ആനക്കൊമ്പ് കസേരകൾ

ആ കണ്ണാടിക്കൂടില്ലായിരുന്നില്ലെങ്കിൽ പലരും റെബേക്കയുടെ മൂടുപടം പലരും വലിച്ചുനോക്കിയേനേ. അതു തുണിയാണോ എന്നറിയാനുള്ള ആകാംക്ഷ എല്ലാവരിലുമുണ്ട്. സത്യമെന്താണ്? വെയിൽഡ് റബേക്ക എന്ന മാർബിൾ ശിൽപം. അതിസുന്ദരമായ മുഖം മറച്ച് അലസമായി താഴ്ന്നിറങ്ങുന്ന മുഖാവരണം പോലും മാർബിളിൽ കൊത്തിയതാണ്. ഒരു കാറ്റടിച്ചാൽ ആ ‘മാർബിൾതുണി’ പറക്കുമോ എന്നു നമുക്കു സന്ദേഹം തോന്നാം. കാരണം അത്ര തൻമയത്വത്തോടെയാണ് ആ ഇറ്റാലിയൻ ശിൽപ്പി വെയിൽഡ് റബേക്കയെ സൃഷ്ടിച്ചിരിക്കുന്നത്. ഹൈദരാബാദിലെ സാലാർജങ് മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് റബേക്ക. ലോകത്തിലെ ഏറ്റവും വലിയ–വൺമാൻ കളക്ഷൻ മ്യൂസിയമായ സാലാർജങ് ഒരു സഞ്ചാരിയ്ക്കു മുന്നിൽ പല ലോകങ്ങളെ പരിചയപ്പെടുത്തുന്നു. പല കാലങ്ങളിലേക്കു കൊണ്ടുപോകുന്നു. നമുക്കും ഒന്നു കറങ്ങിവരാം. 

ഇരട്ടപ്രതിമ

ചരിത്രം ഉറങ്ങാതിരിക്കുന്ന പഴയ ഹൈദരാബാദ് നഗരം പിന്നിട്ട് മൂസി നദിയുടെ കരയിലേക്കെത്തുക. അവിടെ തലയുയർത്തി നിൽപ്പുണ്ട് ഇന്ത്യയുടെ ഈ ദേശീയ മ്യൂസിയം. സാലാർ ജങ് കുടുംബത്തിന്റെ മൂന്നു തലമുറകൾ സമ്പാദിച്ച കലാവസ്തുക്കളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. ഹൈദരാബാദ് രാജാവായിരുന്ന നൈസാമിന്റെ പ്രധാനമന്ത്രിപദവി അലങ്കരിച്ചിരുന്ന കുടുംബമാണ് സാലാർജങ്. നവാബ് മിർ യൂസഫ് അലിഖാൻ, സാലാർ ജങ് മൂന്നാമന്റെയാണ് ശേഖരങ്ങളാണു കൂടുതൽ. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു 1951 ൽ ഈ മ്യൂസിയം രാജ്യത്തിനു സമർപ്പിച്ചു. 

ടിക്കറ്റെടുത്തു നടക്കാൻ തുടങ്ങി. രണ്ടു നിലകളിലായി ആറു ബ്ലോക്കുകൾ, അവയിൽ ബിസി രണ്ടാം നൂറ്റാണ്ടു മുതൽ പഴക്കമുള്ള കൗതുകവസ്തുക്കൾ. പേർഷ്യൻ കാർപറ്റുകൾ എഴുത്തുപ്രതികൾ, സ്ഫടികഉപകരണങ്ങൾ എന്നിവ കണ്ടുമതിയാകില്ല.    ഇംഗ്ലണ്ട്, അയർലണ്ട്, ഫ്രാൻസ്, ബെൽജിയം, ഇറ്റലി, ജർമനി എന്നിടങ്ങളിൽനിന്നു ശേഖരിച്ച പെയിന്റിങ്ങുകളും മറ്റും യാത്രികരെ അമ്പരപ്പിക്കും. അദ്ഭുതപ്പെടുത്തുന്ന രണ്ടു പെയിന്റിങ്ങുകളുണ്ട്. ഒരു വ്യക്തിയുടെ പോർട്രെയിറ്റ് ആണ് ഒന്ന്. ചിത്രത്തിന്റെ മുന്നിൽനിന്നു നോക്കുമ്പോൾ ചിത്രത്തിലെ ഷൂവിന്റെ മുൻഭാഗം നിങ്ങളുടെ നേർക്കു നിൽക്കും. വശങ്ങളിലേക്കു തിരിഞ്ഞാലോ? അങ്ങോട്ടായിരിക്കും ഷൂവിന്റെ മുൻവശം. ഇതുപോലെ കാണുന്ന ആളുടെ കോണിനനുസരിച്ച് ചെരിവുമാറുന്ന ഒരു പട്ടണത്തിന്റെയും ചിത്രം ആ ശേഖരത്തിലുണ്ട്. 

