണുപ്പും കുളിരുമറിഞ്ഞു സുഖകരമായി ദിവസങ്ങൾ ചെലവഴിക്കാം. സന്ദർശകരെ കാത്ത് കൊടൈക്കനാലിൽ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. അവിടെയൊക്കെ കറങ്ങിയിട്ടുണ്ടെങ്കിലും കൊടൈക്കനാലിലെ സണ്‍ഡേ മാർക്കറ്റ് ഒരു അദ്ഭുതം തന്നെയാവും.

 അധികമാരും ശ്രദ്ധിക്കപ്പെടാത്ത കൊടൈക്കനാലിലെ  ഇടമാണ് സൺഡേ മാർക്കറ്റ്.  യാത്ര പോകുന്നവർ തീർച്ചയായും കൊടൈക്കനാലിലെ സൺഡേ മാർക്കറ്റ് സന്ദർശിക്കണം. പ്രത്യേകിച്ച് ഞായറാഴ്ച്ചദിവസമാണെങ്കിൽ നമ്മെ ശരിക്കും അദ്ഭുതപ്പെടുത്തുന്നതും അമ്പരിപ്പിക്കുന്നതുമായ കുറേയധികം കാഴ്ചകൾ ഇൗ മാർക്കറ്റിലുണ്ട്. 

നല്ല ഫ്രെഷായ പച്ചക്കറികളും പഴങ്ങളും ഇന്നത്തെ കാലത്ത് വാങ്ങാൻ കിട്ടുക പ്രയാസമാണ്. മലയാളികൾക്ക് പ്രത്യേകിച്ചും പ്രയാസമുള്ള കാര്യമാണ്. തമിഴ്നാട്ടിലെ തോട്ടത്തിൽ നിന്നും പറിച്ചെടുത്ത നാലോ അഞ്ചോ ദിവസമായ പച്ചക്കറികളാണ് നമ്മുടെ നാട്ടിൽ ലഭിക്കുന്നത്. കൊടൈക്കനാലിലെ ഇൗ മാർക്കറ്റിൽ എത്തിച്ചേർന്നാൽ നല്ല  പച്ചക്കറികളും പഴങ്ങളും കുറഞ്ഞ വിലക്ക് വാങ്ങാം.

കൊടൈക്കനാലിലെ ഇൗ മാര്‍ക്കറ്റ് ഞായറാഴ്ച ദിവസങ്ങളിൽ  രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ സജീവമാണ്. കൊടൈക്കനാൽ ബോട്ട്ക്ലബ്ബിൽ നിന്നും ഏകദേശം 300 മീറ്റര്‍ അകലെ താഴേക്ക് വരുമ്പോൾ മെയിൻ റോഡിന്റെ ഇടതു വശത്തേക്ക് കയറുന്നതാണ് മാർക്കറ്റ്. റോഡിന്റെ ഇരുവശത്തുമായി വരുന്ന ഒരു താൽക്കലിക മാർക്കറ്റാണിത്. ഇതും മെയിൻ റോഡ് തന്നെയാണ്. 

ഏറ്റവും ഫ്രഷായിട്ടുള്ള  പഴങ്ങളും പച്ചക്കറികളുമാണ് ഇവിടെ ലഭിക്കുന്നത്. ഇവിടുത്തെ പച്ചക്കറികളുടെയും പഴങ്ങളുടേയും വില വിവരങ്ങളാണ് ആരേയും ആകർഷിക്കുന്നതണ്. നമ്മുടെ നാട്ടിൽ ലഭിക്കുന്നത് ഉണങ്ങിയ ഗ്രീന്‍ പീസാണ്. തോട്ടത്തിൽ നിന്നും പറിച്ച് ഉണക്കിയശേഷമാണ് ഇവ നമുക്ക് ലഭിക്കുന്നത്. എന്നാൽ ഇവിടെ നല്ല ഫ്രഷായിട്ടുള്ള വലിയ ഗ്രീന്‍പീസിന് 40 രൂപയാണ് വില. നമ്മുടെ നാട്ടിലെ ചില സൂപ്പർ മാർ‌ക്കറ്റിൽ ഇത് ലഭ്യമാണ്. 150 –200 രൂപയാണ് സൂപ്പർ മാർക്കറ്റിലെ വില. കൂടാതെ വിവിധതരത്തിലുള്ള  കൊടൈക്കനാലിലെ പലഹാരങ്ങള്‍ രുചിയോടെ അപ്പോൾ തന്നെ റെ‍ഡിയാക്കി തരുന്നയിടങ്ങളുമുണ്ട്. സഞ്ചാരികളെ കൊതിപ്പിക്കുന്ന വിഭവങ്ങളാണ്. നാട്ടിലെ ഉണ്ണിയപ്പം പോലെയിരിക്കുന്ന നല്ല മധുരമുള്ള പലഹാരത്തിന് വെറും 5 രൂപയാണ് വില. അതുപോലെ തന്നെ എല്ലാ പച്ചക്കറികൾക്ക് വെറും 5 – 10 രൂപയാണ് വില. 

ചില പച്ചക്കറികൾക്ക്  15 രൂപ മാത്രമേയുള്ളൂ. തക്കാളിക്ക്  വെറും 5 രൂപയാണ് വില. ഒരാഴ്ചത്തേക്ക് ആവശ്യമുള്ള പച്ചക്കറികൾക്ക് ഇവിടുത്തെ ആളുകൾ ചെലവാക്കുന്നത് വെറും 100 രൂപയാണ്. സാധാരണ കൊടൈക്കനാലിൽ സ്ഥിരതാമസക്കാരയ ആളുകൾ മാത്രമാണ്  ഇവിടെ വന്ന് സാധനങ്ങൾ വാങ്ങുന്നത്. ‍ടൂറിസ്റ്റുകളാരും ഇൗ സ്ഥലത്തേക്ക് വരാറില്ല. ടൂറിസ്റ്റുകൾക്കിടയിൽ അത്ര പ്രശ്സ്തമല്ല ഇവിടം.

ഇൗ  സൺഡേ മാര്‍ക്കറ്റിന്റെ മറ്റൊരു പ്രത്യേകത  ഇവിടുത്തെ കടകളിലും പ്ലാസ്റ്റിക്ക് കിറ്റുകൾ  ഉപയോഗിക്കുന്നില്ല എന്നതാണ്, സാധനങ്ങൾ വാങ്ങണമെങ്കിൽ അവരവർ തന്നെ  സ്വന്തമായി സ​ഞ്ചി കൊണ്ടുപോയി അത് വാങ്ങിക്കൊണ്ട് വരണം.  പ്രകൃതിക്ക് കോട്ടം വരുത്തുന്നതിനൊന്നും ആന്നാട്ടുകൾ തയാറല്ല. കേരളത്തിലെ മാർക്കറ്റുകളും അനുകരിക്കേണ്ടതായ ഒരു കാര്യമാണ് ഇത്.

 കൊടൈക്കനാലേക്കോണോ യാത്ര ഞായറാഴ്ചയാണ് വരുന്നതെങ്കിൽ തീർച്ചയായും സൺ‍േ‍ഡ മാര്‍ക്കറ്റ് സന്ദർശിക്കണം. നിങ്ങളുടെ ഇഷ്ടാനുസരണം ഫ്രഷായിട്ടുള്ള പച്ചക്കറികളും പഴങ്ങളും തിരെഞ്ഞെടുത്ത് വാങ്ങാനുള്ള അവസരം ഇവിടെയുണ്ട്.