ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന ജീവിതങ്ങളുടെയും, സംസ്കാരങ്ങളുടെയും, കാഴ്ചകളുടെയും, കലകളുടെയും, സംഗീതത്തിന്റെയും സംഗമസ്ഥാനമാണ് ഹൂഗ്ലി നദിയുടെ തീരത്ത് നിലകൊള്ളുന്ന കൊൽക്കത്ത നഗരം. ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന ഈ മഹാനഗരം.

നവോഥാന ഇന്ത്യയുടെ ചിന്തയിലും സാഹിത്യത്തിലും കലയിലും കായിക രംഗത്തും രാഷ്ട്രീയ രംഗത്തുമെല്ലാം വ്യക്തമായ സാന്നിധ്യം കൊണ്ട് അടയാളപ്പെടുത്തിയ ചരിത്രനഗരമാണ്. കുട്ടികാലം മുതൽക്കേ പശ്‌ചിമ ബംഗാളിനോട് ഒരു മമതയുണ്ടായിരുന്നു. കേരളം കഴിഞ്ഞാൽ ബംഗാൾ അതായിരുന്നു തിയറി. ഈ യാത്ര ബംഗാളിന്റെ മണ്ണിലേക്കാണ്.  ചരിത്ര കാഴ്ചകൾ തേടി,  ഓരോ സഞ്ചാരിയെയും ഹൃദയത്തിലേക്ക് ചേർത്തുപിടിക്കുന്ന ആനന്ദത്തിന്റെ നഗരത്തിലേക്ക്.

വൈവിധ്യങ്ങളുടെ ബംഗാൾ

സാംസ്കാരികപരമായും സാഹിത്യപരമായും ഉയർന്ന നിലവാരം പുലർത്തിയിരുന്ന ബംഗാളിനെ കുറിച്ച് വായിച്ചറിഞ്ഞതിൽ നിന്നും കേട്ടറിഞ്ഞതിൽ നിന്നും ഭിന്നമായാണ് നേർക്കാഴ്ച്ച. ഇന്ന് ബംഗാൾ ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കും എന്ന ചൊല്ല് ഈ കാഴ്ചകൾ തികച്ചും അപ്രസക്തമായിരുന്നു.

2018 ജനുവരി ഒന്നു മുതൽ 11വരെയുള്ള എന്റെ ബംഗാൾ യാത്ര മറക്കാൻ കഴിയില്ല. രണ്ടര ദിവസം ദൈർഘ്യമുള്ള ട്രെയിൻ യാത്രയ്ക്കൊടുവിൽ ഹൗറ സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ കൊൽക്കത്തയുടെ രൂപ ഭാവങ്ങ ൾ വ്യക്തമായിത്തുടങ്ങി. മുപ്പത്തിലധികം ഫ്ലാറ്റ് ഫോമുകളുള്ള ഹൗറ സ്റ്റേഷൻ ഒട്ടും ആധുനികമല്ല.  കൊൽക്കത്തയിലെ ഒരു സുഹൃത്ത് സ്റ്റേഷനിൽ ഞങ്ങളെ പിക്ക് ചെയ്യാൻ വന്നിരുന്നു. വരുന്ന ഓരോ സഞ്ചാരിയും അലിഞ്ഞുചേരുന്ന ഹൗറ നഗരത്തിന്റെ തിരക്കിലേക്ക് ഞങ്ങളും ഒഴുകി.

ഹൂഗ്ലിനദിക്ക്‌ കുറുകെയുള്ള വിദ്യസാഗർ പാലം കടന്നാണ് ഞങ്ങളുടെ യാത്ര. 823 മീറ്റർ നീളത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കേബിൾ പാലമാണിത്. ദിവസവും 30000 മുതൽ 85000 വരെ വാഹങ്ങൾ വിദ്യസാഗർ ബ്രിജ് വഴി കടന്നു പോകുന്നുണ്ടെന്നാണ് കണക്ക്. വലിയ ഇരുമ്പ് കേബിൾകൊണ്ട് വടം പോലെ വലിച്ചു കെട്ടിയ വിദ്യാസാഗർ ബ്രിജ് കാഴ്ചയിൽ തന്നെ കൗതുകമുണർത്തുന്നു. കൊൽക്കത്തയുടെ പ്രധാന ആകർഷകങ്ങളിൽ ഒന്നാണിത്. ഗതാഗതത്തിനായി ഈ പാലം തുറന്നുകൊടുത്തിട്ട് പത്തു വർഷമേ ആയിട്ടുള്ളൂ.</p>

ഹുഗ്ലി നദിക്ക്‌ കുറുകെയുള്ള മറ്റൊരു ചരിത്രപ്രസിദ്ധ നിർമിതിയാണ് ഹൗറ പാലം. കൊൽക്കത്തയുടെ അഭിമാനമായ ഹൗറ പാലം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാന്റിലർ പാലമാണ്. 71 അടി വീതിയുള്ള ഈ പാലത്തിൽ എട്ട് വരിപാതയും ഇരു ഭാഗങ്ങളിലും വീതിയേറിയ നടപ്പാതയുമുണ്ട് .1943 ലാണ് ഹൗറ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഈസ്റ്റ് ഇന്ത്യ കമ്പനി നിർമിച്ച പാലത്തിന്റെ എൻജിനീയറിങ്ങും, ദീർഘ വീക്ഷണവും എത്ര വലുതാണെന്ന് ഹൗറ പാലം കടന്ന് പോകുന്ന ആരും ചിന്തിച്ചുപോകും. ഹൗറയെയും കൊൽക്കത്തയെയും ബന്ധിപ്പിക്കുന്ന ഈ പാലം രവീന്ദ്രനാഥ ടഗോറിന്റെ സ്മരണാർഥം 1965 ൽ രവീന്ദ്ര സേതു എന്ന് പുനർനാമകരണം ചെയ്തു.