ആനക്കൊമ്പുകളിൽ നിർമിച്ച അതിസൂക്ഷ്മ ശിൽപ്പങ്ങളുടെ പൂർണതയും നിങ്ങളെ അതിശയിപ്പിക്കും. ആനക്കൊമ്പുകൊണ്ടുള്ള  കസേരകൾ  ലൂയിസ് പതിനാറാമൻ ടിപ്പു സുൽത്താനു നൽകിയതായിരുന്നുവത്രേ. മുഗൾ ചക്രവർത്തിമാരുടെ ശേഖരങ്ങളും ഇവിടെയുണ്ട്. 

വെയിൽഡ് റബേക്ക എന്ന  മാർബിൾ ശിൽപ്പം. 1876 ൽ ഇറ്റലി സന്ദർശനത്തിൽ ശേഖരിച്ചത്. ജിയോവന്നി മരിയ ബെൻസോനി എന്ന ഇറ്റാലിയൻ ശിൽപി. ഇത് ഒറിജിനൽ അല്ല.  നാലു കോപ്പികളിലൊന്നാണ് സാലാർ ജങിലെ റബേക്ക 

ഇന്ത്യൻ ഈസ്റ്റേൺ, വെസ്റ്റേൺ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി പതിനൊന്നു ഇനത്തിൽപ്പെട്ട വസ്തുവകൾ 38 ഗ്യാലറികൾ  രണ്ടു നിലകളിൽ നിങ്ങളെ കാത്തിരിക്കുന്നു. മറ്റൊരു കൗതുകം മ്യൂസിക്കൽ ക്ലോക്ക് ആണ്. ഇംഗ്ലണ്ടിൽ നിർമിച്ച് കൽക്കത്തയിൽവച്ച് കൂട്ടിയോജിപ്പിച്ചതാണ് ഈ ക്ലോക്ക്. ഓരോ മണിക്കൂറിലും ക്ലോക്കിനുള്ളിൽനിന്നൊരു പ്രതിമ ഇറങ്ങിവന്ന് മണിയടിക്കും. ആൾപോക്കത്തിലുള്ള ക്ലോക്കിൽ ദിവസവും മാസവും കാണിക്കും. സാലാർജങ് മ്യൂസിയത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഈ മ്യൂസിക്കൽ ക്ലോക്ക്. കാണികൾ ഈ സംഗീതം കേൾക്കാൻ മാത്രമായി വന്നിരിക്കാറുണ്ടത്രേ. 

ഒരു കൗതുകം കൂടി പറഞ്ഞശേഷം അവസാനിപ്പിക്കാം. മരം കൊണ്ടുള്ള ഇരട്ടപ്രതിമയാണത്. മുന്നിൽനിന്നു നോക്കിയാൽ ആസുരഭാവം മുന്നിട്ടുനിൽക്കുന്ന മെഫിസ്റ്റോഫെലിസ് എന്ന കഥാപാത്രം. പിന്നിലെ കണ്ണാടിയിൽ അതിസുന്ദരിയായ ഒരു യുവതി. മാർഗരിറ്റ. ജർമൻ നാട്ടുകഥയിലെ കഥാപാത്രങ്ങളാണിക്. ലൂസിഫറിന്റെ അനുയായിയാണ് മെഫിസ്റ്റോഫെലിസ് എന്നു പറയപ്പെടുന്നു.  ഇതാണ് ഇരട്ടപ്രതിമ. പത്തൊൻപതാം നൂറ്റാണ്ടിലെ സൃഷ്ടി. ഇരട്ടപ്രതിമ എന്നു തന്നെയാണു പേര്. ഓരോ ശേഖരവും കണ്ടു വരുമ്പോൾ ഒരു ദിവസമെടുക്കും. കാലത്തെയും ചരിത്രത്തെയും സംസ്കാരത്തെയും അടയാളപ്പെടുത്തുന്ന ഈ സൃഷ്ടികൾ കാണേണ്ടവ തന്നെ. 

ആറു ബ്ലോക്കുകൾ 

താഴെനിലയിലുള്ള മൂന്ന് ബ്ലോക്കുകളിൽ മരശിൽപ്പങ്ങൾ, വെങ്കല ഗ്യാലറി, യൂറോപ്യൻ ശിൽപ്പഗ്യാലറി, ഫൗണ്ടേഴ്സ് ഗ്യാലറി, തെന്നിന്ത്യൻ ഗ്യാലറി, ആനക്കൊമ്പുകൊണ്ടുള്ള ശിൽപശേഖരം, ആയുധഗ്യാലറി, കന്റിൻ എന്നിവയുണ്ട്. 

മുകളിലെ നിലയിൽ  ജാപ്പനീസ് ഗ്യാലറി തൊട്ട് യൂറോപ്യൻ ഗ്ലാസ് ഗ്യാലറിവരെയുണ്ട്.  

മ്യൂസിയത്തിൽനിന്നിറങ്ങുമ്പോൾ യഥാർഥ ഹൈദരാബാദി ബിരിയാണി കിട്ടുന്ന കടകളിൽ കയറാം.  ചാർമിനാർ, മെക്ക മസ്ജിദ് എന്നിവ നടന്നുകാണാം.