കൊൽക്കത്തയുടെ ഹൃദയമിടിപ്പിനൊപ്പം

ഒരു ഭാഗത്ത്‌ സമ്പന്നതയുടെ തിളക്കവും മറുഭാഗത്ത് ദാരിദ്രത്തിന്റെ മുഷിപ്പും കൊൽക്കത്തയുടെ പൊതു കാഴ്ചകളാണ്. ഗ്രാമങ്ങളുടെ അവസ്ഥ ഉത്തരേന്ത്യൻ ഗ്രാമങ്ങളെക്കാൾ പരിതാപകരമാണ്. റോഡ്, ഇലക്ടിസിറ്റി, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും ബംഗാളി ഗ്രാമീണരുടെ സ്വപ്‌നങ്ങളിലൊതുങ്ങുന്നു. റോഡിൽ കിടക്കുന്നവരും, കുളിക്കുന്നവരും, ഭക്ഷണം കഴിക്കുന്നവരും ജന നിബിഡമായ ചേരികളും മുഷിഞ്ഞു നിറം മങ്ങിയ ജീവിതങ്ങളുമാണ് നഗരത്തിനു ചുറ്റും.

അൻപതോ അറുപതോ വർഷങ്ങൾക്കു മുൻപ് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് അപ്രത്യക്ഷമായ മനുഷ്യർ വലിക്കുന്ന റിക്ഷകളും സൈക്കിൾ റിക്ഷകളും, ടോട്ടോ ( ബൈക്ക് റിക്ഷ )കളും, കാളവണ്ടികളും  വഴിക്കാഴ്ചകളാണ്. മറുഭാഗത്ത് നഗരകാഴ്ചയുടെ മാറ്റുകൂട്ടുന്ന ഇന്ത്യലെ ആദ്യത്തെ ഭൂഗർഭ മെട്രോയും ആഡംബര വാഹനങ്ങളും ട്രാം പോലുള്ള പൈതൃക വാഹനവും.

ജീവിച്ചു തീർക്കാൻവേണ്ടി മനുഷ്യർ നേരിടുന്ന പെടാപ്പാട് വളരെ ദയനീയമാണ്. മുഷിഞ്ഞൊട്ടിയ ജീവിതക്കോലങ്ങളുടെ ചുമലുകളിൽ പേറുന്ന ദുരിതപർവങ്ങൾ എത്ര നിസംഗതയോടെയാണ് അവർ ഉൾക്കൊള്ളുന്നത്.

കൊൽക്കത്തയിൽ നിന്ന് ആറ് കിലോമീറ്റർ വടക്ക് കൊൽക്കത്തയുടെ ഹൃദയഭാഗത്ത്, ഹൂഗ്ലി തീരത്തായാണ് ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ ആസ്ഥാന മന്ദിരമായ ബേലൂർ മഠം സ്ഥിതിചെയ്യുന്നത്.  എല്ലാ മതങ്ങളുടെയും ഐക്യത്തിന്റെ പ്രതീകമായി ഹിന്ദു, ക്രിസ്ത്യൻ, ഇസ്‌ലാമിക് വാസ്തു വിദ്യാശൈലിയാണ് ബേലൂർ മഠത്തിന്റെ നിർമാണ സവിശേഷത. പരമഹംസരുടെയും, വിവേകാനന്ദന്റെയും, ശാരാദമ്മയുടെയും സമാധികൾ സന്ദർശിച്ചു. ശേഷം ഹൂഗ്ലിനദി കരയിൽ ആശ്രമത്തിന്റെ  ശാന്തത ആസ്വദിച്ച് ഏറെനേരം അവിടെയിരുന്നു. ഉച്ച ഭക്ഷണത്തിന്റെ നീണ്ട ക്യൂവിനു പിറകിൽപോയി നിന്ന ഞങ്ങൾ പരുങ്ങുന്നത് കണ്ട്  മഠത്തിലെ ഒരു അന്തേവാസി ഞങ്ങളെ വിളിച്ചുകൊണ്ടുപോയി.  ഭക്ഷണം വിളമ്പി അതു കഴിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിത്തന്നു.

മഠത്തിലെ പ്രസാദത്തിന് ഒരു പ്രത്യേകതയുണ്ട്. കിഴങ്ങും പച്ചക്കറികളും ചേർത്ത് വേവിച്ചെടുത്ത കുഴമ്പ് രൂപത്തിലുള്ള പ്രസാദമാണ് ആദ്യം വിളമ്പുക. ശേഷം ഒരു പച്ചക്കറിക്കൂട്ട് അതിന്റെ പിന്നാലെ ചോറും കറികളും അവസാനം പായസം ഇതാണ് അവിടത്തെ രീതി. രുചികരവും പോഷക പ്രധാനവുമാണ് ബേലൂർ മഠത്തിലെ പ്രസാദം. പൊതുവെ ബംഗാളി ഭക്ഷണം വിലക്കുറവും രുചികരവുമാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT